ഹോണ്ട അമേസ് സെഡാന്‍ റിവ്യൂ

Posted By:

സ്വന്തം ഉല്‍പന്നങ്ങളിലുള്ള ഹോണ്ടയുടെ കടുത്ത ആത്മവിശ്വാസം അമിതമെന്ന് ഹോണ്ടയെ അറിഞ്ഞിട്ടുള്ളവര്‍ പറയില്ല. കമ്പനിയുടെ ഈ ആത്മവിശ്വാസത്തോളം തന്നെ കരുത്തുറ്റതാണ് ഉപഭോക്താക്കള്‍ക്ക് ഹോണ്ട മോഡലുകളിലുള്ള വിശ്വാസം. എങ്കിലും, ഇത് ചിലപ്പോഴെല്ലാം അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കാറുണ്ട്. അങ്ങനെയൊന്നായിരുന്നു വിപണിയില്‍ ഹോണ്ട ഈയിടെ നേരിട്ട 'ഡീസല്‍ പ്രതിസന്ധി'. ഒന്നോ രണ്ടോ ആഴ്ചകള്‍ക്കൊണ്ട് ഇന്ത്യന്‍ വിപണിയൊട്ടാകെ ഡീസല്‍ കാറുകളിലേക്ക് പെട്ടെന്ന് തിരിയുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായ ഈ രാസമാറ്റം കണ്ട് അതുവരെ പെട്രോളധിഷ്ഠിതമായിരുന്ന വിപണി അന്തംവിട്ടുനിന്നു.

ഇന്ത്യക്കാരന്‍റെ ഈ തിരിപ്പില്‍ ശരിക്കും കുടുങ്ങിപ്പോയത് ഹോണ്ടയാണ്. പെട്രോള്‍ കാറുകള്‍ മാത്രമേ വിപണിയിലെത്തിക്കൂ എന്ന വാശിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കമ്പനി. പെട്രോള്‍ കാറുകളുടെ വില്‍പന അടിക്കടി കുറഞ്ഞ ഘട്ടത്തിലും, ഇതൊരു താല്‍ക്കാലിക പ്രതിഭാസമെന്ന് വിശ്വസിക്കാന്‍ ഹോണ്ട ശ്രമിച്ചുകൊണ്ടിരുന്നു.

ഇന്ത്യയിലെ വേണ്ടത്ര ശുദ്ധീകരണത്തിന് വിധേയമാകാത്ത ഡീസല്‍ ഇന്ധനത്തെ ചൂണ്ടിക്കാട്ടിയാണ് ഹോണ്ട ദീര്‍ഘകാലമായി തങ്ങള്‍ വളര്‍ത്തിയെടുത്ത മൂല്യധാരണകളില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ നിലപാടും കൊണ്ട് രാജ്യത്ത് അധികദൂരം സഞ്ചരിക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ ഡീസല്‍ എന്‍ജിന്‍ കാര്‍ അവതരിപ്പിക്കാന്‍ ഹോണ്ട നിര്‍ബന്ധിതമായി.

ഹോണ്ട അമേസീയം

മാരുതി സുസൂക്കി ഡിസൈറിനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിക്കുന്നതായിരുന്നു ഹോണ്ടയുടെ ഡീസല്‍ വാഹന പ്രഖ്യാപനം. ഹോണ്ടയുടെ ആദ്യ ഡീസല്‍ കാര്‍ എന്‍ട്രിലെവല്‍ സെഗ്മെന്‍റില്‍ ഏകാധിപത്യം തുടരുന്ന ഡിസൈറിനുള്ള എതിരാളിയായിരിക്കുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. യൂറോപ്യന്‍ വിപണിയില്‍ നേരത്തെ ലോഞ്ച് ചെയ്ത ഡീസല്‍ സിറ്റി സെഡാന്‍ രാജ്യത്തെത്തുമെന്നാണ് കരുതിയത്. എന്നാല്‍, എന്‍ട്രി ലെവല്‍ വിഭാഗങ്ങളില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനുള്ള ഹോണ്ടയുടെ നയത്തിന്‍റെ ഭാഗമായി, ഹോണ്ട ബ്രിയോയുടെ സെഡാന്‍ പതിപ്പില്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിക്കാമെന്നാണ് തീരുമാനം വന്നത്. അങ്ങനെ കാത്തുകാത്തിരുന്ന് അമേസ് ഡീസല്‍ സെഡാന്‍ വിപണിയിലെത്തിയിരിക്കുകയാണ്. ഇവിടെ ആദ്യത്തെ കൗതുകം ഡീസല്‍ എന്‍ജിന്‍ തന്നെയാണ്. അമേസില്‍ ഘടിപ്പിച്ചിരിക്കുന്ന 1.5 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനില്‍ തന്നെ നമുക്ക് തുടങ്ങാം.

ഹോണ്ട അമേസിലെ ഡീസല്‍ എന്‍ജിന്‍

കുറെ നാളുകള്‍ക്കു മുമ്പ് യൂറോപ്യന്‍ വിപണിയിലെ ഹോണ്ട സിറ്റിയല്‍ അവതരിപ്പിച്ച 1.6 ലിറ്റര്‍ (ഐ-ഡിടെക്) ശേഷിയുള്ള ഡീസല്‍ എന്‍ജിനിന്‍റെ അല്‍പം ശേഷി കുറഞ്ഞ പതിപ്പാണ് അമേസിലുള്ളത്. ഇത് 1.5 ലിറ്റര്‍ ശേഷിയുള്ളതാണ്. ചെറുകാര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുവാന്‍ എന്‍ജിന്‍ ശേഷി കുറയ്ക്കുന്നതിന് നിര്‍ബന്ധിതമാവുകയായിരുന്നു ഹോണ്ട. ഇത് നികുതിയിളവ് പ്രമാണിച്ച് ചെയ്യുന്നതാണ്. 1.6 ലിറ്റര്‍ എന്‍ജിനില്‍ ഘടിപ്പിച്ചിട്ടുള്ള ഫിക്സഡ് ജ്യോമട്രി ടര്‍ബോചാര്‍ജറിന്‍റെ ഒരു ചെറിയ പതിപ്പാണ് അമേസ് എന്‍ജിനില്‍ ഘടിപ്പിച്ചിരിക്കുന്നത്.

എന്‍ജിന്‍ ഭാരം കുറയ്ക്കുവാന്‍ സഹായകമായ ദ്രവ്യങ്ങളുപയോഗിച്ചാണ് നിര്‍മാണം. ഈ സെഗ്മെന്‍റില്‍ ഇത്രയും ഭാരം കുറഞ്ഞ എന്‍ജിന്‍ ലോകത്ത് വേറെയില്ല എന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. അലൂമിനിയമാണ് ഈ എന്‍ജിന്‍റെ ഭൂരിഭാഗം ഭാഗങ്ങളും. ഈ ദ്രവ്യം വൈബ്രേറ്റ് ചെയ്ത് കൂടുതല്‍ ശബ്ദമുണ്ടാക്കാന്‍ ശേഷിയുള്ളതാണ്. ഇത് കുറയ്ക്കാനായി എന്‍ജിന്‍ മൗണ്ടുകളില്‍ ഫ്ലൂയിഡ് നിറച്ചിരിക്കുകയാണ്. എന്‍ജിന്‍ ഫ്രിക്ഷന്‍ പരമാവധി കുറയ്ക്കാന്‍ സഹായകമാകുന്ന സാങ്കേതികതയുടെ പ്രയോഗവും എടുത്തു പറയേണ്ടതാണ്.

യൂറോപ്യന്‍ വിപണിയില്‍ 1.6 ലിറ്റര്‍ എന്‍ജിനില്‍ നിന്ന് അമേസിലെ 1.5 ലിറ്റര്‍ എന്‍ജിന്‍ മറ്റൊരു വ്യത്യാസമുള്ളത് ഡീസല്‍ പാര്‍ട്ടിക്യുലേറ്റ് ഫില്‍ട്ടറിന്‍റെ അസാന്നിധ്യമാണ്. ഡീസല്‍ എന്‍ജിനിലും എക്സോസ്റ്റിലുമെല്ലാം സ്വാഭാവികമായി അടിഞ്ഞുകൂടുന്ന 'സൂട്ട് പാര്‍ട്ടിക്ക്ള്‍സി'നെ നീക്കം ചെയ്യുവാനാണ് ഈ ഫില്‍ട്ടര്‍ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ഇത് നിര്‍ബന്ധമില്ല.

പെട്രോള്‍ എന്‍ജിന്‍

1.2 ലിറ്റര്‍ ശേഷിയുള്ള ഐ-വിടെക് എന്‍ജിനാണ് അമേസില്‍ ഘടിപ്പിച്ചിരിക്കുന്നത്.

അമേസിന്‍ ഡിസൈന്‍

മുന്‍വശത്തെ കാഴ്ചയില്‍ ഹോണ്ട അമേസ്, ബ്രിയോയില്‍ നിന്ന് കാര്യപ്പെട്ട പ്രത്യശാസ്ത്ര വ്യതിയാനമൊന്നും കാണിക്കുന്നില്ല. മുന്‍ ഗ്രില്ലില്‍ ബ്രിയോയ്ക്കുള്ളത് ഒറ്റ ആരമാണെങ്കില്‍ അമേസില്‍ അത് ഇരട്ടയാണ്. ഇതാണ് കാണ്ണില്‍ പെടുന്ന പ്രധാന വ്യത്യാസം. ബംപര്‍ ബോഡിയുടെ സമാന നിറത്തില്‍ വരുന്നു.

വശങ്ങളിലും അടിസ്ഥാനപരമായി ബ്രിയോ ഹാച്ച്ബാക്ക് ഡിസൈന്‍ തീമിനോട് കടപ്പെട്ടിരിക്കുന്നു അമേസ്. കാറ്റോട്ടത്തെ തടയാത്ത ആ വരകളും കുറികളും സമാനമായ അളവുതൂക്കങ്ങളില്‍ അമേസിലും കാണാം. ഇതോടൊപ്പം പിന്‍ ഡോറില്‍ നിന്ന് റിയര്‍ ലാമ്പുകളിലേക്കെത്തുന്ന ഒരു പുതിയ ലൈന്‍ കൂടി പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്. ഇത് ബൂട്ടിന് ഒരല്‍പം സ്വാഭാവികത നല്‍കാന്‍ സഹായിക്കുന്നു. റിയര്‍ ബംപറിലും ഇത്തരം ലൈനുകള്‍ തുടരുന്നത് കാണാം.

പിന്‍വശം സ്വാഭാവികമായും ബ്രിയോയില്‍ നിന്ന് മാറ്റമുണ്ട് എന്നു പറഞ്ഞാല്‍ മതിയാവില്ല. മൗലികമായിത്തന്നെ വ്യത്യാസപ്പെട്ടു കിടക്കുന്നു ഇവിടം. 'ബ്രിയോയ്ക്ക് ബൂട്ട് ഘടിപ്പിച്ചത്' എന്ന് ആരും അമേസിനെ കുറ്റപ്പെടുത്തില്ല; സ്വിഫ്റ്റ് ഡിസൈറിനെ പറയുന്നതുപോലെ. വളരെ തന്ത്രപരമായ 'പണി' ഇക്കാര്യത്തില്‍ ഹോണ്ട എന്‍ജിനീയര്‍മാരും ഡിസൈനര്‍മാരും ചെയ്തിരിക്കുന്നു.

ഡിസൈനില്‍, ഹോണ്ട ബ്രിയോയുടെ സൗന്ദര്യത്തോളമെത്താന്‍ അമേസിന് സാധിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സന്ദേഹമുണ്ട്. പ്രത്യേകിച്ച് ബ്രിയോയുടെ പിന്‍ ഡിസൈനിലും മറ്റും തെളിഞ്ഞു കാണുന്ന 'ആര്‍ട്ടിസ്റ്റ് പെന്‍സില്‍ സ്ട്രോക്കുകള്‍' അമേസിലില്ല.

ടെയ്‍ല്‍ ലാമ്പുകള്‍ക്ക് ബ്രിയോ ടച്ച് വരാതിരിക്കാന്‍ മനപ്പൂര്‍വം ശ്രദ്ധിച്ചിട്ടുണ്ടാവണം ഡിസൈനര്‍മാര്‍. സിറ്റി സെഡാനിന്‍റെ ശില്‍പത്തോടാണ് ഇവയ്ക്ക് കൂടുതല്‍ ചായ്‍വ്. ബൂട്ട് ലിഡില്‍ ഒരു ക്രോം ലൈന്‍ പാഞ്ഞിട്ടുള്ളതായും കാണാം.

പെട്രോള്‍-ഡീസല്‍എന്‍ജിന്‍ പതിപ്പുകളില്‍ ഡിസൈന്‍പരമായ ഒരു വ്യത്യാസമുള്ളത് ശ്രദ്ധിക്കണം. വ്യത്യസ്തമായ അലോയ് വീലുകളാണ് ഇവയ്ക്ക് ലഭിക്കുക.

ഇന്‍റീരിയറിലെ അമേസ്

കാറിന്‍റെ ഉള്‍വശത്തെ വ്യക്തിത്വം തീരുമാനിക്കുന്ന ഡാഷ്‍ബോര്‍ഡാണെന്ന കാര്യത്തില്‍ ആരും തര്‍ക്കിക്കാന്‍ വരില്ലെന്ന് തോന്നുന്നു. അങ്ങനെയെങ്കില്‍ അമേസിനകത്ത് കയറിയാല്‍ ആരും 'ബ്രിയോ!' എന്ന് വിളിച്ചുപോകും! കറുപ്പും ബീജും ബ്രൗണും നിറങ്ങളുടെ അതേ തീമില്‍ സമാനമായ ഡാഷ്‍ബോര്‍ഡ് ഘടിപ്പിച്ചിരിക്കുകയാണ് കാറില്‍.

കാബിന്‍ സ്പേസ് വര്‍ധിപ്പിക്കുന്നതിന് ഹോണ്ട എടുത്തിട്ടുള്ള പണി അഭിനന്ദിക്കപ്പെടണം. പിന്‍ കാബിനിലെ ലെഗ് റൂം 930എംഎം ആണ്. ഇത് ഹോണ്ട സിറ്റിയുടേതിന് സമാനമാണ്. മൂന്ന് മുതിര്‍ന്നവര്‍ക്ക് സുഖമായി പിന്‍ കാബിനില്‍ യാത്ര ചെയ്യാം. രണ്ട് കപ് ഹോള്‍ഡറോടു കൂടുയ സെന്‍റര്‍ ആം റെസ്റ്റും പിന്‍കാബിനിലുണ്ട്. ഇത്രയും ഇടം യാത്രക്കാര്‍ക്ക് മാറ്റിവെച്ചിട്ടും അമേസിന്‍റെ ബൂട്ട് സ്പേസ് സ്വിഫ്റ്റ് ഡിസൈറിനെക്കാള്‍ മീതെയാണ്. 400 ലിറ്റര്‍ ആണ് അമേസ് ബൂട്ട് ശേഷി. സ്വിഫ്റ്റ് ഡിസൈറിന്‍റേത് 315 ലിറ്ററാണ്.

ബ്രിയോയുടെ വീല്‍ബേസിനെക്കാള്‍ 60 മില്ലിമീറ്റര്‍ കൂടുതലാണ് അമേസിന്‍റേത്. 2405 എംഎം അമേസ് വീല്‍ബേസ്.

കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും ഗാലറിയില്‍ കാണാം.

ഹോണ്ട അമേസ് റിവ്യൂ

ഹോണ്ട അമേസ് റിവ്യൂ

പെട്രോള്‍ പതിപ്പിനും ഡീസല്‍ പതിപ്പിനും മൂന്നുവീതം വേരിയന്‍റുകള്‍ നിരത്തിലിറക്കുന്നുണ്ട്. നിരവധി സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്താണ് ഓരോ വേരിയന്‍റും നിലയുറപ്പിക്കുന്നത്. പവര്‍ ഫോള്‍ഡിംഗ് മിററുകള്‍, താപത്തെ പ്രതിരോധിക്കുന്ന വിന്‍ഡ് ഷീല്‍ഡ്, എബിഎസ് എന്നിവ എല്ലാ പതിപ്പുകളിലും സ്റ്റാന്‍ഡേര്‍ഡ് സവിശേഷതയായി നിലനിര്‍ത്തിയിരിക്കുന്നു.

ഹോണ്ട അമേസ് റിവ്യൂ

ഹോണ്ട അമേസ് റിവ്യൂ

ഹോണ്ട അമേസ് പെട്രോള്‍ പതിപ്പ് വിലകള്‍ (ദില്ലി എക്സ്ഷോറൂം)

ഇ ഗ്രേഡ് - 4.99 ലക്ഷം.

ഇഎക്സ് ഗ്രേഡ് - 5.24 ലക്ഷം.

എസ് ഗ്രേഡ് 5.62 ലക്ഷം.

വിഎക്സ് ഗ്രേഡ് - 6.60 ലക്ഷം.

എസ് ഗ്രേഡ് ഓട്ടോമാറ്റിക് - 6.62 ലക്ഷം.

വിഎക്സ് ഗ്രേഡ് ഓട്ടോമാറ്റിക് - 7.50 ലക്ഷം.

ഹോണ്ട അമേസ് റിവ്യൂ

ഹോണ്ട അമേസ് റിവ്യൂ

ഡീസല്‍ അമേസ് വില (ദില്ലി എക്സ്ഷോറൂം)

ഇ ഗ്രേഡ് 5.99 ലക്ഷം

ഇഎക്സ് ഗ്രേഡ് 6.24 ലക്ഷം

എസ് ഗ്രേഡ് 6.67 ലക്ഷം

വിഎക്സ് ഗ്രേഡ് 7.60 ലക്ഷം

ഹോണ്ട അമേസ് റിവ്യൂ

ഹോണ്ട അമേസ് റിവ്യൂ

1.5 ലിറ്റര്‍ ശേഷിയുള്ള ഹോണ്ട ഡീസല്‍ എന്‍ജിന്‍ പകരുന്നത് 98.63 കുതിരകളുടെ കരുത്താണ്. 200 എന്‍എം എന്ന മികച്ച ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നു. ഒരുപക്ഷെ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും മികച്ച മൈലേജായിരിക്കും അമേസ് ഡീസലിന്‍റേത്. 25.8 ആണ് അമേസ് ഡീസല്‍ കാര്‍ മൈലേജ്!

ഹോണ്ട അമേസ് റിവ്യൂ

ഹോണ്ട അമേസ് റിവ്യൂ

1.2 ലിറ്ററിന്‍റെ ഐ-വിടെക് പെട്രോള്‍ എന്‍ജിന്‍ 86.79 കുതിരശക്തി പകരുന്നു. 1.9 എന്‍എം ആണ് ചക്രവീര്യം. ലിറ്ററിന്‍ 1.5 മൈവലേജ് നല്‍കുന്നു ഈ എന്‍ജിന്‍.

ഹോണ്ട അമേസ് റിവ്യൂ

ഹോണ്ട അമേസ് റിവ്യൂ

രണ്ട് വര്‍ഷത്തെ, അല്ലെങ്കില്‍ 40,000 കിലോമീറ്റര്‍ ദൂരം വരെ വാറന്‍റി നല്‍കുന്നുണ്ട് അമേസിന്.

ഹോണ്ട അമേസ് റിവ്യൂ

ഹോണ്ട അമേസ് റിവ്യൂ

ആറ് നിറങ്ങളില്‍ അമേസ് വിപണിയില്‍ ലഭിക്കുന്നു.

മജസ്റ്റിക് ബ്ലൂ മെറ്റാലിക്

കാര്‍നീലിയന്‍ റെഡ് പേള്‍

അര്‍ബന്‍ ടൈറ്റാനിയം മെറ്റാലിക്

അലാബസ്റ്റര്‍ സില്‍വര്‍ മെറ്റാലിക്

ക്രിസ്റ്റല്‍ ബ്ലാക് പേള്‍

ടഫീറ്റ വൈറ്റ്

ഹോണ്ട അമേസ് റിവ്യൂ

ഹോണ്ട അമേസ് റിവ്യൂ

മികച്ച സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരിക്കുന്നു വാഹനത്തില്‍. ഡ്യുവല്‍ എസ്ആര്‍എസ് എയര്‍ബാഗുകള്‍, ആന്‍റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ എന്നിങ്ങനെയുള്ളവയാണ് സംവിധാനങ്ങള്‍. ഇവയില്‍ എബിഎസ്സും ഇബിഡിയും എല്ലാ ഡീസല്‍ പതിപ്പിലും ഓട്ടോമാറ്റിക് പതിപ്പിലും സ്റ്റാന്‍ഡേഡ് ആയി ലഭിക്കുന്നു. പെട്രോള്‍ പതിപ്പില്‍ മാത്രമാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭ്യമായിട്ടുള്ളത്.

ഉയര്‍ന്ന പതിപ്പുകളിലാണ് ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ നല്‍കുന്നുണ്ട്.

ഏപ്രില്‍ 1ന് തുടങ്ങിയതാണ് അമേസ് ബുക്കിംഗ്. ലോഞ്ച് ദിനം മുതല്‍ തന്നെ ഡെലിവറി തുടങ്ങിയിട്ടുണ്ട് എന്നാണ് അറിയുന്നത്. രാജ്യത്തെ 97 നഗരങ്ങളിലായി 150ളം വിതരണക്കാരാണ് കമ്പനിക്കുള്ളത്.

English summary
Honda has launched the much awaited entry level Amaze sedan in India. Here you can read a review.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more