ഓഫ്‌റോഡ് കിംഗിന്റെ തിരിച്ചുവരവ്; മാരുതി ജിംനി റിവ്യൂ വിശേഷങ്ങള്‍

പരുക്കന്‍ ലുക്കും സമാനതകളില്ലാത്ത ഓഫ് റോഡിംഗ് ശേഷി കൊണ്ടും സെഗ്‌മെന്റിലെ രാജാവായി പതിറ്റാണ്ടുകള്‍ വിലസിയ മോഡലാണ് മാരുതി സുസുക്കി ജിപ്‌സി (Maruti Gypsy). ജിപ്‌സിയുടെ പിന്‍ഗാമിയായി ജിംനി (Maruti Jimny) ഇന്ത്യയിലേക്കെത്തുമ്പോള്‍ പലതലമുറകളാണ് ഇപ്പോള്‍ സന്തോഷിക്കുന്നത്. 1983-ല്‍ '800' എന്ന മോഡലിലൂടെയാണ് മാരുതി സുസുക്കി ഇന്ത്യന്‍ വാഹന ലോകത്തേക്ക് കാല്‍പാദമുറപ്പിച്ചത്.

800-നൊപ്പം ആ കാറിനെ അടിസ്ഥാനമാക്കി ഒരുക്കിയ വാനില്‍ നിന്നും ഒരു മാറ്റം കൊതിച്ച് നില്‍ക്കവേ മഹീന്ദ്ര ജീപ്പില്‍ അവരുടെ കണ്ണുകള്‍ ഉടക്കി. ഇതിന് പിന്നാലെ അവര്‍ ജിംനി ഓഫ്‌റോഡറിനെ ഇന്ത്യയിലേക്ക് കൊണ്ടുവരികയും ചെയ്തു. മാരുതി സുസുക്കി 'ജിപ്‌സി' എന്ന് വിളിക്കപ്പെടുന്ന SJ40 സീരീസ് ഇന്ത്യയില്‍ വലിയ ഫാന്‍ബേസ് സ്വന്തമാക്കി. മറ്റ് വിപണികളില്‍ ജിംനി രണ്ട് തലമുറ മുന്നോട്ട് പോയി.

maruti suzuki jimny

എന്നിരുന്നാലും മലിനീകരണ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന് മുമ്പ്, 2018 ഡിസംബര്‍ വരെ പൊതുജനങ്ങള്‍ക്കായി ജിപ്‌സിയുടെ ഓര്‍ഡറുകള്‍ മാരുതി സുസുക്കി സ്വീകരിച്ചിരുന്നു. തൊട്ടുപിന്നാലെ നാലാം തലമുറ ജിംനി ഇന്ത്യയിലെത്താന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗത്ത് കാട്ടുതീ പോലെയാണ് പടര്‍ന്നത്. 2023 ഓട്ടോ എക്‌സ്‌പോയില്‍ പുതിയ ജിംനി വെളിപ്പെടുത്തി മാരുതി ഊഹാപോഹങ്ങള്‍ക്ക് ഫുള്‍സ്റ്റോപ്പിട്ടു. ആഗോള വിപണിയില്‍ വില്‍ക്കുന്ന 3 ഡോര്‍ ലേഔട്ടിന് പകരം 5 ഡോറുകളായിരിക്കും ഇന്ത്യന്‍ വിപണിയിലെത്തുന്ന ജിംനിക്കുണ്ടാകുക.

പവര്‍ ഔട്ട്പുട്ടില്‍ കാര്യമായ വര്‍ധനവ് ഇല്ലാത്തതിനാല്‍ പുതിയ എസ്‌യുവിയുടെ പെര്‍ഫോമന്‍സ് എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ച് ഞങ്ങള്‍ക്ക് വളരെയേറെ ആകാംക്ഷയുണ്ടായിരുന്നു. ഡെറാഡൂണിന് സമീപം പുതിയ ജിംനി പരീക്ഷിക്കാന്‍ മാരുതി സുസുക്കി ഞങ്ങള്‍ക്ക് അവസരം നല്‍കിയപ്പോള്‍ ഓഫ്റോഡ് സെഗ്മെന്റിലെ രാജാവിന്റെ തിരിച്ചുവരവാണോ എന്നറിയാനായിരുന്നു ഞങ്ങളുടെ ശ്രമം. ജിപ്സി ശിരസ്സിലണിഞ്ഞിരുന്ന കിരീടം ജിംനി വീണ്ടെുക്കുമോ എന്നറിയാന്‍ വിശദമായ റിവ്യൂ (Maruti Jimny Review) തുടര്‍ന്ന് വായിക്കാം.

maruti suzuki jimny

ഡിസൈനും ഫീച്ചറുകളും

ഓരോ വശത്തും ഒരു അധിക ഡോറുകളുടെ സാന്നിധ്യം കാരണം നീളം അല്‍പ്പം കൂടുതലാണെന്നത് ഒഴിച്ച് ജിംനി 5 ഡോര്‍ പതിപ്പ് 3 ഡോര്‍ പതിപ്പിന് സമാനമാണ്. ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ടിറക്കുന്ന ജിംനിയും ബോക്‌സി ഷെയ്പ്പില്‍ പരുക്കന്‍ ലുക്കിലാണ് കാണപ്പെടുന്നത്. എസ്‌യുവിയുടെ മുന്‍വശം നോക്കുമ്പോള്‍ സര്‍ക്കുലര്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ കാണാം. തൊട്ടടുത്തായി അഞ്ച് ക്രോം കൊണ്ട് അലങ്കരിച്ച വെര്‍ട്ടിക്കല്‍ സ്ലാറ്റുകള്‍ കാണാം. ഇതിന്റെ നടുവിലാണ് സുസുക്കി ബാഡ്ജ്.

ചെറിയ വൃത്താകൃതിയിലുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഗ്രില്ലിന്റെ മുകളില്‍ ഇരുവശങ്ങളിലുമായി ഹെഡ്‌ലൈറ്റുകള്‍ക്ക് സമീപം സ്ഥാപിച്ചിരിക്കുന്നു. ഗ്രൗണ്ട് ക്ലിയറന്‍സ് വര്‍ദ്ധിപ്പിക്കുന്നതിനായി മാരുതി സുസുക്കി ജിംനിയുടെ ഫ്രണ്ട് ബമ്പറുകള്‍ വീലുകളില്‍ ആംഗിള്‍ ചെയ്തിരിക്കുന്നു. കടുപ്പമേറിയ പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ബമ്പറുകളിലാണ് ഫോഗ് ലാമ്പുകളും വലിയ സെന്‍ട്രല്‍ എയര്‍ ഇന്‍ടേക്കും സ്ഥാനം പിടിച്ചിരിക്കുന്നത്. വശങ്ങളും എസ്‌യുവിയുടെ പരുക്കന്‍ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ഫ്ലേര്‍ഡ് വീല്‍ ആര്‍ച്ചുകളും പ്ലാസ്റ്റിക് നിര്‍മിതമാണ്. 15 ഇഞ്ച് അലോയ് വീലുകളാണ് ഇതിന് ലഭിക്കുന്നത്.

maruti suzuki jimny front design

5 ഡോര്‍ ലേഔട്ടിലേക്ക് മാറിയതിനാല്‍ പിന്നിലെ ത്രീക്വാര്‍ട്ടര്‍ ഗ്ലാസ് പാനല്‍ ചുരുങ്ങിയിട്ടുണ്ട്. ബ്ലൂയിഷ് ബ്ലാക്ക് ഷേഡില്‍ റൂഫ് പൂര്‍ത്തിയാക്കിയ ജിംനിയുടെ ഡ്യുവല്‍-ടോണ്‍ പതിപ്പുകളില്‍ നിങ്ങള്‍ക്ക് ഡ്രിപ്പ് റെയിലുകള്‍ കാണാം. എസ്‌യുവിയില്‍ പ്രവേശിക്കുമ്പോഴോ പുറത്തുകടക്കുമ്പോഴോ വെള്ളം നിങ്ങളുടെ മേല്‍ പതിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് വശങ്ങളിലും പിന്‍ഭാഗത്തും ഡ്രിപ്പ് റെയിലുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. പിന്‍വശത്തെ ഡോറില്‍ ഘടിപ്പിച്ചിട്ടുള്ള സ്പെയര്‍ വീല്‍ ഒഴികെ പിന്‍ഭാഗത്ത് ബാക്കിയെല്ലാം ബോക്‌സിയാണ്.

ഡോറിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്നാമത്തെ ബ്രെയ്ക്ക് ലൈറ്റ് ഒഴികെ ജിംനിയുടെ മുഴുവന്‍ റിയര്‍ ലൈറ്റിംഗ് സജ്ജീകരണവും പിന്‍ ബമ്പറിലെ രണ്ട് പോഡുകളില്‍ കാണാം.നിരവധി സുഖസൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഇന്റീരിയറാണ് ജിംനിയില്‍ ഒരുക്കിയിരിക്കുന്നത്. 7 അല്ലെങ്കില്‍ 9 ഇഞ്ച് സ്‌ക്രീന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത.

maruti suzuki jimny dash board

നിങ്ങളുടെ മ്യൂസിക്, നാവിഗേഷന്‍ ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ആക്‌സസ് ചെയ്യാനയി ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍ അനുവദിക്കുന്നു. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഒരു സറൗണ്ട് സൗണ്ട് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു. പരുക്കന്‍ സാഹചര്യങ്ങളെ നേരിടുമ്പോള്‍ ഓരോ ജിംനി ഉടമയും അനുഭവിച്ചറിയേണ്ട കാര്യങ്ങള്‍ക്ക് അനുസൃതമായാണ് ക്യാബിനിന്റെ ബാക്കി ഭാഗങ്ങള്‍ നീക്കിവെച്ചിരിക്കുന്നത്. വലിയ അനലോഗ് ഡയലുകളാണുളളത്.

കാറുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ക്കായി ഇടയില്‍ ഒരു ചെറിയ മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ സ്ഥാപിച്ചിട്ടുണ്ട്. ഓഫ്റോഡിംഗ് സാഹചര്യത്തില്‍ കുണ്ടിലും കുഴിയിലും ചാടുമ്പോഴും ഇരുത്തം സുഖകരമാക്കാന്‍ പാകത്തിലാണ് സീറ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചെളിയിലും പാറകളിലും സാഹസികത കാണിക്കാന്‍ തീരുമാനിച്ചാല്‍ അതിന് മുന്‍ യാത്രക്കാരെ സഹായിക്കാനായി ഒരു ഗ്രാബ് റെയില്‍ കൂടി ലഭിക്കും. ഡാഷും മറ്റ് വിഭാഗങ്ങളും സ്‌ക്രാച്ച് പ്രൂഫ് മെറ്റീരിയലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കണ്‍ട്രോളുകള്‍ വളരെ വലുതായതിനാല്‍ കണ്ടെത്താന്‍ എളുപ്പവുമാണ്. എന്നാല്‍ ഡാഷ്ബോര്‍ഡ് ക്രമീകരണത്തിനായി മാരുതി സുസുക്കിക്ക് അല്‍പ്പം കൂടി സമയമെടുക്കാമായിരുന്നുവെന്ന് തോന്നുന്നു. 6 എയര്‍ബാഗുകള്‍, ABS, EBD, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, റിയര്‍വ്യൂ ക്യാമറ, ചൈല്‍ഡ് സീറ്റുകള്‍ക്കുള്ള ISOFIX ആങ്കര്‍ പോയിന്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സുരക്ഷാ സവിശേഷതകളും ജിംനിയില്‍ ഉണ്ട്.

സ്പെസിഫിക്കേഷനുകളും വലിപ്പവും

കമ്പനിയുടെ K15B 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ മാരുതി സുസുക്കി ജിംനിക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 6,000 rpm-ല്‍ 103.4 bhp പവറും 4,000 rpm-ല്‍ 134.2 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു.

maruti suzuki jimny engine

ട്രാന്‍സ്മിഷന്‍ സുസുക്കിയുടെ ഓള്‍ ഗ്രിപ്പ് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ പുതിയ ജിംനി എസ്‌യുവി ഒരു ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ ബോക്സും അവതരിപ്പിക്കുന്നു. പഴയ ജിപ്‌സിയുടെ കാര്യത്തിലെന്നപോലെ ജിംനി ഒരു ലാഡര്‍-ഫ്രെയിം ഷാസി ഉപയോഗിക്കുന്നു. ഒരു റിജിഡ് ആക്സില്‍ 3-ലിങ്ക് സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിനൊപ്പം മുന്നിലും പിന്നിലും കോയില്‍ സ്പ്രിംഗുകളുമുണ്ട്. വീലുകള്‍ സ്റ്റീല്‍, അലോയ് രൂപങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു. 195/80 R15 ആണ് ടയര്‍ സൈസ്.

സ്പെയര്‍ വീല്‍ അറ്റാച്ച് ചെയ്ത മാരുതി സുസുക്കി ജിംനിക്ക് 3,985 mm നീളമുണ്ട്. എസ്യുവിക്ക് 1,645 mm വീതിയും 1,720 mm ഉയരവുമുണ്ട്. പുതിയ ജിംനിയുടെ വീല്‍ബേസിന് 2,590 എംഎം നീളവും 1,210 കിലോഗ്രാം ഭാരവുമുണ്ട്. പുതിയ ജിംനി 210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 208 ലിറ്റര്‍ ബൂട്ടും വാഗ്ദാനം ചെയ്യുന്നു.

ഡ്രൈവിംഗ് ഇംപ്രഷന്‍സ്

മാരുതി സുസുക്കി ജിംനി അതിന്റെ ലാഡര്‍ ഫ്രെയിം ഷാസിയും സസ്‌പെന്‍ഷന്‍ സജ്ജീകരണവും ഉപയോഗിച്ച് മികച്ച ഓഫ്റോഡിംഗ് കഴിവുകള്‍ പ്രകടമാക്കുമ്പോള്‍ റോഡില്‍ ഇതിന്റെ പ്രകടനം പ്രശംസനീയമെന്ന് പറയാന്‍ സാധിക്കില്ല. ദൈനംദിന യാത്രകള്‍ക്ക് കൂടി സഹായകമാകുന്ന തരത്തില്‍ എഞ്ചിന് അല്‍പ്പം കൂടുതല്‍ ശക്തി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഓഫ്റോഡിംഗ് സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജിംനി നിങ്ങളെ ആശ്ചര്യപ്പെടുത്തും.

അത് ദുര്‍ഘടമായ പാതകള്‍ ഈസിയായി കൈകാര്യം ചെയ്യുന്നു. യാത്രയും സുഗമമാണ്. ഓഫ്-റോഡ്-ഓറിയന്റഡ് സസ്‌പെന്‍ഷന്‍ സജ്ജീകരണമുണ്ടായിട്ടും എസ്‌യുവി ബൗണ്‍സ് ചെയ്യുന്നില്ല.എന്നിരുന്നാലും, ഉയര്‍ന്ന റൈഡിംഗ് സജ്ജീകരണത്തിന്റെ മികവില്‍ കോര്‍ണറുകളില്‍ ഗണ്യമായ ബോഡി റോള്‍ ഉണ്ട്. സ്റ്റിയറിംഗ് ഭാരം കുറഞ്ഞതാണ്. 5.4 മീറ്റര്‍ ടേണിംഗ് റേഡിയസുള്ളതിനാല്‍ യു-ടേണ്‍ എടുക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. എന്നിരുന്നാലും ഓഫ് റോഡിംഗിനിറങ്ങുമ്പോള്‍ കഥ മാറും. റോഡില്‍ നിന്ന് ഓഫ് റോഡിംഗ് സാഹചര്യങ്ങളിലേക്കെത്തുമ്പോള്‍ ആട്ടിന്‍ കുട്ടി ചീറ്റപ്പുലിയാകുന്നത് കാണാം.

maruti suzuki jimny offroad

ട്രാന്‍സ്ഫര്‍ കേസുമായി സംയോജിപ്പിച്ച രണ്ട് ഗിയര്‍ബോക്സുകളും കാട്ടുപാതകളില്‍ ഉപയോഗിക്കാന്‍ വളരെ നല്ലതാണ്. ഉപയോഗിക്കാന്‍ അല്‍പ്പം എളുപ്പമുള്ളതിനാല്‍ ഞങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നത് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ്. മാനുവല്‍ നിങ്ങള്‍ക്ക് ഗിയറുകളിലും റെവുകളിലും കുറച്ചുകൂടി നിയന്ത്രണം നല്‍കുമ്പോള്‍, ഓട്ടോമാറ്റിക് ആദ്യത്തെ രണ്ട് ഗിയറുകളില്‍ ചില പരിമിതികള്‍ പ്രകടമാക്കുന്നു. ട്രാന്‍സ്ഫര്‍ കേസ് ഉപയോഗിച്ച് 4 ഹൈയിലേക്ക് മാറാനുള്ള കഴിവ്, ഏറ്റവും കഠിനമായ ഭൂപ്രദേശം കീഴടക്കാന്‍ ശ്രമിക്കുമ്പോള്‍ വലിയ അനുഗ്രഹമാണ്.

ഒരു വീലിന് ട്രാക്ഷന്‍ നഷ്ടപ്പെടുകയാണെങ്കില്‍, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍ അതിന്റെ മാന്ത്രികത പ്രകടമാക്കുന്നു. സോളിഡ് ആക്‌സിലുകളുള്ള ലാഡര്‍-ഫ്രെയിം ഷാസി 3-ലിങ്ക് സസ്പെന്‍ഷന്‍ സജ്ജീകരണം പരുക്കന്‍ സാഹചര്യങ്ങള്‍ കീഴടക്കുന്ന സമയത്ത് കരുത്ത് പ്രകടമാക്കുന്നു. ബോഡി ഷെല്‍ കേടുകൂടാതെ കുത്തനെ നിലനിര്‍ത്തിക്കൊണ്ട് നിങ്ങള്‍ക്ക് ജിംനിയെ പല ആംഗിളുകളില്‍ കൊണ്ടുപോകാം.

maruti suzuki jimny water wading

ജിംനിയുടെ ബ്രേക്കുകള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. പുതിയ മാരുതി സുസുക്കി ജിംനിയുടെ ഭാരക്കുറവ് അതിന് സഹായകമാണ്. ബ്രേക്ക് പെഡല്‍ ട്രാവല്‍ കൂടുതലായതിനാല്‍ അപ്ലൈ ചെയ്യുമ്പോള്‍ അല്‍പ്പം ശ്രദ്ധവേണം. ഓഫ് റോഡില്‍ ഹില്‍ ഹോള്‍ഡ് അസിസ്റ്റും ഹില്‍ ഡിസെന്റ് കണ്‍ട്രോളും വലിയ അനുഗ്രഹമാണ്. ചെരിവുകളില്‍ ഹില്‍ ഹോള്‍ഡ് അസിസ്റ്റും അല്‍പ്പം സഹായിക്കുന്നു.

5 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജിപ്സി വിടവാങ്ങിയപ്പോള്‍ ഓഫ് റോഡര്‍ സെഗ്‌മെന്റിലുണ്ടായ വിടവ് ജിംനിയിലൂടെ നികത്തുകയാണ് മാരുതി സുസുക്കി. ഓഫ്റോഡിംഗ് പ്രതലത്തില്‍ ശരിക്കും 'ഭീകരന്‍' ആണ് മാരുതി ജിംനി. തികച്ചും പ്രായോഗികമായ ഒരു ക്യാബിനും മികച്ച റൈഡ് നിലവാരം എന്നിവ വാഗ്ദാനം ചെയ്യുന്ന ജിംനി ഓഫ്‌റോഡിംഗ് പ്രേമികള്‍ക്ക് ഒരു യുക്തിസഹമായ ചോയ്‌സായി മാറുന്നു.

Most Read Articles

Malayalam
English summary
Maruti suzuki jimny review design features driving experience explained
Story first published: Friday, May 26, 2023, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X