ഏറ്റവും ഉയർന്ന കമാൻഡ് സീറ്റിംഗ്, Scorpio N വ്യത്യസ്‌തമാവുന്നതിങ്ങനെ; പുതിയ ടീസർ പുറത്ത്
പുതിയ ഥാർ, XUV700 എന്നിവയ്ക്ക് ശേഷം മഹീന്ദ്ര തങ്ങളുടെ നിരയിലേക്ക് പുതിയൊരു അതിഥിയെ കൂടി വരവേൽക്കാൻ ഒരുങ്ങുകയാണ്. മറ്റാരുമല്ല തലമുറ മാറ്റം ലഭിക്കുന്ന സ്കോർപിയോയെയാണ് കമ്പനി നിരത്തിലേക്ക് എത്തിക്കുന്നത്.

സ്കോർപിയോ N എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ എസ്‌യുവി ഥാറിന്റെയും XUV700 മോഡലിന്റെയും കാര്യത്തിലും കണ്ടത് പോലെ നിരവധി ഫീച്ചർ പരിഷ്ക്കാരങ്ങളും അവതരിപ്പിക്കും. നിലവിലെ തലമുറ സ്കോർപ്പിയോ ഇനി മുതൽ സ്കോർപിയോ ക്ലാസിക് എന്നറിയപ്പെടുമെന്ന് മാത്രമല്ല വിൽപ്പനയിൽ തുടരുമെന്നതും സ്പോർട്‌സ് യൂട്ടിലിറ്റി വാഹന പ്രേമികൾക്ക് സന്തോഷമുളവാക്കുന്ന കാര്യമാണ്.

ജൂൺ 27-ന് വിപണിയിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി ടീസർ വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും പുത്തൻ സ്കോർപിയോയെ പരിചയപ്പെടുത്തുകയാണ് മഹീന്ദ്ര ഇപ്പോൾ. ലോഞ്ച് തീയതി അടുത്തുവരുമ്പോൾ കമ്പനി പുറത്തിറക്കുന്ന ഓരോ പുതിയ ടീസറിലും ആവേശം വർധിക്കുകയാണ് ചെയ്യുന്നത്.
'ബിഗ് ഡാഡി' എന്ന് വിളിക്കപ്പെടുന്ന 2022 സ്കോർപ്പിയോയുടെ മറ്റൊരു ടീസർ വീഡിയോ കൂടെ മഹീന്ദ്ര പുറത്തുവിട്ടപ്പോൾ വാഹനവുമായി ബന്ധപ്പെട്ട ചില വിവരങ്ങളും പുറത്തുവന്നിരിക്കുകയാണിപ്പോൾ. പഴയ ഥാറിനും മഹീന്ദ്ര XUV500-നും ഇടയിലുള്ള വിടവ് നികത്തിയ സ്‌കോർപിയോ പോലെ സ്‌കോർപിയോ N ഈയിടെ പുറത്തിറക്കിയ ഥാർ, XUV700 എന്നിവയ്‌ക്കിടയിലുള്ള വിടവ് നികത്താനായാകും സ്ഥാപിക്കുക.

ഡീലർഷിപ്പ് പരിശീലനവും ആരംഭിക്കുന്നതോടെ ഈ മാസം അവസാനം പുത്തൻ എസ്‌യുവിക്കായുള്ള നിർമാണവും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ആരംഭിക്കും. പുറത്ത് മാത്രമല്ല പുതിയ സ്കോർപിയോ N അകത്തും വലുതായിരിക്കും. അകത്ത് പുതുതലമുറ മോഡലിന് ഉയർന്ന കമാൻഡ് സീറ്റിംഗായിരിക്കും ഉണ്ടാവുക.
MOST READ: 236 ശതമാനം വളർച്ചയോടെ മെയ് മാസ വിൽപ്പനിയിൽ തിളങ്ങി Mahindra; കണക്കുകൾ ഇങ്ങനെ

പരമ്പരാഗത എസ്‌യുവിയുടെ ആധികാരികമായ അനുഭവം നൽകുന്ന ഉയർന്ന സീറ്റിംഗ് പൊസിഷനും കമാൻഡിംഗ് ഡ്രൈവർ സീറ്റിനും സ്കോർപിയോ എന്നും പേരുകേട്ടതാണ്. വരാനിരിക്കുന്ന മോഡൽ പുതിയ ലാഡർ-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയാവും നിർമിക്കുക. കൂടാതെ നിലവിലുള്ള സ്കോർപിയോയെക്കാൾ വലിപ്പത്തിലും സമ്പന്നമായിരിക്കും സ്കോർപിയോ N എസ്‌യുവി.

6, 7 സീറ്റർ ഓപ്ഷനുകളുമായി വാഹനം വരാനും സാധ്യതയേറുന്നുണ്ട്. ടീസർ വീഡിയോയിൽ വെളിപ്പെടുത്തിയതു പോലെ എൽഇഡി ഹെഡ്‌ലാമ്പുകളും ക്രോം ഗാർണിഷോടുകൂടിയ ഫോഗ് ലാമ്പുകളും, ഹണികോമ്പ് 6 സ്ലാറ്റ് ഗ്രിൽ എന്നിവയായിരിക്കും മുൻവശത്തെ ഹൈലൈറ്റുകൾ.

അതോടൊപ്പം തന്നെ പുതിയ ട്വിൻ പീക്ക്‌സ് ലോഗോ, ബ്രഷ് ചെയ്ത അലുമിനിയം ആക്‌സന്റുകളോടു കൂടിയ വിപുലമായ വീൽ ആർച്ചുകൾ, ബ്രഷ്‌ഡ് സിൽവർ ഫിനിഷ്‌ഡ് സ്‌കിഡ് പ്ലേറ്റ് എന്നിവയും ഡിസൈനിന് പൂർണത നൽകാൻ സ്കോർപിയോ N പതിപ്പിൽ ഇടംപിടിക്കും.

18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളിലാണ് പുതിയ സ്കോർപിയോ N നിരത്തിലെത്തുകയെന്നും മഹീന്ദ്ര ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്റീരിയറിന്റെ കാര്യത്തിലും മുൻഗാമിയേക്കാൾ ഏറെ പ്രീമിയമായിരിക്കും പുത്തൻ സ്കോർപിയോ N.

സൺറൂഫ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള അഡ്രിനോക്‌സ് പവർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്‌റ്റഡ് കാർ ടെക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡാഷ്‌ബോർഡ്, ഡോറുകൾ, റൂഫ് എന്നിവയിൽ സ്പീക്കറുകളുള്ള സോണി സൗണ്ട് സിസ്റ്റം എന്നിവയ്‌ക്കൊപ്പം മഹീന്ദ്ര സ്കോർപിയോ N അണിയിച്ചൊരുക്കും.

ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകളിലേക്കും 3 നിര എസി വെന്റുകളിലേക്കും ഫീച്ചറുകൾ വ്യാപിപ്പിക്കും. പുതിയ സ്കോർപിയോ N മോഡലിന്റെ സുരക്ഷയുടെ കാര്യത്തിലും മഹീന്ദ്ര ഒരു വിട്ടുവീഴ്ച്ചയും ചെയ്‌തിട്ടില്ലെന്നു വേണം പറയാൻ.

ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ആക്റ്റീവ് ക്രൂയിസ് കൺട്രോൾ, എമർജൻസി ബ്രേക്കിംഗ് എന്നിവയ്‌ക്കൊപ്പം ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ഡ്രൈവർ ഡ്രോസൈനസ് സിസ്റ്റം, ബ്ലൈൻഡ് സ്‌പോട്ട് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്ന ADAS സജ്ജീകരണവും എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റുകളിലേക്ക് എത്തുമെന്നാണ് അനുമാനം.

മഹീന്ദ്ര സ്കോർപിയോ N പതിപ്പിൽ 6/7 എയർബാഗുകൾ, ടിപിഎംഎസ്, എബിഎസ്, ഇബിഡി, ഇഎസ്പി എന്നിവയും ലഭിക്കും. ഈ ഫീച്ചറുകളും പുതിയ ലാഡർ ഫ്രെയിം ഷാസിയുടെയും പിൻബലത്തിൽ സ്കോർപിയോ N എസ്‌യുവിക്ക് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും ലഭിച്ചേക്കും.

2.2 ലിറ്റർ ഡീസൽ, 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കിയ 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് മഹീന്ദ്ര സ്കോർപിയോ N എസ്‌യുവിക്ക് തുടിപ്പേകാനെത്തുക. ഇതിന് ഏകദേശം വില 12-13 ലക്ഷം രൂപയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ടാറ്റ ഹാരിയർ, സഫാരി, എംജി ഹെക്ടർ തുടങ്ങിയ മറ്റ് ഡി-സെഗ്‌മെന്റ് എസ്‌യുവികളുമായി പുതിയ സ്‌കോർപിയോൻ മത്സരിക്കും.


Click it and Unblock the Notifications








