Q7 എസ്‌യുവിക്ക് പുതിയ ലിമിറ്റഡ് എഡിഷൻ മോഡൽ സമ്മാനിച്ച് ഔഡി, വില 88.08 ലക്ഷം രൂപ
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം Q7 എസ്‌യുവി മുഖംമിനുക്കി ഇന്ത്യയിലെത്തിയത് ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു. വിപണിയിലെത്തി ഏവരുടെയും മനംകവർന്ന ഈ ലക്ഷ്വറി വാഹനത്തിന്റെ പുതിയൊരു ലിമിറ്റഡ് എഡിഷൻ മോഡലിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡി.

രാജ്യത്തെ ഉത്സവ സീസണിന് മുന്നോടിയായാണ് ഔഡി ഇന്ത്യ Q7 ലിമിറ്റഡ് എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. ഈ എക്‌സ്‌ക്ലൂസീവ് എസ്‌യുവിയുടെ 50 യൂണിറ്റുകൾ മാത്രമാവും ജർമൻ ബ്രാൻഡ് വിപണിയിൽ എത്തുക്കുകയെന്നാണ് അറിയിച്ചിരിക്കുന്നതും. ലക്ഷ്വറി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ ഈ പുത്തൻ വേരിയന്റ് കോസ്മെറ്റിക് പരിഷ്ക്കാരങ്ങളുമായാണ് വിപണിയിൽ എത്തുന്നത്.

അതായത് പുതിയ പതിപ്പിന് സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും ഔഡി ഇന്ത്യ സമ്മാനിച്ചിട്ടില്ലെന്ന് സാരം. 88.08 ലക്ഷം രൂപയാണ് ഔഡി Q7 ലിമിറ്റഡ് എഡിഷന്റെ രാജ്യത്തെ എക്‌സ്‌ഷോറൂം വില. പുതിയ ലിമിറ്റഡ് എഡിഷൻ വേരിയന്റ് ടെക്നോളജി വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയെടുത്തിരിക്കുന്നതും.

കൂടാതെ സ്റ്റാൻഡേർഡ് ടെക്നോളജി വേരിയന്റിനേക്കാൾ 1.82 ലക്ഷം രൂപ മാത്രമാണ് അധികമായി ഈടാക്കുന്നത്. പുതിയ Q7 എസ്‌യുവിയുടെ ലിമിറ്റഡ് എഡിഷൻ വേരിയന്റിനെ എക്‌സ്ക്യൂസീവ് ബാരിക് ബ്രൗൺ കളർ ഓപ്ഷനിലാണ് ഔഡി വിപണിയിൽ എത്തിക്കുന്നതും. ഇതിന് റീട്വീക്ക് ചെയ്ത ഗ്രിൽ ഡിസൈൻ ലഭിക്കുന്നതും ശ്രദ്ധേയമായ നവീകരണമാണ്.

എങ്കിലും ഓക്‌ടഗോണൽ ഷെയ്പ്പ് നിലനിർത്താനും കമ്പനി പ്രത്യേകം ശ്രമിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ ആഡംബര എസ്‌യുവിയുടെ മുൻവശത്ത് നിന്ന് പരുഷമായ രൂപം നൽകുന്നതിനായി ഒരു പുതിയ സിൽ ട്രിമ്മാണ് ഔഡി ചേർത്തിരിക്കുന്നത്. സ്റ്റാൻഡേർഡായി ഹൈ ഗ്ലോസ് സ്റ്റൈലിംഗ് പാക്കേജിനൊപ്പം വരുന്നുവെന്നതും സ്വീകാര്യമാണ്.

റണ്ണിംഗ് ബോർഡുകൾ, ഓഡിയുടെ ക്വാട്രോ എൻട്രി എൽഇഡി, സിൽവർ കളർ റിംഗ് ഫോയിൽ എന്നിവ ഉപയോഗിച്ച് എസ്‌യുവിയെ കിറ്റ് ചെയ്യുന്ന ഒരു അപ്പിയറൻസ് പാക്കേജ് ഉപയോഗിച്ച് Q7 ലിമിറ്റഡ് എഡിഷനെ കൂടുതൽ ആകർഷകമാക്കാം.

അഡാപ്റ്റീവ് വിൻഡ്ഷീൽഡ് വൈപ്പറുകൾക്ക് സംയോജിത വാഷർ നോസിലുകളും കമ്പനി നൽകിയിട്ടുണ്ട്. വശങ്ങളിൽ 19 ഇഞ്ച് 5-സ്പോക്ക് സ്റ്റാർ-സ്റ്റൈൽ അലോയ് വീലുകളുടെ സാന്നിധ്യമാണ് ശ്രദ്ധേയമാവുന്നത്. Q7 എസ്‌യുവിയുടെ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിനൊപ്പം ഒരു പനോരമിക് സൺറൂഫും ഔഡി വാഗ്ദാനം ചെയ്യുന്നു.

10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 19 സ്പീക്കറുള്ള സബ്‌വൂഫറും ആംപ്ലിഫയറും ഉള്ള B&O പ്രീമിയം 3D സൗണ്ട് സിസ്റ്റം, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, കിക്ക്-ടു-ഓപ്പൺ ഇലക്ട്രിക് ടെയിൽഗേറ്റ്, സ്പീഡ് ലിമിറ്ററോടുകൂടിയ ക്രൂയിസ് കൺട്രോൾ എന്നിവയെല്ലാമാണ് ഔഡി Q7 ലിമിറ്റഡ് എഡിഷൻ എസ്‌യുവിയുടെ ഇന്റീരിയറിലെ മറ്റ് ഹൈലൈറ്റുകൾ.

അതോടൊപ്പം ഒലുഫ്‌സെൻ സ്റ്റീരിയോ സിസ്റ്റം, മെമ്മറി ഫംഗ്‌ഷനുള്ള പവർഡ് ഫ്രണ്ട് സീറ്റുകൾ, ഒരു എയർ പ്യൂരിഫയർ, റിക്ലൈനിംഗ് ഫംഗ്‌ഷനോടുകൂടിയ രണ്ടാം നിര സീറ്റുകൾ, മൂന്നാം നിര സീറ്റുകൾക്ക് ഇലക്ട്രിക് അഡ്ജസ്റ്റ് തുടങ്ങിയ ഫീച്ചറുകളും മോഡലിലുണ്ട്. 8 എയർബാഗുകൾ, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, ഒരു ലെയിൻ ഡിപ്പാർച്ചർ വാർണിംഗ് എന്നീ സുരക്ഷാ സന്നാഹങ്ങളും ഔഡി പുതിയ Q7 ലിമിറ്റഡ് എഡിഷനിൽ ഒരുക്കിയിട്ടുണ്ട്.

സ്റ്റാൻഡേർഡ് പതിപ്പിലെന്ന പോലെ തന്നെ ഔഡി Q7 ലിമിറ്റഡ് എഡിഷനിലും പ്രവർത്തിക്കുന്നത് 3.0 ലിറ്റർ V6 TFSI പെട്രോൾ എഞ്ചിനാണ്. ഇത് പരമാവധി 340 bhp കരുത്തിൽ 500 Nm torque വരെ നൽകാൻ കഴിയും. 5.9 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ എസ്‌യുവിക്ക് കഴിയും.

കൂടാതെ മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയാണ് ലക്ഷ്വറി എസ്‌യുവിക്ക് പുറത്തെടുക്കാനാവുന്ന പരമാവധി വേഗത. എഞ്ചിന് 48 വോൾട്ട് ഹൈബ്രിഡ് സംവിധാനവും ക്വാട്രോ ഓൾ വീൽ ഡ്രൈവും ലഭിക്കുന്നുവെന്നതും ഒരു പ്രത്യേകതയാണ്.

ഇന്ത്യയിലെ ആഡംബര എസ്‌യുവി സെഗ്‌മെന്റിൽ ബിഎംഡബ്ല്യു X7, വോൾവോ XC90, മെർസിഡീസ് ബെൻസ് ജിഎൽഎസ് എന്നിവയ്‌ക്കെതിരെയാണ് ഔഡി Q7 ശ്രേണി മോഡലുകളെല്ലാം മാറ്റുരയ്ക്കുന്നത്. വാഹനത്തിന്റെ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് ഇന്ത്യയിൽ 79.99 ലക്ഷം രൂപ മുതൽ 88.33 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.


Click it and Unblock the Notifications








