Toyota Hyryder എസ്‌യുവിയുടെ ഡ്യുവൽ-ടോൺ വേരിയന്റുകളുടെയും വില പുറത്ത്
കഴിഞ്ഞ ദിവസമാണ് ഏവരും കാത്തിരുന്ന ടൊയോട്ട അർബൻ ക്രൂയിസർ എസ്‌യുവിയുടെ വില കമ്പനി പ്രഖ്യാപിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഏറ്റവും മികച്ച നാല് വേരിയന്റുകൾക്കായുള്ള വിലകൾ മാത്രം പ്രഖ്യാപിച്ച ജാപ്പനീസ് ബ്രാൻഡ് ഇപ്പോൾ ഹൈറൈഡറിന്റെ ഡ്യുവൽ ടോൺ വേരിയന്റുകളുടെയും വിലകൾ പുറത്തുവിട്ടിരിക്കുകയാണ്.

നേരത്തെ പ്രഖ്യാപിച്ച വിലകളിലേക്ക് ആദ്യം കടക്കാം. അഞ്ച് സീറ്റർ മിഡ്-സൈസ് എസ്‌യുവിയുടെ S eDrive 2WD ഹൈബ്രിഡിന് 15.11 ലക്ഷം രൂപ, V AT 2WD നിയോ ഡ്രൈവിന് 17.09 ലക്ഷം രൂപ, G eDrive 2WD ഹൈബ്രിഡിന് 17.49 രൂപ, V eDrive 2WD ഹൈബ്രിഡിന് 18.99 ലക്ഷം രൂപ എന്നിങ്ങനെയാണ് ടൊയോട്ട എക്സ്ഷോറൂം വിലയായി അറിയിച്ചത്.

കഫേ വൈറ്റ്, എൻറൈസിംഗ് സിൽവർ, ഗെയിമിംഗ് ഗ്രേ, സ്‌പോർട്ടിംഗ് റെഡ്, മിഡ്‌നൈറ്റ് ബ്ലാക്ക്, കേവ് ബ്ലാക്ക്, സ്‌പോർടിംഗ് ബ്ലൂ, സ്‌പോർട്ടിംഗ് റെഡ് വിത്ത് മിഡ്‌നൈറ്റ് ബ്ലാക്ക്, എന്റൈസിംഗ് സിൽവർ വിത്ത് മിഡ്‌നൈറ്റ് ബ്ലാക്ക്, സ്‌പീഡി ബ്ലൂ വിത്ത് മിഡ്‌നൈറ്റ് ബ്ലാക്ക്, കഫേ വൈറ്റ് വിത്ത് മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ പതിനൊന്ന് കളർ ഓപ്ഷനുകളിലാണ് ടൊയോട്ട അർബൻ ക്രൂയിസർ വിപണിയിലെത്തുന്നത്.

ഡ്യുവൽ-ടോൺ ഷേഡുകൾ ബ്ലാക്ക് ഫിനിഷ്ഡ് റൂഫിലാണ് വരുന്നത്. G eDrive 2WD ഹൈബ്രിഡ് ടു-ടോണിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില 17.69 ലക്ഷം രൂപയാണ്. അതായത് ഇതിന്റെ സിംഗിൾ ടോൺ വേരിയന്റിനെ അപേക്ഷിച്ച് 20,000 രൂപ അധികമാണ് ഡ്യുവൽ-ടോൺ പതിപ്പിനായി മുടക്കേണ്ടി വരികയെന്ന് സാരം.

സമാനമായ രീതിയിൽ അർബൻ ക്രൂയിസർ ഹൈറൈഡർ ഡ്യുവൽ-ടോൺ V eDrive 2WD ഹൈബ്രിഡ് വേരിയന്റിന് 19.19 ലക്ഷം രൂപയാണ് ഇപ്പോൾ ടൊയോട്ട എക്സ്ഷോറൂം വിലയായി പ്രഖ്യാപിച്ചിരിക്കുന്നത്. സിംഗിൾ ടോൺ ഷേഡുള്ള അതേ ഗ്രേഡിനേക്കാൾ 20,000 കൂടുതൽ ചെലവേറിയതാണ് ഇതും.

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിനായുള്ള നിർമാണം കർണാടകയിലെ ബ്രാൻഡിന്റെ ഉത്പാദന കേന്ദ്രത്തിൽ തകൃതിയായി നടക്കുകയാണിപ്പോൾ. പുത്തൻ മിഡ്-സൈസ് എസ്‌യുവിയുടെ ശേഷിക്കുന്ന വേരിയന്റുകളുടെ വില വരും ആഴ്ച്ചകളിൽ ജാപ്പനീസ് ബ്രാൻഡ് പ്രഖ്യാപിക്കുകയും ചെയ്യും.

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുമായാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ അതിന്റെ പ്ലാറ്റ്‌ഫോം പങ്കിടുന്നത്. അതേ ഗ്ലോബൽ സി ആർക്കിടെക്ച്ചറിൽ ഉരുത്തിരിഞ്ഞെത്തുമ്പോൾ ഇരുമോഡലുകളും അവയുടെ എഞ്ചിൻ, ഗിയർബോക്‌സ് സംവിധാനങ്ങളും പരസ്പരം പങ്കുവെച്ചാണ് വിപണിയിലെത്തുന്നത്.

വേരിയന്റുകളെ ആശ്രയിച്ച് ഹൈറൈഡറിന് ഏഴ് മുതൽ എട്ട് മാസം വരെ കാത്തിരിപ്പ് കാലയളവ് ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ എസ്‌യുവി സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഇപ്പോൾ 25,000 രൂപ ടോക്കൺ തുക നൽകി അംഗീകൃത ഡീലർഷിപ്പുകളിൽ നിന്നും വാഹനം ബുക്ക് ചെയ്യാനും സാധിക്കും

പുത്തൻ ഹൈറൈഡർ എസ്‌യുവിക്ക് മൊത്തത്തിൽ 4,365 mm നീളവും 1,795 mm വീതിയും 1,635 mm ഉയരവും 2,600 mm വീൽബേസ് നീളവുമുണ്ട്. 1.5 ലിറ്റർ ത്രീ-സിലിണ്ടർ അറ്റ്കിൻസൺ സൈക്കിൾ TNGA പെട്രോൾ എഞ്ചിനാണ് ടൊയോട്ടയയുടെ പുത്തൻ മോഡലിന് തുടിപ്പേകാൻ എത്തുന്ന ആദ്യത്തെ എഞ്ചിൻ ഓപ്ഷൻ.

28 കിലോമീറ്ററിന്റെ മൈലേജ് അവകാശപ്പെടുന്ന ഈ എഞ്ചിൻ e-CVT ഗിയർബോക്‌സുമായി ജോടിയാക്കുമ്പോൾ പരമാവധി 116 bhp കരുത്തിൽ 141 Nm torque വരെ ഉത്പാദിപ്പിക്കാനാവും. സെൽഫ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പ്രധാന നേട്ടങ്ങളിലൊന്ന് ഉയർന്ന ഇന്ധനക്ഷമതയും പെർഫോമൻസുമാണ്.

ടൊയോട്ട ഹൈറൈഡറിലെ രണ്ടാമത്തെ എഞ്ചിൻ 1.5 ലിറ്റർ K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ യൂണിറ്റാണ്. ഇത് 103 bhp പരമാവധി പവറും 136 Nm torque ഉം വരെ നിർമിക്കാനും പര്യാപ്‌തമാണ്. കൂടാതെ 4WD കോൺഫിഗറേഷനോടുകൂടിയ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഈ വേരിയന്റും വീട്ടിലെത്തിക്കാം.

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, നിസാൻ കിക്‌സ്, ഉടൻ പുറത്തിറക്കുന്ന മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എന്നിവയുമായാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ മാറ്റുരയ്ക്കുന്നത്.


Click it and Unblock the Notifications








