ആള് ചെറുതാണെങ്കിലും സംഭവംകൊള്ളാം, മിനി ഇലക്ട്രിക് കാറിന്റെ കൺവേർട്ടബിൾ മോഡലുമായി വുലിംഗ്
ഒരു കോംപാക്‌ട് മാസ് മാർക്കറ്റ് ഇലക്‌ട്രിക് കാറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ്.

ശരിക്കും പറഞ്ഞാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ എസ്‌യുവി ബ്രാൻഡായ SAIC-Wuling-GM ഗ്രൂപ്പിന്റെ കീഴിലാണ് എംജി നിലവിൽ പ്രവർത്തിക്കുന്നത്. Baojun 530 ആണ് ഇന്ത്യയിൽ എംജി ഹെക്‌ടർ എന്ന പേരിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. AIC-Wuling-GM നിർമ്മിക്കുന്ന റീബ്രാൻഡഡ് ചൈനീസ് വാഹനങ്ങളാണ് ഇവയെല്ലാമെന്ന് പറയാം.

പുതിയ മിനി ഇലക്‌ട്രിക് കാറിനെ ഇന്ത്യയിൽ എത്തിക്കാനാണ് എംജിയുടെ പുതിയ നീക്കം. ഇത് വുലിംഗ് ഇവിയെ അടിസ്ഥാനമാക്കിയുള്ള മിനി ഇലക്ട്രിക് കാറായിരിക്കും. ചൈനയിലെ തിരക്കേറിയ റോഡുകളിൽ അവിശ്വസനീയമാംവിധം മനോഹരവും യുക്തിസഹമായ യാത്രാ സംവിധാനമായാണ് ഈ കുഞ്ഞൻ കാറുകൾ അറിയപ്പെടുന്നത്.

ജപ്പാനിൽ വളരെ പ്രചാരമുള്ള കെയ് കാർ സെഗ്‌മെന്റിൽ നിന്നാണ് ഇവ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. 2022 ജൂണിൽ പുറത്തിറക്കിയ സുസുക്കി ആൾട്ടോ ലാപിൻ LC ആണ് ഒരു കെയ് കാറിന്റെ ഉദാഹരണം. ഇത് ഇന്ത്യയിൽ എത്തുമ്പോൾ വിജയവും പ്രായോഗികവുമാവുമോയെന്നാണ് ആളുകൾ ഉറ്റുനോക്കുന്നത്.

ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം നടത്തിയ എംജി എയർ ഇവി വുലിംഗിന്റെ ഹോങ്‌ഗുവാങ് മിനി ഇവിയും സഹോദരങ്ങളാണ്. ഇത് മാത്രമല്ല Baojun E100, E200, E300 എന്നിവയും ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ഒരുമ്മപെറ്റ മക്കളാണ്. ഇവയെല്ലാം രണ്ട് വാതിലുകളുള്ള മിനി ഇലക്ട്രിക് കാറുകളാണ്.

ഇത്തരം പ്രത്യേകതകളോടെ വുലിംഗ് മിനി ഇവി ഇന്ത്യയിലേക്ക് എത്തുന്നതിനു മുന്നോടിയായി വിദേശ വിപണിയിൽ ഹോങ്‌ഗുവാങ് മിനി കാറിന്റെ ഒരു കൺവേർട്ടബിൾ പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. കൺവേർട്ടിബിൾ കാബ്രിയോലെറ്റ് പതിപ്പ് ഉപയോഗിച്ച് വാഹനത്തിന്റെ കൂടുതൽ വിൽപ്പന നടത്താനാണ് വുലിംഗ് ലക്ഷ്യമിടുന്നത്.

2021 ഷാങ്ഹായ് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ഒരു കൺസെപ്റ്റ് കാറിനെ അടിസ്ഥാനമാക്കിയാണ് ഇതിനെ നിർമിച്ചെടുത്തിരിക്കുന്നത്. മിനി ഇവി കാബ്രിയോലെറ്റിന് ആഡംബര ഇന്റീരിയറും ലഭിക്കുന്നുവെന്നതാണ് രണ്ടാമത്തെ പ്രത്യേകത. പുറംമോടിയിലേക്ക് നോക്കിയാലും നിരവധി കൗതുകങ്ങളും കാണാം.
MOST READ: ഒക്‌ടോബറിൽ എത്തിയേക്കാം... പുതുതലമുറ Urban Cruiser എസ്‌യുവിയുടെ പണിപ്പുരയിൽ Toyota

ഇതിന് സി-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും എൽഇഡി ഹെഡ്‌ലൈറ്റുകളും, ഇലുമിനേറ്റഡ് വുലിംഗ് ലോഗോ, ബമ്പറിൽ യുണീക് ടാബ്‌ലെറ്റ് ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, സ്റ്റൈലിഷ് അലോയ് വീലുകൾ, എക്സ് ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകൾ, ഐവറി കളർ അപ്‌ഹോൾസ്റ്ററി, ഡാഷ്‌ബോർഡ് ഘടകങ്ങൾ, മിനിമലിസ്റ്റ് ഇന്റീരിയർ എന്നിവയെല്ലാമാണ് കൺവേർട്ടിബിൾ കാബ്രിയോലെറ്റ് എഡിഷനെ മനോഹരമാക്കുന്നത്.

മിനി ഇലക്ട്രിക് കാറിന്റെ കൺവേർട്ടബിൾ വേരിയന്റിന് ഒരു സെൻട്രൽ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ലഭിക്കുന്നില്ല. അതിനുപകരമായി വലിയ ഡ്രൈവർ ഡിസ്‌പ്ലേയാണ് വുലിംഗ് ഒരുക്കിയിരിക്കുന്നത്. ഇതിന് മനോഹരമായ റിമോട്ട് കീ, ഫ്രണ്ട് പവർ വിൻഡോകൾ, IRVM-ന് സമീപമുള്ള റൂഫ് കൺട്രോളിംഗ് ബട്ടണുകൾ എന്നിവയും ലഭിക്കുന്നുണ്ട്.

എന്നാൽ വാഹനത്തിൽ കുറച്ച് കൂടി നാടകീയത ചേർക്കാൻ പുതിയ എംജി മിനി ഇലക്ട്രിക് കൺവെർട്ടബിളിന് ഫ്രെയിംലെസ് ഡോറുകളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. മറ്റ് വിശേഷങ്ങളിലേക്ക് വരുമ്പോൾ എംജി മിനി ഇവി കാബ്രിയോലെറ്റിന് 3,059 മില്ലീമീറ്റർ നീളവും 1,521 മില്ലീമീറ്റർ വീതിയും 1,614 മില്ലീമീറ്റർ ഉയരവും 2,010 മില്ലീമീറ്റർ വീൽബേസും ഉണ്ട്.

26 kWh ശേഷിയുള്ള എംജി എയർ ഇവിക്ക് ലോംഗ്റേഞ്ച് ബാറ്ററിയും 110 Nm torque ഉം 40 bhp പവറും പുറത്തെടുക്കാനുള്ള കഴിവുണ്ട്. ക്യാബിൻ നാല് പേർക്ക് യാത്ര ചെയ്യാൻ വേണ്ടിയുള്ളതാണ് ക്രമീകരിച്ചിരിക്കുന്നതെങ്കിലും ആവശ്യത്തിന് സ്പേസ് നൽകിയാണ് എംജി ഇത് ഒരുക്കിയെടുത്തിരിക്കുന്നത്.

വുലിംഗ് എയർ ഇവിയുടെ സ്റ്റാൻഡേർഡ് പതിപ്പ് കുറഞ്ഞത് 200 കിലോമീറ്റർ റേഞ്ചുമായാണ് വരുന്നത്. അതേസമയം എക്സ്റ്റൻഡഡ് റേഞ്ച് മോഡൽ 300 കിലോമീറ്റർ വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യയിൽ വരാനിരിക്കുന്ന പുതിയ എംജി മിനി ഇലക്ട്രിക് കാറിന് ടാറ്റ ഓട്ടോകോമ്പിൽ നിന്ന് പ്രാദേശികമായി ലഭിക്കുന്ന ബാറ്ററി പായ്ക്ക് ലഭിക്കുമെന്നാണ് സൂചന.

ഇത് രാജ്യത്തെ ബാറ്ററി പായ്ക്കുകളുടെ രൂപകൽപ്പന, നിർമാണം, വിതരണം, സേവനങ്ങൾ എന്നിവയ്ക്കായി ചൈനീസ് ബാറ്ററി വിതരണക്കാരായ ഗോഷനുമായുള്ള സംയുക്ത സംരംഭമാണ്. ഇത് നെക്സോൺ ഇവിയിൽ കാണുന്നതു പോലെയുള്ള LFP സെല്ലുകളും ഇത് ഉപയോഗിക്കും.


Click it and Unblock the Notifications








