ഇനിയും ഇവിടെ തന്നെ കാണും! ഇന്ത്യ വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഹോണ്ട
ഫോർഡിന് ശേഷം ഇന്ത്യയിൽ നിന്നും ഹോണ്ട പടിയിറങ്ങുന്നുവെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കാലംകുറച്ചായി. അടുത്ത വർഷത്തോടെ നിലവിലുള്ള നിരവധി മോഡലുകൾ നിരയിൽ നിന്നും ജാപ്പനീസ് വാഹന നിർമാതാക്കൾ ഒഴിവാക്കുമെന്ന അഭ്യൂഹങ്ങളും എയറിലുണ്ട്.

എന്നാൽ ഇതിനോടെല്ലാം മുഖംതിരിച്ചു നിന്ന ഹോണ്ടയിപ്പോൾ ഔദ്യോഗികമായുള്ള പ്രതികരണം പുറത്തുവിട്ടിരിക്കുകയാണ്. ഇന്ത്യയിലെ വ്യവസായം അടച്ചുപൂട്ടാൻ പദ്ധതിയില്ലെന്നും വരും ദിവസങ്ങളിൽ ഇത് വർധിപ്പിക്കാനാണ് കമ്പനിയുടെ ഉദ്ദേശമെന്നുമാണ് ഔദ്യോഗിക സ്ഥിരീകരണം.

വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവെയാണ് ഹോണ്ട കാർസ് ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ തകുയ സുമുറ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിൽ ഹോണ്ട തുടരും.

ഇന്ത്യയിൽ ഹോണ്ട തുടരും. ഇപ്പോൾ ആഗോളതലത്തിൽ നാലാമത്തെ വലിയ വിപണിയായ ഇന്ത്യയെ തങ്ങൾ എന്തിന് ഉപേക്ഷിക്കണമെന്നും കഴിഞ്ഞ 20 വർഷത്തിലേറെയായി ഇവിടെയുണ്ട്. അതിനാൽ ഇന്ത്യയിൽ നിന്നും പടിയിറങ്ങാൻ തക്കതായ ഒരു കാരണവും നിലവിലില്ലെന്നുമാണ് തകുയ സുമുറ അഭിപ്രായപ്പെട്ടത്.

നിലവിൽ സിറ്റി, അമേസ്, WR-V, ജാസ് തുടങ്ങിയ മോഡലുകളാണ് ഹോണ്ട ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. ജാപ്പനീസ് വാഹന നിർമാതാക്കൾ ഈ വർഷമാദ്യം ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ബ്രാൻഡിന്റെ മുൻനിര സെഡാനായി സിറ്റിയുടെ ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കിയിരുന്നു.
MOST READ: എസ്‌യുവികൾ പ്രകൃതിക്ക് മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തിനും ദോഷകരമാണ്; എങ്ങനെയെന്നറിയാം

അടുത്ത വർഷം ഹോണ്ട തങ്ങളുടെ നിരയിലേക്ക ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി കൂടി കൊണ്ടുവരാൻ പദ്ധതിയിടുകയാണ് നിലവിൽ. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ സെഗ്‌മെന്റിലെ വമ്പൻമാരുമായാണ് പുതിയ എസ്‌യുവി മാറ്റുരയ്ക്കാൻ എത്തുക.

2020 ഡിസംബറിൽ ഗ്രേറ്റർ നോയിഡയിലെ നിർമാണ കേന്ദ്രം അടച്ചുപൂട്ടിയ ശേഷം സിവിക്, CR-V എന്നിവയുടെ ഉത്പാദനം നിർത്താനുള്ള തീരുമാനമാണ് ഹോണ്ട ഇന്ത്യ വിടുമെന്ന അഭ്യൂഹത്തിന് കാരണമായത്. പുനഃസംഘടിപ്പിക്കാനുള്ള ആഗോള സംരംഭത്തിന്റെ ഭാഗമാണ് തീരുമാനമെന്ന് ഹോണ്ട കാർസ് അന്നേ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി തങ്ങൾ ചില പുനർനിർമാണങ്ങൾ പ്രവർത്തനങ്ങളാണ് രാജ്യത്ത് നടപ്പിലാക്കിയത്. അൽപ്പം ബുദ്ധിമുട്ടുള്ള സമയത്താണ് ഈയൊരു തീരുമാനം കൈക്കൊണ്ടതെന്നും ആയതിനാൽ കമ്പനിക്ക് ഇപ്പോൾ ആരോഗ്യകരമായ ഒരു ഭരണഘടനയുണ്ടെന്നും സുമുറ പറഞ്ഞു. ഗ്രേറ്റർ നോയിഡ സൗകര്യത്തിന് പുറമെ, രാജസ്ഥാനിലെ തപുകരയിൽ ഹോണ്ട കാർസിന് മറ്റൊരു നിർമാണ കേന്ദ്രമുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി.

CR-V, WR-V തുടങ്ങിയ മോഡലുകൾ പരീക്ഷിച്ചിട്ടും എസ്‌യുവി സെഗ്‌മെന്റിൽ ഹോണ്ടയ്ക്ക് കാര്യമായ വിജയം നേടാനായിരുന്നില്ല. CR-V നേരത്തെ നിർത്തലാക്കിയെങ്കിലും മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, ഹ്യുണ്ടായി എന്നിവയുടെ ആധിപത്യമുള്ള സെഗ്‌മെന്റിൽ WR-V സബ് കോംപാക്‌ട് എസ്‌യുവിക്ക് തന്റേതായ സ്ഥാനം കണ്ടെത്താനും ഇതുവരെയായിട്ടില്ല.

എന്നിരുന്നാലും വരാനിരിക്കുന്ന ക്രെറ്റ, സെൽറ്റോസ് എതിരാളിയുടെ സാധ്യതകളെക്കുറിച്ച് ഹോണ്ട ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ഈ വിഭാഗതതിൽ നമ്പർ വൺ ബ്രാൻഡ് ആവുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും പക്ഷേ ഹോണ്ട ഒരു മോഡലിറക്കിയാൽ മോശമല്ലാത്ത ഡിമാൻഡ് ഉണ്ടാക്കിയെടുക്കാൻ കമ്പനിക്ക് സാധിക്കുമെന്നുമാണ് വിശ്വസിക്കുന്നതെന്ന് സുമുറ പിടിഐയോട് പറഞ്ഞു.

പുതിയ സിറ്റി ഹൈബ്രിഡ് സെഡാനെ ശക്തിപ്പെടുത്തുന്ന e:HEV ഹൈബ്രിഡ് പവർട്രെയിൻ പുതിയ എസ്‌യുവിക്ക് ലഭിക്കാൻ സാധ്യതയുണ്ട്. കൊറിയൻ എസ്‌യുവികൾക്ക് പുറമെ ശക്തമായ ഹൈബ്രിഡ് ഓപ്ഷനുകളോടെ വാഗ്ദാനം ചെയ്യുന്ന ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എസ്‌യുവികൾ എന്നിവയായിരിക്കും അതിന്റെ നേരിട്ടുള്ള എതിരാളികൾ.

പുതുപുത്തൻ സിറ്റിയും അമേസും ഒഴികെ ഹോണ്ടയുടെ ശേഷിക്കുന്ന ലൈനപ്പ് കാലഹരണപ്പെട്ടതായിട്ടുണ്ട്. മാത്രമല്ല പ്രീമിയം സി-സെഗ്മെന്റ് സെഡാനായ സിറ്റിയുടെ വിൽപ്പന ഇപ്പോൾ അത്ര മികച്ചതല്ലെന്നതും കമ്പനിക്ക് ബോധ്യമായിട്ടുണ്ട്. ആയതിനാൽ ഇനി സ്പോർട്‌സ് യൂട്ടിലിറ്റി വാഹന സെഗ്മെന്റിൽ ഇറങ്ങി കളിക്കാതെ ഹോണ്ടയ്ക്ക് വേറെ വഴിയില്ല.

ഇന്ത്യയിൽ നിന്നും പിൻമാറില്ലെന്ന് വ്യക്തമാക്കിയെങ്കിലും ഡീസൽ എഞ്ചിൻ മോഡലുകൾ നിർത്തലാക്കുമെന്ന വാർത്തകളോട് ഹോണ്ട ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

റെനോ, നിസാൻ, ഫോക്‌സ്‌വാഗൺ, സ്കോഡ തുടങ്ങിയ നിർമാതാക്കളും വിപണിയിലെ മുൻനിര തന്ത്രശാലികളായ മാരുതി സുസുക്കിയും പൂർണമായും പെട്രോളിലേക്ക് മാറുന്നത് നാം കണ്ടു. ഇതേ പാതയിലേക്കാവും ഹോണ്ടയും മാറുകയെന്നാണ് വിവരം.

രാജ്യത്തെ വാഹന വ്യവസായം ബിഎസ് VI രണ്ടാം ഘട്ട മാനദണ്ഡങ്ങളിലേക്ക് ചേക്കേറാൻ തയാറെടുക്കുമ്പോൾ ഒരു ഫ്യുവൽ ടൈപ്പ് ഉപയോഗിച്ച് RDE (റിയൽ ഡ്രൈവിംഗ് എമിഷൻ) ക്ലിയർ ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഡീസലിൽ തുടരേണ്ടതില്ലെന്ന തീരുമാനം ഹോണ്ട കൈക്കൊണ്ടിരിക്കുന്നതെന്ന് ഹോണ്ട കാർസ് ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ തകുയ സുമുറ പറഞ്ഞത്.


Click it and Unblock the Notifications








