പ്രാരംഭ വില 9.50 ലക്ഷം? പുത്തൻ ഗ്രാൻഡ് വിറ്റാര എസ്‌യുവി വാങ്ങാൻ ഇതുപോരെ കാരണം
എസ്‌യുവി വിപണിയിൽ വിറ്റാര ബ്രെസ എന്ന സബ്-4 മീറ്റർ വാഹനമിറക്കി വിസ്‌മയം തീർത്തവരാണ് മാരുതി സുസുക്കി. എന്നാൽ കുറച്ചു കൂടി വലിപ്പവും സൌകര്യവുമുള്ള മിഡ്-സൈസ് സി-സെഗ്മെന്റിലേക്ക് ബ്രാൻഡ് അവതരിപ്പിച്ച പഴയതലമുറ വിറ്റാരയും എസ്-ക്രോസുമെല്ലാം പരാജയം രുചിച്ചവരാണ്.

അവിടെ കിയ സെൽറ്റോസും ഹ്യുണ്ടായി ക്രെറ്റയുമെല്ലാം കൈവരിച്ച വിജയം കണ്ട് കൊതിക്കാൻ മാത്രമേ ഇക്കാലമത്രയും രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞിരുന്നുള്ളൂ. വെറും 2.10 ശതമാനം വിപണി വിഹിതമുള്ള എസ്-ക്രോസിന്റെ വിൽപ്പന ക്രെറ്റയുടേതുമായി താരതമ്യപ്പെടുത്താൻ പോലും കഴിയില്ലായിരുന്നു.

എന്നാൽ കൊലകൊമ്പൻമാരുടെയെല്ലാം വില്ലനായി ഒരു അവതാരത്തെ വിപണിയിലേക്ക് കൊണ്ടുവരികയാണ് മാരുതി സുസുക്കി.ഇതുവരെ ഈ സെഗ്മെന്റ് കണ്ടിട്ടില്ലാത്ത കിടിലൻ ചേരുവകൾ കൂട്ടിച്ചേർത്ത ഒരു ഫ്യൂഷൻ ഡിഷാണ് വരാനിരിക്കുന്ന മാരുതി സുസുക്കിയുടെ മിഡ്-സൈസ് എസ്‌യുവി. ഗ്രാൻഡ് വിറ്റാര എന്നു പേരിട്ടിരിക്കുന്ന വാഹനം ജൂലൈ 20-ന് അരങ്ങേറ്റം കുറിക്കും.
MOST READ: നെക്സോൺ ഇവിയുടെ ബാറ്ററി മാറാൻ ചെലവായത് 7 ലക്ഷം രൂപ, സൗജന്യമായി മാറ്റി നൽകി ടാറ്റ

വരാനിരിക്കുന്ന മാരുതി എസ്‌യുവി മോഡലുകളുടെ തുടക്കം മാത്രമായിരിക്കും ഗ്രാൻഡ് വിറ്റാരയുടെ അവതരണം. ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡർ ജിംനിയും ബലേനോയെ അടിസ്ഥാനമാക്കിയെത്തുന്ന മറ്റൊരു മിനി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനവുമെല്ലാം ബ്രാൻഡിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇനി പുത്തൻ ഗ്രാൻഡ് വിറ്റാരയുടെ വിശേഷങ്ങളിലേക്ക് കടന്നാൽ മുമ്പ് പറഞ്ഞതുപോലെ തന്നെ നിരവധി വ്യത്യസ്‌തതയും പുതുമകളുമായാണ് മോഡൽ വിപണിയിലേക്ക് വരിക.

മാരുതി അവരുടെ വരാനിരിക്കുന്ന എസ്‌യുവിയുടെ പുതിയ ടീസറുകൾ പങ്കുവെച്ചാണ് വാഹനത്തെ പരിചയപ്പെടുത്തുന്നത്. ഏറ്റവും പുതിയ ടീസർ ALLGRIP വേരിയന്റിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നുമുണ്ട്. നിലവിലെ മാരുതി ലൈനപ്പിൽ ഇതാദ്യമായാണ് ALLGRIP ബാഡ്ജ് കാണുന്നത്. ALLGRIP ബാഡ്ജ് AWD ശേഷിയുള്ള സുസുക്കി കാറുകൾക്കുള്ളതാണെന്നതാണ് ശ്രദ്ധേയം.

അതെ മാരുതിയും പുതുമകളും വ്യത്യസ്‌തതകളും തേടിയിറങ്ങികഴിഞ്ഞുവെന്ന് തന്നെ പറയാം. വിലയുടെ കാര്യമാവും മിക്ക ആളുകൾക്കും അറിയേണ്ട മറ്റൊരു കാര്യം. ഇതുസംബന്ധിച്ച പുതിയ വിവരങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നിരിക്കുന്നത്. അതായത് 9.50 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാവും മാരുതി ഗ്രാൻഡ് വിറ്റാര വിപണിയിലേക്ക് എത്തുക. സ്ഥിരീകരിക്കാത്ത വിവരമാണെങ്കിലും മോഡലുകൾക്ക് ആക്രമണാത്മകമായ വില നിർണയം എപ്പോഴും കമ്പനി നൽകാൻ ശ്രദ്ധിക്കാറുണ്ട്.

ഇത് യഥാർഥ പ്രാരംഭ വിലയാണോ അല്ലയോ എന്ന് കണ്ടറിയണം. വരുന്ന ജൂലൈ 20-ന് എസ്‌യുവിയെ കമ്പനി പരിചയപ്പെടുത്തുമെങ്കിലും 2022 ഓഗസ്റ്റിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ലോഞ്ച് ഇവന്റിൽ ഔദ്യോഗിക വിലകൾ പ്രഖ്യാപിക്കും. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പ്രാരംഭ വില ശരിയാണെങ്കിൽ മാരുതി വിറ്റാര എസ്‌യുവിക്ക് ഹ്യുണ്ടായി ക്രെറ്റയെയും കിയ സെൽറ്റോസിനെയും അപേക്ഷിച്ച് വില കുറവായിരിക്കും.

അങ്ങനെയെങ്കിൽ ഈ സെഗ്മെന്റ് കൈയടക്കാൻ മാരുതിക്ക് എളുപ്പം കഴിയും. ഗ്രാൻഡ് വിറ്റാരയ്ക്ക് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് സമാനമായ എഞ്ചിൻ ഓപ്ഷനുകളായിരിക്കും ലഭിക്കുക. ഗ്ലോബൽ വിറ്റാരയ്ക്ക് സമാനമായ AWD സംവിധാനമുള്ള മാരുതി സുസുക്കിയിൽ നിന്ന് ലഭിക്കുന്ന ഒരു മൈൽഡ് ഹൈബ്രിഡ് പവർട്രെയിനാണ് ടൊയോട്ടയുടെ മിഡ്-സൈസ് എസ്‌യുവിയിലും വാഗ്ദാനം ചെയ്യുന്നത്.

അതേ 1.5L K15C ഡ്യുവൽ ജെറ്റ്, ഡ്യുവൽ VVT പെട്രോൾ എഞ്ചിൻ ബ്രെസ, എർട്ടിഗ, XL6 എന്നിവയിലും നമുക്ക് കാണാനാവും. ഈ എഞ്ചിൻ 102 bhp കരുത്തിൽ 136.8 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു പുതിയ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സ് ഓപ്ഷനായിരിക്കും ഈ എഞ്ചിനുമായി ജോടിയാക്കുക.

AWD ഇല്ലാതെ ഉയർന്ന വോൾട്ടേജ് ഹൈബ്രിഡ് ആർക്കിടെക്ചർ ലഭിക്കുന്ന ടൊയോട്ടയിൽ നിന്നുള്ള മറ്റൊരു എഞ്ചിൻ ഓപ്ഷനും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയ്ക്ക് തുടിപ്പേകാൻ എത്തും. ഈ എഞ്ചിൻ 5500 rpm-ൽ 91 bhp പവറും 3800-4800 rpm-ൽ 122 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ള 1490 സിസി പെട്രോൾ 3-സിലിണ്ടർ യൂണിറ്റാണ്.

79 bhp, 141 Nm torque ശേഷിയുള്ള സിൻക്രണസ് എസി മോട്ടോറുമായി ഇത് ഘടിപ്പിച്ചിരിക്കുന്നു. സംയോജിതമായി പ്രവർത്തിച്ച് ഈ പവർട്രെയിനിന് 114 bhp പുറത്തെടുക്കാൻ കഴിയും. ഒരു ഇ-സിവിടി ഗിയർബോക്‌സുമായാവും ഈ എഞ്ചിൻ വിപണിയിലേക്ക് എത്തുക. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറും കർണാടകയിലെ ബിഡാദിയിലുള്ള ടൊയോട്ടയുടെ നിർമാണ കേന്ദ്രത്തിലാവും നിർമിക്കുക.

ഹൈറൈഡറിന്റെയും ഗ്രാൻഡ് വിറ്റാരയുടെയും സമാരംഭത്തോടെ നിലവിലെ സെഗ്‌മെന്റ് ലീഡറായ ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനും വിപണി വിഹിതം നഷ്ടപ്പെടമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ കൊറിയൻ ബ്രാൻഡുകൾക്ക് സി-സെഗ്‌മെന്റ് എസ്‌യുവിയുടെ 66 ശതമാനം വിപണി വിഹിതമാണുള്ളത്.


Click it and Unblock the Notifications