ക്യാമറ പകര്‍ത്തിയ പുതിയ ഹ്യുണ്ടായി സാന്‍ട്രോ; ചിത്രങ്ങള്‍
പുതിയ സാന്‍ട്രോ ഹാച്ച്ബാക്ക് വിപണിയില്‍ എന്നുവരും? തുടരെ ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന സാന്‍ട്രോയെ നോക്കി ആരാധകര്‍ പുരികം ചുളിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി.

വിപണിയില്‍ സാന്‍ട്രോ തിരിച്ചുവരുമെന്ന കാര്യം തീര്‍ച്ച. പക്ഷെ ഉടനുണ്ടാകുമോ എന്ന കാര്യത്തില്‍ മാത്രമാണ് സംശയം. കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്നും ക്യാമറ പകര്‍ത്തിയ സാന്‍ട്രോയും വരവ് അടുത്തുണ്ടാകുമെന്ന പ്രതീക്ഷ നല്‍കുന്നില്ല.

കനത്ത രീതിയില്‍ 'തുണിയുടുപ്പിച്ച' സാന്‍ട്രോയാണ് തിരിക്കേറിയ ദില്ലിയില്‍ പരീക്ഷണയോട്ടം നടത്തുന്നത്. എന്തായാലും ആ പഴയ ടോള്‍ ബോയ് ശൈലിയില്‍ തന്നെയാണ് പുതിയ സാന്‍ട്രോയുടെ രൂപകല്‍പനയെന്ന് ചിത്രങ്ങള്‍ പറഞ്ഞു വെയ്ക്കുന്നു.

പുതിയ അടിത്തറയിലാണ് സാന്‍ട്രോയുടെ ഒരുക്കം. AH2 എന്നാണ് മോഡലിന്റെ കോഡ്‌നാമം. രൂപം പഴയതെങ്കിലും പുതുമയാര്‍ന്ന ഡിസൈനായിരിക്കും സാന്‍ട്രോയ്ക്ക്.

കസ്‌കേഡിംഗ് ഗ്രില്ലില്‍ പുതിയ ഡിസൈന്‍ ശൈലി പ്രതീക്ഷിക്കാം. പരിഷ്‌കരിച്ച ബമ്പറും പുത്തന്‍ ക്യാരക്ടര്‍ ലൈനുകളും പക്വതയാര്‍ന്ന മുഖഭാവമായിരിക്കും സാന്‍ട്രോയ്ക്ക് സമ്മാനിക്കുക.

എന്‍ട്രി ലെവല്‍ കാര്‍ എന്ന വിശേഷണം തന്നെയാകും രണ്ടാം വരവിലും സാന്‍ട്രോയ്ക്ക്. അതുകൊണ്ടു തന്നെ അലോയ് വീലുകള്‍ക്ക് പകരം വീല്‍ കവറോട് കൂടിയ സ്റ്റീല്‍ വീലുകളായിരിക്കും സാന്‍ട്രോയില്‍.

ഒരുപക്ഷെ ഏറ്റവും ഉയര്‍ന്ന സാന്‍ട്രോ വകഭേദത്തിന് ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ലഭിച്ചേക്കാം. അകത്തളത്തെ കുറിച്ചുള്ള യാതൊരു സൂചനകളും ഇതുവരെയും ലഭിച്ചിട്ടില്ല.

ടോള്‍ ബോയ് ശൈലിയുടെ പശ്ചാത്തലത്തില്‍ വിശാലമായിരിക്കും അകത്തളം. മത്സരം കണക്കിലെടുത്ത് ഉയര്‍ന്ന പതിപ്പുകളില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തെയും കമ്പനി നല്‍കിയേക്കാം.

ഡ്യൂവല്‍ എയര്‍ബാഗുകളും എബിഎസും കാറില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി നിലകൊള്ളുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഉയര്‍ന്ന പതിപ്പുകളില്‍ റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകളുടെ സാധ്യതയും തള്ളിക്കള്ളയാനാകില്ല.

1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും രണ്ടാം വരവില്‍ സാന്‍ട്രോയില്‍. താഴ്ന്ന പതിപ്പുകളില്‍ 800 സിസി പെട്രോള്‍ എഞ്ചിനെ നല്‍കി കമ്പനി ചെലവു കുറയ്ക്കാന്‍ ശ്രമിച്ചേക്കും. അഞ്ചു സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്.

ഹ്യുണ്ടായി നിരയില്‍ ഇയോണിനും ഗ്രാന്‍ഡ് i10 നും ഇടയിലാകും സാന്‍ട്രോയുടെ സ്ഥാനം. 2018 അവസാനത്തോടെ സാന്‍ട്രോയെ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.

റെനോ ക്വിഡ്, ടാറ്റ ടിയാഗൊ, മാരുതി സെലറിയോ പോലുള്ള മോഡലുകളാണ് തിരിച്ചുവരവില്‍ സാന്‍ട്രോയുടെ എതിരാളികള്‍.
Source: The Automotive India


Click it and Unblock the Notifications








