ഗ്രാൻഡ് വിറ്റാരയൊന്നും വന്നത് എംജി അറിഞ്ഞില്ലേ? Astor എസ്‌യുവിയുടെ വില വീണ്ടും വർധിപ്പിച്ചു
ഇന്ത്യൻ വിപണിയിൽ എത്തി ഒരു വർഷം തികയുന്നതിന് മുമ്പ് ആസ്റ്റർ എസ്‌യുവിയുടെ വില രണ്ടാം തവണയും വർധിപ്പിച്ച് എംജി മോട്ടോർസ്. അഡ്വാൻസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) ആർട്ടിഫിഷ്യൽ ഇന്റലിജൻസും സജ്ജീകരിച്ചിരിക്കുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിൽ ഈ സവിശേഷതകൾ ലഭിക്കുന്ന ആദ്യ മോഡൽ കൂടിയാണ്.

എംജി ആസ്റ്റർ മിഡ്-സൈസ് എസ്‌യുവിയുടെ വില 10,000 രൂപയോളം വർധിപ്പിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. ഇത് വാഹനത്തിന്റെ നിലവിലുള്ള മുഴുവൻ വേരിയന്റ് ലൈനപ്പിനും ബാധകമാണ്. എസ്‌യുവിയുടെ വില ഈ വർഷം ജൂണിന് ശേഷം രണ്ടാം തവണയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് ഉയർത്തുന്നത്.

വിപണിയിൽ അവതരിപ്പിച്ച് 11 മാസത്തിനുള്ളിൽ ആസ്റ്റർ എസ്‌യുവിയുടെ വില വേരിയന്റുകളെ ആശ്രയിച്ച് 50,000 രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. എംജി ആസ്റ്റർ എസ്‌യുവിയുടെ ടോപ്പ്-സ്പെക്ക് വേരിയന്റിന്റെ ഓൺ-റോഡ് വില ഇപ്പോൾ ഏകദേശം 21 ലക്ഷം കവിഞ്ഞുവെന്നതാണ് ശ്രദ്ധേയം.

ഈ വർഷം ജൂണിൽ, തെരഞ്ഞെടുത്ത വേരിയന്റുകളിൽ എംജി മോട്ടോർ ആസ്റ്റർ എസ്‌യുവിയുടെ വില 40,000 രൂപ വർധിപ്പിച്ചിരുന്നു. 9.78 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ 2021 ഒക്ടോബർ 11 നാണ് എംജി ആസ്റ്റർ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കുന്നത്.

എൻട്രി ലെവൽ സ്റ്റൈൽ EX 1.5 ലിറ്റർ മാനുവൽ വേരിയന്റിന് നിലവിൽ എസ്‌യുവിയുടെ പ്രാരംഭ വില 10.31 ലക്ഷം രൂപയാണ്. ടോപ്പ് എൻഡ് സാവി 1.3 ലിറ്റർ ടർബോ AT S റെഡ് വേരിയന്റിന് ഇപ്പോൾ 18.23 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

നേരത്തെ ജൂണിൽ എംജി മോട്ടോർ ആസ്റ്റർ എസ്‌യുവിയുടെ വില 30,000 മുതൽ 40,000 രൂപ വരെ വേരിയന്റുകളെ ആശ്രയിച്ച് വർധിപ്പിച്ചിരുന്നു.11 വേരിയന്റുകളിലായി അഞ്ച് വിശാലമായ വകഭേദങ്ങളിലാണ് എംജി മോട്ടോർ ഇന്ത്യയിൽ ആസ്റ്റർ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.

1.5 ലിറ്റർ പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. വലിയ എഞ്ചിന് 110 bhp കരുത്തിൽ പരമാവധി 144 Nm torque വരെ നൽകാനും കഴിയും.

അതേസമയം ആസ്റ്ററിലെ ടർബോചാർജ്ഡ് യൂണിറ്റിന് പരമാവധി 140 bhp പവറിൽ 220 Nm torque വരെ ഉത്പാദിപ്പിക്കാനും പ്രാപ്‌തമാണ്.രണ്ട് എഞ്ചിനുകളും അഞ്ച്-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് സിവിടി അല്ലെങ്കിൽ ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സുകളിലാണ് വരുന്നത്.

AI സാങ്കേതികവിദ്യയും ADAS സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ വാഹനമാണ് ആസ്റ്റർ എസ്‌യുവി. ആസ്റ്റർ എസ്‌യുവിയുടെ സ്മാർട്ട്, ഷാർപ്പ് വകഭേദങ്ങൾക്കായി 80-ലധികം കണക്റ്റഡ് കാർ ഫീച്ചറുകൾ എംജി വാഗ്ദാനം ചെയ്യുന്നുണ്ട്.

220 ടർബോ ഓട്ടോമാറ്റിക്, VTI-tech CVT ട്രാൻസ്മിഷൻ ട്രിമ്മുകൾക്കായി ഷാർപ്പ് വേരിയന്റിൽ ഒരു ഓപ്ഷണൽ പാക്കേജായി ഓട്ടോണമസ് ലെവൽ 2 ടെക്നോളജി ഫീച്ചറുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി 27 സുരക്ഷാ ഫീച്ചറുകൾ ആസ്റ്ററിനുണ്ട്. ഈ സംഖ്യ ടോപ്പ് എൻഡ് പതിപ്പിൽ 49 ആയി ഉയരുകയും ചെയ്യും.

ഇന്ത്യൻ വിപണിയിൽ ഹിറ്റായി മാറിയ ZS ഇലക്‌ട്രിക്കിന്റെ പെട്രോൾ പതിപ്പാണിത് ശരിക്കും ആസ്റ്റർ. നിലവിൽ ഹ്യുണ്ടായി ക്രെറ്റ ആധിപത്യം പുലർത്തുന്ന സെഗ്മെന്റിൽ സാങ്കേതികവിദ്യയുടെ അതിപ്രസരം തീർത്ത് വ്യത്യസ്‌തമാകാനും മോഡലിനായിട്ടുണ്ട്. ഓട്ടോണമസ് ലെവൽ II സംവിധാനത്തോടെ എത്തുന്ന കാറിലെ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിൽ ധാരാളം സജ്ജീകരണങ്ങളാണ് ഉൾപ്പെടുന്നത്.

അതിൽ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ഇഎസ്പി, ഫോർവേഡ് കൊളീഷൻ വാർണിംഗ്, സ്പീഡ് ലിമിറ്റ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റിയർ ഡ്രൈവ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ-ബീം ലൈറ്റിംഗ് സിസ്റ്റം എന്നിവയെല്ലാമാണ് എംജി ലഭ്യമാക്കിയിരിക്കുന്നത്.

പുതിയ കൺസെപ്റ്റ് കാർ ഓഫ് പ്ലാറ്റ്‌ഫോം (CAAP) എന്ന ആശയത്തിലാണ് ആസ്റ്ററിനെ നിർമിച്ചെടുത്തിരിക്കുന്നത്. ക്രോം അലങ്കാരത്തോടുകൂടിയ പ്രമുഖവും വലുതുമായ ഫ്രണ്ട് ഗ്രിൽ, സംയോജിത എൽആർഡി ഡിആർഎല്ലുകൾ, വീതിയേറിയ എയർ ഡാമുകൾ, പുതിയ ഫോഗ് ലാമ്പ് അസംബ്ലി എന്നിവയെല്ലാമാണ് ഡിസൈൻ ഹൈലൈറ്റുകൾ.


Click it and Unblock the Notifications








