ആഢംബര എസ്‌യുവി നിരയിലെ ഇറ്റാലിയൻ, Levante GT ഹൈബ്രിഡിന്റെ ഇന്ത്യയിലെ ഡെലിവറി ആരംഭിച്ച് Maserati
ഏറ്റവും പുതിയ 2022 ലെവാന്റെ ജിടി ഹൈബ്രിഡ് എസ്‌യുവിയുടെ രാജ്യത്തെ ആദ്യ യൂണിറ്റിന്റെ ഡെലിവറി പൂർത്തിയാക്കി മസെരാട്ടി ഇന്ത്യ. പർപ്പിൾ സ്റ്റൈൽ ലാബിന്റെ (PSL) സ്ഥാപകൻ അഭിഷേക് മോണ്ടി അഗർവാളാണ് ലക്ഷ്വറി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം സ്വന്തമാക്കിയ രാജ്യത്തെ ആദ്യ വ്യക്തി.

ലെവാന്റെ ജിടി ഹൈബ്രിഡിന്റെ ഇന്ത്യൻ വിപണിയിലെ എക്സ്ഷോറൂം വില 1.48 കോടി രൂപയാണ്. ഇത് ലെവാന്റെ ശ്രേണിയിലുള്ള എൻട്രി ലെവൽ വാഹനമാണെന്നതും ശ്രദ്ധേയമാണ്. ഹൈബ്രിഡിന് മുകളിൽ V6, V8 എഞ്ചിൻ നിരയാണ് മസെരാട്ടി ഇന്ത്യയുടെ നിരയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

ലെവാന്റെ തന്നെ മസെരാട്ടിക്ക് വളരെ പ്രധാനപ്പെട്ട ഒരു ഉൽപ്പന്നമാണ്. കാരണം ഇത് അവരുടെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവിയാണ് ഇതെന്നതു തന്നെയാണ്. ലെവാന്റെ ഹൈബ്രിഡിനായി 48 വോൾട്ട് ഹൈബ്രിഡ് സിസ്റ്റവുമായി ഘടിപ്പിച്ച 2.0 ലിറ്റർ, നാല് സിലിണ്ടർ എഞ്ചിനാണ് മസെരാട്ടി ഉപയോഗിക്കുന്നത്.

വേഗത കുറയുമ്പോഴും ബ്രേക്കിംഗ് സമയത്തും സിസ്റ്റത്തിന് ഊർജ്ജം വീണ്ടെടുക്കാൻ ഈ ഹൈബ്രിഡ് സിസ്റ്റത്തിന് കഴിയും. ലെവാന്റെ ഹൈബ്രിഡ് എസ്‌യുവിക്ക് അതിന്റെ V6 വകഭേദത്തിനേക്കാൾ ഭാരം വളരെ കുറവാണ്. കൂടാതെ മികച്ച ഭാരവിതരണവുമുണ്ട്. ബാറ്ററി പിൻഭാഗത്തും എഞ്ചിൻ മുൻവശത്തും സ്ഥാപിച്ചിരിക്കുന്നതിനാലാണ് ഈ നേട്ടം കൈവരിക്കാൻ ഇറ്റാലിയൻ ബ്രാൻഡിന് സാധിച്ചതു തന്നെ.

മികവുറ്റ V8 എഞ്ചിനുകൾക്ക് പേരുകേട്ട ഇറ്റാലായിൻ ആഢംബര വാഹന നിർമാതാക്കളായ മസെരാട്ടി ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ആഢംബര എസ്‌യുവി നിരയിലെ ഇറ്റാലിയൻ വംശജനായ ലെവാന്റെ ഹൈബ്രിഡിന്റെ രാജ്യത്ത് എത്തിച്ചിരിക്കുന്നതും.

V8 എഞ്ചിനുകൾക്ക് പേരുകേട്ടവരാണെങ്കിലും ഇപ്പോൾ മസെരാട്ടിയുടെ കൂടുതൽ ശ്രദ്ധ ഹൈബ്രിഡ് സംവിധാനത്തിലേക്കാണ്. സമ്പൂർണ വൈദ്യുതീകരണത്തിലേക്കുള്ള യാത്രയുടെ ഭാഗമാണ് ഇത്തരം യൂണിറ്റുകളുകളുടെ വികസനമെന്നാണ് ഇറ്റാലിയൻ ബ്രാൻഡിന്റെ അഭിപ്രായം.

48V ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 2.0 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ലെവാന്റെ ജിടി ഹൈബ്രിഡ് കാറിന്റെ ഹൃദയം. ഇത് ഹൈബ്രിഡ് സംവിധാനവുമായി സംയോജിച്ച് 5,750 rpm-ൽ പരമാവധി 325 bhp കരുത്തും 2,250 rpm-ൽ 450 Nm torque ഉം ഉത്പാദിപ്പിക്കാനാണ് കമ്പനി ട്യൂൺ ചെയ്‌തിരിക്കുന്നത്.

ലെവാന്റെ ഹൈബ്രിഡിന് പരമാവധി 240 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് മസെരാട്ടി അവകാശപ്പെടുന്നത്. കൂടാതെ 6 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും എസ്‌യുവിക്ക് കഴിയുമെന്നതും ശ്രദ്ധേയമായ കാര്യമാണ്.

ZF-ൽ നിന്ന് ലഭിക്കുന്ന എട്ടു സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഓൾ-വീൽ ഡ്രൈവ്, എയർ സസ്പെൻഷൻ, സ്റ്റാൻഡേർഡ് ഉപകരണങ്ങളായി മെക്കാനിക്കൽ ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ എന്നിവയും വാഹനത്തിന്റെ പ്രത്യേകതയാണ്.

ലക്ഷ്വറി വാഹനത്തിന്റെ ഇന്റീരിയറിലേക്ക് നോക്കിയാൽ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീനും 7.0 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേയും ഉൾപ്പെടുത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്. ഇതിനു പുറമെ ഹീറ്റഡ്, വെന്റിലേറ്റഡ് സജ്ജീകരണങ്ങളുള്ള മുൻ സീറ്റുകളും ഹൈബ്രിഡ് എസ്‌യുവിയിലുണ്ട്.

ഹീറ്റഡ് റിയർ സീറ്റുകൾ, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, മുൻ സീറ്റുകൾക്ക് ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ്, സുഷിരങ്ങളുള്ള ലെതർ അപ്‌ഹോൾസ്റ്ററി, മെമ്മറി സീറ്റുകൾ എന്നിവയും അതിലേറെയും സൌകര്യങ്ങളാണ് ഇറ്റാലിയൻ ആഡംബര എസ്‌യുവിയിൽ മസെരാട്ടി ലഭ്യമാക്കിയിരിക്കുന്നത്.

എസ്‌യുവിയിലേക്ക് അടിസ്ഥാനപരമായി ബ്ലാക്ക്ഡ്-ഔട്ട് ഘടകങ്ങൾ ചേർക്കുന്ന നെറിസിമോ പാക്കേജും ഉപഭോക്താവിന് തെരഞ്ഞെടുക്കാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്. അതിനാൽ ക്വാഡ് ടിപ്പുകൾ, പിൻഭാഗത്തെ ഗ്രിൽ, ഫോഗ്‌ലൈറ്റ് വളയങ്ങൾ, എക്സ്റ്റേണൽ മിററുകൾ, ടെയിൽ ലൈറ്റുകൾ, റൂഫ് റെയിലുകൾ, സ്കിഡ് പ്ലേറ്റുകൾ എന്നിവയ്ക്ക് കറുപ്പ് നിറം ലഭിക്കും.

20 ഇഞ്ച് വലിപ്പമുള്ള വ്യത്യസ്ത അലോയ് വീലുകളും നെറിസിമോ പാക്കേജിൽ ലഭിക്കുന്നുണ്ട്. ഒരു ഉപഭോക്താവിന് തെരഞ്ഞെടുക്കാൻ കഴിയുന്ന വിവിധ ഇന്റീരിയർ തീമുകൾ, എക്സ്റ്റീരിയർ കളർ ഓപ്ഷനുകൾ, ട്രിമ്മുകൾ, ഹെഡ്‌ലൈനറുകൾ എന്നിവയും ഇതിന്റെ പ്രത്യേകതയാണ്.

മറ്റ് ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ സൈഡ് എയർ ഡക്ടുകളിലെ നീല ഹൈലൈറ്റുകൾ, നീല ബ്രേക്ക് കോളിപ്പറുകൾ എന്നിവ പോലുള്ള ചില ചെറിയ വിശദാംശങ്ങൾ ഒഴികെ പുറം ഭാഗത്ത് ലെവാന്റെ ഹൈബ്രിഡ് മറ്റേതൊരു ലെവാന്റെ എസ്‌യുവിയെയും ഓർമപ്പെടുത്തുന്ന രൂപമാണ് 2022 ലെവന്റെ ജിടി ഹൈബ്രിഡ് എസ്‌യുവിക്കുമുള്ളത്.


Click it and Unblock the Notifications








