ഡാറ്റ്‌സന്‍ ഗോ പ്ലസ് എംപിവി ടെസ്റ്റ് ഡ്രൈവ് റിവ്യൂ

By Santheep

ഡെറാഡൂണ്‍ മുതല്‍ ഋഷികേശ് വരെയുള്ള പത്തമ്പത് കിലോമീറ്റര്‍ ദൂരം ഗോ ഹാച്ച്ബാക്കില്‍ മറികടക്കുകയായിരുന്നു ഞങ്ങള്‍. 'മറികടക്കല്‍' എന്ന് അക്ഷരാര്‍ഥത്തില്‍ തന്നെ പ്രയോഗിച്ചതാണ്. ബങ്കളുരുവിലെ സുഖിപ്പിക്കുന്ന തണുപ്പില്‍ നിന്നാണ് ഞങ്ങള്‍ ഉത്തരാഖണ്ഡിലെ കൊല്ലുന്ന തണുപ്പിലേക്കു നീങ്ങിയത്. ഒരു ദിവസം മുഴുവന്‍ ടെസ്റ്റ് ഡ്രൈവിനായി മാറ്റിവെച്ചു. അടുത്തദിവസം വാഹനത്തിന്റെ ചിത്രങ്ങള്‍ വിശദമായി എടുക്കുന്ന തിരക്കിലായിരുന്നു. ഇക്കാരണത്താല്‍ പ്രദേശത്തിന്റെ ഭംഗിയും മറ്റും കാര്യമായി ആസ്വദിക്കാന്‍ സാധിക്കുകയുണ്ടായില്ല. ഇതില്‍ വായനക്കാര്‍ സന്തോഷിക്കേണ്ടിയിരിക്കുന്നു. ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ടില്‍ 'സീനറി' കണ്ടതിന്റെ പരക്കൂതറ പൈങ്കിളി ഉണ്ടാകുന്നതല്ല!

ഡാറ്റ്‌സന്‍ ഗോ പ്ലസ് എന്ന പേരില്‍ത്തന്നെ സംഗതിയുടെ കിടപ്പ് നമുക്ക് പിടികിട്ടുന്നു. ഗോ ഹാച്ച്ബാക്കിന്റെ വലിച്ചുനീട്ടിയ പതിപ്പെന്ന് ലളിതമായി പറയാം. എന്നാല്‍, ഒരുവെറും വലിച്ചുനീട്ടലാണോ ഇതെന്നു ചോദിച്ചാല്‍ അല്ലെന്നാണ് ഉത്തരം.

നാല് മീറ്ററിനുള്ളില്‍ കാര്യങ്ങളെ ഒതുക്കുക എന്ന എന്‍ജിനീയറിങ്-ഡിസൈന്‍ വെല്ലുവിളിക്ക് ഡാറ്റ്‌സന്‍ എത്രത്തോളം മികവോടെ മറുപടി നല്‍കിയിട്ടുണ്ട്? ഡാറ്റ്‌സന്‍ ഗോയുടെ അതേ എന്‍ജിന്‍ ഘടിപ്പിച്ചു വരുന്ന ഗോ പ്ലസ് എത്രത്തോളം ഡ്രൈവിങ് സുഖം നല്‍കുന്നുണ്ട്? നാല് മീറ്ററിനുള്ളില്‍ വലിപ്പം വരുന്ന കാര്‍ എന്ന പരിമിതി നിലനില്‍ക്കെത്തന്നെ ഒരു എംപിവിയില്‍ നിന്നും ന്യായമായും പ്രതീക്ഷിക്കാവുന്ന സ്‌പേസ്, ലെഗ്‌റൂം, ഇന്റീരിയര്‍ ക്വാളിറ്റി, ദീര്‍ഘയാത്രകള്‍ക്കാവശ്യമായ കംഫര്‍ട്ട് തുടങ്ങിയ കാര്യങ്ങളോട് ഈ വാഹനത്തിന്റെ പ്രതികരണം എന്താണ്? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ മനസ്സിലിട്ടാണ് കാറിലേക്ക് നമ്മള്‍ കയറുന്നത്.

ഡാറ്റ്‌സന്‍ ഗോ പ്ലസ് എംപിവി ടെസ്റ്റ് ഡ്രൈവ് റിവ്യൂ

ചിത്രങ്ങളിലൂടെ നീങ്ങുക.

ഡിസൈന്‍

ഡിസൈന്‍

മുന്‍വശം

ഗോ ഹാച്ച്ബാക്കില്‍ നിന്ന് മുന്‍വശത്തിന് എന്താണ് വ്യത്യാസം എന്ന ചോദ്യത്തിന് ഒറ്റവാക്കിലുള്ള ഉത്തരം മാത്രം മതി ഗോ പ്ലസ് എംപിവിയുടെ മുന്‍വശത്തിന്റെ ഡിസൈനിനെ മനസ്സിലാക്കാന്‍. യാതൊരു വ്യത്യാസവും നമുക്ക് കാണാന്‍ കഴിയില്ല. നിര്‍മാണച്ചെലവ് എങ്ങനെയെല്ലാം കുറയ്ക്കാം എന്ന ചോദ്യത്തിന് ഡാറ്റ്‌സന്‍ എന്‍ജിനീയര്‍മാര്‍ വളരെ ലളിതമായി പരിഹാരം കണ്ടെത്തിയിരിക്കുന്നു! സാധ്യമായ ഇടങ്ങളിലെല്ലാം ഗോ ഹാച്ച്ബാക്കിനെ പിന്തുടരുകയാണ് അവര്‍ ഈ വാഹനത്തില്‍ ചെയ്തിട്ടുള്ളത്.

ഡിസൈന്‍

ഡിസൈന്‍

മുന്‍വശം

ഗോ ഹാച്ച്ബാക്കിന്റെ ഹെഡ്‌ലാമ്പ് ഡിസൈന്‍ തന്നെയാണ് ഗോ പ്ലസ്സിനും നല്‍കിയിരിക്കുന്നത്. രണ്ട് ഭാഗമായി വിഭജിച്ചിട്ടുള്ള ഹെഡ്‌ലാമ്പിന്റെ താഴെയുള്ള ഇടം ഇന്‍ഡിക്കേറ്ററിനുള്ളതാണ്. ഞങ്ങള്‍ക്കു ലഭിച്ച ഏറ്റവുമുയര്‍ന്ന വേരിയന്റില്‍ പോലും ഫോഗ് ലാമ്പുകള്‍ ഉണ്ടായിരുന്നില്ല. ഹണികോമ്പ് റേഡിയേറ്റര്‍ ഗ്രില്‍ ഡിസൈനും ഗോ ഹാച്ച്ബാക്കിനെ പിന്തുടരുന്നു. ചെറിയ എയര്‍ ഇന്‍ടേക്കിനു മുകളിലായി ലൈസന്‍സ് പ്ലേറ്റ് സ്ഥാപിച്ചത് കാണുക. ഇരുവശത്തുമുള്ള ഒഴിഞ്ഞ ഫോഗ് ലാമ്പ് ഇടങ്ങളിലൂടെയും എന്‍ജിന് ശ്വാസമെടുക്കാം! മുന്‍ വിന്‍ഡ് ഷീല്‍ഡില്‍ ഒരു വൈപ്പര്‍ മാത്രമേയുള്ളൂവെന്നത് ശ്രദ്ധിക്കുക. ഇതും ചെലവുചുരുക്കല്‍ സംവിധാനമാണ്.

ഡിസൈന്‍

ഡിസൈന്‍

വശങ്ങള്‍

വളരെ വൃത്തിയായി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് ഡാറ്റ്‌സന്റെ ജപ്പാന്‍ ഡിസൈനര്‍മാര്‍. (വാഹനത്തിന്റെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലും ഡിസൈന്‍ പണികള്‍ ജപ്പാനിലുമായിട്ടാണ് നടന്നിട്ടുള്ളത്. ചെറുകാറുകളുടെ ഡിസൈനില്‍ ജപ്പാന്‍കാരെ കഴിഞ്ഞേ ആരും വരൂ എന്ന് നമുക്കറിയാം!). ഇവിടെയും ചെയ്തിട്ടുള്ളത് ഒരു വലിച്ചുനീട്ടല്‍ തന്നെയാണെങ്കിലും ഒരുകാരണവശാലും അത് നമുക്ക് അനുഭവപ്പെടുന്നില്ല. ഗോ ഹാച്ച്ബാക്കില്‍ കാണുന്ന നനുത്ത ഷോള്‍ഡര്‍ ലൈന്‍ ഗോ പ്ലസ്സിലെത്തുമ്പോള്‍ കുറെക്കൂടി കനമുള്ളതാണ്. പിന്‍ഡോറില്‍ നിന്ന് തുടങ്ങി റിയര്‍ ലാമ്പിനോട് ചേരുന്നു ഷോള്‍ഡര്‍ ലൈനുകള്‍. മറ്റ് ബോഡി ലൈനുകളില്‍ പ്രത്യേകിച്ച് പണിയൊന്നും എടുക്കേണ്ടിവന്നിട്ടില്ല ഡാറ്റ്‌സന്‍ ശില്‍പികള്‍ക്ക്.

വീല്‍

വീല്‍

ഉയര്‍ന്ന വേരിയന്റിലും അലോയ് വീലില്ലാതെയാണ് വാഹനം വരുന്നത്. സ്ട്രാഡ നിര്‍മിച്ചുനല്‍കിയ ടയറുകള്‍ ഘടിപ്പിച്ചിരിക്കുന്നു ഗോ പ്ലസ്സിന്റെ 13 ഇഞ്ച് വീലുകള്‍. വീലിന്റെ വലിപ്പക്കുറവ് വാഹനത്തിന്റെ കൈകാര്യക്ഷമത കുറയ്ക്കുന്നുണ്ട്. ഗട്ടറുകളില്‍ കുലുക്കം കൂടുതലാണ്. ഇന്തോനീഷ്യയില്‍ നിര്‍മിച്ചവയാണ് ടയറുകള്‍. ടെസ്റ്റ് ഡ്രൈവിനായി എത്തിച്ച വാഹനമായതിനാലാവാം ഇതെന്ന് അനുമാനിക്കുന്നു. ഇന്ത്യയില്‍ നിര്‍മിക്കുന്ന മോഡലുകളില്‍ ഇതേ ടയര്‍ ഉപയോഗിക്കണമെന്നില്ല. ഭംഗിയുള്ള വീല്‍കവറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

ഡിസൈന്‍

ഡിസൈന്‍

പിന്‍വശം

കാര്യമായ ഡിസൈന്‍ മാറ്റം സംഭവിച്ചിട്ടുള്ളത് പിന്‍വശത്താണ്. വളരെ പ്രകടമാണ് കാരണം. എംപിവി ഡിസൈന്‍ ശൈലിയില്‍ പിന്‍വശത്തിന് സംഭവിക്കുന്ന വലിപ്പക്കുറവിനെ തന്ത്രപരമായി നേരിടുകയാണ് ഡാറ്റ്‌സന്‍ ശില്‍പികള്‍ ചെയ്തിട്ടുള്ളത്.

ഗോ പ്ലസ് എംപിവിയുടെ അകമ്പൊരുള്‍

ഗോ പ്ലസ് എംപിവിയുടെ അകമ്പൊരുള്‍

ഇന്റീരിയറിലേക്കു പ്രവേശിക്കുമ്പോള്‍ മുന്‍വിധികളൊഴിവാക്കുന്നതായിരിക്കും നല്ലത്. ഇന്നോവയെ മനസ്സില്‍ ധ്യാനിച്ച് അകത്തുകയറിയാല്‍ നിരാശപ്പെടേണ്ടിവരും. നാല് മീറ്ററിനും അഞ്ച് ലക്ഷത്തിനും അകത്ത് കാര്യങ്ങളെ ഏറ്റവും മികച്ച നിലയില്‍ത്തന്നെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് ഡാറ്റ്‌സന്‍.

ഇന്റീരിയര്‍

ഇന്റീരിയര്‍

ഫ്രണ്ട് കാബിന്‍

മുന്‍ കാബിനില്‍ ന്യായമായ സ്‌പേസ് നല്‍കിയിട്ടുണ്ട്. ഹെഡ്‌റൂം മികച്ചതാണ്. ഡ്രൈവര്‍ സീറ്റ് പിന്നിലേക്ക് നീക്കുവാന്‍ സാധിക്കും. ഇതുമാത്രമാണ് സീറ്റുമായി ബന്ധപ്പെട്ട ക്രമീകരണം. ആറടിവരെ ഉയരമുള്ളയാള്‍ക്ക് പ്രയാസമൊന്നും കൂടാതെ ഡ്രൈവര്‍ സീറ്റിലിരിക്കാം.

ഇന്റീരിയര്‍

ഇന്റീരിയര്‍

ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിന് സമാനമായ ഡിസൈനാണ് ഇന്റീരിയറില്‍ കാണാനാവുക. സീറ്റുകള്‍ തരക്കേടില്ലാത്ത കംഫര്‍ട്ട് പ്രദാനം ചെയ്യുന്നുണ്ട്. ആവശ്യത്തിന് വീതിയുണ്ട്. ഗോ ഹാച്ച്ബാക്കിലുള്ളതുപോലെ ഗിയര്‍ഷിഫ്റ്റ് ലിവറിന്റെ സ്ഥാനം സെന്റര്‍ കണ്‍സോളിന്റെ തൊട്ടുതാഴെയായതിനാല്‍ സൗകര്യം വര്‍ധിക്കുന്നു. ഇവിടെ ആളെ ഇരുത്താനുള്ള പ്രവണത കാണിക്കാതിരുന്നാല്‍ സുരക്ഷിതത്വം സംബന്ധിച്ച പേടിയില്ല. ചിലര്‍ മധ്യത്തില്‍ കുട്ടികളെ ഇരുത്തുന്നത് കണ്ടിട്ടുണ്ട്. വകതിരിവില്ലായ്മ കൊണ്ടാണിത്. പാര്‍ക്ക് ചെയ്തതിനു ശേഷം വലതുവശത്തുകൂടി ഡ്രൈവര്‍ക്കിറങ്ങാന്‍ സ്ഥലമില്ലെങ്കില്‍ വളരെ എളുപ്പത്തില്‍ ഇടതുഡോറിനടുത്തേക്ക് കടന്നുചെല്ലാന്‍ സാധിക്കുന്നു. മൊത്തത്തില്‍ മുന്‍കാബിന്‍ സൗകര്യങ്ങള്‍ മികച്ചതാണെന്നു പറയാം.

സ്റ്റീയറിങ് വീല്‍

സ്റ്റീയറിങ് വീല്‍

മൂന്ന് ആരങ്ങളുള്ള, ലളിതമായ നിര്‍മിതിയാണ് സ്റ്റീയറിങ് വീലിന്റേത്. ഞങ്ങള്‍ക്കു ലഭിച്ച ഉയര്‍ന്ന വേരിയന്റില്‍പോലും സ്റ്റീയറിങ് വീല്‍ കവര്‍ ഉണ്ടായിരുന്നില്ല. തരക്കേടില്ലാത്ത പ്രതികരണമാണ് നല്‍കുന്നത്. ഉയര്‍ന്ന സ്പീഡില്‍ സാറ്റീയറിങ് കുറച്ച് ഹെവിയായി അനുഭവപ്പെടുന്നു. സ്റ്റീയറിങ് വീല്‍ ഇഷ്ടാനുസൃതം ക്രമീകരിക്കാനുള്ള സംവിധാനമൊന്നും ഇല്ല.

സ്റ്റീയറിങ് വീല്‍ നിയന്ത്രണങ്ങള്‍

സ്റ്റീയറിങ് വീല്‍ നിയന്ത്രണങ്ങള്‍

താഴെയായി നല്‍കിയിട്ടുള്ള മള്‍ടിഫങ്ഷന്‍ സ്റ്റാക്കുകളാണ് (തണ്ടുകള്‍) സ്റ്റീയറിങ് വീലിനോടു ചേര്‍ന്ന് ലഭിക്കുന്ന നിയന്ത്രണ സംവിധാനങ്ങള്‍. ഇടതുവശത്തുള്ള തണ്ടില്‍ വൈപ്പര്‍ നിയന്ത്രണസംവിധാനം ഒരുക്കിയിരിക്കുന്നു. വലതുവശത്തുള്ള തണ്ടിലാണ് ഇന്‍ഡിക്കേറ്റര്‍, ഹൈ ബീം, ലോ ബീം, പാസ്സ് ലൈറ്റ്, പാര്‍ക്കിങ് ലാമ്പ് എന്നിവ ചേര്‍ത്തിട്ടുള്ളത്.

മള്‍ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ

മള്‍ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ

സ്പീഡോമീറ്റര്‍ ലളിതമായി ക്രമീകരിച്ചിരിക്കുന്നു. വായിക്കാന്‍ പ്രയാസം നേരിടുന്നില്ല. ഗിയര്‍ഷിഫ്റ്റ് ഇന്‍ഡിക്കേറ്ററുകള്‍ നല്‍കിയിട്ടുണ്ട് കൂടെ. വലതുവശത്തുള്ള ഡിജിറ്റല്‍ ഡിസ്‌പ്ലേയില്‍ ടാക്കോമീറ്റര്‍, ഇന്ധനനില, ട്രിപ്മീറ്റര്‍ എന്നിവ നല്‍കിയിരിക്കുന്നു. ഹാന്‍ഡ് ബ്രേക്ക് ലൈറ്റ്, ബാറ്ററി നില എന്നിവയും തൊട്ടുമുകളിലായി കാണാം.

സെന്റര്‍ കണ്‍സോള്‍

സെന്റര്‍ കണ്‍സോള്‍

സെന്റര്‍ കണ്‍സോളില്‍ ഹസാര്‍ഡ് ലൈറ്റ് സ്വിച്ച് നല്‍കിയിരിക്കുന്നു. സ്മാര്‍ട്‌ഫോണ്‍ ഡോക്ക് ആണ് വിനോദോപാധി എന്ന നിലയ്ക്ക് നല്‍കുന്ന ഒരേയൊരു സൗകര്യം. ഓക്‌സ് ഇന്‍ പോര്‍ട്ട് തൊട്ടടുത്തായി നല്‍കിയിട്ടുണ്ട്. പാട്ടുകേള്‍ക്കാനും മറ്റും ഈ മാര്‍ഗം അവലംബിക്കാം. ചാര്‍ജിങ്ങിനായി യുഎസ്ബി പോര്‍ട്ട് നല്‍കിയിരിക്കുന്നു. വോള്യം നിയന്ത്രിക്കാനുള്ള സൗകര്യവും ഇതോടൊപ്പം നല്‍കിയിരിക്കുന്നു.

എയര്‍ കണ്ടീഷനിങ്

എയര്‍ കണ്ടീഷനിങ്

സെന്റര്‍ കണ്‍സോളില്‍ ഏറ്റവും താഴെയായി എയര്‍ കണ്ടീഷനിങ് നിയന്ത്രണങ്ങള്‍ ചേര്‍ത്തിരിക്കുന്നു. നാല് എയര്‍ കണ്ടീഷനിങ് വെന്റുകളാണ് കാറിലുള്ളത്. മുന്‍ കാബിനില്‍ ഇവ ക്രമീകരിച്ചിരിക്കുന്നു. പിന്‍ കാബിനുകളില്‍ എസി അനുഭൂതി കമ്മിയാണ്.

ഗ്ലോവ് ബോക്‌സ്

ഗ്ലോവ് ബോക്‌സ്

ഗോ പ്ലസ്സിലെ ഗ്ലോവ് ബോക്‌സിന് അടപ്പില്ല. ഇതൊരു വലിയ പ്രശ്‌നമാണ്. ഗ്ലോവ് ബോക്‌സില്‍തന്നെ സൂക്ഷിക്കാമെങ്കിലും മുകളില്‍ ഒരിത്തിരി കനമുള്ള എന്തെങ്കിലും വെക്കുന്നത് നന്നായിരിക്കും. സ്റ്റീയറിങ് വീലിനു താഴെയും അത്യാവശ്യം പേപ്പറുകളും മറ്റും വെക്കാനുള്ള ഇടമുണ്ട്; ഗോ ഹാച്ച്ബാക്കിലെപ്പോലെ.

ഹാന്‍ഡ്‌ബ്രേക്ക്

ഹാന്‍ഡ്‌ബ്രേക്ക്

കണ്‍സോളിനു താഴെ, ഗിയര്‍ ലിവറിന് വലതുവശത്തായി ഹാന്‍ഡ് ബ്രേക്ക് നല്‍കിയിരിക്കുന്നു. സാധാരണ കാറുകളില്‍ കാണുന്ന ഹാന്‍ഡ് ബ്രേക്കുകളില്‍ നിന്നും വ്യത്യസ്തമാണിത്. പ്രായോഗികമായി കുറച്ച് വിഷമം നേരിട്ടേക്കാം. അത് ശീലം കൊണ്ടാണെന്ന് കരുതുക.

ആക്‌സസറി സോക്കറ്റ് 12 വോള്‍ട്ട്

ആക്‌സസറി സോക്കറ്റ് 12 വോള്‍ട്ട്

ഗിയര്‍ഷിഫ്റ്റ് ലിവറിന് തൊട്ടു മുകളില്‍ ഇടതുവശത്തായി ഒരു ആക്‌സസറി സോക്കറ്റ് കൊടുത്തിട്ടുണ്ട്. ഇവിടെ അത്യാവശ്യം ചെറിയ ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ ചാര്‍ജ് ചെയ്യാവുന്നതാണ്.

ഫ്രണ്ട് ഡോര്‍

ഫ്രണ്ട് ഡോര്‍

ഗോ പ്ലസ്സിന്റെ ഫ്രണ്ട് ഡോറുകളില്‍ അത്യാവശ്യം സന്നാഹങ്ങള്‍ നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ക്കും മുന്‍ യാത്രക്കാരനും സ്വന്തം വശങ്ങളിലെ വിന്‍ഡോകള്‍ ഇലക്ട്രോണികമായി ഉയര്‍ത്തുവാനും താഴ്ത്തുവാനുമുള്ള സൗകര്യമുണ്ട് ഡോറുകളില്‍.

ഫ്രണ്ട് ഡോര്‍

ഫ്രണ്ട് ഡോര്‍

അര ലിറ്റര്‍ ബോട്ടില്‍ കൊള്ളുന്ന ഒരു പോക്കറ്റും നല്‍കിയിരിക്കുന്നു. ഇവിടെ മാഗസിനുകളും മറ്റും വെക്കാനുള്ള സൗകര്യവുമുണ്ട്. ഫ്രണ്ട് ഡോറുകളില്‍ സ്പീക്കറുകള്‍ ഘടിപ്പിച്ചിരിക്കുന്നു. ആകെ രണ്ട് സ്പീക്കറുകള്‍. തരക്കേടില്ലാത്ത ക്വാളിറ്റി ഇവയ്ക്കുണ്ട്.

റ്റൂള്‍സ്

റ്റൂള്‍സ്

അത്യാവശ്യം റൂളുകള്‍ വെക്കാനുള്ള സൗകര്യം ഡ്രൈവര്‍ സീറ്റിനടിയിലുണ്ട്. ജാക്ക് ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്.

പെഡലുകള്‍

പെഡലുകള്‍

മികച്ച രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു പെഡലുകള്‍. ക്ലച്ച് ട്രാവല്‍ കുറച്ച് കൂടുതലാണെങ്കിലും പ്രസ്സിങ് വളരെ ലൈറ്റായതിനാല്‍ പ്രയാസമനുഭവപ്പെടില്ല.

റിയര്‍വ്യൂ മിററുകള്‍

റിയര്‍വ്യൂ മിററുകള്‍

പുറത്തെ മിററുകള്‍ക്ക് നല്ല ഡെപ്തുണ്ട്. മികച്ച പിന്‍കാഴ്ച നല്‍കുന്നു. ഉള്ളിലെ കണ്ണാടിക്ക് കാര്യമായൊന്നും ചെയ്യാനില്ല. പിന്നിലെ ജാലകം വളരെ ചെറുതാകയാല്‍ അതുവഴി റോഡിലേക്ക് കണ്ണെത്തിക്കുക കുറച്ച് പ്രയാസമാണ്. പിന്നില്‍ യാത്രക്കാരുണ്ടെങ്കില്‍ പ്രത്യേകിച്ചും.

ഗോ പ്ലസ്സിന്റെ രണ്ടാംനിര സീറ്റ്

ഗോ പ്ലസ്സിന്റെ രണ്ടാംനിര സീറ്റ്

ആറടി ഉയരമുള്ള ഒരാള്‍ക്ക് വൃത്തിയായി ഇരിക്കാം. മുന്നില്‍, ഡ്രൈവര്‍ക്ക് തന്റെ സീറ്റ് ഒരല്‍പം പിന്നിലേക്ക് നീക്കേണ്ടിവന്നാല്‍ ചെറിയ പ്രയാസമനുഭവപ്പെടാനിടയുണ്ട്. കാബിന്‍ സ്‌പേസ് ഒരു എംപിവിക്ക് യോജിച്ചതാണോ എന്നു ചോദിച്ചാല്‍ അല്ല എന്നാണുത്തരം.

സീറ്റുകളുടെ കനക്കുറവ്

സീറ്റുകളുടെ കനക്കുറവ്

എംപിവികള്‍ പൊതുവില്‍ ദീര്‍ഘയാത്രകള്‍ക്ക് ഉപയോഗിക്കുന്ന തരം വാഹനങ്ങളാണല്ലോ. ഗോ പ്ലസ് എംപിവി വാങ്ങാന്‍ പോകുന്ന ഒരാളുടെ മനസ്സിലും ഇങ്ങനെയൊരു ആശയം ഉണ്ടാകാതെ വഴിയില്ല. ഈ കാഴ്ചപ്പാടില്‍ നിന്നു നോക്കിയാല്‍ ഗോ പ്ലസ്സിന്റെ സീറ്റുകള്‍ വേണ്ടത്ര സുഖകരമല്ല എന്നുവേണമെങ്കില്‍ വിലയിരുത്താം. സീറ്റുകളുടെ കനക്കുറവ് തന്നെയാണ് പ്രശ്‌നം. നല്ല ഭാരമുള്ള ആളുകള്‍ക്ക് ഗോ പ്ലസ്സിലെ സീറ്റുകള്‍ അത്ര സുഖകരമാകാതിരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഞങ്ങള്‍ യാത്ര ചെയ്ത അമ്പത് കിലോമീറ്റര്‍ ദൂരം വരെ സീറ്റിങ് വളരെ സുഖപ്രദമായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തട്ടെ.

രണ്ടാംനിരയിലെ സംവിധാനങ്ങള്‍

രണ്ടാംനിരയിലെ സംവിധാനങ്ങള്‍

ഏസി ഇല്ല. മുന്‍കാബിന്‍ നിന്നും വരുന്ന ഏസി പിന്നിലെത്താന്‍ അതിന്റേതായ സമയമെടുക്കുന്നുണ്ട്. ഡോറുകളില്‍ ചെറിയ പോക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. വിന്‍ഡോകള്‍ മാന്വലായി പ്രവര്‍ത്തിപ്പിക്കണം.

പിന്‍കാബിനിലേക്ക്...

പിന്‍കാബിനിലേക്ക്...

പിന്‍കാബിനിലേക്ക് പ്രവേശിക്കാന്‍ മധ്യനിര സീറ്റ് മടക്കിവെക്കണം. ബഞ്ച് സീറ്റാണ് ഘടിപ്പിച്ചിരിക്കുന്നത് എന്നതിനാല്‍ ഒരല്‍പം പ്രയാസമുണ്ട്. സീറ്റിന്റെ രണ്ടറ്റവും ബോഡിയില്‍ നിന്നും വിഘടിപ്പിച്ച് സീറ്റ് മടക്കിവെച്ച് അകത്തുകയറണം.

പിന്‍കാബിന്‍

പിന്‍കാബിന്‍

പിന്‍സീറ്റ് അക്ഷരാര്‍ഥത്തില്‍ നിലത്താണിരിക്കുന്നത്! ഇവിടെ വളരെച്ചെറിയ കുട്ടികളെ എടുത്തിടാം. കാല്‍ വളര്‍ന്ന കുട്ടികള്‍ തീര്‍ച്ചയായും പ്രതിഷേധിക്കും. ഇവിടെ കുട്ടികളെ ഇരുത്തുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യവും ഉയര്‍ത്തേണ്ടതുണ്ട്. വിമാനങ്ങളില്‍ കാണുന്നതരം സീറ്റ്‌ബെല്‍റ്റ് സംവിധാനമാണ് പിന്നിലുള്ളത്. അരയില്‍ മാത്രം ഘടിപ്പിക്കാം. ഇവിടെ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ഇടമാക്കുന്നതാണ് ഏറ്റവുമുചിതം.

പിന്‍ വിന്‍ഡോകള്‍

പിന്‍ വിന്‍ഡോകള്‍

പിന്നിലെ വിന്‍ഡോകളെല്ലാം വളരെ ചെറിയവയാണ്. മൂന്നാം കാബിനില്‍ വശങ്ങളിലുള്ള വിന്‍ഡോകള്‍ തുറക്കാന്‍ കഴിയില്ല. കാറ്റ് തട്ടണമെങ്കില്‍ മധ്യത്തിലെ വിന്‍ഡോയെ ആശ്രയിക്കണം.

ബൂട്ട്

ബൂട്ട്

വെറും 48 ലിറ്റര്‍ ബൂട്ട് ശേഷി മാത്രമേ ഡാറ്റ്‌സന്‍ ഗോ പ്ലസ് എംപിവിക്കുള്ളൂ എന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇവിടെ അത്യാവശ്യം ചെറിയ ടൂള്‍സും മറ്റും സൂക്ഷിക്കാമെന്നേയുള്ളൂ. ചെറിയ ഹാന്‍ഡ് ബാഗുകള്‍ സൂക്ഷിക്കാനും ഈ സ്ഥലം ഉപകരിക്കും.

ബൂട്ട്

ബൂട്ട്

പിന്നിലെ സീറ്റ് മടക്കിവെച്ചാല്‍ ബൂട്ട് സ്‌പേസ് 347 ലിറ്ററായി ഉയര്‍ത്താന്‍ കഴിയും. മാരുതി സുസൂക്കി ഡിസൈര്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് ലഭിക്കുന്ന ബൂട്ട് സ്‌പേസിലേക്ക് ഗോ പ്ലസ് ഉയരുന്നു ഇവിടെ.

ബൂട്ട്

ബൂട്ട്

രണ്ടാംനിരയിലെ സീറ്റുകള്‍ കൂടി മടക്കിവെക്കാനുള്ള സൗകര്യമുണ്ട്. ആവശ്യത്തിലധികം സ്‌പേസ് ഇതുവഴി ഉണ്ടാക്കാം. ഒരു എസ്റ്റേറ്റ് കാറിന്റെ ഉപയോഗം വരെ നടക്കും എന്നതാണ് സംഗതി.

എന്‍ജിന്‍

എന്‍ജിന്‍

പ്രതീക്ഷിച്ചിരുന്നതുപോലെ, ഗോ ഹാച്ച്ബാക്കില്‍ നിന്നുള്ള 1198 സിസി ശേഷിയുള്ള 3 സിലിണ്ടര്‍ എന്‍ജിനാണ് ഗോ പ്ലസ് എംപിവിയിലും ഉപയോഗിച്ചിട്ടുള്ളത്. 5000 ആര്‍പിഎമ്മില്‍ 68 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്. 4000 ആര്‍പിഎമ്മില്‍ 104 എന്‍എം ആണ് പരമാവധി ചക്രവീര്യം. ഹൈവേകളിലും സിറ്റിയിലുമെല്ലാം എന്‍ജിന്‍ പ്രകടനം മികച്ചതായിരുന്നു. ഒരു ചുരപ്പാതയിലാണ് അല്‍പം വിഷമം നേരിട്ടത്. നിരന്തരമായ ഗിയര്‍ഷിഫ്റ്റിങ് ആവശ്യമായിവന്നു. ഏസിയിട്ടായിരുന്നു യാത്ര എന്നത് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. കൂടാതെ അഞ്ച് തടിമാടന്മാര്‍ വണ്ടിക്കുള്ളില്‍ ഉണ്ടായിരുന്നതും പരിഗണിക്കണം.

എന്‍ജിന്‍ ബഹളം

എന്‍ജിന്‍ ബഹളം

ഡാറ്റ്‌സന്‍ പ്രത്യേകം ശ്രദ്ധ വെക്കേണ്ട ഒരു കാര്യമാണിത്. ദൂരയാത്രകള്‍ക്കുപയോഗിക്കുന്ന ഒരു കാറിനകത്തേക്ക് എന്‍ജിനുണ്ടാക്കുന്ന ശബ്ദം ഇങ്ങനെ കയറവരാന്‍ പാടില്ല.

ഗിയര്‍ഷിഫ്റ്റിങ്

ഗിയര്‍ഷിഫ്റ്റിങ്

ഡാറ്റ്‌സന്‍ ഗോ പ്ലസ്സിന്റെ ഗിയര്‍ഷിഫ്റ്റിങ് വളരെ സ്മൂത്താണ്. പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ലാതെ ഗിയര്‍വീഴ്ചകള്‍ നടക്കുന്നുണ്ട്.

ഹാന്‍ഡ്‌ലിങ്

ഹാന്‍ഡ്‌ലിങ്

ഗാട്ട് റോഡില്‍ കുറച്ച് പ്രയാസം നേരിട്ടുവെങ്കിലും പൊതുവില്‍ മികച്ച ഹാന്‍ഡ്‌ലിങ്ങാണ് വാഹനത്തിന്റേത്. ചെറിയ ബംപുകളെല്ലാം എളുപ്പത്തില്‍ എടുത്തുപോരാം. ടയറുകളുടെ വലിപ്പക്കുറവ് ചെറിയ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി തോന്നി. ഗട്ടറുകളില്‍ കുറച്ചധികം ശ്രദ്ധിക്കേണ്ടിവരുന്നു.

ഡ്രൈവിങ് പൊസിഷന്‍

ഡ്രൈവിങ് പൊസിഷന്‍

വളരെ മികച്ച പണിയാണ് ഡ്രൈവിങ് പൊസിഷന്റെ ഡാറ്റ്‌സന്‍ എന്‍ജിനീയര്‍മാര്‍ നടത്തിയിട്ടുള്ളത്. റോഡിലേക്കുള്ള കാഴ്ച, വിന്‍ഡ്‌സ്‌ക്രീന്‍ വഴിയുള്ളതായാലും സൈഡ് വിന്‍ഡോകള്‍ വഴിയുള്ളതായാലും, മികച്ചതാണ്.

കൈകാര്യക്ഷമത

കൈകാര്യക്ഷമത

മികച്ച ടേണിങ് റേഡിയസ്സാണ് കാറിനുള്ളത്. 4.6 മീറ്റര്‍. നാല് മീറ്റര്‍ നീളമുള്ള വാഹനം വളരെ സ്മൂത്തായി കൈകാര്യം ചെയ്യാന്‍ ഇത് സഹായിക്കുന്നു. നഗരങ്ങളില്‍ ഈ ടേണിങ് റേഡിയസ് ഒരനുഗ്രഹം തന്നെയാണ്.

ഫിറ്റ് ആന്‍ഡ് ഫിനിഷ്

ഫിറ്റ് ആന്‍ഡ് ഫിനിഷ്

തരക്കേടില്ല എന്നേ പറയാവൂ ഗോ പ്ലസ്സിന്റെ ഫിറ്റ് ആന്‍ഡ് ഫിനിഷിനെക്കുറിച്ച്. ബോഡിയില്‍ വലിയ ഗാപ്പുകള്‍ കാണാന്‍ കഴിയും. കുറെക്കൂടി മികവ് ഇക്കാര്യത്തില്‍ വരുത്താവുന്നതാണ്. ഇത്രയധികം ഗാപ്പുകള്‍ സാധാരണ ടാറ്റ കാറുകളില്‍ മാത്രം കണ്ടുവരാറുള്ളതാണ്.

ബൂട്ട് തുറക്കാന്‍

ബൂട്ട് തുറക്കാന്‍

പുറത്തുനിന്ന് ബൂട്ട് തുറക്കാന്‍ കഴിയില്ല. ഡ്രൈവര്‍ സീറ്റിന് തൊട്ടടുത്തായി ബൂട്ട് തുറക്കാനുള്ള ഇലക്ട്രോണിക് സംവിധാനമുണ്ട്. ഫ്യുവല്‍ ഡോര്‍ തുറക്കാനുള്ള സംവിധാനവും കൂടെ നല്‍കിയിരിക്കുന്നത് കാണാം.

പ്ലസ് എന്തെല്ലാം?

പ്ലസ് എന്തെല്ലാം?

  • ചെറിയ ശരീരമുള്ള എംപിവി
  • കുറച്ച് സൗകര്യമേറിയ ഒരു ഹാച്ച്ബാക്കെന്ന നിലയില്‍ ഉപയോഗിക്കാന്‍ പറ്റിയ വാഹനം
  • മികച്ച ബൂട്ട്‌സ്‌പേസ് (പിന്‍സീറ്റുകള്‍ മടക്കിവെച്ചാല്‍)
  • കുറഞ്ഞ വിലയില്‍ ഒരു 7 സീറ്റര്‍
  • പെട്രോള്‍ എന്‍ജിനില്‍ ലിറ്ററിന് 20.6 കിലോമീറ്റര്‍ മൈലേജ്
  • മൈനസ് എന്തെല്ലാം?

    മൈനസ് എന്തെല്ലാം?

    • ഉയര്‍ന്ന വേരിയന്റില്‍ പ്രധാന സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ല
    • വില കുറയ്ക്കുന്നതിനായി ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്തിരിക്കുന്നു
    • ഇന്റീരിയര്‍ സ്‌പേസ് കുറവ്
    • സ്റ്റെപിനി വീല്‍ കാറിനടിയില്‍ ഘടിപ്പിച്ചിരിക്കുന്നു
    • വില

      വില

      പുതിയൊരു സെഗ്മെന്റ് തീര്‍ത്തുകൊണ്ടാണ് ഗോ പ്ലസ് എംപിവി വരുന്നത്. 4 മീറ്റര്‍ അളവില്‍ വരുന്ന എംപിവികള്‍ ഇന്ന് വിപണിയിലില്ല. അങ്ങേയറ്റം മത്സരക്ഷമമായ വിലയിലായിരിക്കും ഈ വാഹനം അവതരിപ്പിക്കുക എന്നുറപ്പായിട്ടുണ്ട്. അഞ്ച് ലക്ഷത്തിനു താഴെയായിരിക്കും വില എന്ന് അനുമാനിക്കപ്പെടുന്നു. ഇത് തീര്‍ച്ചയായും വലിയൊരു വിഭാഗം ഉപഭോക്താക്കളെ ആകര്‍ഷിക്കും.

      വിധി

      വിധി

      ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിനെ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റ് ചെയ്തതും വാഹനത്തെ പിന്‍വലിക്കണമെന്ന് അവരാവശ്യപ്പെട്ടതുമെല്ലാം നിസ്സാന് വലിയ ക്ഷീണം സൃഷ്ടിച്ചിട്ടുണ്ട്. ഇത് ഗോ പ്ലസ്സിന്റെ വില്‍പനയെ ബാധിക്കുമോ എന്നാണ് നോക്കിക്കാണേണ്ടത്. എന്തായാലും, ഇന്ത്യയിലെ ഉപഭോക്തൃസമൂഹത്തിലെ ഒരു പ്രത്യേകവിഭാഗത്തെ ലക്ഷ്യം വെക്കാന്‍ വിലകൊണ്ടും രൂപംകൊണ്ടും ഈ എംപിവിക്ക് സാധിക്കുന്നുണ്ട്. ഇത് ശരിയായ നിലയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ വാഹനം ഒരു വിജയമായിത്തീരും.

Most Read Articles

Malayalam
English summary
The team from Drivespark drove the latest MPV from Datsun, the Datsun GO+ in the twisty roads of Utrakand. Here is exclusive road test review Datsun MPV.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X