ക്ലിക്കാം, വാങ്ങാം; Scorpio-N എസ്‌യുവിക്കായി 'ആഡ് ടു കാർട്ട്' ഓപ്ഷൻ അവതരിപ്പിച്ച് Mahindra
ജൂലൈ 30-ന് പുത്തൻ സ്കോർപിയോ N എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിക്കാനിരിക്കുകയാണ് ഇന്ത്യൻ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര. ഇതിനോടകം വില പ്രഖ്യാപനവും അവതരണവും പൂർത്തിയാക്കിയ ബ്രാൻഡ് ബുക്കിംഗ് രംഗത്തേക്ക് പുതിയൊരു ആശയം കൂടി പരിചയപ്പെടുത്തുകയാണ്.

ബുക്കിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി സ്കോർപിയോ N എസ്‌യുവിക്കായി 'ആഡ് ടു കാർട്ട്' ഓപ്ഷൻ അവതരിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നതിനാലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഈ നിർണായകമായ നീക്കം.

പേര് സൂചിപ്പിക്കുന്നത് പോലെ വേരിയന്റ്, എഞ്ചിൻ, ഗിയർബോക്‌സ്, ഡ്രൈവ്ട്രെയിൻ, കളർ ഓപ്ഷൻ തുടങ്ങിയ വിശദാംശങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന എസ്‌യുവിയുടെ പ്രിവ്യൂവാണ് ആഡ് ടു കാർട്ടിൽ പ്രദർശിപ്പിക്കുന്നത്. എല്ലാം തെരഞ്ഞെടുത്തിനു ശേഷം സേവ് ചെയ്യുന്നതിന് മുമ്പ് സെലക്‌റ്റഡ് കോമ്പിനേഷൻ മാറ്റുന്നതിനും ഒരു ഓപ്ഷൻ കമ്പനി നൽകിയിട്ടുണ്ട്.
MOST READ: യെവൻമാര് പുലികളാണ് കേട്ടാ! ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റ് പോയ കാറുകൾ ഇവയൊക്കെ

ഔദ്യോഗിക ബുക്കിംഗുകൾ ജൂലൈ 30-ന് രാവിലെ 11 മണി മുതൽ ആരംഭിക്കുന്നതിനാൽ ഈ കോൺഫിഗറേഷൻ സേവ് ചെയ്‌തതിനു ശേഷം നിങ്ങൾക്ക് വാങ്ങാൻ കഴിയില്ലെന്ന് ഓർമിക്കേണ്ടതുണ്ട്. നിങ്ങൾ തെരഞ്ഞെടുത്ത ബുക്കിംഗ് മാറ്റുന്നതിനോ പരിഷ്ക്കാരങ്ങൾ നടത്തുന്നതിനോ ജൂലൈ 30 മുതൽ ഓഗസ്റ്റ് 15 വരെ രണ്ടാഴ്ച്ചത്തെ ഗ്രേസ് പിരീഡ് ഉണ്ടായിരിക്കുമെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര അറിയിച്ചിട്ടുണ്ട്.

സ്കോർപിയോ N മാനുവൽ ഗിയർബോക്‌സ് വേരിയന്റുകൾക്കായുള്ള വില കമ്പനി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഓട്ടോമാറ്റിക് പതിപ്പുകൾക്കായുള്ളതും 4x4 ഓപ്ഷനുകളുടെയും വില ബ്രാൻഡ് ജൂലൈ 21-ന് പ്രഖ്യാപിക്കുമെന്നാണ്. സ്കോർപിയോയുടെ ടെസ്റ്റ് ഡ്രൈവുകൾ ഘട്ടം ഘട്ടമായും കമ്പനി ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഇന്ത്യയിൽ മുഴുവൻ ലഭ്യമായ 'ആഡ് ടു കാർട്ട്' ഫീച്ചറിൽ നിന്ന് വ്യത്യസ്തമായി, 30 നഗരങ്ങളിൽ മാത്രമേ ടെസ്റ്റ് ഡ്രൈവുകൾ ലഭ്യമാകൂ, ജൂലൈ 15 ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതിയുണ്ട്. അംഗീകൃത ഡീലർഷിപ്പുകളിലെ ടെസ്റ്റ് ഡ്രൈവുകളാണ് സ്കോർപിയോ N-ന് വേണ്ടി ക്രമീകരിച്ചിരിക്കുന്നത്.

നിലവിൽ മഹീന്ദ്ര സ്കോർപിയോ N എസ്‌യുവിയുടെ മാനുവൽ, 2WD വേരിയന്റുകളുടെ പ്രാരംഭ വിലകൾ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. 11.99 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന വാഹനത്തിന്റെ ഈ വിലകൾ ആദ്യത്തെ 25,000 ബുക്കിംഗുകൾക്ക് മാത്രമേ ബാധകമാകൂ.
MOST READ: സെക്കൻഡ് ഹാൻഡ് കാർ വാങ്ങണോ പുതിയത് വാങ്ങണോ? ഏതാവും കൂടുതൽ മികച്ചത്

ശേഷിക്കുന്ന വേരിയന്റുകളുടെയും 4WD ഓപ്ഷനുകളുടെയും വിലകൾ ജൂലൈ 21-ന് പ്രഖ്യാപിച്ചതിനു ശേഷം ഉത്സവ സീസൺ മുതൽ പുത്തൻ സ്കോർപിയോയുടെ ഡെലിവറികളും മഹീന്ദ്ര ആരംഭിക്കും. Z2, Z4, Z6, Z8 എന്നിങ്ങനെ നാല് വിശാലമായ വകഭേദങ്ങളിലാണ് സ്കോർപിയോ N വരുന്നത്. എസ്‌യുവി ഇപ്പോൾ ഒരു വലിയ, കൂടുതൽ പക്വതയുള്ള ഡിസൈൻ ശൈലിയെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്.

സിംഗിൾ-പാൻ സൺറൂഫ്, 12-സ്പീക്കർ സോണി സൗണ്ട് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, അലക്‌സയുമായി ബന്ധിപ്പിച്ച കാർ സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളും സ്കോർപിയോ N എസ്‌യുവിക്ക് കമ്പനി സമ്മാനിച്ചിട്ടുമുണ്ട്.

മഹീന്ദ്ര സ്കോർപിയോ N പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യും. എസ്‌യുവിയുടെ പെട്രോൾ പതിപ്പിന് 2.0 ലിറ്റർ എംസ്റ്റാലിയന് 150 TGDi എഞ്ചിനാണ് തുടിപ്പേകാൻ എത്തുന്നത്. ഇത് 5,000 rpm-ൽ 200 bhp കരുത്തോളം വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള ഓപ്ഷനുകൾക്കുള്ള ടോർക്ക് കണക്കുകൾ വ്യത്യസ്തമായിരിക്കും. ആറ് സ്പീഡ് മാനുവൽ യൂണിറ്റ് 1,250-3,000 rpm-ന് ഇടയിൽ 300 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഓട്ടോമാറ്റിക് സ്കോർപിയോ N 1,500-3,000 rpm-ന് ഇടയിൽ 320 Nm torque ആകും നൽകുക.

മറുവശത്ത് 2.2 ലിറ്റർ എംഹോക്ക് 130 ഡീസൽ എഞ്ചിൻ 3,750 rpm-ൽ 130 bhp പവറും1,600-2,800 rpm-ൽ 300 Nm torque ഉം സൃഷ്ടിക്കാൻ പ്രാപ്‌തമായിരിക്കും. രണ്ട് എഞ്ചിനുകളും മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സിലാവും അവതരിപ്പിക്കുക. സ്കോർപിയോ N എസ്‌യുവിയുടെ ഡീസൽ പതിപ്പിൽ 4WD ഓപ്ഷനുകളും ലഭിക്കും.

കൂടാതെ മൊത്തത്തിലുള്ള ഡ്രൈവ് അനുഭവം വർധിപ്പിക്കുന്നതിനായി എസ്‌യുവിക്ക് വ്യത്യസ്ത ടെറൈൻ അല്ലെങ്കിൽ ട്രാക്ഷൻ മോഡുകളും മഹീന്ദ്ര എസ്‌യുവിക്കായി നൽകിയിട്ടുണ്ട്. സ്‌കോർപിയോയുടെ മുൻമോഡലിന് ഒപ്പം തന്നെ പുത്തൻ മോഡലും വിൽപ്പനയ്ക്ക് എത്തും. കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയർ, എംജി ഹെക്ടർ എന്നിയോടൊപ്പമായിരിക്കും സ്കോർപിയോ മത്സരിക്കാൻ എത്തുക.


Click it and Unblock the Notifications








