കൂടുതൽ മിടുക്കനായി വരുന്നു പുത്തൻ Maruti Alto; ആദ്യ ചിത്രങ്ങൾ പുറത്ത്
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് മാരുതി സുസുക്കി ആൾട്ടോ. 2000-ൽ അരങ്ങേറ്റം കുറിച്ചതു മുതൽ കമ്പനിക്ക് ഒന്നു തരരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പല ആളുകളുടെയും കാർ എന്ന സ്വപ്‌നത്തിന് സാക്ഷാത്ക്കാരം നൽകിയതും ഈ ആൾട്ടോ തന്നെയാണ്.

ഒതുക്കമുള്ള വലിപ്പവും താങ്ങാനാവുന്ന ചെറിയ വിലയും സിറ്റി ഡ്രൈവിംഗിലെ മികവുമാണ് ആൾട്ടോയെ ഇത്രയും പ്രിയങ്കരമാക്കിയത്. അങ്ങനെ രാജ്യത്ത് ആദ്യമായി കാർ വാങ്ങുന്ന എല്ലാത്തരം ഉപഭോക്താക്കളുടെയും ആവശ്യങ്ങൾക്കുതകുന്ന താരമായി മാരുതി സുസുക്കി ആൾട്ടോ പിന്നീട് വളർന്നു.

നിലവിൽ 2012 മുതൽ രണ്ടാം തലമുറ ആവർത്തനത്തിൽ പുറത്തിറങ്ങുന്ന ആൾട്ടോയ്ക്ക് ശക്തമായ പ്രതിമാസ വിൽപ്പന തന്നെയാണുള്ളതും. എന്നാൽ അവ മുമ്പത്തെപ്പോലെ അത്ര ഉയർന്നതല്ലെന്ന് മാരുതിയും മനസിലാക്കി കഴിഞ്ഞിട്ടുണ്ട്. കൂടുതൽ ഉപഭോക്താക്കളും ഇപ്പോൾ എസ്‌യുവി സ്റ്റൈൽ വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നതിനാൽ ആൾട്ടോയുടെ വിൽപ്പന ക്രമേണ കുറഞ്ഞു വരികയായിരുന്നു.
MOST READ: അവതരണത്തിന് മുന്നോടിയായി Citroen C3 ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ പ്രശ്നം പരിഹരിക്കാനാണ് വാഹന നിർമാതാക്കൾ ഹാച്ച്ബാക്കുകൾക്ക് ഒരു എസ്‌യുവിഷ് ഡിസൈൻ നൽകുന്നത്. റെനോ ക്വിഡ്, മാരുതി സുസുക്കി എസ്-പ്രെസോ തുടങ്ങിയവയിൽ നമ്മൾ കണ്ടതെല്ലാം ഈ പ്രവണതയുടെ ഭാഗമായി ഉടലെടുത്ത ശൈലിയാണ്. ദേ ഇപ്പോൾ മൂന്നാംതലമുറയിലേക്ക് പ്രവേശിക്കാൻ തയാറെടുക്കുകയാണ് ആൾട്ടോ 800.

ഇത്തവണ എന്തെല്ലാം മാറ്റങ്ങളുമായാവും ആൾട്ടോ നിരത്തിലേക്ക് എത്തുക എന്ന ആകാംക്ഷയിലാണ് വാഹന പ്രേമികളെല്ലാം. അധികം വൈകാതെ തന്നെ വിപണിയിൽ എത്താനിരിക്കുന്ന മോഡലിന്റെ ആദ്യ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ടെലിവിഷൻ പരസ്യ വീഡിയോയ്ക്കായി മുഖംകാണിക്കാനെത്തിയ എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെ പിൻഭാഗത്തിന്റെ സപൈ ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം.
MOST READ: സെക്കൻഡ് ഹാൻഡ് മാരുതി ഡിസയർ വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

2022 ഉത്സവ സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി വിപണിയിൽ പുത്തൻ ആൾട്ടോയെ പരിചയപ്പെടുത്താനാണ് മാരുതി സുസുക്കി തയാറെടുക്കുന്നതെന്നു വേണം കരുതാൻ. എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെ മൂന്നാം തലമുറ പതിപ്പ് ഇപ്പോൾ കമ്പനിയുടെ ഗുരുഗ്രാം ആസ്ഥാനമായുള്ള സ്ഥാപനത്തിൽ ട്രയൽ-പ്രൊഡക്ഷനായി പ്രവേശിച്ചതായും വൃത്തങ്ങൾ അറിയിച്ചു.

നിലവിലെ മോഡലിനേക്കാൾ ഉയരവും നീളവും പുതിയ ആൾട്ടോയ്ക്ക് ദൃശ്യമാണ്. അവതരണ വേളയിൽ കാറിന്റെ കൃത്യമായ വലിപ്പം ബ്രാൻഡ് വെളിപ്പെടുത്തുമെങ്കിലും പുതിയ തലമുറ ആൾട്ടോ ഇതിനകം തന്നെ അതിന്റെ മുൻഗാമിയേക്കാൾ മികച്ച റോഡ് സാന്നിധ്യം കൽപ്പിക്കുമെന്ന് പുറത്തുവരുന്ന ചിത്രങ്ങൾ സൂചന നൽകുന്നുണ്ട്.
MOST READ: ടൊയോട്ടയും മാരുതിയും കളത്തിലേക്ക്, മുഖംമിനുക്കാൻ റെഡിയായി നമ്മുടെ സ്വന്തം Hyundai Creta

ആൾട്ടോയുടെ വരാനിരിക്കുന്ന മോഡൽ അതിന്റെ പുറംമോടിയിൽ നിരവധി സ്റ്റൈലിംഗ് പരിഷ്ക്കാരങ്ങളായിരിക്കും അവതരിപ്പിക്കുക. ഇതിൽ വലിയ സ്വീപ്‌ബാക്ക് ഹെഡ്‌ലാമ്പുകൾ, റീപ്രൊഫൈൽ ചെയ്ത ഫ്രണ്ട് ആൻഡ് റിയർ ബമ്പർ, പുതിയ ഫോഗ് ലാമ്പ് ഹൗസുകൾ, പുതുക്കിയ ടെയിൽലൈറ്റുകൾ എന്നിവ ഉൾപ്പെടുത്തണം. പുതിയ ഹെഡ്‌ലൈറ്റുകൾക്ക് പുറമേ കാറിന്റെ മുൻവശത്ത് വിശാലമായ പുനർരൂപകൽപ്പന ചെയ്ത ഗ്രില്ലും ഉണ്ടായിരിക്കും.

വശക്കാഴ്ച്ചയിൽ വാഹനം ബോക്‌സി ശൈലിയായിരിക്കും മുന്നോട്ടുകൊണ്ടുപോവുക. പരന്ന റൂഫ്‌ലൈനും വീതിയേറിയ ഫ്രണ്ട്, റിയർ ഫെൻഡറുകൾ എന്നിവയുമായാണ് ഇതിലേക്ക് ചേരുവകൾ ചേർക്കുന്നത്. അങ്ങനെ കാറിന് ക്രോസ്ഓവർ പോലുള്ള ഒരു നിലപാടാവും മാരുതി സുസുക്കി നൽകുക. ഹാച്ചിന്റെ ക്രോസ്ഓവർ ആകർഷണീയത വർധിപ്പിക്കുന്നതിന് മുൻവശത്ത് സ്‌കൾപ്പഡ് ബോണറ്റായിരിക്കും ഇടംപിടിക്കുക.

അതിലും പ്രധാനമായി 2022 മാരുതി ആൾട്ടോയെ സുസുക്കിയുടെ ഏറ്റവും പുതിയ തലമുറ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിലായിരിക്കും കമ്പനി നിർമിക്കുക എന്നതാണ്.ഇത് കാറിനെ വലുതും ഭാരം കുറഞ്ഞതുമാക്കുന്നു. അകത്തളത്തിൽ നിലവിലെ മോഡലിനേക്കാൾ വിശാലമായിരിക്കും മൂന്നാംതലമുറ 800 സിസി കാർ.

വലിപ്പത്തിൽ കൂടുതൽ സമ്പന്നമാവുന്നതിനാൽ നാല് യാത്രക്കാർക്ക് അനായാസം യാത്ര ചെയ്യാനാവും. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, കീലെസ് എൻട്രി എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള ചില അധിക ഫീച്ചറുകളിൽ നിന്നും പുതിയ തലമുറ ആൾട്ടോയ്ക്ക് പ്രയോജനം ലഭിക്കാൻ സാധ്യതയുണ്ട്. ഡാഷ്‌ബോർഡ് ലേഔട്ടും സീറ്റ് അപ്‌ഹോൾസ്റ്ററിയും പുതിയ മോഡലിനായി നവീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

47 bhp കരുത്തിൽ 69 Nm torque ഉത്പാദിപ്പിക്കുന്ന അതേ 796 സിസി, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെ മാരുതി തുടർന്നും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ എഞ്ചിൻ സ്റ്റാൻഡേർഡായി 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കും. 66 bhp പവറിൽ 89 Nm torque നൽകുന്ന പുതിയ 1.0 ലിറ്റർ K10C NA പെട്രോൾ എഞ്ചിനിലും പുതിയ ആൾട്ടോ വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ടെന്നാണ് സൂചന.

ഈ യൂണിറ്റിന് 5 സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഓപ്ഷനും നൽകും. പുതിയ മാറ്റങ്ങളോടെ 2022 മാരുതി ആൾട്ടോയുടെ വില നിലവിലെ ആൾട്ടോയേക്കാൾ കൂടുതലായിരിക്കും. 8 സീറ്റുകൾ വരെയുള്ള എല്ലാ പാസഞ്ചർ കാറുകൾക്കും 6 എയർബാഗുകൾ നിർബന്ധമാക്കാൻ ഇന്ത്യൻ സർക്കാർ ശ്രമിക്കുന്ന സമയത്താണ് പുതിയ ആൾട്ടോ 800, ആൾട്ടോ K10 എന്നിവയുടെ വരവ് എന്നതും ശ്രദ്ധേയമാവും.

ഇത്തരമൊരു നിയമം ചെറുകാറുകളുടെ വില വർധിപ്പിക്കുമെന്നതിനാൽ അവയുടെ നിർമാണം അസാധ്യമാക്കുമെന്നും മാരുതി തങ്ങളുടെ ആശങ്ക കേന്ദ്ര സർക്കാരിനെ മുമ്പ് അറിയിച്ചിരുന്നു. വേണ്ട വന്നാൽ ഇത്തരം എൻട്രി ലെവൽ കാറുകളുടെ ഉത്പാദനവും വികസനവും ഭാവിയിൽ നിർത്തലാക്കാനും സാധ്യതയുണ്ടെന്ന് കമ്പനി സൂചിപ്പിച്ചിട്ടുണ്ട്. എന്തായാലും ഇക്കാര്യങ്ങളൊന്നും പുതിയ ആൾട്ടോയുടെ വരവിനെ ബാധിക്കില്ലെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








