സ്റ്റൈൽ സ്റ്റൈൽ, Grand Vitara എസ്‌യുവിയുടെ പുത്തൻ ടീസർ പുറത്തുവിട്ട് Maruti Suzuki
മാരുതി സുസുക്കിയുടെ പുതിയ മിഡ്-സൈസ് എസ്‌യുവിയായ ഗ്രാൻഡ് വിറ്റാര ഏതാണ്ട് വിപണിയിലേക്ക് എത്തിക്കഴിഞ്ഞു. ജൂലൈ 20-ന് ഔദ്യോഗിക അവതരണം നടക്കുമ്പോൾ എതിരാളികളുടെയെല്ലാം ഉള്ളൊന്ന് ഒന്ന് പിടഞ്ഞിരിക്കാം.

എസ്‌യുവിയുടെ ഹൈലൈറ്റ് മൈൽഡ്, സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകളായിരിക്കും. എന്നിരുന്നാലും ഔദ്യോഗിക അവതരണത്തിനു മുന്നോടിയായി ഗ്രാൻഡ് വിറ്റാരയുടെ എക്സ്റ്റീരിയർ സ്റ്റൈലിംഗിനെ വെളിപ്പെടുത്തുകയാണ് ടീസർ വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും കമ്പനി.

സ്റ്റൈലിംഗിന്റെ കാര്യത്തിൽ ഗ്രാൻഡ് വിറ്റാരയ്ക്ക് തിരശ്ചീനമായ ത്രീ-പോഡ് എൽഇഡി ഡിആർഎല്ലുകളാൽ ചുറ്റപ്പെട്ട ഒരു വലിയ ഫ്രണ്ട് ഗ്രിൽ ഉണ്ടായിരിക്കും. മധ്യഭാഗത്തായി 360-ഡിഗ്രി സജ്ജീകരണത്തിനായി മുൻ ക്യാമറയ്‌ക്കൊപ്പം ബ്രാൻഡ് ലോഗോയുള്ള കട്ടിയുള്ള ക്രോം ബാറും എസ്‌യുവിയിൽ ഇടംപിടിക്കും.

സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം അവതരിപ്പിക്കുന്ന ആദ്യത്തെ മാരുതി സുസുക്കി മോഡൽ കൂടിയാണ് ഗ്രാൻഡ് വിറ്റാര എന്നതും ഒരു പ്രത്യേകതയാണ്. ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഷാർക്ക് ഫിൻ ആന്റിന, ക്രോം ഡോർ ഹാൻഡിലുകൾ, ടേൺ ഇൻഡിക്കേറ്ററുകളുള്ള ഇലക്ട്രിക്കലായി മടക്കാവുന്ന ORVM-കൾ, പ്ലാസ്റ്റിക് ക്ലാഡിംഗോടുകൂടിയ സ്ക്വയർ വീൽ ആർച്ചുകൾ എന്നിവയാണ് വരാനിരിക്കുന്ന ഗ്രാൻഡ് വിറ്റാരയിലെ മറ്റ് ഘടകങ്ങൾ.

മിഡ്-സൈസ് എസ്‌യുവിയുടെ മറ്റൊരു ടീസർ ഇലുമിനേറ്റഡ് ലൈറ്റ് സ്ട്രൈപ്പിനോട് ചേർന്നുള്ള സുഗമമായ എൽഇഡി ടെയിൽ ലാമ്പുകളെക്കുറിച്ചും സൂചന നൽകുന്നുണ്ട്. അകത്തളത്തിൽ ഗ്രാൻഡ് വിറ്റാരയുടെ ക്യാബിൻ സോഫ്റ്റ് ടച്ച് മെറ്റീരിയലുകളും ലെതറെറ്റ് അപ്ഹോൾസ്റ്ററിയും ഉപയോഗിച്ച് പ്രീമിയവും ഉയർന്നതുമായ ഫീലായിരിക്കും ഒരുക്കുക.

360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ സവിശേഷതകളും എസ്‌യുവിക്ക് ലഭിക്കുമെന്നതിനാൽ ഫീച്ചർ നിരകളാലും സമ്പന്നമായിരിക്കും വാഹനം.

ടൊയോട്ടയും സുസുക്കിയും സംയുക്തമായി സഹകരിച്ച് വികസിപ്പിച്ച രണ്ട് മിഡ്-സൈസ് എസ്‌യുവികളാണ് വരാനിരിക്കുന്ന ഗ്രാൻഡ് വിറ്റാരയും അടുത്തിടെ പരിയപ്പെടുത്തിയ അർബൻ ക്രൂയിസർ ഹൈറൈഡറും. 'ഗ്രാൻഡ് വിറ്റാര' എന്നറിയപ്പെടുന്ന മോഡലിനായുള്ള ബുക്കിംഗ് രാജ്യത്തുടനീളമുള്ള പ്രീമിയം നെക്‌സ ഡീലർഷിപ്പുകളിൽ ആരംഭിച്ചിട്ടുമുണ്ട് മാരുതി.

വരാനിരിക്കുന്ന മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര സി-സെഗ്മെന്റ് മോഡലിനെ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുകയായി നൽകി ഗ്രാൻഡ് വിറ്റാര മിഡ്-സൈസ് എസ്‌യുവി പ്രീ-ബുക്ക് ചെയ്യാം. പോരാത്തതിന് nexaexperience.com എന്ന വെബ്സൈറ്റിൽ ഓൺലൈനായി റിസർവ് ചെയ്യാനും കഴിയും.

ഇന്ത്യയിലെ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന ശ്രേണി കൈയിലെടുക്കാൻ പരിശ്രമിക്കുന്ന മാരുതി സുസുക്കിയുടെ നിരയിലെ തുറുപ്പുചീട്ടാണ് ഗ്രാൻഡ് വിറ്റാര. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, നിസാൻ കിക്‌സ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ് എന്നീ വമ്പൻമാരുമായാവും മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഈ മോഡൽ മാറ്റുരയ്ക്കുക.

ഈ ഉത്സവ സീസണിൽ വിൽപ്പനയ്‌ക്കെത്തുന്ന മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര കയറ്റുമതി വിപണികളെയും ലക്ഷ്യമാക്കിയാണ് പുറത്തിറക്കുന്നത്. ഗ്രാൻഡ് വിറ്റാരയിൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിനുകൾ മൈൽഡ്, സ്ട്രോങ്ങ്-ഹൈബ്രിഡ് സജ്ജീകരണത്തോടെയാവും വിപണിയിൽ എത്തുക. ഗിയർബോക്‌സ് ഓപ്‌ഷനുകളിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളും AWD ഡ്രൈവ്‌ട്രെയിനും ഉൾപ്പെടുത്തുന്നതാണ്.

1.5 ലിറ്റർ നാല് സിലിണ്ടർ K15C ഡ്യുവൽജെറ്റ് പെട്രോൾ യൂണിറ്റ് 6,000 rpm-ൽ പരമാവധി 103 bhp കരുത്തും 4,400 rpm-ൽ 135 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. പാഡിൽ ഷിഫ്റ്ററുകളുള്ള ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ലഭിച്ചേക്കും.

ഇതുകൂടാതെ 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ കരുത്തുറ്റ ഹൈബ്രിഡ് പെട്രോൾ എഞ്ചിനും ഒരു സമർപ്പിത ഇലക്ട്രിക്-ഒൺലി മോഡും സജ്ജീകരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഗ്രാൻഡ് വിറ്റാരയോടൊപ്പം നിരവധി കണക്റ്റിവിറ്റി ഫീച്ചറുകളും ബ്രാൻഡ് അണിനിരത്തും. സപരക്ഷയുടെ കാര്യത്തിലും മുമ്പനായിരിക്കും മിഡ്-സൈസ് എസ്‌യുവിയെന്നാണ് കരുതപ്പെടുന്നത്. ഇതിനായി 6 എയർബാഗുകൾ, സറൗണ്ട് വ്യൂ മോണിറ്റർ, റിവേഴ്സ് പാർക്കിംഗ് ക്യാമറയും സെൻസറുകളും, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് ആൻഡ് ഡിസന്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയെല്ലാം മാരുതി സമ്മാനിക്കും.


Click it and Unblock the Notifications








