ഫോഡ് ഇക്കോസ്പോര്‍ട് ടെസ്റ്റ് ഡ്രൈവ് & റിവ്യൂ

Posted By:

Car Evaluation & Words by Jobo Kuruvilla

Photography: Ford India & Jobo Kuruvilla

കുറെയേറെ കാറുകളില്‍ ഞാന്‍ കയറിയിട്ടുണ്ടെങ്കിലും ഇത്തവണത്തേത് ഒരല്‍പം വ്യത്യസ്തമായിരുന്നു. ഫോഡ് ഇക്കോസ്‌പോര്‍ട് ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ ക്ഷണിക്കപ്പെട്ട് ഗോവയിലെത്തിയതായിരുന്നു ഞാന്‍. അന്നുവരെയും കുറെ ബൈക്കുകള്‍ ഇടിച്ചു തകര്‍ത്തതിന്റെ ഖ്യാതി മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. പടച്ചവന്റെ കൃപാകടാക്ഷമെന്നു പറയട്ടെ, ഇത്തവണ ഒരു ടെസ്റ്റ് ഡ്രൈവ് കാര്‍ തകര്‍ക്കപ്പെടുമ്പോള്‍ അതിനകത്തിരുന്ന് ദൈവത്തെ ഉറക്കെ വിളിക്കുവാനുള്ള അവസരം എനിക്ക് ലഭിച്ചു.

ഇവിടെ നിങ്ങള്‍ വായിക്കാന്‍ പോകുന്നത് ഇക്കോസ്‌പോര്‍ട് എന്ന ചെറു എസ്‌യുവിയെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങളാണ്. ഓട്ടോമൊബൈല്‍ പത്രപ്രവര്‍ത്തകരില്‍ വളരെ അപൂര്‍വം പേര്‍ക്ക് മാത്രം ലഭിക്കാറുള്ള ഒരവസരം തന്നെയാണ് എനിക്ക് ലഭിച്ചത്. കാറിന്റെ സുരക്ഷാ സംവിധാനങ്ങളെല്ലാം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നേരിട്ട് ടെസ്റ്റ് ചെയ്യുകയായിരുന്നു ഞങ്ങള്‍. ശരിക്കും അവ അത്ഭുതകരമാം വിധം പ്രവര്‍ത്തിക്കുന്നുണ്ട്! നിങ്ങള്‍ക്ക് മുമ്പില്‍ എന്നെയിരുത്തി ഈ കഥ പറയിപ്പിക്കുന്നതില്‍ പടച്ചവനുള്ള പങ്ക് ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ സുരക്ഷാ സന്നാഹങ്ങള്‍ക്ക് ഉള്ള അത്രയുമില്ല എന്നുറപ്പ്!

അവലോകനം

അവലോകനം

ഫോഡ് ഇക്കോസ്‌പോര്‍ട് എന്ന ഈ ചെറുവാഹനം ഇന്ത്യയിലേക്കും മറ്റ് ഏഷ്യന്‍ വിപണികളിലേക്കുമായി ലക്ഷ്യം വെച്ചുള്ളതാണ്. കഴിഞ്ഞ വര്‍ഷത്തെ ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് ഇക്കോസ്‌പോര്‍ട് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. അന്തംവിട്ട സ്വീകരണമാണ് ലോഞ്ചിനു മുമ്പ് തന്നെ വാഹനത്തിന് ലഭിച്ചത്. വാഹനം ഒരു സംഭവം തന്നെയെന്ന പ്രതീതി മൊത്തതില്‍ പരന്നു. എന്താണ് ഈ വാഹനം ഒരു സംഭവമായി മാറാന്‍ കാരണം? നമുക്കൊന്ന് തപ്പാം.

Ford EcoSport Test Drive

ഫോഡ് ഫിയസ്റ്റ ബി സെഗ്മെന്റ് പ്ലാറ്റ്‌ഫോമിലാണ് ഇക്കോസ്‌പോര്‍ട് നിലപാടുറപ്പിക്കുന്നത്. ഫിയസ്റ്റയെക്കാള്‍ 11.5 ഇഞ്ച് നീളക്കൂടുതലുണ്ട് വാഹനത്തിന്. നാല് മീറ്ററിനകത്താണ് ഇക്കോസ്‌പോര്‍ട് വരുന്നത്. വീതി ഫിയസ്റ്റയുടേതിന് സമാനമാണ്.

ശില്‍പം

ശില്‍പം

ഇക്കോസ്‌പോര്‍ട്ടിന്റെ എന്താണ് കൂടുതലാകര്‍ഷിച്ചതെന്ന് നിങ്ങള്‍ ചോദിച്ചാല്‍, അത് വാഹനത്തിന്റെ ശില്‍പം തന്നെയെന്നാണ് എനിക്കുള്ള മറുപടി. അസാധ്യമായ സൗന്ദര്യം ഇക്കോസ്‌പോര്‍ടിന്റെ മുഖത്തിനുണ്ട്. വീതി കുറഞ്ഞ ഹെഡ്‌ലാമ്പുകളും മനോഹരമായ ഗ്രില്ലുകളും ചേര്‍ന്ന് മുന്‍വശത്തെ കാഴ്ചയെ ഉഷാറാക്കുന്നു. റോഡിലിറക്കിയാല്‍ നാല് പേര് നോക്കും എന്ന കാര്യം ഇക്കോസ്‌പോര്‍ട് ഉറപ്പ് തരുന്നു.

സ്‌പെയര്‍ ടയര്‍

സ്‌പെയര്‍ ടയര്‍

പിന്‍വശത്ത് ഘടിപ്പിച്ച സ്‌പെയര്‍ ടയര്‍ ഒരു ഭംഗിയായിട്ടാണ് എനിക്ക് തോന്നിയത്. എന്നാല്‍ ചിലര്‍ക്ക്, 90കളില്‍ ഇറങ്ങിയിരുന്ന എസ്‌യുവികളെ ഓര്‍ക്കാനുള്ള അവസരം നല്‍കും പിന്നിലെ സ്‌പെയര്‍ ടയര്‍. നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ അത് ഊരിമാറ്റാന്‍ സാധിക്കും എന്നറിയിക്കട്ടെ.

Ford EcoSport Test Drive

വാഹനത്തിന്റെ ഇന്റീരിയര്‍ കാഴ്ചയില്‍ ഉഷാറാണ്.

Ford EcoSport Test Drive

ഇക്കോസ്‌പോര്‍ട് തുകല്‍ സീറ്റുകളോടെ ലഭ്യമാണ്. കംഫര്‍ട് കൂടുതല്‍ വേണമെന്നുള്ളവര്‍ക്ക് ഈ വഴിക്ക് പോകാം. ഡ്രൈവര്‍ സീറ്റ് ഉയരം ക്രമീകരിക്കാനുള്ള സൗകര്യവും തരുന്നു. മെലിഞ്ഞവര്‍ക്കും ഇടത്തരം തടിയുള്ളവര്‍ക്കും സീറ്റിംഗ് ഒരു പ്രശ്‌നമാവില്ല. എനിക്ക് കുറച്ച് പ്രയാസം നേരിട്ടു. മൊത്തത്തില്‍, ഡ്രൈവിംഗ് സുഖം, ഹെഡ്‌റൂം, ലെഗ്‌റൂം എന്നിവ തരക്കേടില്ലെന്ന് തോന്നി.

Ford EcoSport Test Drive

ഇക്കോസ്‌പോര്‍ടിന്റെ ഇലക്ട്രിക് സ്റ്റീയറിംഗ് ഒട്ടും ആയാസമുണ്ടാക്കുന്നില്ല. ആവശ്യാനുസൃതം അഡ്ജസ്റ്റ് ചെയ്യാം എന്നത് വളരെ നല്ലതായിത്തോന്നി.

ഫിയസ്റ്റ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍

ഫിയസ്റ്റ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍

ഫോഡ് ഫിയസ്റ്റയുടെ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഏതാണ്ട് അതേപടി എടുത്തുവെച്ചിരിക്കുകയാണ് ഇക്കോസ്‌പോര്‍ടില്‍. ഡ്രൈവ് ചെയ്യുമ്പോള്‍, ഇന്ധനനില, ശരാശരി മൈലേജ്, ഇന്‍സ്റ്റന്റ് മൈലേജ്, ശരാശരി വേഗത, പുറത്തെ താപനില എന്നിവ കാണിക്കുന്ന 3.5 ഇഞ്ച് ഡിസ്‌പ്ലേ പരിശോധിക്കാന്‍ ഒട്ടും ആയാസമെടുക്കേണ്ടതില്ല. എന്‍ജിന്‍ സ്റ്റാര്‍ട് സ്‌റ്റോപ് ബട്ടനും വാഹനത്തിനുണ്ട്.

Ford EcoSport Test Drive

പിന്‍ സീറ്റുകള്‍ രണ്ട് വിഭാഗങ്ങളായി മടക്കുവാന്‍ സാധിക്കും. ബൂട്ട് സൗകര്യം ഇഷ്ടാനുസൃതം കൂട്ടുവാന്‍ ഇതുവഴി സാധിക്കുന്നു. പിന്‍ സീറ്റുകള്‍ മടക്കി വെക്കുന്നതോടെ വലിയ ബൂട്ട് സൗകര്യം സൃഷ്ടിക്കപ്പെടുകയാണ്. ഇതുംവെച്ച് നിങ്ങളെന്തോ ചെയ്യും? അടുത്ത താളിലേക്ക് നീങ്ങുക.

Ford EcoSport Test Drive

സീറ്റുകള്‍ മടക്കിവെച്ചാല്‍ 705 ലിറ്റര്‍ ബൂട്ട്‌സ്‌പേസാണ് സൃഷ്ടിക്കപ്പെടുന്നത്. ഒരു റഫ്രിജറേറ്റര്‍ തന്നെ വാഹനത്തില്‍ കയറ്റി വണ്ടിയോടിച്ചുപോകാം നിങ്ങള്‍ക്ക്! സീറ്റുകള്‍ സാധാരണ അവസ്ഥയിലാക്കിയാല്‍ 362 ലിറ്റര്‍ ബൂട്ട് സൗകര്യം ലഭിക്കും.

Ford EcoSport Test Drive

ഇന്റീരിയര്‍ സൗകര്യം സംബന്ധിച്ചുള്ള സന്ദേഹങ്ങളെ ഇവിടെ ഉപേക്ഷിക്കാം. ചിത്രത്തില്‍ വേണ്ടതെല്ലാമുണ്ട്.

Ford EcoSport Test Drive

എക്സ്റ്റീരിയര്‍ സവിശേഷതകള്‍ സംബന്ധിച്ച സന്ദേഹങ്ങള്‍ക്ക് ഈ ചിത്രം മറുപടി നല്‍കും.

Ford EcoSport Test Drive

ഇക്കോസ്‌പോര്‍ടിന്റെ ഡിസ്‌ക്/ഡ്രം സന്നാഹം കിടിലനാണെന്ന് ഞാന്‍ സാക്ഷ്യം നല്‍കും. ബ്രേക്കിംഗ് വളരെ സൂക്ഷ്മമായതും പെഡല്‍ പ്രതികരണം കൃത്യതയാര്‍ന്നതുമാണ്. സസ്‌പെന്‍ഷന്‍ എല്ലാ ഫോഡുകളെയും പോലെയാണ്. ഫോഡ് കാറുകള്‍ മിക്കപ്പോഴും വരാറുള്ളത് അല്‍പം കടുപ്പമേറിയ സസ്‌പെന്‍ഷനോടെയാണ്. ഇത് വാഹനത്തിന്റെ ഹാന്‍ഡ്‌ലിംഗ് മികവ് കൂട്ടുന്നു (ഉദാഹരണത്തിന്, വളവുകളില്‍ അനാവശ്യമായ ചാഞ്ചാട്ടം കുറച്ച് മികച്ച ഡ്രൈവിഗ് സുഖം നല്‍കുന്നു). ഇത് കംഫര്‍ട്ട് അല്‍പം കുറയ്ക്കുമെന്ന് പറയേണ്ടതില്ലല്ലൊ.

ഇക്കോസ്‌പോര്‍ട് സുരക്ഷ

ഇക്കോസ്‌പോര്‍ട് സുരക്ഷ

എന്നെയും സകല തിര്യക്കുകളെയും സൃഷ്ടിച്ച ലോകാധിപനായ തമ്പുരാന് സ്തുതി പറഞ്ഞുകൊണ്ടല്ലാതെ ഇക്കോസ്‌പോര്‍ടിന്റെ സുരക്ഷാ സംവിധാനത്തെ കുറിച്ച് പറയാന്‍ എനിക്കാവില്ല. വാഹനം ടെസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ ഏറെപ്പേരുണ്ടായിരുന്നു. എന്റെ ഊഴം കഴിഞ്ഞ് ഞാന്‍ പാസഞ്ചര്‍ സീറ്റിലേക്ക് മാറിയിരുന്നു. ഞാനിതുവരെ ഏര്‍പ്പെട്ടിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ ഒരപകടത്തിലേക്കാണ് എന്റെ സുഹൃത്ത് എന്നെ കൊണ്ടുപോയത്. അഞ്ചില്‍ കുറയാത്ത മലക്കം മറിച്ചിലികള്‍ക്ക് ശേഷമാണ് ഇക്കോസ്‌പോര്‍ട് ഒരിടത്ത് ചെന്നുനിന്നത്. ഈ അനുഭവത്തില്‍ നിന്ന് ഞാന്‍ പഠിച്ച് പാഠം ഇതാണ്: ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ സുരക്ഷാ സംവിധാനങ്ങള്‍ അസാധ്യം തന്നെയാണ്!

Ford EcoSport Test Drive

ആറ് എയര്‍ബാഗുകള്‍, എബ്എസ് + ഇബിഡി, എമര്‍ജന്‍സി അസിസ്റ്റ് എന്നിവ സുരക്ഷാ സംവിധാനങ്ങളുടെ കൂട്ടത്തിലുണ്ട്.

ക്ലച്ച്

ക്ലച്ച്

കുറച്ചധികം തിരക്കുള്ള നിരത്തുകളിലൂടെ സഞ്ചരിക്കാന്‍ പര്യാപ്തമായ നിലയില്‍ ക്ലച്ചില്‍ ചെറിയ പണികള്‍ ഇനിയും ആവശ്യമാണെന്നാണ് എന്റെ പക്ഷം.

ഇക്കോബൂസ്റ്റ് സാങ്കേതികത (വീഡിയോ)

ഞാന്‍ ടെസ്റ്റ് ചെയ്ത കാര്‍ ഇക്കോബൂസ്റ്റ് എന്‍ജിന്‍ പേറുന്നതായിരുന്നു. 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ ഇക്കോബൂസ്റ്റ് എന്‍ജിന്‍ വരുന്നത് 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഒപ്പം ഘടിപ്പിച്ചാണ്. എന്‍ജിന്‍ വളരെ സ്മൂത്താണ്. എന്‍ജിന്റെ വലിപ്പം അത്ഭുതപ്പെടുത്തും. ഒരു എ4 ഷീറ്റിനുള്ളില്‍ ഈ എന്‍ജിനെ സുഖകരമായി സ്ഥാപിക്കാം.! 123 കുതിരശക്തിയും 170 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ നല്‍കും. ടെസ്റ്റ് സമയത്ത് ലഭിച്ച മൈലേജ് ലിറ്ററിന് 15 കിലോമീറ്ററാണ്. ഫോഡ് അവകാശപ്പെടുന്നത് ലിറ്ററിന് 18.9 കിലോമീറ്ററാണ്.

ഗുണദോഷങ്ങള്‍

ഗുണദോഷങ്ങള്‍

ഗുണം:

ഇക്കോസ്‌പോര്‍ട് എന്‍ജിന്‍ ഇന്ത്യന്‍ റോഡുകളോട് എത്രയും ചേരുന്ന ഒരു അസാധ്യ സംഭവം തന്നെയാണ്. മികച്ച ഇന്റീരിയര്‍. ആധുനികമായ സ്‌റ്റൈലിംഗ്.

ദോഷം

സസ്‌പെന്‍ഷന്‍ അല്‍പം കടുത്തതാണ്. ഇതിനെ ദോഷമെന്ന് വിളിക്കുന്നതില്‍ അബദ്ധമുണ്ട്. ഹൈന്‍ഡ്‌ലിംഗ് കംഫര്‍ട് കൂട്ടുക എന്ന ഉദ്ദേശ്യമാണ് ഫോഡിനുള്ളത്. ഹൈവേകളില്‍ ഇലക്ട്രിക് സ്റ്റീയറിംഗ് ഒരല്‍പം ലൈറ്റായി അനുഭവപ്പെടുന്നു. ഉയരമുള്ളവര്‍ക്ക് ഡ്രൈവര്‍/കോ പാസഞ്ചര്‍ സാറ്റുകള്‍ ഇച്ചിരി ബുദ്ധിമുട്ടുണ്ടാക്കും.

ഡ്രൈവ്‌സ്പാര്‍ക് വിധി

ഡ്രൈവ്‌സ്പാര്‍ക് വിധി

ആധുനിക സാങ്കേതികത, സുരക്ഷാ സന്നാഹങ്ങള്‍, അത്യാധുനിക ഡിസൈന്‍ എന്നിവ ഒത്തു ചേര്‍ന്ന ഒരു ചെറു എസ്‌യുവി, വിപണിയില്‍ ഇന്നുള്ളതില്‍ വെച്ചേറ്റവും മികച്ച വിലയില്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിനുള്ള സന്ദര്‍ഭം ഇതാണ്!

വിലകള്‍

1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എന്‍ജിന് ഇപ്പോഴത്തെ വില ദില്ലി എക്‌സ്‌ഷോറൂം നിരക്കില്‍7.89 ലക്ഷം രൂപയാണ്.

എന്‍ജിനുകള്‍

എന്‍ജിനുകള്‍

 • 110 കുതിരശക്തിയും 140 എന്‍എം ചക്രവീര്യവുമുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍
 • 90 കുതിരശക്തിയും 204 എന്‍എം ചക്രവൂര്യവുമുള്ള 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍
 • 123 കുതിരശക്തിയും 170 എന്‍എം ചക്രവീര്യവുമുള്ള 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എന്‍ജിന്‍
ഇന്ധനക്ഷമത

ഇന്ധനക്ഷമത

 • 1.5 ലിറ്റര്‍ പെട്രോള്‍ - ലിറ്ററിന് 15.6 കിലോമീറ്റര്‍
 • 1.5 ലിറ്റര്‍ ഡീസല്‍ - ലിറ്ററിന് 22.7കിലോമീറ്റര്‍
 • 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് - ലിറ്ററിന് 18.9 കിലോമീറ്റര്‍
ട്രാന്‍സ്മിഷന്‍

ട്രാന്‍സ്മിഷന്‍

 • 5 സ്പീഡ് മാന്വല്‍
 • 6 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് (ഇത് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മാത്രം ലഭിക്കുന്നു)
നിറങ്ങള്‍

നിറങ്ങള്‍

 • മാര്‍സ് റെഡ്
 • കൈനറ്റിക് ബ്ലൂ
 • സീ ഗ്രേ
 • മൂണ്‍ ഡസ്റ്റ് സില്‍വര്‍
 • പാന്തര്‍ ബ്ലാക്
 • ഡയമണ്ട് വൈറ്റ് ചില്‍
Ford EcoSport Test Drive

മൂന്ന് എന്‍ജിന്‍ വേരിയന്‍റുകളാണ് വാഹനത്തിനുള്ളതെന്ന് ഡ്രൈവ്സ്പാര്‍ക് വായനക്കാര്‍ക്കറിയാം. 1.5 ലിറ്റര്‍ ശേഷിയുള്ള ഒരു ഡീസല്‍ എന്‍ജിനിനും 1.5 ലിറ്ററിന്‍റെ ഒരു പെട്രോള്‍ എന്‍ജിനിനും പുറമെ മറ്റൊരാള്‍ കൂടിയുണ്ട്. രണ്ടുതവണ തുടര്‍ച്ചയായി എന്‍ജിന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് വാങ്ങി ചരിത്രം സൃഷ്ടിച്ച അതേ പുള്ളി. ഫോഡ് ഇക്കോബൂസ്റ്റ് എന്‍ജിന്‍.

Ford EcoSport Test Drive

ഈ എന്‍ജിനുകളെ ഘടിപ്പിച്ചിരിക്കുന്നത് നാല് വേരിയന്‍റുകളിലായി വിന്യസിച്ചിട്ടുള്ള പത്തോളം പതിപ്പുകളിലാണ്. ആംബിയന്‍റെ, ട്രെന്‍ഡ്, ടൈറ്റാനിയം, ടൈറ്റാനിയം ഓപ്ഷണല്‍ എന്നിവയാണവ. ഇവയില്‍ ഏറ്റവും ഉയര്‍ന്ന വേരിയന്‍റ് ടൈറ്റാനിയം ആണ്. ഇതിലാണ് ഫോഡിന്‍റെ വിഖ്യാതമായ ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഘടിപ്പിച്ചിട്ടുള്ളത്.

ഇക്കോസ്പോര്‍ട് പെട്രോള്‍ പതിപ്പ് വിലകള്‍

ഇക്കോസ്പോര്‍ട് പെട്രോള്‍ പതിപ്പ് വിലകള്‍

5.59 ലക്ഷം വിലമതിക്കുന്ന ആംബിയന്‍റെ പെട്രോള്‍ ബേസ് വേരിയന്‍റ് വരുന്നത് 1.5 ലിറ്റര്‍ എന്‍ജിനുമായാണ്. ട്രന്‍ഡിന് വില 6.49 ലക്ഷം. ടൈറ്റാനിയം ട്രിം വരുന്നത് 7.51 ലക്ഷം രൂപ വിലയിലാണ്. ടൈറ്റാനിയം ഓപ്ഷണലിന്‍റെ വില 8.45 ലക്ഷമാണ്.

റിനോ ഡസ്റ്റര്‍ പെട്രോള്‍ പതിപ്പുമായി താരതമ്യം

റിനോ ഡസ്റ്റര്‍ പെട്രോള്‍ പതിപ്പുമായി താരതമ്യം

ഇക്കോസ്പോര്‍ടിന്‍റെ എതിരാളിയായി ആഘോഷിക്കപ്പെടുന്ന വാഹനമാണല്ലൊ റിനോ ഡസ്റ്റര്‍. 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഡസ്റ്ററിനുള്ളത്. ഈ ചെറു എസ്‍യുവിയുടെ പെട്രോള്‍ പതിപ്പുകളില്‍ ബേസ് വേരിയന്‍റിന് 7.99 ലക്ഷം രൂപ വിലവരും എക്സ്ഷോറൂം നിരക്ക് പ്രകാരം. ഉയര്‍ന്ന പതിപ്പിന് 8.93 ലക്ഷവും വിലയുണ്ട്.

ഇക്കോസ്പോര്‍ട് ഡീസല്‍ പതിപ്പ് വിലകള്‍

ഇക്കോസ്പോര്‍ട് ഡീസല്‍ പതിപ്പ് വിലകള്‍

താഴ്ന്ന വേരിയന്‍റായ ആംബിയന്‍റെക്ക് വില 6.69 ലക്ഷമാണ്. അടുത്ത വേരിയന്‍റായ ട്രന്‍ഡ് 7.61 ലക്ഷത്തിലും തൊട്ടു മുകളിലുള്ള ടൈറ്റാനിയത്തിന് 8.62 ലക്ഷവും വില വരും. ടൈറ്റാനിയം ഓപ്ഷണലിന് വില 8.99 ലക്ഷമാണ്.

റിനോ ഡസ്റ്റര്‍ ഡീസല്‍ പതിപ്പുമായി താരതമ്യം

റിനോ ഡസ്റ്റര്‍ ഡീസല്‍ പതിപ്പുമായി താരതമ്യം

1.5 ലിറ്ററിന്‍റെ ഡീസല്‍ എന്‍ജിനാണ് ഡസ്റ്ററിനുള്ളത്. റിനോ ഡസ്റ്ററിന്‍റെ ഡീസല്‍ ബേസ് പതിപ്പിന് 8.73 ലക്ഷം രൂപ വിലയുണ്ട്. മധ്യനിര പതിപ്പിനാകട്ടെ, 9.73 ലക്ഷമാണ് വില. ഏറ്റവുമുയര്‍ന്ന ഡസ്റ്റര്‍ ഡീസല്‍ പതിപ്പിന് 10.93 ലക്ഷം വിലവരുന്നു.

ഇക്കോബൂസ്റ്റ് എന്‍ജിന്‍

ഇക്കോബൂസ്റ്റ് എന്‍ജിന്‍

ഇനി പറയാനുള്ളത് ഇക്കോബൂസ്റ്റ് എന്‍ജിന്‍ വിശേഷങ്ങളാണ്. ടൈറ്റാനിയം വേരിയന്‍റിലാണ് ഈ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നത്. ബേസ് പതിപ്പിന് വില 7.89 ലക്ഷമാണ്. ടൈറ്റാനിയം ഓപ്ഷണല്‍ വില 8.29 ലക്ഷവും.

ആംബിയന്‍റെയില്‍ ഉള്ളവ

ആംബിയന്‍റെയില്‍ ഉള്ളവ

ബേസ് പതിപ്പാണ് ആംബിയന്‍റെ എന്നു പറഞ്ഞല്ലൊ. ഈ പതിപ്പില്‍ സൗകര്യാനുസൃതം അഡ്ജസ്റ്റ് ചെയ്യാവുന്ന ടെലിസ്കോപിക് സ്റ്റീയറിംഗ്, ഓക്സ്-ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള മ്യൂസിക് പ്ലേയര്‍, ഇലക്ട്രിക് വിങ് മിററുകള്‍, റിമോട്ട് ലോക്കിംഗ്, മള്‍ടി ഫങ്ഷന്‍ ഡിസ്പ്ലേ, 15 ഇഞ്ച് വീലുകള്‍ എന്നിവ ചേര്‍ത്തിട്ടുണ്ട്. ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍ മാത്രമേയുള്ളൂ ആംബിയന്‍റെയില്‍. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും വാഹനം വരുന്നു. രണ്ടിലും മാന്വല്‍ ഗിയര്‍ബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്.

ട്രന്‍ഡ് പതിപ്പിലുള്ളവ

ട്രന്‍ഡ് പതിപ്പിലുള്ളവ

ട്രന്‍ഡില്‍ പിന്നിലും പവര്‍ വിന്‍ഡോകളാണുള്ളത്. ആംബിയന്‍റെയില്‍ നിന്ന് ഈ വേരിയന്‍റിനെ ഉയര്‍ത്തുന്ന പ്രധാന ഘടകം ആന്‍റി ലോക്ക് ബ്രേക്കിംഗ് സംവിധാനത്തിന്‍റെ സാന്നിധ്യമാണ്. സ്റ്റീയറിംഗില്‍ ഓഡിയോ നിയന്ത്രണങ്ങള്‍, ഡ്രൈവര്‍ സീറ്റ് ഉയരം നിയന്ത്രിക്കാനുള്ള സൗകര്യം എന്നിവയാണ് മറ്റ് സന്നാഹങ്ങള്‍. പെട്രോളിലും ഡീസലിലും ലഭ്യമാണ് ഈ പതിപ്പ്. മാന്വല്‍ ട്രാന്‍സ്മിഷന്‍ മാത്രമേയുള്ളൂ ഇതിലും.

ടൈറ്റാനിയത്തിലുള്ളവ

ടൈറ്റാനിയത്തിലുള്ളവ

ഉയര്‍ന്ന പതിപ്പായ ടൈറ്റാനിയത്തില്‍ തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍, 16 ഇഞ്ച് അലോയ് വീലുകള്‍, ഉള്ളിലെ കാലാവസ്ഥാ നിയന്ത്രണം, റൂഫ് റെയിലുകള്‍, മുന്‍ ഫോഗ് ലാമ്പുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, എന്നിവയുണ്ട്. ഡ്യൂവല്‍ എയര്‍ബാഗുകള്‍ സുരക്ഷാ സന്നാഹങ്ങളുടെ കൂട്ടത്തില്‍ കാണുന്നുണ്ട്.

ടൈറ്റാനിയം ഓപ്ഷണല്‍

ടൈറ്റാനിയം ഓപ്ഷണല്‍

ടൈറ്റാനിയം പതിപ്പില്‍ ചില തെരഞ്ഞെടുക്കാവുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് ഇത് ഒരു പതിപ്പായി ലഭിക്കുന്നു. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്, തുകല്‍ സീറ്റുകള്‍, കീലെസ് എന്‍ട്രി, സൈഡ് എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ എന്നീ സവിശേഷതകള്‍ അധികമായി ലഭിക്കും ഈ പതിപ്പില്‍.

ഓട്ടോമാറ്റിക് പതിപ്പ്

ഓട്ടോമാറ്റിക് പതിപ്പ്

ഓട്ടോമാറ്റിക് ഇക്കോസ്പോര്‍ട് വേണമെന്നുള്ളവര്‍ക്ക് ഇക്കോബൂസ്റ്റ് എന്‍ജിന്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. ടൈറ്റാനിയം വേരിയന്‍റില്‍ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനോടൊപ്പമാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനം ഘടിപ്പിച്ചിരിക്കുന്നത്.

Ford EcoSport Test Drive

ഇക്കോബൂസ്റ്റ് എന്‍ജിന്‍ വരുന്നത് ടൈറ്റാനിയം വേരിയന്‍റില്‍ തന്നെയാണ്. ടൈറ്റാനിയത്തിലും ടൈറ്റാനിയം ഓപ്ഷണലിലും ഇക്കോബൂസ്റ്റ് ഘടിപ്പിച്ചു കിട്ടും.

എക്സ്റ്റീരിയര്‍ അടുത്തുനിന്നുള്ള കാഴ്ചകള്‍

എക്സ്റ്റീരിയര്‍ അടുത്തുനിന്നുള്ള കാഴ്ചകള്‍

മികച്ച നിലവാരമുള്ള ഹാലജന്‍ ബള്‍ബ് ഘടിപ്പിച്ച ഇക്കോസ്‌പോര്‍ട് ഹെഡ്‌ലാമ്പ് സ്‌റ്റൈലന്‍ ഡിസൈനില്‍ വരുന്നു. രാത്രിയില്‍ ടെസ്റ്റ് ചെയ്യാന്‍ അവസരം കിട്ടിയില്ല എന്നറിയിക്കട്ടെ.

Ford EcoSport Test Drive

ടേണ്‍ സിഗ്നലുകള്‍ ഘടിപ്പിച്ച വിങ് മിററുകള്‍ ഇക്കോസ്‌പോര്‍ടിനുണ്ട്. ഓട്ടോ ഫോള്‍ഡിംഗ് ഉണ്ടായിരുന്നെങ്കില്‍ കുറെക്കൂടി നന്നായേനെ അല്ലേ?

Ford EcoSport Test Drive

ടെയ്ല്‍ ഗേറ്റ് ഹാന്‍ഡിലില്‍ പിന്‍ ലാമ്പിനോട് ചേര്‍ത്ത് ഘടിപ്പിച്ചിരിക്കുന്ന പണി കണ്ടില്ലെ. ഈ ഡിസൈന്‍ അസാധ്യം!

Ford EcoSport Test Drive

ടെയ്ല്‍ ഗേറ്റ് ഹാന്‍ഡിലില്‍ കാണുന്ന ബട്ടണില്‍ അമര്‍ത്തിയാല്‍ വാതില്‍ തുറന്നു കിട്ടും.

Ford EcoSport Test Drive

ഫോഗ് ലാമ്പുകളില്‍ അല്‍പം ക്രോം പരിചരണം ലഭിച്ചിട്ടുണ്ട്.

Ford EcoSport Test Drive

രണ്ട് ലൈറ്റുകളുണ്ട് ടെയ്ല്‍ ലാമ്പില്‍. ബ്രേക്ക് ലൈറ്റും ബ്ലിങ്കറും.

Ford EcoSport Test Drive

ടെയ്ല്‍ ലാമ്പിന്റെ മറ്റൊരു കാഴ്ച

Ford EcoSport Test Drive

ഗ്രില്‍ ഡിസൈന്‍ സംഭവമായിട്ടുണ്ട്

Ford EcoSport Test Drive

ചെറു എസ്‌യുവികളില്‍ കാണാറുള്ള അലോയ്കളുമായി താരതമ്യം ചെയ്തുനോക്കിയാല്‍ ഇക്കോസ്‌പോര്‍ടിന്റേത് എത്ര മികച്ചതാണെന്ന് ബോധ്യപ്പെടും!

Ford EcoSport Test Drive

ടൈറ്റാനിയം ബാഡ്ജ്. ഈ വേരിയന്റിലാണ് ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഘടിപ്പിച്ചതെന്ന് നേരത്തെ പറഞ്ഞുവല്ലൊ.

English summary
Ford EcoSport Review: Features, Specs, Price & More Review: Ford Ecosport Review from Drivespark. This Ford Ecosport review highlights Ford Ecosport mileage, Ford Ecosport prices, Ecosport specs & more

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark