കേരളത്തിലെ മന്ത്രിമാര്‍ക്ക് പുതിയ കാര്‍ വരുന്നു

Written By:

ചീറിപ്പാഞ്ഞ് പോകുന്ന മന്ത്രിമാരുടെ കാറുകള്‍ കേരളത്തിലെ പതിവ് കാഴ്ചകളാണ്. അംബാസിഡറില്‍ തുടങ്ങി, ടൊയോട്ട ഇന്നോവ വരെ എത്തി നില്‍ക്കുന്ന മന്ത്രിമാരുടെ ഔദ്യോഗിക കാര്‍ നിര, ചിലപ്പോഴൊക്കെ നമ്മളെ വിസ്മയിപ്പിക്കാറുമുണ്ട്.

എന്നാല്‍ ഇപ്പോള്‍, ഇടതുപക്ഷ മന്ത്രിസഭയിലെ മന്ത്രിമാരിലേക്ക് പുതിയ കാറുകള്‍ ഉടന്‍ കടന്നെത്തും. നിലവിലെ കാറുകള്‍ കാലപ്പഴക്കം ചെന്നതിനാലാണ് പുതിയ നടപടി. നിലവിലെ കാറുകളില്‍ മിക്കതും റിപ്പയറിംഗ് നടത്തേണ്ട സാഹചര്യമാണുള്ളത്.

അതിനാല്‍ 25 ടൊയോട്ട ഇന്നോവ കാറുകളും, 10 ടൊയോട്ട കോറോള ആള്‍ട്ടിസ് കാറുകളുമാണ് മന്ത്രിമാര്‍ക്ക് ലഭിക്കുക. ഇതുമായി ബന്ധപ്പെട്ടുള്ള ഓര്‍ഡര്‍ വിനോദ സഞ്ചാര വകുപ്പ് നല്‍കി കഴിഞ്ഞു.

ആറ് കോടി രൂപയാണ് കാറുകള്‍ വാങ്ങാനായി സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്നത്. 

പുതിയ കാറുകളുടെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള കാറുകളുടെ എണ്ണം 129 ആയി വര്‍ധിക്കും. അതത് മന്ത്രിമാര്‍ക്ക് സംസ്ഥാന വിനോദ സഞ്ചാര വകുപ്പാണ് കാറുകള്‍ നല്‍കുന്നത്.

നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കും, സ്പീക്കര്‍ക്കും, ഡെപ്യൂട്ടി സ്പീക്കര്‍ക്കുമായി 19 ടൊയോട്ട ഇന്നോവ കാറുകളും മൂന്ന് ടൊയോട്ട കോറോള ആള്‍ട്ടിസ് കാറുകളുമാണ് വിനോദ സഞ്ചാര വകുപ്പ് നല്‍കിയിട്ടുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന് രണ്ട് ടൊയോട്ട ഇന്നോവകളാണ് വിനോദ സഞ്ചാര വകുപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം, മറ്റ് മന്ത്രിമാര്‍ക്കെല്ലാം ഓരോ ടൊയോട്ട ഇന്നോവകളും നിലവില്‍ നല്‍കിയിട്ടുണ്ട്. 

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി ശസി, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരാണ് ടൊയോട്ട കോറോള ആള്‍ട്ടിസ് കാറുകള്‍ ഉപയോഗിക്കുന്നത്.

കാലപ്പഴക്കം  ചെന്ന, ഉപയോഗശൂന്യമായ ഔദ്യോഗിക കാറുകളുടെ എണ്ണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിനോദ സഞ്ചാര വകുപ്പ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. വകുപ്പിന് കീഴിലുള്ള മിത്സുബിഷി ലാന്‍സറുകളാണ് ഏറ്റവും പഴക്കം ചെന്ന പട്ടികയിലുള്ളത്. 

2006 മുതലാണ് 25 മിത്സുബിഷി ലാന്‍സറുകള്‍ വകുപ്പിന് കീഴില്‍ വന്നത്. അറ്റകുറ്റ പണികള്‍ക്ക് ഏറെ തുക ചെലവ് വരുന്നതിനാല്‍ മിത്സുബിഷി ലാന്‍സറുകളെ നിലനിര്‍ത്തുന്നത് വിനോദ സഞ്ചാര വകുപ്പിന് നഷ്ടമാണ്. 

മാത്രമല്ല, സംസ്ഥാന മന്ത്രിമാരോ, കേരള സന്ദര്‍ശനത്തിന് എത്തുന്ന വിഐപികളോ മിത്സുബിഷി ലാന്‍സറുകളില്‍ സഞ്ചരിക്കാന്‍ താത്പര്യപ്പെടുന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

വിനോദ സഞ്ചര വകുപ്പിന്റെ മാനദണ്ഡമനുസരിച്ച്, ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും മന്ത്രിമാര്‍ക്ക് പുതിയ കാര്‍ നേടാന്‍ അര്‍ഹതയുണ്ട്. അല്ലാത്തപക്ഷം, കാര്‍ ഒരു ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചിരിക്കണമെന്നും മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്നു.

നിലവിലെ സാഹചര്യങ്ങളില്‍ മന്ത്രിമാരുടെ കാറുകള്‍ ഒരു വര്‍ഷം കൊണ്ട് തന്നെ ഒരു ലക്ഷം കിലോമീറ്റര്‍ പിന്നിടാറുണ്ട്. 

മികവുറ്റ ആധുനിക കാറുകളുടെ പശ്ചാത്തലത്തില്‍ ഈ മാനദണ്ഡം മാറ്റണമെന്ന് വിനോദ സഞ്ചാര വകുപ്പ് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്.

കൂടാതെ, 1998 മുതല്‍ക്ക് വകുപ്പിന് കീഴിലുള്ള മൂന്ന് മെര്‍സിഡീസ് ബെന്‍സ് കാറുകളും വിനോദ സഞ്ചാരവകുപ്പ് ലേലം നടത്തും. മുന്‍ മുഖ്യമന്ത്രി ഇ കെ നയനാര്‍ ഉപയോഗിച്ചിരുന്ന മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസും ലേലം നടത്തുന്ന കാറുകളില്‍ ഉള്‍പ്പെടുന്നുണ്ട്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Kerala Ministers to Get New Cars. Read in Malayalam.
Story first published: Friday, June 2, 2017, 12:53 [IST]
Please Wait while comments are loading...

Latest Photos