500 അബാര്‍ത്ത്: ഒരു ഇറ്റാലിയന്‍ ക്ലാസിക്കിന്റെ ഇന്ത്യാ പ്രവേശം
ഫിയറ്റ് ക്രൈസ്‌ലറില്‍ നിന്നുള്ള 500 അബാര്‍ത്ത് മോഡല്‍ കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചിരുന്നു. ഫിയറ്റിന്റെ പ്രകടനശേഷി കൂടിയ കാര്‍മോഡലുകള്‍ നിര്‍മിക്കുന്ന സ്ഥാപനമാണിത്.
ഫിയറ്റ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ഈ വാഹനത്തിന്റെ വരവ് സംബന്ധിച്ച വിളംബരം ഒരു ടീസര്‍ ചിത്രത്തിന്റെ രൂപത്തില്‍ നല്‍കിയിരിക്കുന്നു. 'ഉടന്‍ വരുന്നു' എന്നാണ് പ്രഖ്യാപനം. കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം.

പല സന്ദര്‍ഭങ്ങളിലായി അബാര്‍ത്ത് മോഡലിനെ ഇന്ത്യയിലെ വിവിധ ഷോറൂമുകളില്‍ ഫിയറ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. രാജ്യത്തെ വാഹനപ്രേമികളുടെ പ്രതികരണം അറിയുകയായിരുന്നു ലക്ഷ്യം. ലഭ്യമായ പ്രതികരണങ്ങളില്‍ ഫിയറ്റിന് സംതൃപ്തിയുണ്ടെന്നാണ് ഇപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്.

1.4 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് ഫിയറ്റ് അബാര്‍ത്തിലുള്ളത്. 160 കുതിരശക്തിയും 230 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും. 5 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഘടിപ്പിച്ച് ഈ കാര്‍ വാങ്ങാന്‍ കിട്ടും.

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുകയാണ് ഫിയറ്റ് ചെയ്യുക. ഇക്കാരണത്താല്‍ വിലക്കൂടുതല്‍ കാണും. 100 ശതമാനത്തിലധികം നികുതിയടച്ചു വേണം ഇറക്കുമതി ചെയ്യാന്‍. എങ്കില്‍, പെര്‍ഫോമന്‍സ് കാറുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കിടയില്‍ ഈ വിലക്കൂടുതല്‍ ഒരു പ്രശ്‌നമാവില്ല എന്നതാണ് കാര്യം. ലോകത്തിലെ എണ്ണം പറഞ്ഞ ക്ലാസിക് മോഡലുകളിലൊന്നാണ് ഫിയറ്റ് 500 അബാര്‍ത്ത്.

ഇന്ത്യയില്‍ ഈ വാഹനം ഉല്‍പാദിപ്പിക്കാന്‍ കമ്പനിക്ക് പ്ലാനുണ്ട്. 500 അബാര്‍ത്ത് മോഡലുകള്‍ വിജയമാകുകയാണെങ്കില്‍ പൂന്തോയുടെ അബാര്‍ത്ത് പതിപ്പും ഇന്ത്യയിലെത്തിക്കാന്‍ ഫിയറ്റിന് താല്‍പര്യമുണ്ട് എന്നറിയുന്നു.

1950കളിലാണ് ഫിയറ്റ് 500 മോഡലുകളുടെ ജനനം. ഇറ്റലിയിലെ താഴ്ന്ന ഇടത്തരക്കാരെ ഉദ്ദേശിച്ചാണ് ഈ കാര്‍ നിര്‍മിക്കപെട്ടത്. രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികളില്‍ നിന്നും രക്ഷപെടാനാഗ്രഹിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ മിക്കവയിലും ഇക്കണോമി കാറുകള്‍ എത്തിത്തുടങ്ങിയ കാലമായിരുന്നു അത്. 1975ല്‍ ഫിയറ്റ് 500 മോഡലിന്റെ ആദ്യ ജീവിതകാലം അവസാനിച്ചു.

ഒരു 479സിസി എന്‍ജിനാണ് ഈ വാഹനത്തിലുണ്ടായിരുന്നത്. 2.97 മീറ്റര്‍ നീളം മാത്രമുള്ള ഈ കാര്‍ പില്‍ക്കാലത്ത് ഒരു ക്ലാസിക്കായി പരിണമിച്ചു. 2007ല്‍ ഈ കാറിനെ പുതിയ കാലത്തിന്റെ ഡിസൈന്‍ സവിശേഷതകള്‍ ചേര്‍ത്ത് പുതുക്കി വിപണിയിലെത്തിക്കുകയായിരുന്നു ഫിയറ്റ്.

2004ല്‍ ഫിയറ്റ് അവതരിപ്പിച്ച ട്രെപ്യൂനോ കണ്‍സെപ്റ്റിനെ ആധാരമാക്കിയാണ് പുതിയ ഫിയറ്റ് 500 എത്തിയത്. കാറിന്റെ ആദ്യ വിപണി പ്രവേശത്തിന്റെ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 2007ല്‍ ഈ കണ്‍സെപ്റ്റിന് ഉല്‍പാദനപ്പതിപ്പ് അവതരിപ്പിക്കപെട്ടു.


Click it and Unblock the Notifications








