ഇലക്ട്രിക് എംപിവി നിരയിലെ ഇന്നോവ; e6 ഇവിയുടെ 450 യൂണിറ്റ് ഡെലിവറികൾ പൂർത്തീകരിച്ച് BYD
ടൊയോട്ട ഇന്നോവയ്ക്ക് പോന്ന ഒത്ത എതിരാളിയാണ് ബില്‍ഡ് യുവര്‍ ഡ്രീംസിന്റെ (BYD) e6 എന്ന ഇലക്ട്രിക് എംപിവി. കഴിഞ്ഞ വർഷം വിപണിയിലെത്തിയ രാജ്യത്തെ ആദ്യ ഇലക്ട്രിക് മൾട്ടി പർപ്പസ് വാഹനം തുടക്കത്തിൽ വാണിജ്യ ആവശ്യത്തിന് മാത്രമാണ് നൽകിയിരുന്നതെങ്കിലും അടുത്തിടെ സ്വകാര്യ വ്യക്തികൾക്കും ലഭ്യമാക്കി തുടങ്ങിയിരുന്നു.

ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) ഓട്ടോ കഴിഞ്ഞ വര്‍ഷമാണ് e6 ഇലക്ട്രിക് എംപിവി ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നതു തന്നെ. 29.15 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലായിരുന്നു അന്ന് ഇ-എംപിവി അവതരിപ്പിച്ചതും.

GL, GLX എന്നീ രണ്ടു വകഭേദങ്ങളിലായി എത്തുന്ന e6 എംപിവിയുടെ 450 യൂണിറ്റുകളാണ് BYD ഇന്ത്യ ഇതുവരെ രാജ്യത്തുടനീളം വിതരണം ചെയ്‌തിരിക്കുന്നത്. ഡൽഹി, ഹൈദരാബാദ്, വിജയവാഡ, മുംബൈ, ബാംഗ്ലൂർ, അഹമ്മദാബാദ്, ചെന്നൈ, കൊച്ചി എന്നീ പ്രധാന നഗരങ്ങളിലാണ് കമ്പനി ഈ മോഡൽ ആദ്യം അവതരിപ്പിച്ചത്.

തുടർന്ന് ഗുഡ്ഗാവ്, ചണ്ഡീഗഡ്, ഇൻഡോർ, ജയ്പൂർ, പൂനെ, കൊൽക്കത്ത എന്നിവിടങ്ങളിൽ ഡീലർ പാർട്ണർമാരെ നിയമിച്ചു. അടുത്തിടെ ഡൽഹി, മുംബൈ, കൊച്ചി, വിജയവാഡ, ഹൈദരാബാദ് എന്നീ അഞ്ച് നഗരങ്ങളിൽ വാഹന നിർമാതാക്കൾ ഷോറൂമുകൾ ഉദ്ഘാടനം ചെയ്യുകയും ചെയ്‌തു.

BYD e6 ഇലക്ട്രിക് വാഹനം ബ്ലേഡ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക ഇവിയാണെന്നതും ശ്രദ്ധേയമാണ്. കൂടാതെ മോഡലിന് വലിയ 580 ലിറ്റർ ബൂട്ട് സ്പേസുമുണ്ട്. മണിക്കൂറിൽ രണ്ടു കിലോമീറ്റർ വേഗതയിൽ നിന്ന് വൈദ്യുതി പുനരുൽപ്പാദിപ്പിക്കാനും ഇതിന് കഴിയും.

ഇലക്ട്രിക് എംപിവിയിൽ 71.7 kWh ബ്ലേഡ് ബാറ്ററിയാണ് ചൈനീസ് ബ്രാൻഡ് സജ്ജീകരിച്ചിരിക്കുന്നതും. കൂടാതെ സിറ്റി മോഡിൽ ഒറ്റ ചാർജിൽ 520 കിലോമീറ്റർ വരെ ഓടാനും അല്ലെങ്കിൽ 415 കിലോമീറ്റർ WLTC റേഞ്ച് നൽകാനും വാഹനം പ്രാപ്‌തമാണെന്നതാണ് മറ്റൊരു ഹൈലൈറ്റ്.

മൂന്ന് വർഷത്തെ അല്ലെങ്കിൽ 125,000 കിലോമീറ്റർ വാറണ്ടി, എട്ട് വർഷം അല്ലെങ്കിൽ 500,000 കിലോമീറ്റർ ബാറ്ററി സെൽ വാറണ്ടി, എട്ട് വർഷം/150,000 കിലോമീറ്റർ ട്രാക്ഷൻ മോട്ടോർ വാറണ്ടി എന്നിവയുമായാണ് BYD ഇന്ത്യ e6 എംപിവി വാഗ്ദാനം ചെയ്യുന്നത്.
MOST READ: പുതിയ ഐഫോൺ 14 പ്രോ മാക്‌സിന്റെ വിലയ്ക്ക് വാങ്ങാം ഈ കിടിലൻ സെക്കൻഡ് ഹാൻഡ് കാറുകൾ

"ഏറ്റവും പുതിയ e6 മോഡലിന് ഇന്ത്യയിലുടനീളം മികച്ച പ്രതികരണം ലഭിക്കുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്ന് BYD ഇന്ത്യയുടെ ഇലക്ട്രിക് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ്സ് നാഷണൽ സെയിൽസ് ഹെഡ് ശ്രീരംഗ് ജോഷി പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ഇവി ദത്തെടുക്കലിൽ BYD നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സസ്റ്റൈനബിലിറ്റി ഡ്രൈവ് സംരംഭം പൂർത്തിയാക്കി ഒരു ഇലക്ട്രിക് കാറിൽ പരമാവധി 2,203 കിലോമീറ്റർ സഞ്ചരിച്ചതിന് ബാറ്ററിയിൽ പ്രവർത്തിക്കുന്ന BYD e6 അടുത്തിടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരുന്നു. സുസ്ഥിരതയ്ക്കും ഇവി ദത്തെടുക്കലിനും വേണ്ടിയുള്ള അവബോധം വളർത്തുക എന്നതായിരുന്നു മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള ആറ് ദിവസത്തെ ഈ ഡ്രൈവിന്റെ പ്രധാന ഉദ്ദേശം.

വാഹന നിർമാതാക്കൾക്ക് സബ്‌സിഡി നൽകുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 260 ബില്യൺ രൂപ നിക്ഷേപിക്കാൻ ഇന്ത്യ നോക്കുമ്പോൾ, BYD ഇന്ത്യ ഇലക്ട്രിക് അവസരം പരമാവധി പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നത്. കൂടുതൽ ഉൽപ്പന്നങ്ങൾ ഇവിടെ അവതരിപ്പിക്കാൻ കമ്പനി പങ്കാളികളുമായും ഡീലർമാരുമായും കൈകോർക്കും.

e6 ഇലക്ട്രിക് എംപിവിയുടെ ഉയർന്ന വകഭേദമായ GLX പതിപ്പിനൊപ്പം എസി ഫാസ്റ്റ് ചാർജിങ് ഓപ്ഷനും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഈ വാൾ ചാർജർ ഉപയോഗിച്ച് 35 മിനിറ്റിനുള്ളില്‍ 30-80 ശതമാനം വരെ ചാർജാവുമ്പോൾ വെറും രണ്ട് മണിക്കൂറിനുള്ളിൽ വാഹനം പൂർണമായും ചാർജ് ചെയ്യാനും അനുവദിക്കുമെന്നതും ഏറെ നിർണായകമായ കാര്യമാണ്.

അതേസമയം 6.6kW എസി സ്ലോ ചാര്‍ജര്‍ ഉപയോഗിച്ച് ഏകദേശം 12 മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാനും സാധിക്കും. e6 എംപിവി ബിൽഡ് യുവർ ഡ്രീംസിന്റെ ഇ-പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

71.7kWh ലിഥിയം-അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയും ഒരു ഫ്രണ്ട്-ആക്സില്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നതിനാൽ ഇതിന് പരമാവധി 95 bhp പവറിൽ 180 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുണ്ട്. ഇലക്ട്രിക് മൾട്ടി പർപ്പസ് വാഹനത്തിന്റെ പരമാവധി വേഗത 130 കിലോമീറ്ററായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications








