ഇതെന്ത് പുകില്? ടാറ്റ കാറുകൾക്ക് വീണ്ടും വില കൂടുന്നു, ഇന്നു മുതൽ പ്രാബല്യത്തിൽ
കാറുകളുടെ വിലയിൽ അടിക്കടി വർധനവുണ്ടാകുന്നതിനാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിപണി സാക്ഷ്യംവഹിക്കുന്നത്. ഒരു കലണ്ടർ വർഷത്തിൽ തന്നെ മൂന്നും നാലും തവണയാണ് മോഡൽ നിരയിലാകെ കമ്പനികൾ വില പരിഷ്ക്കണം നടപ്പിലാക്കുന്നത്.

രണ്ട് വർഷം മുമ്പ് രാജ്യത്ത് കൊവിഡ്-19 മഹാമാരിയുടെ വ്യാപനത്തിനു ശേഷമാണ് അടിക്കടിയുള്ള ഈ വർധനവ് ഒരു ട്രെൻഡായി മാറിയത്. സെമി കണ്ടക്‌ടർ ചിപ്പുകളുടെ ലോഹങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിലയിലുണ്ടായ വർധനയുമാണ് കാർ വിലക്കയറ്റത്തിന്റെ പ്രാഥമിക കാരണമെന്നാണ് വാഹന നിർമാതാക്കൾ അറിയിക്കുന്നത്.

സെമി കണ്ടക്‌ടർ ചിപ്പുകൾക്കുള്ള ഘടകങ്ങളുടെ പ്രധാന വിതരണക്കാരാണ് ഇരു രാജ്യങ്ങളും എന്നതിനാൽ റഷ്യ-ഉക്രെയ്ൻ യുദ്ധം സ്ഥിതി കൂടുതൽ വഷളാക്കിയെന്നു വേണം പറയാൻ. ഇതിന്റെയെല്ലാം ഫലമായി ടാറ്റ മോട്ടോർസ് ആഭ്യന്തര വിപണിയിലെ തങ്ങളുചെ പാസഞ്ചർ കാറുകൾക്കെല്ലാം മറ്റൊരു വില വർധനവ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്.

വേരിയന്റുകളുടെയും മോഡലുകളുടെയും അടിസ്ഥാനത്തിൽ ടാറ്റ നിരയിലുടനീളമുള്ള വാഹന നിരയിൽ 0.55 ശതമാനത്തിന്റെ വില പരിഷ്ക്കാരമാണ് കമ്പനി നടപ്പിലാക്കുന്നത്. പുതുക്കിയ വില ജൂലൈ ഒമ്പതു മുതൽ നിലവിൽ വരുമെന്നും ടാറ്റ മോട്ടോർസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഉയർന്നു വരുന്ന ഇൻപുട്ട് ചെലവുകളുടെ ഗണ്യമായ ഭാഗം ആഗിരണം ചെയ്യാൻ വിപുലമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബ്രാൻഡ് പറയുന്നു.

ഇൻപുട്ട് ചെലവുകളിലെ കുമിഞ്ഞുകൂടിയ വർധനയുടെ ശേഷിക്കുന്ന ആഘാതം നികത്താനായാണ് ഈ കുറഞ്ഞ വില വർധനവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ടാറ്റയുടെ വാണിജ്യ വാഹന ശ്രേണിയുടെ വില 1.5 ശതമാനം മുതൽ 2.5 ശതമാനം വരെ വർധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് പാസഞ്ചർ കാർ നിരയിലേക്കും സമാനമായ ആശയം നടപ്പിലാക്കിയിരിക്കുന്നത്.

വ്യക്തിഗത മോഡലും വേരിയന്റും അനുസരിച്ച് 2022 ജൂലൈ ഒന്നു മുതലാണ് വാണിജ്യ വാഹന ശ്രേണിയിലുടനീളം വില പരിഷ്ക്കാരം നിലവിലാകുന്നത്. 2022 ജൂണിൽ ടാറ്റ മോട്ടോർസ് അതിന്റെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്.

ബ്രാൻഡ് അനുസരിച്ച് ചൈനയിലെ ആരോഗ്യ പ്രതിസന്ധി കാരണം വിതരണ വശം മിതമായ രീതിയിൽ സ്വാധീനം ചെലുത്തിയപ്പോഴും പാസഞ്ചർ വാഹനങ്ങളുടെ ആവശ്യം രണ്ടാം പാദത്തിൽ ശക്തമായി തുടർന്നു. നിർണായക ഇലക്ട്രോണിക് ഘടകങ്ങൾ ഉൾപ്പെടെയുള്ള വിതരണ വശം ക്രമേണ മെച്ചപ്പെടുമെന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നതും.

കഴിഞ്ഞ മാസം ടാറ്റ ആഭ്യന്തര വിപണിയിൽ മൊത്തത്തിൽ 45,197 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. 2021 ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 87 ശതമാനം ശക്തമായ വിൽപ്പന വളർച്ചയാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. 2023 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിലെ ത്രൈമാസ വിൽപ്പന 130,125 യൂണിറ്റായിരുന്നു.

ഇത് വർഷാടിസ്ഥാനത്തിൽ 102 ശതമാനം വളർച്ച രേഖപ്പെടുത്തി എക്കാലത്തെയും ഉയർന്ന വിൽപ്പനയായിരുന്നു. പഞ്ച്, നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവ ഉൾപ്പെടുന്ന ബ്രാൻഡിന്റെ എസ്‌യുവി ശ്രേണി ആദ്യ പാദത്തിലെ വിൽപ്പനയിൽ 68 ശതമാനം സംഭാവന നൽകി.
MOST READ: Mahindra XUV700-യെക്കാള്‍ ഒരുപടി മുന്നില്‍ Scorpio N തന്നെ; കാരണങ്ങള്‍ ഇവിടുണ്ട്

നിലവിൽ എസ്‌യുവി സെഗ്മെന്റിൽ ടാറ്റ അതിവേഗം മുന്നേറുകയാണ്. ബജറ്റ് സെഗ്മെന്റ് മുതൽ പ്രീമിയം വരെയുള്ള ലെവൽ മോഡലുകളിലൂടെയാണ് ബ്രാൻഡ് ഈ നേട്ടം കൈവരിച്ചെടുക്കുന്നത്.

പാസഞ്ചർ ഇലക്ട്രിക് വാഹന വിൽപ്പന പുതിയ ഉയരങ്ങളിലെത്തിയതും ടാറ്റ നടപ്പിലാക്കിയ പദ്ധതിയുടെ വിജയമാണ്. 2023 സാമ്പത്തിക വർഷത്തിലെ ത്രൈമാസ ഇവി വിൽപ്പന 9,283 യൂണിറ്റുകളായിരുന്നു. 2022 ജൂണിൽ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയും നേടി. ഈ മാസം 3,507 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. 2022 മെയ് മാസത്തിൽ ലോംഗ് റേഞ്ച് നെക്സോൺ ഇവി അവതരിപ്പിച്ച് വിജയമായതും കണക്കുകളിൽ നേട്ടമായി.

കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ എസ്‌യുവിയാണ് നെക്‌സോൺ കോംപാക്‌ട് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം. അതേസമയം പഞ്ച് മൈക്രോ എസ്‌യുവിയും മികച്ച വിൽപ്പന രേഖപ്പെടുത്തുന്നതും ആശ്വാസകരമാണ്. ടിഗോറും ആൾട്രോസും ടാറ്റയിൽ നിന്നും എല്ലാ മാസവും മികച്ച വിൽപ്പനയാണ് സ്വന്തമാക്കുന്നത്.


Click it and Unblock the Notifications








