പ്രതീക്ഷയ്ക്ക് ഒത്ത് ജീപ് കോമ്പസ് ഉയരുന്നുണ്ടോ? — ഫസ്റ്റ് ഡ്രൈവ്

Written By:

ജീപ് എന്നാല്‍ നമ്മള്‍ മലയാളികള്‍ക്ക് ഒരു നൊസ്റ്റാള്‍ജിയയാണ്. കുന്നും മലയും താണ്ടിയിറങ്ങുന്ന മഹീന്ദ്രയുടെയും വില്ലിസിന്റെയും ജീപ് പതിപ്പുകള്‍ ഓരോ മലയാളിയ്ക്കും മറക്കാനാകാത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്നു. കുത്തനെുള്ള കയറ്റങ്ങളെ ഭാവഭേദമില്ലാതെ കീഴടക്കുന്ന ജീപ് പാരമ്പര്യം ഹൈറേഞ്ചുകളില്‍ ഇന്നും തുടരുകയാണ്.

എന്നാല്‍ യഥാര്‍ത്ഥ അമേരിക്കന്‍ ജീപ് ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷമാണ് കാലുറപ്പിച്ചത്. കാലങ്ങള്‍ക്ക് മുമ്പെ, കേരള മണ്ണില്‍ പതിഞ്ഞ ജീപ് എന്ന പേരിന്റെ യഥാര്‍ത്ഥ അവകാശി അമേരിക്കന്‍ നിര്‍മ്മാതാക്കളാണ്.

കഴിഞ്ഞ വര്‍ഷം റാംഗ്ലര്‍, ഗ്രാന്‍ഡ് ചെറോക്കികളിലൂടെയാണ് ജീപ് ഇന്ത്യന്‍ വിപണിയില്‍ ചുവട് വെച്ചത്. പിന്നാലെ തരംഗം ഒരുക്കി ജീപ് കോമ്പസും എത്തുകയാണ്. ജീപിന്റെ ഹാര്‍ഡ്‌കോര്‍ ഓഫ്‌റോഡിംഗ് മുഖത്തിന് അനുയോജ്യമാണോ കോമ്പസ്?

സ്റ്റൈലിംഗ്-

ആദ്യ കാഴ്ചയില്‍ ഇത് ഗ്രാന്‍ഡ് ചെറോക്കി അല്ലേയെന്ന സംശയമാകും മനസില്‍ ഉദിക്കുക. ഗ്രാന്‍ഡ് ചെറോക്കിയുടെ മിനി വേര്‍ഷന്‍ പോലെയാണ് ജീപ് എത്തുന്നത്. എസ്‌യുവിയുടെ എല്ലാ സവിശേഷതകളും കോമ്പസില്‍ നിറഞ്ഞ് നില്‍ക്കുന്നു.

ഫ്രണ്ട് എന്‍ഡില്‍, വലുപ്പമേറിയ ക്ലാംഷെല്‍ ബോണറ്റിലേക്കാണ് ആദ്യം ശ്രദ്ധ പതിയുക. SR-71 സ്‌പൈ പ്ലെയിനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ബോണറ്റാണ് കോമ്പസിലുള്ളത്. 

ജീപിന്റെ ഐക്കോണിക് 7-സ്ലോട്ട് ഗ്രില്ലിലേക്ക് ചേര്‍ന്ന് ഒഴുകി നില്‍ക്കുന്നതാണ് ബോണറ്റ്. ഗ്രില്ലിലെ ഓരോ സ്ലോട്ടും, ക്രോമിംഗും ഗ്ലോസ് ബ്ലാക് ഫിനിഷും നേടിയിട്ടുണ്ട്.

ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ഒപ്പമുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, അയണ്‍ മാനിനെ അനുസ്മരിപ്പിക്കും. 

ഫ്രണ്ട് ബമ്പറില്‍ നല്‍കിയിരിക്കുന്ന വലിയ എയര്‍ ഇന്‍ടെയ്ക്കുകളില്‍ നിന്നാണ് എഞ്ചിനെ തണുപ്പിക്കുന്നതിന് ആവശ്യമായ വായു കടക്കുക. ഓഫ്‌റോഡിംഗ് പരിവേഷത്തിന് ഉതകുന്ന ട്രാപസോയിഡല്‍ വീല്‍ ആര്‍ച്ചുകളാണ് കോമ്പസില്‍ ജീപ് നല്‍കിയിരിക്കുന്നത്. 

ഫയര്‍‌സ്റ്റോണ്‍ ടയറില്‍ (ഇന്ത്യയില്‍ ആദ്യം) ഒരുങ്ങിയ 16 ഇഞ്ച് വീലുകളാണ് കോമ്പസില്‍ ഇടംപിടിക്കുന്നതും. A-Pillar ല്‍ നിന്നും ആരംഭിക്കുന്ന ബ്ലാക്ഡ്-ഔട്ട് സ്ലോപിംഗ് റൂഫിനെ ക്രോം മൗള്‍ഡിംഗാല്‍ ജീപ് വേര്‍ തിരിക്കുന്നു. 

D-Pillar ആണ് ചരിഞ്ഞിറങ്ങുന്ന റൂഫിന് ഭംഗിയേകുന്ന മറ്റൊരു ഘടകം. റിയര്‍ എന്‍ഡില്‍ സാന്നിധ്യമറിയിക്കുന്ന 3D-LED ടെയില്‍ ലാമ്പുകള്‍ ജീപ് കോമ്പസിനെ ആള്‍ക്കൂട്ടത്തില്‍ നിന്നും വ്യത്യസ്തമാക്കും.

ഇന്റീരിയര്‍ -

സ്‌കൈ ഗ്രെയ്, ഡ്യൂവല്‍ ടോണ്‍ ബ്ലാക് തീമില്‍ ഒരുങ്ങിയ ഇന്റീരിയറാണ് കോമ്പസിലുള്ളത്. എന്നാല്‍ എടുത്തുപറയത്തക്ക സവിശേഷത ഇന്റീരിയര്‍ കളര്‍ കോമ്പിനേഷന് ഇല്ല. 

ആഢംബരം വെളിപ്പെടുത്തുന്ന സ്‌കൈ ഗ്രെയ് ലെതറിലാണ് സീറ്റുകള്‍ ഒരുങ്ങുന്നത് (വൃത്തിയായി സൂക്ഷിക്കാന്‍ ഒരല്‍പം ബുദ്ധിമുട്ടിയേക്കാം). ലെതറില്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വിലില്‍ ക്രോം ഫിനിഷിംഗും ജീപ് നല്‍കുന്നു. 

ട്വിന്‍ പോഡ് ഇന്‍സ്ട്രമെന്റ് കണ്‍സോളില്‍ ഇടംപിടിക്കുന്ന സ്പീഡോ, ടാക്കോ മീറ്ററുകള്‍ക്ക് ഇടയിലാണ് മള്‍ട്ടി-ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ സ്ഥിതി ചെയ്യുന്നത്.

7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയാണ് കോമ്പസില്‍ ജീപ് നല്‍കുന്നത്. അതേസമയം, 8.4 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയാണ് രാജ്യാന്തര കോമ്പസ് എസ്‌യുവികളില്‍ ജീപ് ഒരുക്കുന്നതും.

ജിപിഎസ് നാവിഗേഷന്‍ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിഡ്‌പ്ലേയില്‍ ഇടംനേടുന്നില്ല. അതേസമയം, ജിപിഎസിന് പകരം ഇടംപിടിക്കുന്നത് കോമ്പസാണ്.

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ ഫീച്ചറുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, ജിപിഎസിന്റെ അഭാവം ഉപഭോക്താക്കളെ ഏറെ ബാധിക്കില്ല.

ഡ്യൂവല്‍ സോണ്‍ എയര്‍-കണ്ടീഷണിംഗ്, പുഷ്-ബട്ടണ്‍ ഇഗ്നീഷന്‍, കീലെസ് എന്‍ട്രി, ഓട്ടോ ഫോള്‍ഡിംഗ് ഔട്ട്‌സൈഡ് മിററുകള്‍ ഉള്‍പ്പെടുന്നതാണ് ജീപ് കോമ്പസ് ഫീച്ചറുകള്‍. ഗിയര്‍ സ്റ്റിക്കിന് സമീപം ഇടംപിടിക്കുന്ന ഡയല്‍ മുഖേന, സെലെക്-ടെറെയ്ന്‍ ഓള്‍-വീല്‍ ഡ്രൈവ് സംവിധാനം നിയന്ത്രിക്കാം.

റബര്‍ നിര്‍മ്മിതമായ ഫ്‌ളോര്‍ മാറ്റുകള്‍, കോമ്പസിന്റെ ഓഫ്‌റോഡ് പരിവേഷത്തിന് അനുയോജ്യമായി നിലകൊള്ളുന്നു.

ബൂട്ട് സ്‌പെയ്‌സിലാണ് ജീപ് കോമ്പസ് ഒരല്‍പം നിരാശപ്പെടുത്തുന്നത്. 408 ലിറ്റര്‍ മാത്രമാണ് കോമ്പസിലെ ബൂട്ട് സ്‌പെയ്‌സ് (513 ലിറ്ററാണ് ഹ്യുണ്ടായി ട്യൂസണിന്റെ ബൂട്ട്‌സ്‌പെയ്‌സ്). 

ഇന്ത്യന്‍ വിപണിയില്‍ വില നിര്‍ണായക ഘടകമാണെന്ന സാഹചര്യത്തില്‍, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപറുകളും, ഓട്ടോ-ഡിമ്മിംഗ് റിയര്‍വ്യൂ മിററുകളും മോഡലില്‍ നിന്നും അപ്രത്യക്ഷമാകുന്നു.

ആറ് എയര്‍ബാഗുകള്‍, എബിഎസ്, പാനിക് ബ്രേക്ക് അസിസ്റ്റോട് കൂടിയുള്ള ഇഎസ്പി, ഹൈഡ്രോളിക് ബൂസ്റ്റര്‍ ഫെയ്‌ല്യര്‍ കോമ്പന്‍സേഷന്‍, ഇലക്ട്രിക് ബ്രേക്ക് പ്രീഫില്‍, ഇലക്ട്രോണിക് റോള്‍ മിറ്റിഗേഷന്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിങ്ങനെ നീളുന്നതാണ് സുരക്ഷാ ഫീച്ചറുകള്‍.

എഞ്ചിന്‍, പെര്‍ഫോമന്‍സ്, ഡ്രൈവ് -

2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് കോമ്പസില്‍ ഇടംപിടിക്കുന്നത് (ഡ്രൈവ് ചെയ്തത്). 171 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ജീപ് ലഭ്യമാക്കുന്നതും. 

160 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും കോമ്പസില്‍ ജീപ് ലഭ്യമാക്കും. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളിലാകും കോമ്പസിന്റെ പെട്രോള്‍ വേരിയന്റ് സാന്നിധ്യമറിയിക്കുക.

1800 rpm വരെ 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് II ഡീസല്‍ എഞ്ചിനില്‍ ടര്‍ബ്ബോ ലാഗ് അനുഭവപ്പെടും. റെവ് കൗണ്ടറില്‍ 1800 rpm മാര്‍ക്ക് പിന്നിടുന്ന പക്ഷം, ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് സുഗമമായി മുന്നേറും. 

2000 rpm ല്‍ 120 കിലോമീറ്റര്‍ വേഗത കൈവരിച്ചപ്പോഴും ജീപ് കോമ്പസില്‍ അസ്വസ്ഥതകള്‍ നേരിട്ടില്ല. എന്നാല്‍ 3500 rpm ലേക്ക് കടന്നതിന് പിന്നാലെ ഡീസല്‍ എഞ്ചിന്‍ ശബ്ദം ഒരല്‍പം കൂടും. 4500 rpm കടക്കുമ്പോഴേക്കും എഞ്ചിന്‍ ശബ്ദം സാധാരണ നിലയിലേക്കും മടങ്ങുകയും ചെയ്യും.

ഡീസല്‍ എഞ്ചിനുകളിലെ പതിവ് സ്റ്റാര്‍ട്ടിംഗ് മുരള്‍ച്ച ക്യാബിനുള്ളില്‍ കടക്കില്ല എന്നതും ജീപ് കോമ്പസില്‍ ശ്രദ്ധേയം. മികച്ച റൈഡിംഗ് അനുഭവമാണ് ജീപ് കോമ്പസ് നല്‍കുക. 

ദുര്‍ഘടമായ റോഡുകളിലും ക്യാബിനുള്ളില്‍ ഏറെ അസ്വസ്ഥതകള്‍ അനുഭവപ്പെടില്ല. ഓഫ്‌റോഡിംഗിലും ജീപ് കോമ്പസ് നിരാശപ്പെടുത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഓഫ്‌റോഡിംഗില്‍, ജീപ് ആക്ടീവ് ഡ്രൈവ് 4X4 സിസ്റ്റം കോമ്പസില്‍ സജ്ജമാകും. നാല് ഡ്രൈവിംഗ് മോഡുകളിലാണ് ജീപ് കോമ്പസ് എത്തുന്നത്. ഓട്ടോ, സ്‌നോ, സാന്‍ഡ്, മഡ് എന്നിങ്ങനെയാണ് ജീപ് കോമ്പസിലെ ഡ്രൈവിംഗ് മോഡുകള്‍.

പേര് സൂചിപ്പിക്കുന്നത് പോലെ ഓട്ടോ മോഡില്‍, പ്രതലങ്ങള്‍ക്ക് അനുസരിച്ച് ഓട്ടോമാറ്റിക്കായി എസ്‌യുവി സജ്ജമാകും. സ്‌നോ മോഡില്‍ ത്രോട്ടില്‍ റെസ്‌പോണ്‍സ് വളരെ കുറയും. അനാവശ്യമായി ടയര്‍ കറങ്ങുന്നത് പ്രതിരോധിക്കുകയാണ് സ്‌നോ മോഡ് ചെയ്യുന്നത്. സാന്‍ഡ് മോഡില്‍ ത്രോട്ടില്‍ റെസ്‌പോണ്‍സ് അഗ്രസീവാകും. ചെളി പ്രദേശങ്ങള്‍ക്കായാണ് മഡ് മോഡ് ഒരുങ്ങുന്നു.

ജീപ് കോമ്പസ് വാങ്ങണോ?

വിപണിയില്‍ ഇതിനകം ജീപ് കോമ്പസ് തരംഗം അലയടിക്കുകയാണ്. കുറഞ്ഞ വില നിരക്കും ജീപ് ബ്രാന്‍ഡിംഗും ഇന്ത്യന്‍ എസ്‌യുവി സങ്കല്‍പങ്ങള്‍ക്ക് പുതിയ മുഖം നല്‍കുന്നു. 

മികച്ച ഡിസൈനും, വിശാലമായ ഇന്റീരിയറിനും ഒപ്പമുള്ള കരുത്തുറ്റ ഓഫ്‌റോഡ് എസ്‌യുവിയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍, കോമ്പസിനായി കാത്തിരിക്കുന്നത് അത്യുത്തമമാകും.

Tested Variant Jeep Compass Limited (O) Diesel
Price Est. Rs 17 to 25 lakh on-road 
Engine 2.0-litre MultiJet II Diesel
Gearbox 6-speed manual
Fuel Tank Capacity 51 litres
Mileage Est. 11kpl combined (City/Highway/Off-road)
Fuel Tank Range Est. 600km
Power/ torque 170bhp @ 3750rpm/ 350Nm @ 1750 - 2000rpm

കൂടുതല്‍... #റിവ്യൂ
English summary
First Drive: Jeep Compass 2-Litre Diesel 4x4 — Purpose-Built To Roam Unrestrained. Read in Malayalam.
Please Wait while comments are loading...

Latest Photos