സച്ചിന്റെ കൈപിടിച്ച് ബിഎംഡബ്ല്യു 6 സീരീസ് ജിടി ഇന്ത്യയില്‍; വില 58.9 ലക്ഷം രൂപ
ബിഎംഡബ്ല്യു 6 സീരീസ് ജിടി ഇന്ത്യയില്‍ പുറത്തിറങ്ങി. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ പുതിയ 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോയെ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

58.9 ലക്ഷം രൂപയാണ് 6 സീരീസ് ജിടിയുടെ എക്‌സ്‌ഷോറൂം വില. 5 സീരീസ് ജിടി നിരയെ പിന്തള്ളിയാണ് പുതിയ ബിഎംഡബ്ല്യു 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോയുടെ വരവ്. 630i സ്‌പോര്‍ട്‌ലൈന്‍ വേരിയന്റിനെ അടിസ്ഥാനപ്പെടുത്തിയാണ് 6 സീരീസ് ജിടിയുടെ ഒരുക്കം.

മെര്‍സിഡീസ് ഇ-ക്ലാസ് ലോങ്-വീല്‍ബേസ് പതിപ്പാണ് ഇന്ത്യയില്‍ പുതിയ ബിഎംഡബ്ല്യു 6 സീരീസ് ജിടിയുടെ പ്രധാന എതിരാളി. 2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് പുതിയ ബിഎംഡബ്ല്യു 630i ജിടിയുടെ പവര്‍ഹൗസ്.

5,000-6,500 rpm ല്‍ 254 bhp കരുത്തും 1,550-4,400 rpm ല്‍ 400 Nm torque ഉം 2.0 ലിറ്റര്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ചക്രങ്ങളിലേക്ക് എത്തുക.

നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബിഎംഡബ്ല്യു 630i ജിടിക്ക് വേണ്ടത് 6.3 സെക്കന്‍ഡുകളാണ്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് മോഡലിന്റെ ടോപ്‌സ്പീഡ്.

5,091 mm നീളവും, 1,902 mm വീതിയും, 1,538 mm ഉയരവുമാണ് ബിഎംഡബ്ല്യു 6 സീരീസിനുള്ളത്. 3,070 mm നീളമേറിയതാണ് വീല്‍ബേസ്. 600 ലിറ്ററാണ് മോഡലിന്റെ ബൂട്ട് കപ്പാസിറ്റി.

പിന്‍സീറ്റുകള്‍ മടക്കി ബൂട്ട് കപ്പാസിറ്റി 1,800 ലിറ്ററായി വര്‍ധിപ്പിക്കാം. 5 സീരീസ് സെഡാനില്‍ നിന്നും കടമെടുത്ത ഡിസൈന്‍ ഭാഷയിലാണ് പുതിയ ബിഎംഡബ്ല്യു 6 സീരീസ് ജിടിയുടെ വരവ്.

അതേസമയം പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫിന്റെ പശ്ചാത്തലത്തില്‍ കൂപ്പെ പരിവേഷം 6 സീരീസ് ജിടി കൈയ്യടക്കിയിട്ടുണ്ട്. 5 സീരീസില്‍ നിന്നും പാടെ പകര്‍ത്തിയതാണ് അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍.

ജെസ്ച്ചര്‍ കണ്‍ട്രോളോട് കൂടിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയും, ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും അകത്തളത്തെ പ്രധാന വിശേഷങ്ങളില്‍ ഉള്‍പ്പെടും.

ഹെഡ്-അപ് ഡിസ്‌പ്ലേ, ഫോര്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എല്‍ഇഡി മൂഡ് ലൈറ്റ്‌നിംഗ്, 16 സ്പീക്കര്‍, ബോവേഴ്‌സ് ആന്‍ഡ് വില്‍ക്കിന്‍സ് ഡയമണ്ട് സറൗണ്ട് സിസ്റ്റം എന്നിവയാണ് മറ്റു ഇന്റീരിയര്‍ ഫീച്ചറുകള്‍.


Click it and Unblock the Notifications








