ബുള്ളറ്റ: ഭ്രാന്തിന്റെ പുതിയ നിക്ഷേപം

Posted By:

സൂപ്പര്‍കാര്‍ വിപണിയിലേക്ക് ഒരു പുതിയ കമ്പനി ഇറങ്ങുന്നു എന്നതിനര്‍ത്ഥം കുറെ ഓട്ടോമൊബൈല്‍ ഭ്രാന്തന്മാരുടെ പിരി അഴിഞ്ഞുപോയി എന്നു മാത്രമാണ്. ഭ്രാന്തിന്റെ വില്‍പന മൂല്യമാണ് ഇവിടെ അളക്കപ്പെടുന്നത്. എക്കാലത്തെയും മികച്ച സൂപ്പര്‍കാര്‍ കമ്പനികള്‍ക്കെല്ലാം പിന്നില്‍, ഇത്തരം ഭ്രാന്തന്മാരുടെ സാന്നിധ്യം കാണാം. ലാഭം ഒരു ബിസിനസ്സിനെ സംബന്ധിച്ച് പ്രധാനമാണെങ്കിലും അത് മാത്രം ലാക്കാക്കുന്ന ഒരാള്‍ക്ക് ഒരു നല്ല സൂപ്പര്‍കാര്‍ നിര്‍മിച്ച് പുറത്തിറക്കാനാവില്ല. ഈ വ്യവസായത്തിന്റെ പ്രാഥമിക മൂലധനം ആകാശം തൊടുന്ന ഭ്രാന്താണ്!

രണ്ടും കല്‍പിച്ചിറങ്ങേണ്ട സൂപ്പര്‍കാര്‍ നിര്‍മാണ രംഗത്തേക്ക് ഒരു പുതിയ കമ്പനി കൂടി വരുന്നതാണ് വാര്‍ത്ത. ബുള്ളറ്റ മോട്ടോഴ്‌സ് എന്ന ഈ പുതിയ കമ്പനി എഫ്22 റാപ്റ്റര്‍ ഫൈറ്റര്‍ ജെറ്റിന്റെ ശില്‍പത്തില്‍ നിന്ന് പ്രചോദനം കൊണ്ടാണ് ആദ്യത്തെ മോഡല്‍ നിര്‍മിച്ചത്. ആര്‍എഫ്22 എന്നു പേരിട്ട ബുള്ളറ്റയുടെ ആദ്യത്തെ സൂപ്പര്‍കാറിനെ ഇവിടെ അടുത്തുകാണാം.

Bulleta Motors RF22

ലോട്ടസ്സിന്റെ പ്ലാറ്റ്‌ഫോം കടം കൊണ്ടാണ് ബുള്ളറ്റ ആര്‍എഫ്22 വിപണിയിലെത്തുന്നത്. വിഖ്യാതമായ ലംബോര്‍ഗിനി വെനോം ജിടി പോലുള്ള നിരവധി സൂപ്പര്‍കാറുകള്‍ക്ക് ഇരിപ്പിടമാണ് ലോട്ടസ്സിന്റെ പ്ലാറ്റ്‌ഫോമെന്ന് അറിയുക.

Bulleta Motors RF22

വിഖ്യാത ഡിസൈനറായ സമിര്‍ സാദിഖോവിന്റെ പെന്‍സിലാണ് ബുള്ളറ്റ ആര്‍എഫ്22-വിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

Bulleta Motors RF22

രണ്ട് വേരിയന്റുകളിലായിട്ടാണ് ആര്‍എഫ്22 വരിക. 3.5 ലിറ്റര്‍ 6 വാല്‍വ് എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതേ എന്‍ജിനാണ് ലോട്ടസ് ഇവോറ സൂപ്പര്‍കാറിലും ഉപയോഗിച്ചിരിക്കുന്നത് എന്നു പറയാമെങ്കിലും കാര്യമായ മാറ്റങ്ങളുണ്ട്. ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച് എന്‍ജിന്‍ കരുത്ത് 400 കുതിരശക്തിയില്‍ നിന്ന് 505 കുതിരശക്തിയാക്കി ഉയര്‍ത്തിയിരിക്കുന്നു. 542 എന്‍എം വീര്യം ചക്രങ്ങളിലേക്ക് പകരുവാനും പുതുക്കി ട്യൂണ്‍ ചെയ്ത എന്‍ജിന് സാധിക്കും.

Bulleta Motors RF22

6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിനോട് ഘടിപ്പിച്ചിരിക്കുന്നത്. തീര്‍ച്ചയായും ഒരു ഓട്ടോമാറ്റിക് പഡില്‍ ഷിഫ്റ്റര്‍ നല്‍കുന്നുണ്ട്. ഇത് പറഞ്ഞ് ചെയ്യിക്കേണ്ടതാണ്. മധ്യത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്ന എന്‍ജിനിന്റെ കരുത്ത് പിന്‍വീലിലേക്ക് പകരുന്നു ഈ ഷിഫ്റ്ററുകള്‍. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ എന്‍ജിന്‍ എടുക്കുന്ന സമയം ഒരു വേരിയന്റിന് 4.1 സെക്കന്‍ഡും മറ്റേതിന് 3.1 സെക്കന്‍ഡുമാണ്.

Bulleta Motors RF22

ബുള്ളറ്റയുടെ മൗലികമായ സംഭാവന വാഹനത്തിന്റെ ബോഡിയാണെന്നു പറയാം. ഫൈബര്‍ഗ്ലാസിലാണ് ബോഡിയുടെ നിര്‍മാണം. ഇത് ഭാരത്തില്‍ വലിയ തോതില്‍ കുറവ് വരുത്തും. കാര്‍ബണ്‍ ഫൈബര്‍ ബോഡിയിലും വാഹനം ലഭിക്കും; പറഞ്ഞുണ്ടാക്കിക്കണം. വെറും 1,324 കിലോഗ്രാമാണ് ബുള്ളറ്റ ആര്‍എഫ്22-വിന്റെ ഭാരം.

Bulleta Motors RF22

വീലുകളുടെ അളവുകള്‍ കൗതുകമുണ്ടാക്കും. മുന്‍ വീലുകള്‍ 19 ഇഞ്ചിലും പിന്‍വീലുകള്‍ 20 ഇഞ്ചിലും വരുന്നു. 19 ഇഞ്ച് വീലുകള്‍ മാത്രം ഘടിപ്പിച്ച് കാര്‍ ലഭ്യമാണ്. ഈ വീല്‍ സെറ്റ് പൂര്‍ണമായും കാര്‍ബണ്‍ ഫൈബറിലാണ് നിര്‍മിച്ചിരിക്കുന്നത്.

Bulleta Motors RF22

ടൂ സീറ്ററാണ് ഈ വാഹനമെങ്കിലും പിന്നില്‍ രണ്ട് സീറ്റുകള്‍ കൂടി ഘടിപ്പിക്കാന്‍ അനുവദിക്കുന്നുണ്ട്. ഇതില്‍ രണ്ട് കുട്ടികളെ ഇരുത്താനുള്ള സ്ഥലമുണ്ടായിരിക്കും.

Bulleta Motors RF22

വിലനിലവാരം സംബന്ധിച്ച് യാതൊന്നും ഇപ്പോള്‍ ലഭ്യമല്ല. എന്തായാലും ലോട്ടസ്സിനെക്കാള്‍ ഉയര്‍ന്ന വിലയില്‍ ലഭ്യമാക്കുവാനാണ് കമ്പനിയുടെ പദ്ധതി എന്നാണ് കേള്‍ക്കുന്നത്. ഫെരാരികളുടെയും ലംബോര്‍ഗിനികളുടെയും ലോകത്ത് ഭ്രാന്തിന്റെ ഒരു പുതിയ സെഗ്മെന്റ് തീര്‍ക്കാന്‍ ബുള്ളറ്റയ്ക്ക് സാധിക്കട്ടെ എന്നുകരുതാം.

English summary
To a name a few, there is Lucra, Vuhl from Mexico and now Bulleta Motors from the U.S, which has the F22 Raptor fighter jet inspired RF22 on offer.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark