റിനോ ക്വിഡ് ടെസ്റ്റ് ഡ്രൈവ് റിവ്യൂ: സെഗ്മെന്റ് പൊളിച്ചുപണിയുമോ ക്വിഡ്?

By Santheep

മാരുതി അതീവജാഗ്രത പുലർത്തേണ്ട സമയമായിരിക്കുന്നു എന്നാണ് ക്വിഡ് ഹാച്ച്ബാക്കിന്റെ ലോഞ്ചും അതിനുശേഷമുള്ള റിപ്പോർട്ടുകളും നമ്മോടു പറയുന്നത്. ക്വിഡ് വരുന്ന എ സെഗ്മെന്റിൽ അതിശക്തമായ ജനകീയാടിത്തറയുള്ള മാരുതി മോഡലുണ്ട്. ഹ്യൂണ്ടായിയും ഡാറ്റ്സനും ടാറ്റയുമെല്ലാം കട്ടയ്ക്ക് നിൽപുണ്ട്. ഇവയ്ക്കെതിരെ സർവ്വസന്നാഹങ്ങളോടെയെന്ന് പറയപ്പെടുന്ന ഒരു നീക്കം ചരിത്രത്തിലാദ്യമായി ഉണ്ടായിരിക്കുന്നു. പുറത്തുവരുന്ന ബുക്കിങ് കണക്കുകൾ പറയുന്നതു പ്രകാരം യുവാക്കൾ ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നു ഈ കാറിനെ. ഇവരിൽ വലിയൊരു പങ്ക് സ്ത്രീകളാണെന്നതും ശ്രദ്ധേയം.

മാരുതിക്കും ഹ്യൂണ്ടായിക്കുമെല്ലാം വിപണിയിലുള്ള വിൽപനാ സജ്ജീകരണങ്ങളും മറ്റും മാറ്റി നിറുത്തിയാണ് കാര്യങ്ങളെ കാണേണ്ടത്. ഒരു കാർ എന്ന നിലയിൽ റിനോ ക്വിഡ് എങ്ങനെ സന്നാഹപ്പെട്ടിരിക്കുന്നു എന്ന് അന്വേഷിക്കണം. വാളും പരിചയും മുതൽ ആണവക്കുന്തങ്ങൾ വരെ അണിനിരക്കുന്ന മഹാക്ഷൗഹിണികൾ വിപണിയിൽ അണിനിരന്നിരിക്കുന്നു. നമ്മളിതിനെ സശ്രദ്ധം പഠിക്കുകയാണിവിടെ. വരുന്നത് പാലാണോ ചോരയാണോ?

റിനോ ക്വിഡ് ടെസ്റ്റ് ഡ്രൈവ് റിവ്യൂ

നേരത്തെ പറഞ്ഞതുപോലെ, ഇന്ത്യൻ വിപണിയുടെ എ സെഗ്മെന്റിലേക്കാണ് റിനോ ക്വിഡ് ഹാച്ച്ബാക്ക് വരുന്നത്. 4 ലക്ഷത്തിന്റെ താഴെ വിലകാണുന്ന കാറുകളാണ് ഈ സെഗ്മെന്റിലുള്ളത്. മാരുതി ആൾട്ടോ, ഷെവർലെ സ്പാർക്ക് (ഇപ്പോൾ വിൽപനയിലില്ല), ടാറ്റ നാനോ, ഹ്യൂണ്ടായ് ഇയോൺ, ഡാറ്റ്സൻ ഗോ എന്നീ മോഡലുകളാണ് ഈ സെഗ്മെന്റിൽ കളിക്കുന്നത്. രാജ്യത്തിന്റെ മൊത്തം കാർവിൽപനയിൽ 25 ശതമാനവും എ സെഗ്മെന്റിന്റെ ഓഹരിയാണ്.

റിനോ ക്വിഡിന്റെ വില

റിനോ ക്വിഡിന്റെ വില

കിടിലൻ വിലയിടലാണ് ക്വിഡിന്റെ കാര്യത്തിൽ റിനോ നടത്തിയിരിക്കുന്നത്. ഷോറൂം നിരക്ക് പ്രകാരം തുടക്കവില 2.56 ലക്ഷം. ഇത് അവതരണവിലയാണെന്നാണ് റിനോ പറയുന്നത്. ഇത്തരമൊരു വിലയിടൽ നടത്താൻ റിനോയ്ക്ക് സാധിച്ചതിനു പിന്നിൽ കമ്പനിയുടെ ലോക്കലൈസേഷൻ പോളിസിയാണ് പ്രവർത്തിച്ചത്. കാറിന്റെ 98 ശതമാനം ഘടകഭാഗങ്ങൾ ഇന്ത്യയിൽ നിന്നുതന്നെ വാങ്ങുകയോ നിർമിക്കുകയോ ചെയ്യുന്നു.

വൻനിക്ഷേപം

വൻനിക്ഷേപം

3000 കോടി രൂപയുടെ ഇൻവെസ്റ്റ്മെന്റാണ് ഈ കാറിനു വേണ്ടി റിനോ നടത്തിയിരിക്കുന്നത്. ഇതിൽനിന്നു തന്നെ വ്യക്തമാകും എത്രമാത്രം ഗൗരവത്തോടെയാണ് റിനോ കാര്യങ്ങളെ സമീപിച്ചതെന്ന്. ഈ നിക്ഷേപത്തെ സാധൂകരിക്കുന്ന വിൽപന കണ്ടെത്താൻ റിനോ ക്വിഡിന് സാധിക്കുമോ എന്നതാണ് നമ്മൾ ഉത്തരം കണ്ടെത്തേണ്ട ചോദ്യം.

എല്ലാവരും ആഘോഷിക്കുന്ന കാര്യം

എല്ലാവരും ആഘോഷിക്കുന്ന കാര്യം

റിനോ ക്വിഡിന്റെ രൂപകൽപന രാജ്യത്തെ ഉപഭോക്താക്കളെ വലിയ തോതിൽ ആകർഷിച്ചിരിക്കുന്നു. എസ്‌യുവികളിൽ മാത്രം കണ്ടുവരാറുള്ള ഡിസൈൻ ശൈലിയാണ് ക്വിഡ് ഹാച്ച്ബാക്കിൽ റിനോ എൻജിനീയർമാർ പ്രയോഗിച്ചിരിക്കുന്നത്. സെഗ്മെന്റിൽ ഇത്തരമൊരു മാസ്സീവ് ലുക്കുള്ള വാഹനം വേറെയില്ല.

മുൻവശം

മുൻവശം

മസില് പിടിച്ചുനിൽക്കുന്ന ബോണറ്റിനോടും ബംപറിനോടും ഏറെ ചേർന്നു നിൽക്കുന്ന കരുത്തിന്റെ ഫീൽ നൽകുന്ന ഗ്രില്ല് ഈ വാഹനത്തെ റോഡിൽ എടുപ്പുള്ളതാക്കി മാറ്റുന്നു. രണ്ടുവരിയിൽ പ്ലാസ്റ്റിക്കിൽ തീർത്തിരിക്കുന്ന ഗ്രില്ലിനു നടുവിൽ റിനോ ലോഗോ ഇടംപിടിച്ചിരിക്കുന്നു. വലിപ്പമേറിയ, മസിലൻ ബംപറിൽ ഫോഗ്‌ലാമ്പുകൾ ചേർത്തിരിക്കുന്നു. താഴെ നൽകിയിട്ടുള്ള എയർ ഇൻടേക്കിനു മുകളിലായി ലൈസൻസ് പ്ലേറ്റിനുള്ള ഇടം കണ്ടെത്തിയിരിക്കുന്നു. കരുത്ത് ഫീൽ ചെയ്യിക്കുന്ന മുഖത്തിന് ചേരുന്ന വിധത്തിൽ ഏതാണ്ട് ചതുരാകൃതിയിൽ തന്നെയാണ് ഹെഡ്‌ലാമ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്.

പിൻവശം

പിൻവശം

മുൻവശത്ത് തുടങ്ങുന്ന പ്ലാസ്റ്റിക് ക്ലാഡിങ്ങ് വശങ്ങളിലൂടെ വന്ന് പിന്നിൽ മനോഹരമായ ബംപറായി പരിണമിക്കുന്നു. തൊട്ടുമുകളിലായി ബൂട്ട് ലിഡ് വരുന്നു. ബൂട്ട് ഡോറിൽ തുടങ്ങി മുൻവശത്തേക്ക് ചാഞ്ഞുകിടക്കുന്ന നിലയിലാണ് റിയർ ലാമ്പുകളുള്ളത്. ബൂട്ട് ഡോറിന്റെ ഡിസൈനിന്റെ തുടർച്ചയായിത്തന്നെയാണ് റിയർ ലാമ്പിനെയും ശിൽപപ്പെടുത്തിയിരിക്കുന്നത്. റൂഫിന്റെ പിൻവശത്തായി ചേർത്തിട്ടുള്ള സ്പോയ്‌ലർ വാഹനത്തിന് സ്പോർടി സൗന്ദര്യം പകരുന്നു.

വശങ്ങൾ

വശങ്ങൾ

താഴെയായി കാണുന്ന പ്ലാസ്റ്റിക് ക്ലാഡിങ്ങുകൾക്കു പുറമെ ഡോറിൽ പ്ലാസ്റ്റിക് മോൾഡിങ് സ്ഥാപിച്ചിട്ടുണ്ട്. ഇതിനു നൽകിയിരിക്കുന്ന വലിപ്പവും ശ്രദ്ധേയമാണ്. റിനോ ഡിസൈനർമാർ വാഹനത്തിന്റെ വലിപ്പക്കുറവിനെ രൂപകൽപന കൊണ്ട് മറികടക്കുന്നത് ഇങ്ങനെയൊക്കെയാണ്. പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിലാണ് വീൽ ആർച്ചുകൾ രൂപപ്പെടുത്തിയിരിക്കുന്നത്. 13 ഇഞ്ച് അലോയ് വീലുകൾ വാഹനത്തിലുണ്ട്. ഇത് ഉയർന്ന വേരിയന്റിൽ മാത്രമേ ലഭിക്കൂ.

പ്ലാറ്റ്ഫോം

പ്ലാറ്റ്ഫോം

റിനോയും നിസ്സാനും ചേർന്ന് വികസിപ്പിച്ചെടുത്ത ഒരു പുതിയ മോഡ്യൂലാർ പ്ലാറ്റ്ഫോമാണ് റിനോ ക്വിഡിന്റെ നിലപാടുതറ. പ്ലാറ്റ്ഫോം നിർമിതിയിലെ ഏറ്റവും ആധുനികമായ സാങ്കേതികതകൾ പ്രയോഗിക്കപ്പെട്ടിട്ടുണ്ട് ഇതിൽ. നിലവിൽ ഈ സെഗ്മെന്റിൽ മറ്റൊരു കാറിലുമില്ല മോഡ്യൂലാർ പ്ലാറ്റ്ഫോം എന്നുമറിയുക. സിഎംഎഫ്-എ എന്നാണ് ഈ പ്ലാറ്റ്ഫോം അറിയപ്പെടുന്നത്.

മുംബൈയിലും ചെന്നൈയിലും

മുംബൈയിലും ചെന്നൈയിലും

ഈ കാറിന്റെ ഡിസൈൻ ജോലികൾ പൂർണമായും നിർവഹിക്കപ്പെട്ടത് മുംബൈയിലും ചെന്നൈയിലുമുള്ള റിനോ ഡിസൈൻ-എൻജിനീയറിങ് സ്റ്റൂഡിയോകളിലാണ്. ഇന്ത്യാക്കാരെ പൊതുവിലും യുവതീയുവാക്കളെ പ്രത്യേകമായി ലക്ഷ്യം വെച്ചായിരുന്നു ഡിസൈൻ ജോലികൾ ചെയ്തത്. അതിന്റെ ഗുണം വാഹനത്തിൽ കാണുന്നുണ്ട് എന്നാണ് വിലയിരുത്തൽ.

ഡ്രൈവിങ് പൊസിഷൻ

ഡ്രൈവിങ് പൊസിഷൻ

മികച്ച വിസിബിലിറ്റി പ്രദാനം ചെയ്യുന്ന ഡ്രൈവിങ് പൊസിഷനാണ് റിനോ ക്വിഡ് ഹാച്ച്ബാക്കിനുള്ളത്.

ഇന്റീരിയർ (1)

ഇന്റീരിയർ (1)

വില കുറയ്ക്കുവാനായി വലിയ തോതിലുള്ള വിട്ടുവീഴ്ചകൾ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, കാറിൽ കയറിയതോടെ ഈ മുൻവിധികളെ മാറ്റിവെക്കേണ്ടിവന്നു. നാല് തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് ഒരുവിധം ഇന്ത്യൻ ശരീരങ്ങളെയെല്ലാം ഉൾക്കൊള്ളാൻ ഉദാരത കാണിക്കുന്നുണ്ട്. നിറയെ സ്റ്റോറെജ് സ്പേസുകൾ നൽകിയിട്ടുണ്ട് വാഹനത്തിനകത്ത്. മൂന്നും കംപാർട്ടുമെന്റുള്ള ഗ്ലോവ് ബോക്സ്, ബോട്ടിൽ ഹോൾഡർ ചേർത്ത സെന്റർ കൺസോൾ തുടങ്ങിയവ ഇതിലുൾപെടുന്നു.

ഇന്റീരിയർ (2)

ഇന്റീരിയർ (2)

ഫോൺ ചാർജ് ചെയ്യാനുള്ള പവർ സോക്കറ്റ് വാഹനത്തിൽ നൽകിയിട്ടുണ്ട്. ഫ്രണ്ട് കാബിനിൽ നല്ല ലെഗ്റൂം ലഭ്യമാക്കിയിട്ടുണ്ട്. പിന്നിൽ മൂന്നു മുതിർന്നവർക്ക് സുഖമായി യാത്ര ചെയ്യാം.

ഇന്റീരിയർ (3)

ഇന്റീരിയർ (3)

സെഗ്മെന്റിൽ ഇതാദ്യമായി ഒരു കാർ ഒരു 7 ഇഞ്ച് ഡിസ്പ്ലേയുമായി വന്നെത്തിയിരിക്കുന്നു. റിനോയുടെ മീഡിയനാവ് സിസ്റ്റമാണ് ഘടിപ്പിച്ചിരിക്കുന്നത്. ഡസ്റ്റർ എസ്‌യുവിൽ കണ്ട അതേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. പിൻകാബിനിൽ പവർ വിൻഡോകളുടെ അസാന്നിധ്യമാണ് ശ്രദ്ധയിൽ പെട്ട മറ്റൊരു കാര്യം. നേരത്തെ പറഞ്ഞ സന്നാഹങ്ങളെല്ലാം ഒരുക്കുവാൻ ചെയ്ത ചെറിയൊരു വിട്ടുവീഴ്ച. ഫ്രണ്ട് വിൻഡോയുടെ സ്വിച്ചുകൾ ചേർത്തിരിക്കുന്നത് മധ്യത്തിലാണ്.

എൻജിനും ഗിയർബോക്സും

എൻജിനും ഗിയർബോക്സും

800സിസി ശേഷിയുള്ള ഒരു 3 സിലിണ്ടർ എൻ‌ജിനാണ് വാഹനത്തിലുള്ളത്. അലൂമിനിയത്തിൽ നിർമിച്ച ഈ 12 വാൽവ് പെട്രോൾ എൻജിനോടൊപ്പം ഒരു 5 സ്പീഡ് മാന്വൽ ഗിയർബോക്സാണ് ചേർത്തിരിക്കുന്നത്. ഈ കാറിന്റെ 3 സിലിണ്ടർ എൻജിൻ 57 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 74 എൻഎം ആണ് ടോർക്ക്. നിലവിൽ ഈയൊരു എൻജിൻ മാത്രമേ നൽകുന്നുള്ളൂ റിനോ. ഭാവിയിൽ ഒരു 1 ലിറ്റർ എൻജിൻ (ആൾട്ടോ കെ10നുള്ള പണി!) ഘടിപ്പിച്ച് റിനോ ക്വിഡ് എത്തിച്ചേരും. ഒരു സെമി ഓട്ടോമാറ്റിക് ഗിയർബോക്സും പ്രതീക്ഷിക്കാം.

അളവുതൂക്കങ്ങൾ

അളവുതൂക്കങ്ങൾ

വെറും 669 കിലോഗ്രാം മാത്രമാണ് ഈ കാറിന്റെ ഭാരം എന്നറിയുക. മൊത്തം നീളം 3,679 മില്ലിമീറ്ററാണ്. വീതി 1,579 മില്ലിമീറ്റർ. നിലവിലുള്ള എതിരാളികളെ അപേക്ഷിച്ച് അളവുതൂക്കങ്ങളിൽ മുൻതൂക്കം ക്വിഡ് ഹാച്ച്ബാക്കിനാണെന്നു പറയാം.

ഡ്രൈവബിലിറ്റി

ഡ്രൈവബിലിറ്റി

ഭാരക്കുറവ് ക്വിഡ് മോഡലിന്റെ ഡ്രൈവബിലിറ്റി വർധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. കുറഞ്ഞ വേഗതയിൽ മികച്ച പ്രതികരണക്ഷമത പ്രകടിപ്പിക്കുന്നുണ്ട് എൻജിൻ. സെഗ്മെന്റിൽ‌ തന്നെ മികച്ച റൈഡ് ഹൈറ്റുകളിലൊന്നാണ് ക്വിഡ്ഡിന്റേത് എന്നുപറയാം. 13 ഇഞ്ച് വീലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. എന്നിരിക്കിലും വാഹനം ഡ്രൈവറുടെ പക്കൽ തികച്ചും നിയന്ത്രണവിധേയമായിരിക്കുന്നു.

ഡ്രൈവബിലിറ്റി

ഡ്രൈവബിലിറ്റി

പവർ ഡെലിവറി വളരെ സ്മൂത്താണ്. ഉയർന്ന വേഗതയിലേക്ക് സ്ഥിരതയോടെ കയറിച്ചെല്ലുന്ന രീതിയിൽ എൻജിൻ റെസ്പോൺസ് ക്രമീകരിച്ചിരിക്കുന്നത് ഉചിതമാണെന്നു വേണം പറയാൻ. ഈ സ്ഥിരത ഹൈവേകളിലും നഗരപാതകളിലുമെല്ലാം ഗുണകരമാണ്. കുറഞ്ഞ വേഗതകളിൽ ഗിയർഷിഫ്റ്റും സ്മൂത്തായി നടക്കുന്നു. ബ്രേക്കിങ്, സസ്പെൻഷൻ എന്നിവയും മികവുറ്റതാണ്.

മൈലേജ്

മൈലേജ്

ലിറ്ററിന് 25.17 കിലോമീറ്ററാണ് റിനോ അവകാശപ്പെടുന്നത്. നിരത്തിൽ 18 മുതൽ 20 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുന്നു. ഇന്ത്യയിൽ ഏറ്റവുമധികം മൈലേജ് പ്രദാനം ചെയ്യുന്ന പെട്രോൾ മോഡലാണിത് എന്നുമറിയുക.

സുരക്ഷ

സുരക്ഷ

കാറിനകത്തെ സുരക്ഷിതത്വം ഒരു പ്രധാന വിഷയമായി മാറിയിട്ടുണ്ട് ഇന്ന്. റിനോ ഈ പ്രശ്നത്തെ സാധ്യമായ വിധത്തിൽ തന്നെ അഭിസംബോധന ചെയ്യുന്നുണ്ട് ക്വിഡ് ഹാച്ച്ബാക്കിൽ. ഈ കാറിന്റെ ഏറ്റവും ഉയർന്ന വേരിയന്റായ ആർഎക്സ്ടി-യിൽ ഡ്രൈവർ എയർബാഗ് ഓപ്ഷണലായി നൽകിയിരിക്കുന്നു. അനുകൂലമായ ഇന്ത്യൻ ക്രാഷ് ടെസ്റ്റ് ഫലങ്ങളോടെയാണ് ക്വിഡ് നിരത്തിലിറങ്ങുന്നത്.

വേരിയന്റുകൾ

വേരിയന്റുകൾ

എസ്ടിഡി, ആർഎക്സ്ഇ, ആർഎക്സ്എൽ, ആർഎക്സ്ടി എന്നിങ്ങനെ നാല് വേരിയന്റുകളാണ് വാഹനത്തിനനുള്ളത്. അഞ്ച് നിറങ്ങളിൽ ഈ വേരിയന്റുകൾ ലഭിക്കും.

റിനോ ക്വിഡ്: ഗുണവശങ്ങൾ

റിനോ ക്വിഡ്: ഗുണവശങ്ങൾ

  • ഇന്റീരിയർ സ്പേസ്
  • ഇന്ധനക്ഷമത
  • റിമോട്ട് കീലെസ്സ് എൻട്രി
  • മികച്ച റോഡ് പ്രസൻസ്
  • ഉയർന്ന വേരിയന്റിൽ ഡ്രൈവർ എയർബാഗ്
  • മികച്ച എക്സ്റ്റീരിയർ/ഇന്റീരിയർ സ്റ്റൈലിങ്
  • റിനോ ക്വിഡ്: ഗുണവശങ്ങൾ

    റിനോ ക്വിഡ്: ഗുണവശങ്ങൾ

    • 180 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്
    • സെഗ്മെന്റിലെ മികച്ച ബൂട്ട് സ്പേസ് (300 ലിറ്റർ)
    • സെഗ്മെന്റിലെ മികച്ച ഇന്ധനക്ഷമത
    • 2 വർഷം/50,000 കിലോമീറ്റർ വരെ വാറന്റി
    • മികച്ച ഹാൻഡ്‌ലിങ്
    • 7 ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേ
    • ട്രിപ്പ് കമ്പ്യൂട്ടർ (ഇന്ധന ഉപഭോഗം, തൽസമയ ഇന്ധനനില എന്നിവ അറിയിക്കുന്നു)
    • റിനോ ക്വിഡ്: ദോഷവശങ്ങൾ

      റിനോ ക്വിഡ്: ദോഷവശങ്ങൾ

      • പ്ലാസ്റ്റിക് വിങ് മിററുകൾ
      • ടാക്കോ മീറ്റർ (ആർപിഎം ഗേജ്) ഇല്ല
      • താഴ്ന്ന ഗിയറുകളിൽ വൈബ്രേഷൻ വരുന്നു
      • ഉയർന്ന വേരിയന്റിൽ പോലും സ്റ്റീയറിങ് വീൽ റേക്ക് ക്രമീകരണമില്ല
      • വാങ്ങണോ വേണ്ടയോ?

        വാങ്ങണോ വേണ്ടയോ?

        ബുക്കിങ് തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ 25000 ആവശ്യക്കാരാണ് എത്തിച്ചേർന്നിട്ടുള്ളത്. ആൻ‌ഡ്രോയ്ഡ് ആപ്ലിക്കേഷൻ വഴിയും നിരവധി പേർ ബുക്ക് ചെയ്തുകൊണ്ടിരിക്കുന്നു. പൊതുവിലും പ്രത്യേകമായും നോക്കുമ്പോൾ വാഹനത്തിന് മെച്ചങ്ങൾ ഏറെയുണ്ട്. പുതിയ എൻജിനായതിനാൽ ചിലർ സംശയിച്ചു നിൽക്കുന്നുണ്ട്. എൻജിനെക്കുറിച്ച് അധികം സംശയിച്ചു നിൽക്കേണ്ട കാര്യമില്ലെന്നാണ് ഞങ്ങളുടെ ടെസ്റ്റിൽ തോന്നിയത്. റിനോയുടെ തച്ചാണ് സാധനം. സർവീസ് നെറ്റ്‌വർക്കുകളുടെ കാര്യമാണ് ചെറിയ പ്രശ്നമുണ്ടാക്കുന്നത്. സ്പെയർ പാർട്സിനായി രണ്ടോ മൂന്നോ ദിവസം കാത്തുനിൽക്കേണ്ട അവസ്ഥയുമുണ്ടാകാം. മെയിന്റനൻസ് ചെലവ് മാരുതിയെക്കാഴ്] 15 മുതൽ 20 ശതമാനം വരെ കുറവായിരിക്കുമെന്നാണ് റിനോയുടെ പ്രഖ്യാപനം. ഇനി തീരുമാനം നിങ്ങളുടേതാണ്.

Most Read Articles

Malayalam
English summary
Renault Kwid test drive review.
Story first published: Wednesday, October 7, 2015, 14:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X