ചൈനയിലെ ട്രേഡ്മാര്‍ക്ക് തര്‍ക്കം ടെസ്‌ല ഒത്തുതീര്‍പ്പാക്കി

Written By:

അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാവ് ടെസ്‌ല മോട്ടോഴ്‌സ് തങ്ങളുടെ ട്രേഡ്മാര്‍ക്കിനു മേലുള്ള അവകാശത്തിനായി നടത്തിയ നീക്കങ്ങള്‍ വിജയിച്ചു. ടെസ്‌ല തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഭാവിയിലെ ഏറ്റവും വലിയ വിപണികളിലൊന്നായി മാറാനിരിക്കുന്ന ചൈനയില്‍ ടെസ്‌ല നിക്ഷേപിച്ച സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാവാനിരുന്ന പ്രശ്‌നമാണ് ഇപ്പോള്‍ പരിഹരിക്കപ്പെട്ടിരിക്കുന്നത്.

ചൈനാക്കാരനായ സുവാന്‍ ബാവോഷെങ് ടെസ്‌ല എന്ന ട്രേഡ്മാര്‍ക്ക് ഇംഗ്ലീഷിലും ചൈനീസ് ഭാഷയിലും 2006ല്‍ തന്നെ തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ടെസ്‌ല ചൈനയിലേക്കു കടക്കാന്‍ പദ്ധതിയിട്ടപ്പോള്‍ തന്നെ ഈ പ്രശ്‌നം ഉയര്‍ത്തപ്പെട്ട. സംഗതി കോടതിയിലെത്തി. ഇടയ്ക്ക്, പ്രശ്‌നമെല്ലാം തീര്‍ന്നെന്ന് ടെസ്‌ല അറിയിച്ചെങ്കിലും അത് ശരിയല്ലെന്ന് വെളിപ്പെടുത്തി സുവാന്‍ ബാവോഷങ് മുമ്പോട്ടുവന്നു. സുദീര്‍ഘമായ കോടതിനടപടികളുടെയും ചര്‍ച്ചകളുടെയുമെല്ലാമൊടുവില്‍ സാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്നാണ് ടെസ്‌ല നല്‍കുന്ന സൂചന.

തന്റെ പേരില്‍ ചൈനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രേഡ്മാര്‍ക്ക് വില്‍ക്കാന്‍ സാന്‍ തയ്യാറായിരുന്നെങ്കിലും അതിനാവശ്യപ്പെട്ട പ്രതിഫലം വളരെ വലുതായിരുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

Tesla resolves trademark dispute in China

യാതൊരു ഉപാധികളുമില്ലാതെ ടെസ്‌ല എന്ന ട്രേഡ്മാര്‍ക്ക് തങ്ങള്‍ക്കു വിട്ടുനല്‍കാന്‍ ചൈനക്കാരന്‍ തയ്യാറായെന്നാണ് കമ്പനി പറയുന്നത്. ഇതോടൊപ്പം സുവാന്‍ കൈവശപ്പെടുത്തിയിരുന്ന ടെസ്‌ല.സിഎന്‍, ടെസ്‌ലമോട്ടോഴ്‌സ്.സിഎന്‍ എന്നീ ഡൊമൈനുകളും കമ്പനിക്ക് ലഭിക്കും.

ചൈനയില്‍ ഇലക്ട്രിക് കാറുകള്‍ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. ഇക്കാരണത്താല്‍ തന്നെ ബിഎംഡബ്ല്യു അടക്കമുള്ള കാര്‍നിര്‍മാതാക്കള്‍ തങ്ങളുടെ ഇലക്ട്രിക് കാര്‍ മോഡലുകളുമായി വിപണിയിലുണ്ട്.

ട്രേഡ്മാര്‍ക്ക് സംബന്ധിച്ച് നേരത്തെയും തര്‍ക്കങ്ങളുടലെടുത്തിരുന്നു ചൈനയില്‍. ആപ്പിള്‍, ഫിലിപ്‌സ്, യൂണിലിവര്‍ തുടങ്ങി അന്താരാഷ്ട്ര ബ്രാന്‍ഡുകളെല്ലാം ഇത്തരം പ്രശ്‌നങ്ങലില്‍ കുടുങ്ങിയിട്ടുണ്ട്. ചൈനയിലെ നിയമങ്ങളില്‍ ആഗോളകുത്തകകളെ വെള്ളം കുടിപ്പിക്കാന്‍ പര്യാപ്തമായ ചേരുവകളുണ്ട്. കോപ്പിറൈറ്റ് നിയമങ്ങളും മറ്റും ഇത്രയും ഉദാരമായിട്ടുള്ള മറ്റൊരു രാഷ്ട്രം ലോകത്തില്ല എന്നുതന്നെ പറയാവുന്നതാണ്.

കൂടുതല്‍... #tesla #ടെസ്‌ല
English summary
U.S. electric carmaker Tesla Motors Inc said it has completely and amicably resolved a trademark dispute in China.
Story first published: Wednesday, August 6, 2014, 16:09 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark