ഇത് ഹ്യുണ്ടായിയുടെ പുത്തൻ എംപിവി; Stargazer എത്തുന്നത് ADAS ഫീച്ചറുകളോടെ
മൾട്ടി സീറ്റർ കാറുകൾക്ക് ഡിമാന്റ് വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് പുത്തൻ ഒരു എംപിവി മോഡൽ പുറത്തിറക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി.

സ്റ്റാർഗേസർ എന്നറിയപ്പെടുന്ന ആഡംബര പൂർവമായ മൾട്ടി പർപ്പസ് വാഹനമാണിത്. 2022 ഓഗസ്റ്റ് 11-ന് ജക്കാർത്തയിൽ നടക്കുന്ന ഗൈക്കിൻഡോ ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോയിൽ (GIIAS) പൊതു അരങ്ങേറ്റത്തിന് മുന്നോടിയായാണ് വാഹനത്തെ കമ്പനി ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഹ്യുണ്ടായി സ്റ്റാർഗേസറിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ് അതിന്റെ ഡിസൈൻ വശം. സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്ററും പൂർണ വീതിയിലൂടെ ഓടുന്ന എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ബോണറ്റിന്റെ അരികുകളിൽ ഇടംപിടിച്ചിരിക്കുന്നത് ആരേയും ആകർഷിക്കും വിധമാണ്.
MOST READ: ടൊയോട്ടയും മാരുതിയും കളത്തിലേക്ക്, മുഖംമിനുക്കാൻ റെഡിയായി നമ്മുടെ സ്വന്തം Hyundai Creta

കാഴ്ച്ചയിൽ സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് ഡിസൈനിനൊപ്പം ഹ്യുണ്ടായിയുടെ പുതിയ പാരാമെട്രിക് ഗ്രില്ലും കാണാൻ കഴിയും. കട്ടിയുള്ള ക്രോം ബോർഡറുള്ള വിശാലമായ സെൻട്രൽ എയർ ഇൻടേക്ക്, ചതുരാകൃതിയിലുള്ള പ്രമുഖ വീൽ ആർച്ചുകൾ, സ്‌പോർട്ടി അലോയ് വീലുകൾ, എച്ച് ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, നടുവിൽ എൽഇഡി സ്ട്രിപ്പ്, കറുത്ത ഫിനിഷ്ഡ് റൂഫ്, കുത്തനെയുള്ള ടെയിൽഗേറ്റ് എന്നിവയാണ് ഡിസൈൻ പൂരകമാക്കുന്നത്.

പിൻവശത്തുനിന്നും നോക്കിയാൽ ഹൈമൌണ്ടഡ് സ്റ്റോപ്പ് ലാമ്പോടുകൂടിയ സംയോജിത സ്‌പോയിലർ, കറുത്ത ഷാർക്ക് ഫിൻ ആന്റിന, ഫോക്‌സ് സ്‌കിഡ് പ്ലേറ്റുള്ള പിൻ ബമ്പർ മുതലായവയും ആകർഷകമായ രൂപമാണ് ഹ്യുണ്ടായി സ്റ്റാർഗേസർ എംപിവിക്ക് സമ്മാനിച്ചിരിക്കുന്നതും.

വശക്കാഴ്ച്ചയിൽ സാധാരണ എംപിവി ഡിസൈൻ ശൈലി തന്നെയാണ് കാണാനാവുന്നത്. ഏകദേശം 4500 മില്ലീമീറ്റർ നീളമാണുള്ളതെന്നാണ് സൂചന. ഇന്ത്യയിൽ എത്തുമ്പോൾ ഹ്യുണ്ടായി സ്റ്റാർഗേസർ വെന്യു കോംപാക്‌ട് എസ്‌യുവിയുടെ പരിഷ്ക്കരിച്ച പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇന്റീരിയറും എല്ലാ ആധുനിക കൊറിയൻ വാഹനങ്ങളോടും കിടപിടിക്കുന്ന ഒന്നാണ്.

ഡാഷ്‌ബോർഡിൽ ഘടിപ്പിച്ചിരിക്കുന്ന ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയോടു കൂടിയാണ് വരുന്നത്. ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും വാഹനത്തിന്റെ പ്രത്യേകതകളാണ്.

സ്റ്റാർഗേസറിന് 6 അല്ലെങ്കിൽ 7 സീറ്റർ ലേഔട്ട് ഓപ്ഷനുകൾ ലഭിക്കും. അവിടെ മധ്യ നിരയ്ക്ക് ഒരു ബെഞ്ച് അല്ലെങ്കിൽ ക്യാപ്റ്റൻ സീറ്റ് സെറ്റപ്പാണ് ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നത്. കണക്റ്റിവിറ്റി ഫീച്ചറുകളും എമർജൻസി എസ്ഒഎസ് ഇന്റഗ്രേഷനുമാണ് പ്രതീക്ഷിക്കാവുന്ന മറ്റ് സവിശേഷതകൾ. ഇന്തോനേഷ്യയിൽ എത്തുമ്പോൾ ഹ്യുണ്ടായി സ്റ്റാർഗേസറിന് ADAS ഫീച്ചറുകൾ ലഭിക്കും.

ഇതിനെ ഹ്യുണ്ടായി സാമാർട്ട്സെൻസ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഫോർവേഡ് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ബ്ലൈൻഡ്-സ്പോട്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, റിയർ ക്രോസ് ട്രാഫിക് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.കൂടാതെ വോയ്‌സ് അസിസ്റ്റിനൊപ്പം ബ്ലൂലിങ്ക് ഇന്റർനെറ്റ് കണക്റ്റഡ് സവിശേഷതകളും സ്റ്റാർഗേസർ എംപിക്ക് ലഭിക്കും.

ഹ്യുണ്ടായി ക്രെറ്റ, കിയ കാരെൻസ് എന്നിവയിൽ നിലവിൽ ഉപയോഗിക്കുന്ന പരിചിതമായ 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോ പെട്രോൾ എന്നിവയായിരിക്കും പുത്തൻ സ്റ്റാർഗേസർ എംപിവിയിലെ എഞ്ചിൻ ഓപ്ഷനുകൾ. ഗിയർബോക്‌സ് കോമ്പിനേഷനുകളിൽ മാനുവൽ, ഓട്ടോമാറ്റിക്, ഐഎംടി എന്നിവയും ദക്ഷിണ കൊറിയൻ ബ്രാൻഡ് അണിനിരത്തിയേക്കും.

പുതിയ ഹ്യുണ്ടായി സ്റ്റാർഗേസറിന്റെ വിലകൾ ഉടൻ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്തോനേഷ്യയിൽ സുസുക്കി എർട്ടിഗ, XL7 തുടങ്ങിയ എതിരാളികളോട് കാര്യക്ഷമമായി മത്സരിക്കുന്നതിന് വാഹനം മത്സരാധിഷ്ഠിത വിലയുമായാവും വരിക.

ഇന്ത്യയിൽ വിശ്വസനീയമായ പഴയ എർട്ടിഗയും മാരുതി സുസുക്കിയിൽ നിന്നുള്ള അതിന്റെ 6 സീറ്റർ പതിപ്പായ XL6 ഉം കിയയിൽ നിന്നുള്ള കാരെൻസും എല്ലാം ജനപ്രിയമായ എംപിവി മോഡലുകളാണ്.

വലിപ്പം അനുസരിച്ച് ഈ ശ്രേണിയിൽ മഹീന്ദ്ര മറാസോ, ടൊയോട്ട ഇന്നോവ ക്രിസ്റ്റയും കിയ കാർണിവലും വരെ മൾട്ടി പർപ്പസ് വാഹന ശ്രേണിയിലുണ്ട്. ഇനി ആഡംബര വിഭാഗത്തിലേക്ക് നോക്കിയാൽ മെർസിഡീസ് ബെൻസ് V-ക്ലാസും ടൊയോട്ട വെൽഫയറും ഇന്ത്യൻ വിപണിയിലുണ്ട്. ആയതിനാൽ ഹ്യുണ്ടായി സ്റ്റാർഗേസറിനെ കൊണ്ടുവന്നാലും വിജയം കൈവരിക്കാനാവുമെന്നാണ് വിലയിരുത്തൽ.


Click it and Unblock the Notifications