Just In
Don't Miss
- Finance
വിപണി നേട്ടത്തില്‍ ഉണര്‍ന്നു; 50,700 തൊട്ട് സെന്‍സെക്സ്, നിഫ്റ്റി 15,000 പോയിന്റിൽ തിരിച്ചെത്തി
- Lifestyle
വനിതാ ദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍
- News
മലപ്പുറത്ത് സിപിഎം പട്ടിക തയ്യാര്‍; ടിഎം സിദ്ദിഖ് സ്ഥാനാര്‍ഥിയാകില്ല, സ്വതന്ത്രരെ ഇറക്കി വീണ്ടും കളി
- Sports
IPL 2021: കോലിപ്പടക്ക് കപ്പ് വേണം, ആദ്യ എതിരാളി രോഹിതിന്റെ മുംബൈ, സമ്പൂര്‍ണ്ണ മത്സരക്രമം
- Movies
ചൂടെണ്ണയില്‍ കടുകിട്ട പോല വന്ന മിഷേല്‍; സേഫ് ഗെയിം കളിക്കുന്ന നോബി ക്യാപ്റ്റനാകുമ്പോള്‍!
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വലിയ സെഡാനുകളുടെ ലോകത്ത് ഹോണ്ട സിവിക് — റിവ്യു
ഹോണ്ടയുടെ ഏറ്റവും പ്രചാരമുള്ള കാറുകളില്‍ ഒന്നാണ് സിവിക്. 47 വര്‍ഷത്തെ പാരമ്പര്യമുണ്ട് കാറിന് പറയാന്‍. 1972 -ല്‍ N600 മോഡലിന് പകരക്കാരനായി ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ച സിവിക്, 2019 -ല്‍ എത്തിനില്ക്കുമ്പോള് പത്തുതലമുറ പിന്നിട്ടിരിക്കുന്നു.
2006 -ലാണ് സിവിക്കിനെ ഇങ്ങോട്ടു കൊണ്ടുവരാന്‍ ഹോണ്ട ആദ്യം തീരുമാനിച്ചത്. അന്നുവന്നത് കാറിന്റെ എട്ടാംതലമുറ. കൂപ്പെ ശൈലിയുള്ള കരുത്തന് സിവിക് ഇന്ത്യന്‍ വാഹന പ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ചെങ്കിലും വില്‍പ്പനയില്‍ മുന്നേറ്റം നടത്താന്‍ കാറിന് കഴിയാതെ പോയി. ഫലമോ, അടുത്തതലമുറയെ ഇന്ത്യയില്‍ അവതരിപ്പിക്കേണ്ടതില്ലെന്ന് ഹോണ്ടയും തീരുമാനിച്ചു.

ഇപ്പോള്‍ ഒമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിവിക്കില്‍ വിശ്വാസമര്‍പ്പിച്ച് വലിയ സെഡാനുകളുടെ ലോകത്ത് ഹോണ്ട ചുവടുറപ്പിക്കുകയാണ്. പത്താംതലമുറ സിവിക് വിപണിയില്‍ ഉടന്‍ വില്‍പ്പനയ്ക്കെത്തും. ഈ അവസരത്തില്‍ പഴയ തലമുറകളുടെ പ്രൗഢ പാരമ്പര്യം കാക്കാന്‍ പുതിയ സിവിക്കിന് കഴിയുന്നുണ്ടോയെന്ന് കണ്ടെത്താം ഇവിടെ.

ഡിസൈന്‍
2018 ഓട്ടോ എക്സ്പോയില്‍ വെച്ചാണ് സിവിക്കിനെ തിരിച്ചുകൊണ്ടുവരുന്ന കാര്യം ഹോണ്ട അറിയിച്ചത്. അന്നുമുതല്‍ക്കെ കാറിനായുള്ള കാത്തിരിപ്പിലാണ് വിപണി. ഇക്കുറി വലിയ ക്രോം ഗ്രില്ലായിരിക്കും സെഡാനില്‍ പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കുക. ഗ്രില്ലിന് ഒത്തനടുവില്‍ ഹോണ്ട ലോഗോ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ഹെഡ്ലാമ്പുകള്‍ക്ക് മുകളില്‍ പുരികങ്ങള്‍ കണക്കെ ഇരുവശത്തേക്കും ക്രോം ഗ്രില്ല് നീളും. ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഹെഡ്ലാമ്പുകള്‍ പൂര്‍ണ്ണ എല്‍ഇഡി യൂണിറ്റാണ്. ഗ്രില്ലും ഹെഡ്ലാമ്പുകളും മുന്‍ ബമ്പറും ചേര്‍ന്ന് അക്രമണോത്സുക ഭാവമാണ് സിവിക്കിന് സമര്‍പ്പിക്കുന്നത്.

ബമ്പറില്‍ ഇടംകണ്ടെത്തുന്ന ഫോഗ്ലാമ്പുകള്‍ക്ക് ചുറ്റും ക്രോം അലങ്കാരം കാണാം. കാറെന്തുമാത്രം സ്പോര്ടിയാണെന്ന് തിരിച്ചറിയാന്‍ ഇരു പാര്‍ശ്വങ്ങളിലും കണ്ണെത്തിച്ചാല്‍ മതി. ബോണറ്റ് കൃത്യതയോടെ A പില്ലറിലേക്ക് ഇഴകിച്ചേരുന്നു. ടെയില്‍ലാമ്പുകളിലേക്ക് വന്നണയുന്ന ക്യാരക്ടര്‍ ലൈന്‍ സിവിക്കിന്റെ ആകാരം വരച്ചുകാട്ടും.
മുന്‍തലമുറയില്‍ കണ്ടതുപോലെ ഒഴുകിയിറങ്ങുന്ന കൂപ്പെ ശൈലിയാണ് മേല്‍ക്കൂരയ്ക്ക്. വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെ 17 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകള്‍ ഇടംകണ്ടെത്തുന്നു.

പിറകില്‍ C ആകൃതിയിലുള്ള ടെയില്‍ലാമ്പുകള്‍ കാഴ്ച്ചക്കാരെ പിടിച്ചിരുത്തും. പൂര്‍ണ്ണ എല്‍ഇഡി യൂണിറ്റാണ് ടെയില്‍ലാമ്പുകളും. ബൂട്ടിലേക്കാണ് മേല്‍ക്കൂര ഒഴുകിയിറങ്ങുന്നത്. കാറിലെ ബൂട്ട് ലിപ് സ്പോയിലര്‍ ഡിസൈന്‍ സവിശേഷതയാണ്. ബൂട്ടിന് നടുവിലും ഹോണ്ട ലോഗോ കമ്പനി പതിപ്പിച്ചിട്ടുണ്ട്. ഇടത് വശത്ത് സിവിക് ബാഡ്ജും വലതുവശത്ത് വേരിയന്റ് ബാഡ്ജും ബൂട്ടില്‍ കാണാം.

അകത്തളം
ഇരുണ്ട പശ്ചാത്തലമാണ് അകത്തളത്തിന്. ഇളംതവിട്ടു കലര്‍ന്ന തുകല്‍ അപ്ഹോള്‍സ്റ്ററി സെഡാന്റെ പ്രീമിയം ഭാവം ഉണര്‍ത്തും. ഡാഷ്ബോര്‍ഡിലും ഡോര്‍ പാനലുകളിലും സോഫ്റ്റ് ടച്ച് മെറ്റീരിയലുകള്‍ ധാരാളമായി കാണാം. തുകല്‍ ആവരണമുള്ള മൂന്നു സ്പോക്ക് സ്റ്റീയറിംഗ് വീലില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ക്രൂയിസ് കണ്ട്രോളും നിയന്ത്രിക്കാന്‍ ബട്ടണുകളുണ്ട്. സിവിക്കിന്റെ പെട്രോള്‍ വകഭേദങ്ങള്‍ പാഡില്‍ ഷിഫ്റ്ററുകള്ക്കൂടി അവകാശപ്പെടും.

മൂന്നു വിഭാഗങ്ങളായാണ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍. ഡിജിറ്റല്‍ ഡിസ്പ്ലേയോടുള്ള വലിയ ടാക്കോമീറ്റര്‍ നടുക്ക് ഒരുങ്ങുന്നു. ഇടതുഭാഗത്ത് കൂളന്റ് മീറ്ററും വലതുഭാഗത്ത് ഇന്ധനമീറ്ററും നിലകൊള്ളും. 7.0 ഇഞ്ച് വലുപ്പമുണ്ട് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയ്ക്ക്.
ക്ലൈമറ്റ് കണ്ട്രോള് സംവിധാനവും ടച്ച്സ്ക്രീന്‍ ഡിസ്പ്ലേ ഉപയോഗിച്ച് നിയന്ത്രിക്കാം. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, യുഎസ്ബി, ബ്ലുടൂത്ത് കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും. മികച്ച ശബ്ദാനുഭവമേകുന്നതില് കാറിലെ 160 വാട്ട് ഓഡിയോ സംവിധാനം നിരാശപ്പെടുത്തില്ല. 6.7 ഇഞ്ച് വലുപ്പമുള്ള നാലു പൂര്‍ണ്ണ റേഞ്ച് സ്പീക്കറുകള്‍ ഓഡിയോ സംവിധാനത്തിന്റെ ഭാഗമായുണ്ട്.

പ്രായോഗികത
മികച്ച യാത്രാനുഭൂതി സമര്‍പ്പിക്കാന്‍ സിവിക്കിലെ പതുപതുത്ത സീറ്റുകള്‍ക്ക് കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്ലാറ്റ്ഫോമിനോട് ചേര്‍ന്നാണ് സീറ്റുകളുടെ ഒരുക്കം. ഇക്കാരണത്താല്‍ ഉള്ളില്‍ കയറിയിരിക്കാനും എണീറ്റു പുറത്തിറങ്ങാനും ഒരല്പം ബുദ്ധിമുട്ടേണ്ടി വരും. പിറകില്‍ മൂന്ന് ആളുകള്‍ക്ക് വരെ ഇരിക്കാം. ശ്രേണയില്‍ ഏറ്റവും മികച്ച ലെഗ്റൂം നീറൂമുമാണ് കാര്‍ വാഗ്ദാനം ചെയ്യുന്നത്. അതേസമയം മേല്‍ക്കൂരയുടെ ഒഴുകിയിറങ്ങുന്ന കൂപ്പെ ശൈലി പിറകില്‍ ഹെഡ്റൂം കാര്‍ന്നെടുക്കും.
വൈദ്യുത സണ്‍റൂഫ് സെഡാനില്‍ ഒരുങ്ങുന്നുണ്ട്. 430 ലിറ്ററാണ് പത്താംതലമുറ സിവിക്കിന്റെ ബൂട്ട് ശേഷി. പിന് സീറ്റുകള്‍ മടക്കി ബൂട്ട് ശേഷി വര്‍ധിപ്പിക്കാനുള്ള സൗകര്യം സിവിക്കിലില്ല.

എഞ്ചിനും പ്രകടനക്ഷമതയും
രണ്ടു എഞ്ചിന് പതിപ്പുകളാണ് ഇക്കുറി സിവിക്കില്‍ — 1.8 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനും 1.6 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനും. സിവിക് ഡീസല്‍ പതിപ്പിനെ ഇതാദ്യമായാണ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കുക. മുന്തലമുറയിലുണ്ടായിരുന്നു പെട്രോള്‍ എഞ്ചിന് തന്നെയാണ് പുതിയ സിവിക്കിലും. എന്നാല്‍ കരുത്തുത്പാദനം കൂടി.

1.8 ലിറ്റര്‍ ബിഎസ് VI എഞ്ചിന് 138 bhp കരുത്തും 174 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. സിവിടി ഗിയര്‍ബോക്സ് മാത്രമെ പെട്രോള്‍ പതിപ്പിലുള്ളൂ. 16.5 കിലോമീറ്റര്‍ മൈലേജ് ARAI ടെസ്റ്റില്‍ സിവിക് പെട്രോള്‍ കാഴ്ച്ചവെച്ചിട്ടുണ്ട്. സിവിടി ഗിയര്ബോക്സായതിനാല് പലപ്പോഴും ഉയര്‍ന്ന ആര്‍പിഎമ്മില്‍ പെട്രോള്‍ എഞ്ചിന് കിതയ്ക്കുന്നതായി അനുഭവപ്പെട്ടേക്കും. സിവിക് പെട്രോളിന് മാനുവല്‍ ഗിയര്‍ബോക്സ് ലഭിച്ചിരുന്നെങ്കിലെന്ന് ഈ അവസരത്തിലാണ് മിക്കവരും ആഗ്രഹിച്ചുപോവുക.

മറുഭാഗത്ത് CR-V -യില്‍ നിന്നും കടമെടുത്ത 1.6 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 118 bhp കരുത്തും 300 Nm torque ഉം പരമാവധി കുറിക്കും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. മൈലേജ് 26.8 കിലോമീറ്ററും. ഒരല്‍പ്പം സമയമെടുത്താണ് ടര്‍ബ്ബോ ബൂസ്റ്റ് ഡീസല്‍ എഞ്ചിനിലേക്ക് എത്തുക. കുത്തനെയുള്ള കയറ്റങ്ങളില്‍ ഈ കാലതാമസം പെട്ടെന്ന് തിരിച്ചറിയാം.

കൃത്യതയാര്‍ന്ന സ്റ്റീയറിംഗ് സംവിധാനം വളവുകളില്‍ 'വീശാന്‍' ഓടിക്കുന്നയാള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. കാറിന്റെ സസ്പെന്ഷന് മികവും ഈ അവസരത്തില്‍ പരാമര്‍ശിക്കണം. രാജ്യാന്തര മോഡലിനെ അപേക്ഷിച്ച് ഇന്ത്യന്‍ സിവിക്കിന് 20 mm അധിക ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്. അതായത് സ്പീഡ് ബ്രേക്കറുകള്‍ പിന്നിടുമ്പോള്‍ അടിതട്ടാന് സാധ്യത കുറവാണ്.
Petrol | Diesel | |
Displacement | 1799cc | 1597cc |
Power | 139 bhp @ 6500 rpm | 118 bhp @ 4000 rpm |
Torque | 174 Nm @ 4300 rpm | 300 Nm @ 2000 rpm |
Fuel Efficiency | 16.5 km/l | 26.8 km/l |
Transmission | CVT | 6MT |

Petrol | Diesel | |
Length | 4,656 mm | |
Width | 1,799 mm | |
Height | 1,433 mm | |
Wheelbase | 2,700 mm | |
Fuel Tank Capacity | 47 litres | |
Kerb Weight | 1,300 kg | 1,353 kg |
Seating Capacity | 5 | |
Boot Space | 430 litres | |
Turning Radius | 5.85 metres | |
Tyre Size | 215/50 R17 91V |
സുരക്ഷയും ഫീച്ചറുകളും
- ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം
- ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍
- ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്
- ബ്രേക്ക് അസിസ്റ്റ്
- ഓട്ടോമാറ്റിക് ബ്രേക്ക് ഹോള്‍ഡ്
- ISOFIX മൗണ്ടുകള്‍
- ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ്
- പിന് പാര്‍ക്കിംഗ് ക്യാമറ

ഹോണ്ട സിവിക് വാങ്ങിയാല്‍
ഇന്ത്യ മുമ്പ് പരിചയപ്പെട്ട എട്ടാംതലമുറ സിവിക് സെഡാന്റെ പാരമ്പര്യം പുതിയ പത്താംതലമുറ മോഡലിലും അനുഭവപ്പെടുമെന്ന കാര്യത്തില്‍ സംശയമേതും വേണ്ട. സുഖസൗകര്യങ്ങള്‍ക്ക് യാതൊരു കുറവും കാറിലില്ല. എന്നാല്‍ 1.8 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ മാനുവല്‍ ഗിയര്‍ബോക്സ് നല്‍കേണ്ടെന്ന ഹോണ്ടയുടെ തീരുമാനം ഇക്കുറി വാഹന പ്രേമികളില്‍ നിരാശയുണര്‍ത്തും.
എന്തായാലും ടൊയോട്ട കൊറോള, സ്കോഡ ഒക്ടാവിയ, ഹ്യുണ്ടായി എലാന്‍ട്രോ മോഡലുകളില്‍ നിന്നൊരു പുതുമ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പരിഗണിക്കാവുന്ന മോഡലാണ് ഹോണ്ട സിവിക്. വിപണിയില്‍ 18 മുതല്‍ 24 ലക്ഷം രൂപ വരെ കാറിന് വില പ്രതീക്ഷിക്കാം.