ZS പെട്രോൾ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കാനൊരുങ്ങി എംജി മോട്ടോർ
ഹെക്ടർ എസ്‌യുവിയുമായി വിപണിയിലെത്തിയ എംജി മോട്ടോർ ഇന്ത്യ ഈ വർഷം ജനുവരിയിൽ ZS ഇവിയുടെ രൂപത്തിൽ രാജ്യത്ത് തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നം പുറത്തിറക്കി.

20.88 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് നിർമ്മാതാക്കൾ മോഡൽ വിൽപ്പനയ്ക്ക് എത്തിച്ചത്. ഇതൊരു പൂർണ്ണ ഇലക്ട്രിക് മോഡലാണ്.

രാജ്യത്ത് നിലവിൽ വിൽപ്പനയ്ക്കെത്തുന്ന മൂന്ന് ഇലക്ട്രിക് എസ്‌യുവിമോഡലുകളിലൊന്നാണിത്. ഇപ്പോൾ വാഹനത്തിന്റെ പെട്രോൾ പവർ പതിപ്പും ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കാർ നിർമ്മാതാക്കൾ.

2021 -ന്റെ ആദ്യ പകുതിയിൽ മോറിസ് ഗാരേജസ് ZS പെട്രോൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

മോഡലിന്റെ ഒരു ടെസ്റ്റ് കാർ ഈ വർഷം ആദ്യം പ്രാദേശികമായി പരീക്ഷണയോട്ടം നടത്തിയിരുന്നു, അതിന്റെ ചിത്രങ്ങളും മറ്റി വിശദാംശങ്ങളും ഞങ്ങൾ മുമ്പ് പങ്കുവെച്ചിരുന്നു. കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ, നിസ്സാൻ കിക്ക്സ് എന്നിവയാവും 2021 MG ZS പെട്രോളിന്റെ എതിരാളികൾ.

ഈ വർഷം ആദ്യം നടന്ന ഓട്ടോ എക്സ്പോ 2020 -ൽ എംജി ZS പെട്രോൾ പതിപ്പ് പ്രദർശിപ്പിച്ചിരുന്നു. രണ്ട് പവർട്രെയിനുകൾ ഈ മോഡലിന് ലഭ്യമാണ്.

1.5 ലിറ്റർ VT എഞ്ചിൻ, 118 bhp കരുത്തും 150 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 1.3 പവർ ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ, 161 bhp കരുത്തും, 230 Nm torque ഉം സൃഷ്ടിക്കുന്നു.

ഈ എഞ്ചിനുകൾ അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റിലേക്കും ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റിലേക്കും ജോടിയാകുന്നു.

ഇന്ത്യൻ വിപണിയിൽ ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളുടെ അഞ്ചാമത്തെ മോഡലായിരിക്കും ZS പെട്രോൾ.

2021 -ൽ ഹെക്ടറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി, നിലവിൽ എംജി മോട്ടോറിന്റെ ഇന്ത്യൻ വാഹന നിരയിൽ ഹോക്ടർ, ZS EV, ഹെക്ടർ പ്ലസ്, ഗ്ലോസ്റ്റർ എന്നിവയാണുള്ളത്.


Click it and Unblock the Notifications








