ഹാരിയറിനും സഫാരിക്കും പുതിയ 2.2 ലിറ്റർ ഡീസൽ എഞ്ചിൻ വരുന്നു? കിടിലൻ നീക്കവുമായി Tata Motors
എസ്‌യുവി മോഡലുകളിലൂടെ വിപണി കീഴടക്കുന്ന ടാറ്റ മോട്ടോർസ് അടുത്തിടെ നെക്‌സോൺ, നെക്‌സോൺ ഇവി, ഹാരിയർ, സഫാരി എന്നിവയുടെ ജെറ്റ് എഡിഷൻ പതിപ്പുകൾ വിപണിയിലെത്തിച്ചിരുന്നു. ഉത്സവ സീസണിന് മുന്നോടിയായി ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് ആകർഷിക്കാനുള്ള പദ്ധതികളാണ് സ്പെഷ്യൽ എഡിഷൻ വാഹനങ്ങൾ.

അധികം വൈകാതെ തന്നെ ഹാരിയറിനും സഫാരിക്കും ചെറിയ കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ കൂടി അവതരിപ്പിക്കാനുള്ള നീക്കങ്ങളാണ് ടാറ്റയുടെ അണിയറയിൽ ഇപ്പോൾ നടക്കുന്നത്. ഇടത്തരം എസ്‌യുവി സെഗ്മെന്റിൽ ഉയർന്നു വരുന്ന മത്സരത്തിന്റെ ഭാഗമായി ടാറ്റയുടെ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾക്ക് ചില അത്യാധുനിക സജ്ജീകരണങ്ങളും കമ്പനി സമ്മാനിച്ചേക്കും.

അതായത് സമീപഭാവിയിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) അധിഷ്‌ഠിത സാങ്കേതികവിദ്യകൾ ഹാരിയറിലേക്കും സഫാരിയിലേക്കും എന്ന് സാരം. ഇതുകൂടാതെ രണ്ട് മുൻനിര മോഡലുകൾക്കും പുതിയൊരു എഞ്ചിൻ ഓപ്ഷൻ കൂടി ലഭിക്കുമെന്നാണ് ഇന്റർനെറ്റിലൂടെ പുറത്തുവരുന്ന റിപ്പോർട്ട്.

ടാറ്റ മോട്ടോർസ് ഇപ്പോൾ ഒരു പുതിയ 2.2 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനിൽ പ്രവർത്തിക്കുന്നുവെന്നാണ് ആ വാർത്ത. നവീകരിച്ച ബിഎസ്-VI മലിനീകരണ ചട്ടങ്ങൾക്ക് അനുസൃതമായുള്ള എഞ്ചിനിൽ ഒരു ലീൻ NOx ട്രാപ്പും ഡീസൽ പർട്ടിക്കുലേറ്റ് ഫിൽട്ടറും ഉണ്ടായിരിക്കും. കൂടാതെ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാൻ Adblue ഉപയോഗിക്കുകയും ചെയ്യും.

അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്ന ദോഷകരമായ വാതകങ്ങൾ കുറയ്ക്കുന്നതിന് സെലക്ടീവ് കാറ്റലിറ്റിക് റിഡക്ഷൻ (SCR) സാങ്കേതികവിദ്യയുള്ള വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഒരു ഡീസൽ എക്‌സ്‌ഹോസ്റ്റ് ദ്രാവകമാണ് AdBlue.

നിലവിൽ 2.0 ലിറ്റർ ക്രിയോടെക് 170 ഫോർ പോട്ട് ഡീസൽ എഞ്ചിനാണ് സഫാരിക്കും ഹാരിയറിനും കരുത്തേകുന്നത്. ഫിയറ്റിൽ നിന്നുള്ള ഈ എഞ്ചിൻ പരമാവധി 170 bhp പവറിൽ 350 Nm torque വരെ ഉത്പാദിപ്പിക്കാൻ പര്യാപ്തമാണ്. ഇത് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

നിലവിലുള്ള എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ 2.2 ലിറ്റർ എഞ്ചിന്റെ പവറും ടോർക്കും വർധിപ്പിക്കുമോ ഇല്ലയോ എന്നത് ഇതുവരെ അറിവായിട്ടില്ല. ടാറ്റ മോട്ടോർസ് സ്വന്തമായി വികസിപ്പിച്ച ഈ എഞ്ചിന് 2.0 ലിറ്റർ ഓയിൽ ബർണറിന് പകരം വയ്ക്കാൻ കഴിയുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇതുകൂടാതെ ടാറ്റ ഒരു പുതിയ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ വികസിപ്പിച്ചെടുക്കുന്നതായി ഇതിനകം തന്നെ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. 120 bhp കരുത്തിൽ പരമാവധി 170 Nm torque വികസിപ്പിക്കുന്ന നെക്‌സോൺ കോംപാക്‌ട് എസ്‌യുവിയിൽ ഉപയോഗിക്കുന്ന നിലവിലുള്ള 1.2 ലിറ്റർ ത്രീ-സിലിണ്ടർ റെവോട്രോൺ ഗ്യാസോലിൻ എഞ്ചിനിൽ നിന്നാണ് ഈ ഫോർ സിലിണ്ടർ യൂണിറ്റ് ഉരുത്തിരിഞ്ഞത്.

ഏകദേശം 160 bhp പവർ എങ്കിലും നൽകുന്നതിന് ഇത് ട്യൂൺ ചെയ്യാനാകും. സമീപഭാവിയിൽ തന്നെ വലിയ പെട്രോൾ എഞ്ചിൻ ഹാരിയറിൽ അവതരിപ്പിക്കാൻ കഴിഞ്ഞേക്കും. അതേസമയം ഹാരിയറിനു താഴെ അവതരിപ്പിക്കാനിരിക്കുന്ന ബ്ലാക്ക്‌ബേർഡ് മിഡ്‌സൈസ് എസ്‌യുവിയും നെക്‌സോണിൽ ഉയർന്ന പവർ ഉള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിന്റെ അപ്‌ഡേറ്റ് പതിപ്പിനൊപ്പം ഈ പവർട്രെയിനും ഉപയോഗിച്ചേക്കാം.

മൾട്ടി പോയിൻറ് ഫ്യൂവൽ ഇഞ്ചക്ഷൻ (MPFI) മോട്ടോറുകളേക്കാൾ ശക്തവും കാര്യക്ഷമവുമാണ് പുതിയ പെട്രോൾ എഞ്ചിൻ എന്നതാണ് ശ്രദ്ധയാകർഷിക്കുന്നത്. പുതിയ 1.5 ലിറ്റർ ടർബോ-പെട്രോൾ ബ്രാൻഡിന്റെ ആദ്യത്തെ ഡയറക്ട്-ഇഞ്ചക്ഷൻ എഞ്ചിനാണ്. ഇതിനു ശേഷം പിന്നീട് ഹാരിയറിൽ പെട്രോ ഹൈബ്രിഡ് എഞ്ചിനും ടാറ്റ ഒരുക്കിയേക്കും.

ഈ വർഷം രാജ്യത്ത് നടപ്പിലാവുമെന്ന് പ്രതീക്ഷിക്കുന്ന വരാനിരിക്കുന്ന CAFÉ II മാനദണ്ഡങ്ങൾ പാലിക്കാനാണ് ഈ നീക്കം. ടാറ്റയുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിൽ, 2022 സെപ്റ്റംബറിൽ ടിയാഗോ ഇലക്ട്രിക് ഹാച്ച്ബാക്ക് പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ടിഗോർ ഇവിയുമായി സാങ്കേതിക സവിശേഷതകൾ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്ന മോഡലിന് പൂർണ ചാർജിൽ 300 കി.മീ. റേഞ്ച് നൽകാൻ കഴിഞ്ഞേക്കും.

പെർമനെന്റ് മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോറും ലിഥിയം-അയൺ ബാറ്ററി പാക്കും ഉൾക്കൊള്ളുന്ന ടാറ്റയുടെ വിപുലമായ സിപ്‌ട്രോൺ ഹൈ-വോൾട്ടേജ് ആർക്കിടെക്ചർ ഇത് ഉപയോഗിക്കും. പുറത്തുവരുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കാമെങ്കിൽ 2023 പകുതിയോടെ ടാറ്റ ഹാരിയർ ഇലക്ട്രിക് എസ്‌യുവിയും ടാറ്റ കൊണ്ടുവന്നേക്കും.


Click it and Unblock the Notifications








