ജിഎസ്ടി; മാരുതി കാറുകളുടെ വില ഇനി എങ്ങനെയാകും? അറിയേണ്ടതെല്ലാം

Written By:

ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ജിഎസ്ടി നിരക്കുകള്‍ വാഹന വിപണിയെ പല തരത്തിലാണ് സ്വാധീനിക്കുന്നത്. ജിഎസ്ടി അടിസ്ഥാനത്തില്‍ ചില മോഡലുകള്‍ക്ക് വില കുറയുമ്പോള്‍, ചില മോഡലുകളുടെ വില വര്‍ധിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കിയെയും വരാനിരിക്കുന്ന ജിഎസ്ടി നിരക്കുകള്‍ സ്വാധീനിക്കും.

ജിഎസ്ടി പശ്ചാത്തലത്തില്‍ ചില മാരുതി മോഡലുകളുടെ വില്‍പന കുതിക്കുമെന്ന് പ്രവചിക്കപ്പെടുമ്പോള്‍, ചില മാരുതി മോഡലുകള്‍ക്ക് തിരിച്ചടി ലഭിക്കുമെന്നും വിദഗ്ധര്‍ ഇതിനകം വിലയിരുത്തി കഴിഞ്ഞു.

ജിഎസ്ടി പ്രകാരം, എല്ലാ പാസഞ്ചര്‍ കാറുകളിലും 28 ശതമാനം നികുതിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പുറമെ, 1200 സിസി ക്ക് താഴെ എഞ്ചിന്‍ ശേഷിയുള്ള പെട്രോള്‍ കാറുകളില്‍ ഒരു ശതമാനം അധിക സെസ് ചുമത്തും. 

സമാനമായി 1200 സിസി ക്ക് താഴെ എഞ്ചിന്‍ ശേഷിയുള്ള പെട്രോള്‍-ഡീസല്‍ കാറുകളില്‍ മൂന്ന് ശതമാനമാണ് അധിക സെസ്. 1500 സിസി ക്ക് താഴെ എഞ്ചിന്‍ ശേഷിയുള്ള വലിയ എസ്‌യുവി, ആഢംബര കാറുകളില്‍ 15 ശതമാനവുമാണ് അധിക സെസ് ചുമത്തുക.

ഇനി മാരുതി കാറുകളുടെ വില എങ്ങനെയാകും? ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കളില്‍ നേരത്തെ എത്തിക്കുന്നതിനായി മാരുതി സുസൂക്കി ഇതിനകം മോഡലുകളില്‍ വിലക്കുറവ് രേഖപ്പെടുത്തി കഴിഞ്ഞു. 

എസ്-ക്രോസില്‍ 70000 രൂപ വരെയാണ് മാരുതി നല്‍കിയിരിക്കുന്ന ഡിസ്‌കൗണ്ട്. മിഡ്-സൈസ് സെഡാനുകള്‍, എസ്‌യുവികള്‍, ക്രോസോവറുകള്‍ക്ക് മേലുള്ള കുറഞ്ഞ നികുതി ശതമാനമാണ് വിലക്കുറവിന് ആധാരമായിരിക്കുന്നത്.

മാരുതിയുടെ ബെസ്റ്റ് സെല്ലിംഗ് ഹാച്ച്ബാക്കുകളായ ആള്‍ട്ടോ, വാഗണ്‍ആര്‍, സെലെറിയോ, സ്വിഫ്റ്റ് മോഡലുകളിലും 25000 മുതല്‍ 35000 രൂപ വരെ വിലക്കുറവ് മാരുതി രേഖപ്പെടുത്തി കഴിഞ്ഞു. 

എന്തായാലും ജിഎസ്ടി പശ്ചാത്തലമായി മാരുതി നല്‍കി വരുന്ന ഡിസ്‌കൗണ്ട്, വില്‍പനയെ കാര്യമായി സ്വാധീനിച്ചിട്ടുമുണ്ട്. പക്ഷെ, ഹൈബ്രിഡ് കാറുകളിന്മേലുള്ള ഉയര്‍ന്ന ജിഎസ്ടി നിരക്ക് മാരുതിക്ക് തിരിച്ചടിയേകും. 

ഹൈബ്രിഡ് കാറുകളില്‍ 43 ശതമാനമാണ് ജിഎസ്ടി നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മാരുതി സിയാസ്, എര്‍ട്ടിഗ മോഡലുകളുടെ ഡീസല്‍ വേരിയന്റുകള്‍ എത്തുന്നത് സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ സിസ്റ്റത്തിലാണ് (SVHS). 

പൂര്‍ണ ഹൈബ്രിഡ് ഫീച്ചറുകള്‍ SHVS ന് ഇല്ലെങ്കിലും, ഇന്ത്യന്‍ മോട്ടോർ വാഹന നിയമം പ്രകാരം ഹൈബ്രിഡ് കാറുകളടെ ഗണത്തിലാണ് ഈ മോഡലുകളും ഉള്‍പ്പെടുന്നത്.

ഇലക്ട്രിക്-ഹൈബ്രിഡ് കാറുകളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കേന്ദ്ര പദ്ധതി FAME ന് കീഴില്‍ നിന്നും ആനുകൂല്യങ്ങള്‍ നേടിയാണ് എര്‍ട്ടിഗ, സിയാസ് മോഡലുകളെ മാരുതി അണിനിരത്തിയിരുന്നതും. 

എന്നാല്‍ ഉയര്‍ന്ന നികുതി നിരക്കിന്റെ അടിസ്ഥാനത്തില്‍ ഇനി എര്‍ട്ടിഗ, സിയാസ് ഡീസല്‍ വേരിയന്റുകള്‍ക്ക് തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തല്‍.

43 ശതമാനം നികുതി നിരക്ക്, എര്‍ട്ടിഗ സിയാസ് ഡീസല്‍ വേരിയന്റുകളുടെ വിലയില്‍ 1.5 ലക്ഷം രൂപ വരെ വര്‍ധനവ് വരുത്തും. അതേസമയം, SVHS സാങ്കേതികതയില്‍ നിന്നും പിന്മാറി സാധാരണ ഡീസല്‍ വേരിയന്റുകളെ മോഡലുകളില്‍ മാരുതി ഒരുക്കിയേക്കുമെന്നും സൂചനയുണ്ട്. 

മാരുതി ബ്രെസ്സയിലും 3.5 ശതമാനം വരെ വിലക്കുറവ് രേഖപ്പെടുത്താം.

കൂടുതല്‍... #മാരുതി
English summary
GST Effect: Maruti Suzuki Reduces Prices Of Some and Increases Prices Of Some Of Its Cars. Read in Malayalam.
Story first published: Friday, June 30, 2017, 11:41 [IST]
Please Wait while comments are loading...

Latest Photos