Tata Punch എസ്‌യുവിക്ക് പുതിയ കാമോ എഡിഷൻ വരുന്നു, അവതരണം സെപ്റ്റംബർ 22-ന്
തങ്ങളുടെ മോഡലുകളുടെ സ്പെഷ്യൽ എഡിഷൻ വേരിയന്റുകൾ പുറത്തിറക്കാൻ ടാറ്റ മോട്ടോർസ് എപ്പോഴും പ്രത്യേക താത്പര്യം കാണിക്കാറുണ്ട്. ഏറെക്കുറെ വിപണിയിൽ ഇവ ഹിറ്റാവാറുമുണ്ട് എന്നതാണ് ശ്രദ്ധേയം.

പ്രത്യേകിച്ച് ആൾട്രോസ്, നെക്‌സോൺ, നെക്‌സോൺ ഇവി, ഹാരിയർ, സഫാരി എന്നിവയ്‌ക്കൊപ്പം ഡാർക്ക് എഡിഷൻ വേരിയന്റുകൾ വാഗ്ദാനം ചെയ്താണ് കമ്പനി ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. കാഴ്ച്ചയിൽ സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ എന്തെങ്കിലുമൊക്കെ കൂടുതൽ നൽകാൻ ഈ സ്പെഷ്യൽ എഡിഷൻ വാഹനങ്ങൾ ശ്രദ്ധിക്കാറുമുണ്ട്.

സഫാരിക്കും ഹാരിയറിനും അവയുടെ ഡാർക്ക് എഡിഷൻ മാത്രമാണ് വിൽപ്പനയുടെ പകുതിയിലേറെയും കൊണ്ടുവരുന്നത്. ഡാർക്ക് എഡിഷന് പുറമെ കാസിരംഗ എഡിഷൻ, കാമോ എഡിഷൻ, ജെറ്റ് എഡിഷൻ, ഗോൾഡ് എഡിഷൻ എന്നിവയും ഈ മുൻനിര എസ്‌യുവികൾക്കൊപ്പം ടാറ്റ വാഗ്ദാനം ചെയ്തിട്ടുണ്ട്.
MOST READ: Nexon CNG മുതൽ Harrier EV വരെ; Tata -ൽ നിന്ന് വരാനിരിക്കുന്ന അപ്പ്ഡേറ്റുകൾ ഇങ്ങനെ

ഇന്ത്യയിൽ സ്പെഷ്യൽ എഡിഷനുകൾ മറ്റ് കമ്പനികൾ ഇറക്കാറുണ്ടെങ്കിലും അവയൊന്നും കാര്യമായി ക്ലിക്കാവാറില്ല. അതിനാൽ തന്നെ ടാറ്റ പഞ്ചിനായി ഇപ്പോൾ മറ്റൊരു സ്പെഷ്യൽ എഡിഷൻ ഒരുക്കുകയാണ് കമ്പനി.

നെക്‌സോണിനും ടിയാഗോയ്ക്കും ഇടയിലാണ് നിലവിൽ പഞ്ചിനെ കമ്പനി സ്ഥാപിച്ചിരിക്കുന്നത്. വിപണിയിലെത്തി 10 മാസം പിന്നിട്ടപ്പോഴേക്കും ഒരു ലക്ഷം യൂണിറ്റ് വിൽപ്പന വരെ മറികടന്ന് ഹിറ്റടിച്ച് മുന്നേറുകയാണ് ഈ കുഞ്ഞൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനമിപ്പോൾ.
MOST READ: ഇനി കൂടുതൽ മുടക്കേണ്ടി വരും, Bolero, Bolero Neo മോഡലുകൾക്കും വില കൂട്ടി Mahindra

നിലവിൽ മൈക്രോ എസ്‌യുവിയിൽ ടാറ്റ മോട്ടോഴ്‌സ് ഒരു ഓപ്ഷനായി കാസിരംഗ എഡിഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ വാഹനത്തെ കൂടുതൽ ആകർഷമാക്കാനായി പുതിയ കാമോ എഡിഷൻ കൂടി എത്തുകയാണ്. ഇക്കാര്യം സ്ഥിരീകരിക്കുന്ന പുതിയ ടീസർ വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

സെപ്റ്റംബർ 22-ന് പുതിയ ടാറ്റ പഞ്ച് കാമോ എഡിഷൻ വിപണിയിലെത്തുമെന്നാണ് സൂചന. സ്റ്റാൻഡേർഡ് മോഡലിനേക്കാൾ കാഴ്ച്ചയിൽ കൂടുതൽ പുതുമകളുമായാവും മൈക്രോ എസ്‌യുവിയുടെ ഈ വകഭേദം വിൽപ്പനയ്ക്ക് എത്തുക.
MOST READ: മാരുതിയുടെ ഇതിഹാസമായ 800 സിസി എഞ്ചിൻ നിർത്തലാക്കുന്നു! വിടപറയുന്നത് 40 വർഷങ്ങൾക്കു ശേഷം

6,000 rpm-ൽ പരമാവധി 84 bhp പവറും 3,300 rpm-ൽ 113 Nm torque നൽകുന്ന 1.2 ലിറ്റർ 3-സിലിണ്ടർ നോൺ-ടർബോ എഞ്ചിനാണ് പഞ്ചിന് നിലവിൽ തുടിപ്പേകാൻ എത്തുന്നത് . ടിയാഗോ, ടിഗോർ തുടങ്ങിയ മറ്റ് ടാറ്റ കാറുകളിലും ഈ എഞ്ചിൻ കാണാനാവും. ഗിയർബോക്‌സ് ഓപ്ഷനുകളുടെ കാര്യത്തിൽ പഞ്ചിൽ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ഓട്ടോമാറ്റിക് തെരഞ്ഞെടുക്കാം.
മാനുവൽ പതിപ്പിൽ 18.97 കിലോമീറ്റർ ഓട്ടോമാറ്റിക് വേരിയന്റിൽ 18.82 കിലോമീറ്റർ മൈലേജുമാണ് വാഹനം നൽകുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്. പഞ്ച് എഎംടി വേരിയന്റുകൾക്ക് വലിയ ടാറ്റ എസ്‌യുവിക്ക് സമാനമായ ട്രാക്ഷൻ മോഡുകൾ വരെ ലഭ്യമാണ്. 0 മുതൽ 60 കിലോമീറ്റർ വേഗത 6.5 സെക്കൻഡിലും 0-100 കിലോമീറ്റർ 16.5 സെക്കൻഡിലും കൈവരിക്കാനും പഞ്ചിന് സാധിക്കും.

ടാറ്റ പഞ്ചിന് നിലവിൽ 5.93 ലക്ഷം രൂപ മുതൽ 9.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. പുതിയ കാമോ എഡിഷന് അത് അടിസ്ഥാനമാക്കിയുള്ള വേരിയന്റുകളേക്കാൾ വില കൂടുതലായിരിക്കും. നിലവിൽ നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, സിട്രൺ C3 എന്നിവയ്‌ക്കെതിരെയാണ് എസ്‌യുവി സെഗ്മെന്റിൽ പഞ്ച് മത്സരിക്കുന്നത്.

പഞ്ച് ഡാർക്ക് എഡിഷനായി കാത്തിരിക്കുന്നവർക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടി വന്നേക്കാം. ടാറ്റയുടെ സ്പെഷ്യൽ എഡിഷൻ ഓഫറുകളിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ളത് ഡാർക്ക് എഡിഷനുകൾക്കാണ്. ഹാരിയർ, സഫാരി, നെക്‌സോൺ, നെക്‌സോൺ ഇവി, ആൾട്രോസ് എന്നിവയ്‌ക്കൊപ്പം ഇത് വാഗ്ദാനം ചെയ്യുന്നത്.

2022 ഓഗസ്റ്റിൽ ഏകദേശം 12,006 യൂണിറ്റുകൾ വിറ്റഴിച്ച് മിനി എസ്‌യുവി സെഗ്മെന്റിൽ ഒന്നാം സ്ഥാനം കണ്ടെത്താൻ പഞ്ചിന് സാധിച്ചിട്ടുണ്ട്. പുതിയ സ്പെഷ്യൽ എഡിഷൻ വേരിയന്റുകൾ എത്തുന്നതോടെ വിൽപ്പന കൂടുതൽ വർധിപ്പിക്കാനും കമ്പനിക്ക് കഴിയും. ഈ വിലയിൽ ഒരാൾ പ്രതീക്ഷിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും ടാറ്റ പഞ്ചിൽ അണിനിരത്തിയിട്ടുണ്ട്.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഹർമാൻ മ്യൂസിക് സിസ്റ്റം എന്നിവയ്‌ക്കൊപ്പമുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം കാറിലുണ്ട്. പോരാത്തതിന് 5 സ്റ്റാർ ക്രാഷ് ടെസ്റ്റ് സേഫ്റ്റി റേറ്റിംഗും പഞ്ചിന്റെ ഹൈലൈറ്റാണ്.

അടുത്ത വർഷം തുടക്കത്തിൽ ടാറ്റ പഞ്ചിന് കൂടുതൽ കരുത്തുറ്റതും ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനും കമ്പനി നൽകിയേക്കുമെന്നാണ് പുറത്തുവരുന്ന മറ്റു വാർത്തകൾ. ആൾട്രോസിൽ കാണുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് 108 bhp കരുത്തിൽ 140 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.


Click it and Unblock the Notifications








