Mahindra XUV300 സ്‌പോര്‍ട്‌സ് എഡിഷന്റെ അവതരണം ഉടന്‍; എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്
രണ്ട് വര്‍ഷം മുമ്പ് നടന്ന ഓട്ടോ എക്സ്പോയിലാണ് മഹീന്ദ്ര, XUV300-യുടെ സ്പോര്‍ട്സ് കണ്‍സെപ്റ്റ് പതിപ്പിനെ പ്രദര്‍ശിപ്പിക്കുന്നത്. വൈകാതെ ഈ മോഡല്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, കൊവിഡ് സാഹചര്യങ്ങള്‍ അരങ്ങേറ്റം വൈകിപ്പിച്ചുവെന്ന് വേണം പറയാന്‍.

എന്നാല്‍ പല സമയങ്ങളിലായി വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ കാണാനും സാധിച്ചിരുന്നു. മഹീന്ദ്ര XUV300-ന്റെ സ്പോര്‍ട്ടിയര്‍ പതിപ്പ് 1.2 ലിറ്റര്‍ എഞ്ചിന്റെ കൂടുതല്‍ ശക്തമായ ആവര്‍ത്തനത്തോടെ വരുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ എഞ്ചിന്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ഈ അപ്റേറ്റഡ് എഞ്ചിന്‍, XUV300 സ്പോര്‍ട്സ് എഡിഷന്‍ 128 bhp പവറും 230 Nm പീക്ക് പവറും ഉല്‍പ്പാദിപ്പിക്കുമെന്നാണ് ചോര്‍ന്ന ഒരു രേഖ വെളിപ്പെടുത്തുന്നത്. ഇതിനുപുറമെ, മഹീന്ദ്ര XUV300 സ്പോര്‍ട്സ് പതിപ്പ് നാല് ട്രിം ലെവലുകളില്‍ ലഭിക്കും - W4, W6, W8, W8 (O).

മഹീന്ദ്ര ഇതുവരെ XUV300 സ്പോര്‍ട്സ് എഡിഷന്‍ പുറത്തിറക്കിയിട്ടില്ലെങ്കിലും, ഇന്ത്യന്‍ വാഹന വിപണിയിലെ വിപണി വിഹിതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി വാഹന നിര്‍മാതാവ് ഉടന്‍ തന്നെ ഈ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

പുതിയ മഹീന്ദ്ര XUV300 സ്പോര്‍ട്സ് പതിപ്പ് പുറത്തിറക്കുമ്പോള്‍, ഹ്യുണ്ടായി വെന്യു 1.0 ടര്‍ബോ, കിയ സോനെറ്റ് 1.0 ടര്‍ബോ എന്നിവയ്ക്കെതിരെയാകും പ്രധാനമായും മത്സരിക്കുക. എന്നിരുന്നാലും, അതിന്റെ എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി, മഹീന്ദ്ര XUV300 സ്പോര്‍ട്സ് പതിപ്പ് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി സ്റ്റാന്‍ഡേര്‍ഡായി വരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതുപോലെ തന്നെ എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി 18 bhp കരുത്തും 30 Nm കൂടുതലും ഉത്പാദിപ്പിക്കുന്നതുവഴി, വരാനിരിക്കുന്ന മഹീന്ദ്ര XUV300 സ്‌പോര്‍ട്‌സ് എഡിഷന്‍ സബ്-4 മീറ്റര്‍ വിഭാഗത്തിലെ ഏറ്റവും ശക്തമായ എസ്‌യുവിയായിരിക്കും.

ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് പതിപ്പിലേക്ക് നോക്കിയാല്‍, മഹീന്ദ്ര XUV300 സ്പോര്‍ട്സില്‍ റെഡ് ബ്രേക്ക് കാലിപ്പറുകള്‍, മുന്നിലെയും പിന്നിലെയും ഡോറുകളിലെ ഡികാലുകള്‍, സ്പോര്‍ട്ടി തീമിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന് റെഡ് ആക്സന്റുകളോട് കൂടിയ ഒരു ബ്ലാക്ക് ഇന്റീരിയര്‍ കളര്‍ സ്‌കീം എന്നിവ സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ നിന്നും ഈ പതിപ്പിനെ വ്യത്യസ്തമാക്കുന്നു.

നിലവില്‍ മഹീന്ദ്ര XUV300 രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ തിരഞ്ഞെടുക്കാം. ഒരു പെട്രോള്‍, ഒരു ഡീസല്‍ എഞ്ചിന്‍. പെട്രോള്‍ മോട്ടോര്‍ 1.2-ലിറ്റര്‍ 3-സിലിണ്ടര്‍ ഡയറക്ട്-ഇഞ്ചക്ഷന്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റാണ്, ഇത് 110 bhp പീക്ക് പവറും 200 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.

അതേസമയം ഡീസല്‍ യൂണിറ്റ് 116 bhp പീക്ക് പവറും 300 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന വലിയ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റാണ്. കൂടാതെ, ഈ രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോ 6-സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനോ (AMT) തെരഞ്ഞെടുക്കാം.

നിലവില്‍, മഹീന്ദ്ര XUV300-ന്റെ അടിസ്ഥാന പെട്രോള്‍ വേരിയന്റിന് 8.41 ലക്ഷം രൂപ മുതലാണ് (എക്‌സ്‌ഷോറൂം) വില ആരംഭിക്കുന്നത്, അതേസമയം AMT ഗിയര്‍ബോക്‌സും ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമും ഉള്ള ടോപ്പ്-എന്‍ഡ് ഡീസല്‍ വേരിയന്റിന് 13.92 ലക്ഷം രൂപയാണ് വില (എക്സ്ഷോറൂം).

സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ നിന്ന് വ്യത്യസ്തമായി, മഹീന്ദ്ര XUV300-ന്റെ സ്പോര്‍ട്സ് പതിപ്പിന്റെ എക്സ്‌ഷോറൂം വിലയില്‍ നേരിയ വര്‍ദ്ധനവ് പ്രതീക്ഷിക്കാം. മഹീന്ദ്ര ഈ മാസം തന്നെ പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ N ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ്.

XUV300 സ്പോര്‍ട്സ് പതിപ്പിന്റെ ലോഞ്ച് ബ്രാന്‍ഡിന് നിര്‍ണായകമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്, കാരണം സബ്-4 മീറ്റര്‍ സെഗ്മെന്റില്‍ മോഡലിന്റെ ജനപ്രീതി കമ്പനിയുടെ മൊത്തത്തിലുള്ള വില്‍പ്പന കണക്കുകളെ സാരമായി ഉയര്‍ത്തുകയും ചെയ്യും.

അതേടൊപ്പം തന്നെ ഗ്ലോബല്‍ NCAP-ല്‍ നിന്ന് 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് ഉള്ള രാജ്യത്ത് വാങ്ങാന്‍ കഴിയുന്ന ഏറ്റവും സുരക്ഷിതമായ സബ്-4 മീറ്റര്‍ എസ്‌യുകളില്‍ ഒന്നുകൂടിയാണ് XUV300. മഹീന്ദ്രയ്ക്ക് പ്രതിമാസം മാന്യമായ വില്‍പ്പനയും വാഹനം നേടിക്കൊടുക്കുകയും ചെയ്യുന്നു.
Source: Carwale


Click it and Unblock the Notifications








