വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി എക്സെന്റ്
സബ്-4 മീറ്റർ സെഡാനായ എക്സെന്റിന്റെ വിൽപ്പനയിൽ പുതിയ വിൽപ്പന നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ. ഈ വിഭാഗത്തിലെ തങ്ങളുടെ ആദ്യ മോഡലായ എക്സെന്റിനെ 2014-ൽ ആണ് കമ്പനി വിപണിയിൽ എത്തിച്ചത്.

2014 മാർച്ച് 12-ന് വിപണിയിൽ എത്തിയതിനുശേഷം ആഭ്യന്തര വിപണിയിൽ 2,50,000 യൂണിറ്റ് എക്സെന്റ് മോഡലുകളാണ് ഹ്യുണ്ടായി വിറ്റഴിച്ചത്.

2019 ഒക്ടോബർ അവസാനത്തോടെ എക്സെന്റ് 2,51,953 യൂണിറ്റുകളോളം വിൽപ്പന നടത്തിയെന്നാണ് ലഭിക്കുന്ന സൂചന. 1,51,368 പെട്രോൾ, 1,00,585 ഡീസൽ വകഭേദങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 60:40 അനുപാതത്തിലാണ് പെട്രോ-ഡീസൽ മോഡലുകളുടെ വിൽപ്പന നടന്നിരിക്കുന്നത്.

സബ്-4 മീറ്റർ സെഡാൻ വിഭാഗത്തിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ വാഹനത്തിനായില്ലെങ്കിലും ഭേദപ്പെട്ട വിൽപ്പന കണക്കുകൾ നേടാൻ എക്സെന്റിനായി. കാറിന്റെ ഏറ്റവും മികച്ച വാർഷിക പ്രകടനം 62,605 യൂണിറ്റുകളുടെ വിൽപനയായിരുന്നു. എന്നാൽ ഓരോ വർഷവും ഇതിൽ ഇടിവുണ്ടായികൊണ്ടിരുന്നു.

പ്രധാനമായും മാരുതി സുസുക്കി ഡിസയറിനെയും ഹോണ്ട അമേസിനെയും ലക്ഷ്യമിട്ടാണ് എക്‌സെന്റിനെ ഹ്യുണ്ടായി വിപണിയിൽ എത്തിച്ചത്. 4,66,000 രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. തുടക്കകാലത്ത് ഡിസയറിനേക്കാൾ 20,000 രൂപ കുറവും അമേസിനേക്കാൾ 30,000 രൂപയും കുറവായിരുന്നു.

2017 ഏപ്രിലിൽ എക്സെന്റിന് ആദ്യത്തെ ഫെയ്‌സ് ലിഫ്റ്റ് പരിഷ്ക്കരണം ലഭിച്ചു. ഇത് ഹ്യുണ്ടായിയുടെ പുതിയ സിഗ്‌നേച്ചർ ഗ്രില്ലിനൊപ്പം ഒരു പുതിയ മുൻഭാഗം ലഭിക്കാൻ കാരണമായി. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി മോഡലായി രൂപകൽപ്പന ചെയ്ത ഹ്യുണ്ടായി എക്സെന്റ് അഞ്ച് വർഷത്തിനിടെ 1,29,913 യൂണിറ്റുകൾ വിദേശ വിപണികളിലേക്ക് കയറ്റി അയച്ചു.

ബിഎസ്-VI മലിനീകരണ നിരോധനചട്ടം നിലവിൽ വരുന്നതിന്റെ ഭാഗമായി എക്സെന്റിന്റെ പുതിയ മോഡൽ ഉടൻ വിപണിയിൽ എത്തും. അതേസമയം പുതിയ കോംപാക്ട് സെഡാന് എക്സെന്റ് എന്ന പേര് നിലനിർത്തില്ലെന്നും കമ്പനി സ്ഥിരീകരിച്ചു.

പുതുതലമുറ കോംപാക്ട് സെഡാന് ഹ്യുണ്ടായി ഓറ എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് അടുത്ത മാസങ്ങളിൽ വിപണിയിലെത്തിക്കും. കമ്പനിയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിലെ എക്സെന്റിന്റെ പിൻഗാമിയാണ് ഓറ.

പുതിയ മോഡൽ വിപണിയിൽ എത്തിയാലും നിലവിലുള്ള പതിപ്പിനെ വിപണിയിൽ എത്തിക്കുന്നത് തുടരും. എന്നാൽ ഇത് ക്യാബ് അഗ്രഗേറ്ററുകളെയും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും വേണ്ടി മാത്രമാകും വിപണിയിൽ എത്തുക.
Most Read: ടാറ്റ ഗ്രാവിറ്റാസ്; ഹാരിയർ ഏഴ് സീറ്ററിന്റെ പേര് വെളിപ്പെടുത്തി ഔദ്യോഗിക ടീസർ

2019 ഡിസംബർ 19-ന് നടക്കുന്ന വേൾഡ് പ്രീമിയറിൽ ഹ്യുണ്ടായി പുതിയ ഓറ കോംപാക്ട് സെഡാൻ പുറത്തെടുക്കും. ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ഗ്രാൻഡ് i10 നിയോസ് പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയാണ് ഓറ എത്തുന്നത്.


Click it and Unblock the Notifications








