ഓട്ടോ എക്‌സ്‌പോ 2020: ക്രെറ്റയെ ഉടച്ചുവാര്‍ത്ത് ഹ്യുണ്ടായി, മാര്‍ച്ചില്‍ വിപണിയില്‍

നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ പുതുതലമുറ ക്രെറ്റയെ ഹ്യുണ്ടായി അനാവരണം ചെയ്തു. ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷ്യം --- സെന്‍സ്യസ് സ്‌പോര്‍ടിനെസ് --- ശൈലി പാടെ പകര്‍ത്തിയാണ് പുത്തന്‍ ക്രെറ്റയുടെ ഒരുക്കം. മാര്‍ച്ച് പകുതിയോടെ രണ്ടാം തലമുറ ക്രെറ്റ ഹ്യുണ്ടായി ഷോറൂമുകളിലെത്തും. ആദ്യ തലമുറയുടെ പേരും പെരുമയും പുതിയ അവതാരം ഉയര്‍ത്തിപ്പിടിക്കുമെന്ന വിശ്വാസം ഹ്യുണ്ടായിക്കുണ്ട്. കാറിനെ അവതരിപ്പിച്ച വേളയില്‍ ഇക്കാര്യം കമ്പനി അറിയിക്കുകയും ചെയ്തു.

ഇതാണ് പുതിയ ക്രെറ്റ

2015 -ലാണ് ഹ്യുണ്ടായി ക്രെറ്റ ആദ്യമായി ഇന്ത്യന്‍ തീരത്തെത്തുന്നത്. എസ്‌യുവി ഹിറ്റാകാന്‍ ഏറെ സമയമൊന്നും എടുത്തില്ല. യഥാര്‍ത്ഥത്തില്‍ ക്രെറ്റയുടെ പകിട്ടേറിയ പ്രചാരം കണ്ടാണ് ഇടത്തരം എസ്‌യുവി നിരയിലേക്ക് മറ്റു നിര്‍മ്മാതാക്കളും കൈകടത്തിയത്. ഇതേസമയം, രാജ്യാന്തര വിപണിയിലും ഇന്ത്യയിലും വില്‍ക്കുന്ന ക്രെറ്റ പതിപ്പുകളില്‍ വലിയ അന്തരമുണ്ട്. എന്തായാലും പുതുതലമുറ മോഡല്‍ ക്രെറ്റയുടെ രൂപഭാവം തിരുത്തും.

ഇതാണ് പുതിയ ക്രെറ്റ

പുറംമോടിയില്‍ സംഭവിച്ചിരിക്കുന്ന പരിഷ്‌കാരങ്ങള്‍ ക്രെറ്റയ്ക്ക് നവീന ഭാവമാണ് കല്‍പ്പിക്കുന്നത്. പോയവര്‍ഷം ചൈനയില്‍ ഹ്യുണ്ടായി കൊണ്ടുവന്ന ix25 മോഡലിനോട് പുതിയ പതിപ്പിന് കൂടുതല്‍ സാമ്യം. ഒഴുകിയിറങ്ങുന്ന ത്രിമാന കസ്‌കേഡിങ് ഗ്രില്ല് മുതല്‍ തുടങ്ങും 2020 ക്രെറ്റയുടെ വിശേഷങ്ങള്‍. ഇപ്പോഴത്തെ ട്രെന്‍ഡ് മാനിച്ച് വിഭജിച്ച എല്‍ഇഡി ഹെഡ്‌ലാമ്പ് ഘടനയാണ് കാറിന് ലഭിക്കുന്നത്. നേരത്തെ, വെന്യുവിലും ഈ ശൈലി കമ്പനി പരീക്ഷിച്ചിട്ടുണ്ട്.

ഇതാണ് പുതിയ ക്രെറ്റ

വെട്ടിവെടിപ്പാക്കിയ മുന്‍ പിന്‍ ബമ്പറുകളും മുഴച്ചു നില്‍ക്കുന്ന വീല്‍ ആര്‍ച്ചുകളും ക്രെറ്റയെ പരുക്കാനാക്കുന്നു. ബോണറ്റിലെ വരകള്‍ എസ്‌യുവിയുടെ സ്‌പോര്‍ടി പ്രതിച്ഛായ വര്‍ധിപ്പിക്കുന്നുണ്ട്. ബൂമറാങ് ആകൃതിയുള്ള എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകളും പുത്തന്‍ ഫോഗ് ലാമ്പുകളും ഡിസൈനില്‍ പ്രത്യേകം പരാമര്‍ശിക്കണം. പിറകിലെ ആകാരത്തിലും പരിഷ്‌കാരങ്ങളുണ്ട്. പുതിയ ടെയില്‍ ലാമ്പുകളും വിന്‍ഡ് ഷീല്‍ഡിനോട് ചേര്‍ന്ന എല്‍ഇഡി സ്‌റ്റോപ്പ് ലാമ്പുകളും ക്രെറ്റയുടെ വിശേഷങ്ങളില്‍പ്പെടും.

ഇതാണ് പുതിയ ക്രെറ്റ

C പില്ലറിലും കാണാം അലങ്കാരങ്ങള്‍. 17 ഇഞ്ചാണ് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ക്ക് വലുപ്പം. ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂരയെ എടുത്തുകാട്ടാന്‍ വശങ്ങളിലെ ക്യാരക്ടര്‍ ലൈനുകള്‍ക്ക് കഴിയുന്നുണ്ട്. പുതുതലമുറ ക്രെറ്റയ്ക്ക് പാനരോമിക് സണ്‍റൂഫ് ലഭിക്കുമെന്നും ഹ്യുണ്ടായി അറിയിച്ചിട്ടുണ്ട്.അകത്തളത്തിലും പരിഷ്‌കാരങ്ങള്‍ ഏറെയാണ്. ഡാഷ്‌ബോര്‍ഡ് ക്രമീകരണം പൂര്‍ണമായി മാറി. സെന്റര്‍ കണ്‍സോള്‍ പുതുമ പ്രതിഫലിപ്പിക്കും.

ഇതാണ് പുതിയ ക്രെറ്റ

ഇത്തവണ ക്രെറ്റയില്‍ ബട്ടണുകളും സ്വിച്ചുകളും കുറവാണ്. ഭൂരിപക്ഷം ഫംങ്ഷനുകളും കുത്തനെ സ്ഥാപിച്ച ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം വഴിയാകും നടക്കുക. ഇതേസമയം, പ്രാരംഭ വകഭേദങ്ങളില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് വലുപ്പം കുറയും. സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററായിരിക്കും മോഡലുകളില്‍ ഒരുങ്ങുക. ഉയര്‍ന്ന മോഡലുകള്‍ കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫംങ്ഷന്‍ സ്റ്റീയറിങ് വീല്‍ തുടങ്ങിയ സൗകര്യങ്ങള്‍ അവകാശപ്പെടും.

ഇതാണ് പുതിയ ക്രെറ്റ

ആകാരയളവിലും പുതിയ ക്രെറ്റ ഏറെ വളര്‍ന്നിട്ടുണ്ട്. തുകല്‍ സീറ്റുകളടക്കം ഉള്ളില്‍ പ്രീമിയം അനുഭവം പരമാവധി നല്‍കാന്‍ കമ്പനി ശ്രമിക്കും.വിപണിയില്‍ കിയ സെല്‍റ്റോസാണ് ക്രെറ്റയുടെ പ്രധാന എതിരാളിയും. ഹ്യുണ്ടായിയുടെ ഉപബ്രാന്‍ഡാണ് കിയയെന്ന് ഇവിടെ പ്രത്യേകം ഓര്‍മ്മപ്പെടുത്തണം. ഇക്കാരണത്താല്‍ സെല്‍റ്റോസിലെ എഞ്ചിന്‍ തന്നെയാകും പുതിയ ക്രെറ്റയിലും തുടിക്കുക.

ഇതാണ് പുതിയ ക്രെറ്റ

ബിഎസ് VI നിലവാരമുള്ള 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലാണ് രണ്ടാം തലമുറ ക്രെറ്റയെത്തുക. പെട്രോള്‍ എഞ്ചിന്‍ 114 bhp കരുത്തും 144 Nm torque ഉം സൃഷ്ടിക്കും. 114 bhp കരുത്തും 250 Nm torque -മായിരിക്കും ഡീസല്‍ എഞ്ചിന്‍ കാഴ്ച്ചവെക്കുക. ഈ രണ്ടു എഞ്ചിന്‍ യൂണിറ്റുകള്‍ക്ക് പുറമെ ചെറിയ 1.0 ലിറ്റര്‍ ടര്‍ബ്ബോ GDi എഞ്ചിനെ ക്രെറ്റയില്‍ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി മുതിര്‍ന്നേക്കും.

ഇതാണ് പുതിയ ക്രെറ്റ

140 bhp കരുത്തും 242 Nm torque ഉം കുറിക്കാന്‍ ടര്‍ബ്ബോ എഞ്ചിന് കെല്‍പ്പുണ്ട്. എന്തായാലും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് യൂണിറ്റുകള്‍ കാറിന് ലഭിക്കും. മൂന്നു എഞ്ചിന്‍ പതിപ്പുകള്‍ക്കും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് ഒരുങ്ങുക. ഇതേസമയം, സിവിടി ഗിയര്‍ബോക്‌സ് 1.5 ലിറ്റര്‍ പെട്രോള്‍ മോഡലില്‍ തിരഞ്ഞെടക്കാം. 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പില്‍ ആറു സ്പീഡായിരിക്കും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്.

Most Read Articles

Malayalam
English summary
Auto Expo 2020: Hyundai Creta Unveiled. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X