വരുന്നത് ക്രൂയിസ് കൺട്രോളും മൾട്ടി-മോഡ് റീജൻ ഫംഗ്ഷനുമായി, Tiago ഇവിയെ ആകാംക്ഷയോടെ കാത്തിരുന്ന് വിപണി
ടാറ്റ ടിയാഗോയുടെ ഇലക്‌ട്രിക് പതിപ്പ് വരുന്നുവെന്ന വാർത്ത കേട്ടപ്പോഴെ ആകാംക്ഷയിലിരിക്കുകയാണ് ഇന്ത്യൻ വാഹന ലോകം. ഇവി വിപണിക്ക് കരുത്തായി എത്തുന്ന പുതിയ ഹാച്ച്ബാക്ക് വിപണിയിൽ വിപ്ലവം തീർക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

നെക്സോൺ, ടിഗോർ എന്നിവയ്ക്ക് ശേഷം കമ്പനിയുടെ മൂന്നാമത്തെ ഇലക്ട്രിക് കാറായാണ് ടിയാഗോ ഇവി എത്തുന്നത്. സാധാരണക്കാർക്കും കൈയ്യെത്തി പിടിക്കാനാവുന്ന ദൂരത്തിലാവും മോഡലിന്റെ വില നിർണയവും എന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.

സെപ്റ്റംബർ 28-ന് ടിയാഗോ ഇവി ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി കമ്പനി അവതരിപ്പിക്കും. ഇതിനു മുന്നോടിയായി ടിയാഗോ ഇവിയുടെ സവിശേഷതകൾ വെളിപ്പെടുത്തുന്ന പുതിയ ടീസർ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ടാറ്റ മോട്ടോർസ്.

ടീസർ ചിത്രങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ക്രൂയിസ് കൺട്രോൾ, മൾട്ടി-മോഡ് റീജൻ ഫംഗ്ഷൻ തുടങ്ങിയ ഫീച്ചറുകളോടെയാണ് ടിയാഗോ ഇലക്ട്രിക് ഹാച്ച്ബാക്ക് വിപണിയിലേക്ക് എത്തുന്നത്. റീ-ജെനറേറ്റീവ് മോഡുകൾക്കുള്ള നിയന്ത്രണങ്ങൾ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് താഴെയുള്ള ഡാഷ്‌ബോർഡിൽ ഘടിപ്പിക്കാനാണ് സാധ്യത.

അതിശയകരമെന്നു പറഞ്ഞാൽ മേൽപ്പറഞ്ഞ സവിശേഷതകൾ ഒന്നും തന്നെ ടിഗോർ ഇവിയിൽ ലഭ്യമല്ല എന്നതാണ്. ആയതിനാൽ ഈ സജ്ജീകരണങ്ങളെല്ലാം ആദ്യം ടിയാഗോ ഇവിയിലാവും അരങ്ങേറ്റം കുറിക്കുക. ടാറ്റ നെക്‌സോണിനും ടാറ്റ നെക്‌സോൺ ഇവി മാക്‌സിനും ഈ രണ്ട് സവിശേഷതകളും ഇതിനോടകം ലഭ്യമാണ്.
MOST READ: 25 കി.മീ മൈേജുമായി Glanza സിഎൻജി വരുന്നു, ഹോമോലോഗേഷൻ പൂർത്തിയാക്കിയെന്ന് Toyota

2018 ലെ ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ ടിഗോർ ഇവിക്കൊപ്പം ടിയാഗോയേയും കമ്പനി പ്രദർശിപ്പിച്ചിരുന്നു. എന്നാൽ അടുത്തിടെ വരെ ടിയാഗോ ഇവിയെ വിപണിയിൽ എത്തിക്കുന്നതുമായി സംബന്ധിച്ച ഒരു വാർത്തകളും പുറത്തുവന്നിരുന്നില്ല. പ്രത്യേകിച്ച് കമ്പനി ആൾട്രോസ് പ്രീമിയം ഹാച്ചിന്റെ ഇലക്ട്രിക് വേരിയന്റിൽ പ്രവർത്തിക്കുന്നുവെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ടിയാഗോയെ വൈദ്യുതീകരിക്കപ്പെടുന്നതിന്റെ വാർത്തകൾ പുറത്തുവിടുന്നത്.

ടാറ്റ മോട്ടോർസ് വിവിധ വിഭാഗങ്ങളിലായി 10 ഇലക്ട്രിക് വാഹനങ്ങൾ ഉടൻ വിപണിയിലെത്തിക്കും അതിൽ ആദ്യത്തേത് ആയിരിക്കും ടിയാഗോ ഇവിയെന്നതും ഹൈലൈറ്റാവും. പാസഞ്ചർ കാർ വിപണിയിലും ഇലക്‌ട്രിക് തരംഗം ആഞ്ഞുവീശുമ്പോൾ നിലവിലെ ഒന്നാം സ്ഥാനം സ്വന്തം കൈകളിൽ ഭദ്രമാക്കാൻ കോംപാക്‌ട് ഹാച്ച്ബാക്കിനെ ഇവിയിലേക്ക് മാറ്റുന്നത് സഹായകരമാവും.

നിലവിൽ 88 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. വിപണിയിൽ എത്തുമ്പോൾ കമ്പനി ലൈനപ്പിലെ ടിഗോർ ഇവിക്കും നെക്‌സോൺ ഇവിക്കും താഴെയായി ടാറ്റ മോട്ടോർസിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറായിരിക്കും ടിയാഗോ ഇവി.

നിലവിലുള്ള ടിഗോർ ഇവിയെ അടിസ്ഥാനമാക്കി ഒരുക്കുന്നതിനാൽ ടാറ്റയ്ക്ക് പണികുറവാണെന്ന് പറയാം. കാരണം സബ്-4 മീറ്റർ കോംപാക്‌ട് സെഡാനും ടിയാഗോ ഹാച്ചും ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത് എന്നതിനാൽ തന്നെയാണ്.

നിലവിലുള്ള ടിഗോർ ഇവിയിൽ കാണുന്നത് പോലെയുള്ള ബാറ്ററി പായ്ക്കും മറ്റ് സവിശേഷതകളുമായിരിക്കും ടിയാഗോയിലേക്കും ചേക്കേറുക. അതായത് ഇലക്ട്രിക് ഹാച്ച്ബാക്കിന് 26kWh ബാറ്ററി പായ്ക്ക് ആയിരിക്കും തുടിപ്പേകാൻ എത്തുക എന്നതാണ്.

ഇത് 74 bhp കരുത്തിൽ പരമാവധി 170 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കുമെന്ന് സാരം. കൂടാതെ 5.7 സെക്കൻഡിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും ടാറ്റ ടിയാഗോയ്ക്ക് സാധ്യമാവും. ടിഗോർ ഇവിക്ക് 306 കിലോമീറ്ററാണ് റേഞ്ച് ലഭ്യമാവുക. ടിയാഗോയിലും ഇതിന് സമാനമായതോ അല്ലെങ്കിൽ അൽപം കൂടി മെച്ചപ്പെട്ട റേഞ്ചോ ലഭിക്കാനാണ് സാധ്യത.

ടിഗോർ ഇലക്ട്രിക് സെഡാനിലെ ലിക്വിഡ് കൂളിംഗ് ടെക്‌നോളജി, IP67 റേറ്റഡ് ബാറ്ററി പായ്ക്ക്, ഉയർന്ന കാര്യക്ഷമതയുള്ള പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ എന്നിവ ഉൾപ്പെടുന്ന സിപ്‌ട്രോൺ പ്ലാറ്റ്‌ഫോമാവും ഹാച്ച്ബാക്കിനും അടിവരയിടുക.

ടിഗോർ ഇവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില 12.50 ലക്ഷം രൂപയ്ക്കും 13.65 ലക്ഷം രൂപയ്ക്കും ഇടയിലാണ്. ടിയാഗോയ്ക്ക് 10 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറായി ഇത് മാറുമെന്ന് സാരം.

സ്റ്റൈലിംഗിലേക്ക് നോക്കിയാൽ ടിയാഗോ ഇവി സാധാരണ ടിയാഗോയുടെ മൊത്തത്തിലുള്ള അതേ ഡിസൈൻ നിലനിർത്തുമെന്ന് തന്നെയാണ് പ്രാഥമിക വിവരം. എങ്കിലും ഇവിയാണെന്ന് ഒറ്റ നോട്ടത്തിൽ തിരിച്ചറിയാനായി ചില ഇലക്ട്രിക് നിർദ്ദിഷ്ഠ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

ടിഗോർ ഇവിയെപ്പോലെ, ടിയാഗോ ഇവിക്കും ഫെൻഡറുകളിലും ടെയിൽഗേറ്റിലും ഇവി ബാഡ്ജിംഗിനൊപ്പം പുറത്തും അകത്തും നീല ആക്‌സന്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത വർഷം ഹാരിയറിന്റെയും പഞ്ചിന്റെയും വൈദ്യുതീകരിച്ച പതിപ്പും ടാറ്റ വികസിപ്പിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന മറ്റ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications








