ഇന്ത്യയിൽ നിർമിച്ച ലക്ഷ്വറി ഇലക്‌ട്രിക് സെഡാൻ, Mercedes-Benz EQS 580 4Matic സെപ്റ്റംബർ 30-ന് എത്തും
ഇന്ത്യയിലെ ആഡംബര ഇലക്ട്രിക് വാഹന നിര കൂടുതൽ മോഡലുകളാൽ സമ്പന്നമായിക്കൊണ്ടിരിക്കുകയാണ്. മെർസിഡീസ് ബെൻസ് തുടങ്ങിവെച്ച വിഭാഗത്തിൽ ഇന്ന് ഔഡിയും ബിഎംഡബ്യുവും ജാഗ്വറും പോർഷയുമെല്ലാം തങ്ങളുടെ സാന്നിധ്യം ഇതിനോടകം തന്നെ അറിയിച്ചു കഴിഞ്ഞിരിക്കുകയാണ്.

ജർമൻ എതിരാളികളെയെല്ലാം പിന്തള്ളി മുൻനിരയിൽ ഇടംപിടിക്കുന്നതിന്റെ ഭാഗമായി മെർസിഡീസ് ബെൻസ് പുതിയ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സെഡാന്റെ EQS 580 എന്ന പുതിയ വേരിയന്റ് കൂടി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

2022 സെപ്റ്റംബർ 30-ന് കമ്പനിയുടെ ചക്കൻ പ്ലാന്റിൽ നിന്ന് മെർസിഡീസ്-ബെൻസ് EQS 580 4മാറ്റിക് രാജ്യത്ത് അവതരിപ്പിക്കും. ഇത് പ്രാദേശികമായി അസംബിൾ ചെയ്യുന്ന ആദ്യത്തെ ഇലക്ട്രിക് കാറാണ്. ഈ സവിശേഷതയാൽ എത്തുന്നതിനാൽ തന്നെ ലക്ഷ്വറി ഇവി സെഗ്മെന്റ് വാഹനത്തിന്റെ അരങ്ങേറ്റത്തെ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഈ മാസം ആദ്യം കമ്പനി 2.45 കോടി രൂപയുടെ എക്‌സ്ഷോറൂം വിലയ്ക്ക് മെർസിഡീസ് ബെൻസ് EQS AMG പുറത്തിറക്കിയിരുന്നു. EQC ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവിക്ക് ശേഷം മെർസിഡീസ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ ആഡംബര ഇവി നിരയാണ് EQS-ന്റേത്.

ഇലക്ട്രിക് ശ്രേണിയിൽ ജർമൻ ബ്രാൻഡിന്റേതായി എത്തുന്ന മൂന്നാമത്തെ വാഹനം മെർസിഡീസ് ബെൻസ് EQB ആയിരിക്കും. ഇത് 2022 നവംബറോടെ പുറത്തിറക്കുമെന്നാണ് അറിയാൻ കഴിയുന്നത്. നിലവിൽ അവതരിപ്പിച്ച AMG EQS 53 വേരിയന്റ് സമ്പൂർണ ഇറക്കുമതിയായാണ് രാജ്യത്ത് എത്തുന്നത്.

AMG സാങ്കേതികവിദ്യയുടെ കരുത്തിൽ പായ്ക്ക് ചെയ്യുന്നതാണെങ്കിലും പ്രാദേശികമായി അസംബിൾ ചെയ്ത EQS 580 4മാറ്റിക് കുറഞ്ഞ വിലയും കുറഞ്ഞയോടൊപ്പം പെർഫോമൻസിലും കാര്യമായ കുറവുണ്ടാകും. അതേസമയം മുൻനിര മെർസിഡീസിനെ നിർവചിക്കുന്ന അതേ തലത്തിലുള്ള സമ്പന്നമായ ആഡംബരങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.

മെർസിഡീസിന്റെ സമർപ്പിത ഇലക്‌ട്രിക് വെഹിക്കിൾ ആർക്കിടെക്ചറിനെ (EVA) അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന EQS 580 വേരിയന്റിന് അതിന്റെ AMG പതിപ്പുമായി അകത്തും പുറത്തും നിരവധി സാമ്യങ്ങളുമുണ്ടാവും. പക്ഷേ അതിന്റേതായ ചില പ്രത്യേക സ്വഭാവങ്ങളൊന്നും വരാനിരിക്കുന്ന വേരിയന്റിന് ഉണ്ടാവില്ല.

ഷാർപ്പ് എൽഇഡി ഹെഡ് ലാമ്പ് യൂണിറ്റുകൾ സ്‌പോർട്ടി ലുക്ക് സമ്മാനിക്കുമ്പോൾ മുൻവശത്ത് നൽകിയിരിക്കുന്ന അടഞ്ഞ ബ്ലാക്ക് ഗ്രില്ലാണ് ഇത് ഒരു ഇവി ആണെന്ന സൂചന നൽകുന്നത്. ഫ്രെയിംലെസ് ഡോറുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, 19 ഇഞ്ച് അലോയ് വീലുകൾ എന്നിവ ലക്ഷ്വറി ഇലക്ട്രിക് കാറിലെ മറ്റു ചില ഹൈലൈറ്റുകളാണ്.

മെർസിഡീസ് ബെൻസ് EQS 580 4മാറ്റിക്കിൽ 107.8 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് രണ്ട് ഇലക്ട്രിക് മോട്ടോറുകളാലാണ് ജോടിയാക്കിയിരിക്കുന്നത്. ഇത് മൊത്തം 523 bhp കരുത്തിൽ 856 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തവുമായിരിക്കും. ഒറ്റ ചാർജിൽ ഇലക്ട്രിക് സെഡാന് 770 കിലോമീറ്റർ വരെ സഞ്ചരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഈ കണക്കുകൾ വാഹനത്തെ ഏറ്റവും കൂടുതൽ റേഞ്ചു നൽകുന്ന കാറാക്കി മാറ്റുന്നു. കൂടാതെ മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത വെറും 4.3 സെക്കൻഡിനുള്ളിൽ കൈവരിക്കാനും മെർസിഡീസ് ബെൻസ് EQS 580 4മാറ്റിക്കിന് കഴിയും. അതേസമയം പരമാവധി വേഗത 210 കിലോമീറ്ററായി മെർസിഡീസ് ബെൻസ് പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഇനി വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ EQS 580 ഇലക്ട്രിക് സെഡാന് AMG EQS 53 പതിപ്പിന് സമാനമായ വലിപ്പം തന്നെയാവും ഉണ്ടാവുക. അതായത് കാറിന് 5,223 mm നീളവും 1,296 mm വീതിയും 1,515 mm ഉയരവുമുണ്ട് എന്നാണ്. ഇതിന് 3,210 മില്ലീമീറ്റർ വീൽബേസും 610 ലിറ്റർ കാർഗോ സ്പേസും ഉണ്ടെന്നും മെർസിഡീസ് പറയുന്നു.

മെർസിഡീസ് ബെൻസ് EQS 580 2021-ലാണ് ആദ്യമായി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നത്. ഇത് ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള ബ്രാൻഡിന്റെ മുന്നേറ്റത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്. ആഭ്യന്തര വിപണിയിലേക്ക് എത്താൻ അൽപം വൈകിയെങ്കിലും ഇവിടെയും വാഹനത്തിനായി ആളുകൾ എത്തുമെന്നാണ് ജർമൻ ബ്രാൻഡിന്റെ പ്രതീക്ഷ.

ലക്ഷ്വറി ഇലക്ട്രിക് വാഹനം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത് മെർസിഡീസ് ആണെങ്കിലും രാജ്യത്തെ ഏറ്റവും വിശാലമായ ഇലക്ട്രിക് മോഡലുകളുടെ നിരയിന്നുള്ളത് ഔഡിക്കാണ്. അതേസമയം എതിരാളികളായ ബിഎംഡബ്ല്യു, ജാഗ്വർ, വോൾവോ എന്നിവയ്ക്കും കുറഞ്ഞത് ഒരു മോഡലെങ്കിലും ഉണ്ട്.


Click it and Unblock the Notifications








