എര്‍ബാഗ് ചേര്‍ത്താല്‍ രക്ഷപെടുമോ ഡാറ്റ്‌സന്‍?
ഡാറ്റ്‌സന്‍ കാറുകള്‍ സുരക്ഷിതമല്ലായെന്ന ധാരണ പൊതുവില്‍ വളര്‍ന്നിട്ടുണ്ട്. സെഗ്മെന്റിലെ മറ്റേത് വാഹനങ്ങളെയും പോലെത്തന്നെയാണ് ഡാറ്റ്‌സന്‍ കാറുകളും നിര്‍മിക്കപ്പെടുന്നത്. എന്നാല്‍, ഇടക്കാലത്ത് ഈ ബ്രാന്‍ഡിനെതിരെ അന്തര്‍ദ്ദേശീയ തലത്തില്‍ നടന്ന അഭിപ്രായരൂപീകരണം കാറുകളുടെ വില്‍പനയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. എന്തായാലും, പ്രസ്തുത പ്രചാരണങ്ങള്‍ കമ്പനിയെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട് എന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.
ഡാറ്റ്‌സന്‍ കാറുകളില്‍ ഇനി എയര്‍ബാഗുകള്‍ ഘടിപ്പിക്കുമെന്നാണ് അറിയുന്നത്. കൂടുതല്‍ വായിക്കാം താഴെ.

വിപണിയിലുള്ള രണ്ട് ഡാറ്റ്‌സന്‍ കാറുകളിലും എയര്‍ബാഗുകള്‍ ചേര്‍ത്ത് വില്‍പനയ്‌ക്കെത്തിക്കാനാണ് കമ്പനിയുടെ പ്ലാന്‍. ഈ എര്‍ബാഗുകള്‍ പക്ഷേ, ഓപ്ഷണല്‍ ആയിരിക്കും. സുരക്ഷിതത്വം കൂടുതല്‍ വേണമെന്നു തോന്നുന്നവര്‍ എയര്‍ബാഗുകള്‍ പ്രത്യേകമായി ആവശ്യപ്പെടണം.

ഗോ ഹാച്ച്ബാക്ക്, ഗോ പ്ലസ് എംപിവി എന്നീ വാഹനങ്ങളാണ് ഡാറ്റ്‌സന്‍ നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇവയില്‍ എയര്‍ബാഗ് ചേര്‍ത്ത് കിട്ടാന്‍ 15000 രൂപ മുതല്‍ 20,000 രൂപ വരെ കൂടുതല്‍ ചെലവാക്കിയാല്‍ മതിയാവും.

ഡാറ്റ്‌സന്‍ വാഹനങ്ങളില്‍ എബിഎസ് സംവിധാനം ചേര്‍ക്കുവാനുള്ള നീക്കവും നടക്കുന്നുണ്ട്. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം എന്ന ഈ സങ്കേതം, വാഹനങ്ങള്‍ ബ്രേക്കിങ് സമയത്ത് നിരങ്ങിനീങ്ങി അപകടമുണ്ടാകുന്നത് തടയുന്നു.

ഗ്ലോബല്‍ എന്‍സിഎപി (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) എന്ന സംഘടനയാണ് ഡാറ്റ്‌സന്റെ ഗോ ഹാച്ച്ബാക്ക് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. ക്രാഷ് ടെസ്റ്റ് എന്ന പദം പോലും പരിചിതമല്ലാത്ത ഭൂരിഭാഗം വരുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഗ്ലോബല്‍ എന്‍സിഎപി പുറത്തുവിട്ട ഗോ ഹാച്ച്ബാക്ക് ക്രാഷ് ടെസ്റ്റ് ഫലം വലിയതോതില്‍ സ്വാധിനം സൃഷ്ടിച്ചു. സോഷ്യല്‍ മീഡിയയിലും മറ്റും ഇത് ആഘോഷിക്കപ്പെട്ടു.

ക്രാഷ് ടെസ്റ്റില്‍ ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് പൂജ്യം റേറ്റിങ്ങാണ് നേടിയത്. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിരുന്നു. അകത്തിരുത്തിയ ഡമ്മികള്‍ പൂര്‍ണമായും തകര്‍ന്നു. റിസള്‍ട്ടിനെ ചുരുക്കി വിവരിച്ചാല്‍, അപകടസമയത്ത് കാറിനകത്തിരിക്കുന്നവര്‍ രക്ഷപ്പെടാനുള്ള സാധ്യത നന്നേ കുറവ്.

ഇനി ഡാറ്റ്‌സന്‍ ശ്രദ്ധ വെക്കേണ്ട കാര്യം വാഹനങ്ങളുടെ സ്ട്രക്ചറല്‍ കരുത്ത് വര്‍ധിപ്പിക്കാനാണ്. കാറുകള്‍ നിര്‍മിക്കുന്ന രീതിയിലും നിര്‍മാണത്തിനുപയോഗിക്കുന്ന സാമഗ്രികളുടെ ഗുണനിലവാരത്തിലുമെല്ലാം വിട്ടുവീഴ്ച ചെയ്യുന്നത് വില്‍പനയെ സഹായിച്ചേക്കാമെങ്കിലും ബ്രാന്‍ഡിന്റെ പ്രതിച്ഛായ മോശമാക്കും.

ഡാറ്റ്‌സന്‍ ബ്രാന്‍ഡിന് സംഭവിക്കുന്ന പ്രതിച്ഛായാനഷ്ടം തങ്ങളെ ബാധിക്കില്ല എന്നാണ് നിസ്സാന്‍ ചിന്തിക്കുന്നതെങ്കില്‍ കഷ്ടമെന്നേ പറയാനുള്ളൂ.

എയര്‍ബാഗുകള്‍ ഘടിപ്പിച്ചാലും ഡാറ്റ്‌സന്‍ കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് രക്ഷയില്ല എന്നാണ് ഗോ ഹാച്ച്ബാക്ക് ടെസ്റ്റ് ചെയ്ത ഗ്ലോബല്‍ എന്‍സിഎപി ചൂണ്ടിക്കാണിച്ചത് എന്നോര്‍ക്കുക. ഇതിനുകാരണം വാഹനത്തിന്റെ ഘടനാപരമായ കരുത്തില്ലായ്മയാണ്. ഈ പ്രശ്‌നം പരിഹരിക്കാതെ എയര്‍ബാഗ് വെക്കുന്നതില്‍ പ്രായോഗികമായി എത്രത്തോളം ഉപകാരപ്രദമാണ് എന്ന് ഉപഭോക്താക്കള്‍ ചിന്തിച്ചേക്കും.
ഗോ ഹാച്ച്ബാക്ക് ക്രാഷ് ടെസ്റ്റ് വീഡിയോ

ഡാറ്റ്‌സന്‍ ഗോ: 10 മോഡിഫിക്കേഷന്‍ നിര്‍ദ്ദേശങ്ങള്‍
ഗോ പ്ലസ് എംപിവി കിറ്റ് ലോഞ്ച് ചെയ്തു


Click it and Unblock the Notifications








