ഹോമോലോഗേഷൻ പൂർത്തിയാക്കി, Bolero Neo Plus വിപണിയിലേക്ക് ഉടൻ എത്തുമെന്ന് Mahindra
ഇന്ത്യൻ വിപണിയിൽ 7 സീറ്റർ മോഡലുകൾക്ക് അടുത്തിടെയായി വൻ ഡിമാന്റാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് എസ്‌യുവി സെഗ്മെന്റിൽ. കൂടുതൽ സീറ്റിംഗ് കപ്പാസിറ്റി നേടുന്നതിനാൽ വലിയ കുടുംബങ്ങൾക്ക് ഒരുമിച്ച് യാത്ര ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

കൂടുതൽ ആളുകൾക്ക് ഒരുമിച്ച് യാത്ര ചെയ്യാനാവുക എന്ന കാര്യം തന്നെയാണ് 7 സീറ്റർ മോഡലുകളുടെ വിജയം. എന്നാൽ മഹീന്ദ്ര ഒരു 9 സീറ്റർ വാഹനവുമായി വിപണിയിലേക്ക് എത്തിനിരിക്കുകയാണ്. വളരെക്കാലമായി 9-സീറ്റർ എസ്‌യുവി ഫോം ഫാക്‌ടറുമായി മുന്നോട്ടു പോവുന്ന കമ്പനി ഈ രംഗത്ത് മാന്യമായ വിജയമാണ് കണ്ടെത്തിയിരിക്കുന്നത്.

പതിറ്റാണ്ടുകൾക്ക് മുമ്പ് ബൊലേറോ മാക്‌സിലൂടെ നേടി വിജയം പിന്നീട് ബൊലേറോ പ്ലസിലേക്കും അവിടുന്ന് TUV300 പ്ലസിലേക്കും മഹീന്ദ്ര പാരമ്പര്യം കൈമാറി. ബൊലേറോ പോലുള്ള ഉൽപ്പന്നങ്ങൾ ഗ്രാമീണ ജനതയ്‌ക്കിടയിൽ പ്രിയങ്കരമായി തുടരുകയാണ് ഇപ്പോഴും. കാരണം ഈ മോഡലുകൾ കൊണ്ടുവരുന്ന കരുത്തും ലാളിത്യവും തന്നെയാണെന്നു പറയാം.
MOST READ: പവർ കണക്കുകളിൽ കേമൻ തന്നെ! Citroen C3 എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

അതുകൊണ്ടാണ് TUV300 മോഡലിനെ മഹീന്ദ്ര ഗ്രാമീണ ജനങ്ങളുമായി കൂടുതൽ പരിചയപ്പെടാൻ ബൊലേറോ നിയോ എന്ന് പുനർനാമകരണം ചെയ്തത്. അടുത്തിടെ നിർത്തലാക്കിയ TUV300 പ്ലസ് എന്ന വലിയ പതിപ്പും മഹീന്ദ്രയ്ക്കുണ്ടായിരുന്നു. ഗ്രാമീണ ജനങ്ങളുമായി കൂടുതൽ അടുക്കാൻ മഹീന്ദ്ര ഇപ്പോൾ ബൊലേറോ കുടുംബത്തിലേക്ക് ബൊലേറോ നിയോ പ്ലസ് എന്ന പേരിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

അവതരണത്തിന് മുന്നോടിയായി 2022 ബൊലേറോ നിയോ പ്ലസിനായുള്ള ഹോമോലോഗേഷൻ പ്രക്രിയകൾ പൂർത്തിയാക്കിയിരിക്കുകയാണ് കമ്പനിയിപ്പോൾ. മഹീന്ദ്ര 2022 ബൊലേറോ നിയോ പ്ലസ് 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനായിരിക്കും ഉപയോഗിക്കുക.
MOST READ: നാനോയേക്കാൾ ചെറുത്, 40 bhp കരുത്തുമായി കുഞ്ഞൻ ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് Wuling

ഇത് 4000 rpm-ൽ പരമാവധി 120 bhp കരുത്തും 1800-2800 rpm-ൽ 280 Nm torque ഉം വരെ വികസിപ്പിക്കാനും പ്രാപ്‌തമാണ്.വ്യത്യസ്തമായ ത്രോട്ടിൽ മാപ്പോടുകൂടിയ ഇക്കോ ഡ്രൈവിംഗ് മോഡുമായാണ് ഈ എഞ്ചിൻ വരുന്നത് എന്ന കാര്യമാണ് ഏറ്റവും ശ്രദ്ധേയമാവുക.

ഈ മോഡിൽ വാഹനത്തിന്റെ പ്രകടനം ഏകദേശം 95 bhp ആയി പരിമിതപ്പെടുത്തും. 2022 ബൊലേറോ നിയോ പ്ലസിന് 4400 മില്ലീമീറ്റർ 1795 മില്ലീമീറ്റർ വീതിയും 1812മില്ലീമീറ്റർ ഉയരവും 2680 മില്ലീമീറ്റർ വീൽബേസും ആയിരിക്കും ഉണ്ടാവുക.

വാഹനത്തിന്റെ ആകെ ഭാരം 2,390 കിലോഗ്രാം ആയിരിക്കും. അളവുകളും എഞ്ചിൻ സവിശേഷതകളും നോക്കുമ്പോൾ ബൊലേറോ നിയോ പ്ലസ് ചെറിയ ഡിസൈൻ മാറ്റങ്ങളോടെ TUV300 പ്ലസിന്റെ റീബാഡ്ജ് ചെയ്ത പതിപ്പാണെന്ന് പറയാതെ വയ്യ. ഈ ഡിസൈൻ മാറ്റങ്ങൾ TUV300-ൽ ബൊലേറോ നിയോയ്ക്ക് ലഭിച്ചതിന് സമാനമായിരിക്കും എന്നതും കൗതുകകരമായിരിക്കും.

പാസഞ്ചർ വിഭാഗത്തിന് 2022 ബൊലേറോ നിയോ പ്ലസ് ഓഫർ ചെയ്യുന്ന വേരിയന്റുകളിൽ P4, P10 എന്നിവ ഉൾപ്പെടുന്നു. ഓഫറിലെ സീറ്റിംഗ് ലേഔട്ട് അനുസരിച്ച് ഇവയെ കൂടുതൽ വിഭജിച്ചിരിക്കുകയും ചെയ്യും. P4 വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള ആംബുലൻസ് വേരിയന്റും മഹീന്ദ്ര വിപണിയിൽ എത്തിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ.

സീറ്റിംഗ് ലേഔട്ടിനെക്കുറിച്ച് പറയുമ്പോൾ എസ്‌യുവി രണ്ട് സീറ്റിംഗ് ഓപ്ഷനുകളിൽ വരുമെന്നാണ് ഹോമോലോഗേഷൻ രേഖകൾ പറഞ്ഞുവെക്കുന്നത്. അതിൽ ആദ്യത്തേത് 9 സീറ്റർ ലേഔട്ടും മറ്റൊന്ന് 7 സീറ്റർ ഓപ്ഷനുമാണ്. TUV300 പ്ലസിൽ നമ്മൾ കണ്ട അതേ ലേഔട്ട് 9 സീറ്റർ ബൊലേറോ നിയോ പ്ലസിന് ലഭിക്കും.

മുന്നിൽ രണ്ട്, മധ്യനിരയിൽ 3, പിൻവശത്ത് 4 ബെഞ്ച് സീറ്റുകൾ. 7 സീറ്റർ ഓപ്ഷനിൽ മൂന്ന് നിര സീറ്റുകൾ ഉണ്ടായിരിക്കും. എന്നാൽ എല്ലാം മുൻവശത്തേക്ക് അഭിമുഖീകരിക്കുന്ന രീതിയിലായിരിക്കും കമ്പനി സജ്ജീകരിക്കുക.

ബൊലേറോ നിയോ പ്ലസ് എപ്പോൾ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഹോമോലോഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനാൽ ഉടൻ തന്നെ വാഹനം നിരത്തിലെത്തുമെന്ന് കരുതാം. ടോപ്പ് എൻഡ് ബൊലേറോ നിയോ പ്ലസ് P10 മോഡലിൽ ബൊലേറോ നിയോയുടെ മെക്കാനിക്കൽ ലോക്കിംഗ് റിയർ ഡിഫറൻഷ്യലും കണ്ടേക്കാം.

പുറത്തിറക്കുമ്പോൾ മാരുതി സുസുക്കി എർട്ടിഗ പോലുള്ള ആധുനിക മോണോകോക്ക് എംപിവികളുമായി ഇത് മത്സരിക്കും. എതിരാളികളുമായി താരതമ്യപ്പെടുത്തിയാൽ ബൊലേറോ നിയോ പ്ലസിന് കരുത്തുറ്റ ലാഡർ-ഫ്രെയിം ഷാസിയും 9-സീറ്റർ ലേഔട്ടും വിൽപ്പനയിൽ സഹായകരമായേക്കാം.

വിലയുടെ കാര്യത്തിൽ ബൊലേറോ നിയോയേക്കാൾ ഒരു ലക്ഷം രൂപയെങ്കിലും അധികം മുടക്കേണ്ടി വന്നേക്കും. 5 സീറ്റർ മോഡലിന് നിലവിൽ 9.3 ലക്ഷം മുതൽ 11.8 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.


Click it and Unblock the Notifications








