ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം; Skoda ചൈനീസ് കാര്‍ വിപണി വിടുമെന്ന് റിപ്പോര്‍ട്ട്

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചെക്ക് കാര്‍ നിര്‍മ്മാതാക്കളായ സ്‌കോഡ ചൈനീസ് വിപണി വിടുന്നതായി റിപ്പോര്‍ട്ട്. സമീപ ഭാവിയില്‍ തന്നെ സ്‌കോഡ ചൈനീസ് വിപണിയില്‍ നിന്ന് പുറത്തുപോകുമെന്നാണ് പറയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയിലെ കടുത്ത മത്സരം കാരണമാണ് രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനെ കുറിച്ച് സ്‌കോഡ ഇപ്പോള്‍ ആലോചിക്കുന്നത്.

ചൈന വിട്ടുകഴിഞ്ഞാല്‍ മേഖലയിലെ മറ്റൊരു സുപ്രധാന വിപണിയായ ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ചെക്ക് ഓട്ടോമൊബൈല്‍ ഭീമന്റെ പ്ലാനുകള്‍. തങ്ങള്‍ രാജ്യം വിട്ടാലും ചൈനയില്‍ ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡിന്റെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനെ സ്‌കോഡ സഹായിക്കും. ഒപ്പം മറ്റ് കൂടുതല്‍ ലാഭകരമായ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും അവരുടെ ശ്രമം. 'അവിടെ മത്സരം വളരെ കടുപ്പമാണ്. അതിനാല്‍ ഞങ്ങളുടെ ചൈനീസ് പങ്കാളിയുമായി ചേര്‍ന്ന് ഞങ്ങള്‍ എങ്ങനെ മുന്നോട്ട് പോകണമെന്ന കാര്യങ്ങള്‍ പരിഗണിക്കും. എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് തീരുമാനിക്കുന്നത് മൂല്യവത്താണ്' സ്‌കോഡ സെല്‍മര്‍ ഒരു ജര്‍മന്‍ മാധ്യമത്തോട് പറഞ്ഞു.

ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം; സ്‌കോഡ ചൈനീസ് കാര്‍ വിപണി വിടുമെന്ന് റിപ്പോര്‍ട്ട്

എന്നിരുന്നാലും സ്‌കോഡ എന്ന് ചൈന വിടുമെന്നത് സംബന്ധിച്ച് അന്തിമ തീയതികളോ മറ്റ് പ്രധാന വിവരങ്ങളോ ഒന്നും തന്നെ സ്‌കോഡ മേധാവി പരാമര്‍ശിച്ചിട്ടില്ല. അതിനാല്‍ തന്നെ ഈ നീക്കം നടക്കുമോ ഇല്ലയോ എന്ന കാര്യവും വ്യക്തമല്ല. മുമ്പ് സ്‌കോഡയുടെ ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായിരുന്നു ചൈന. ആഗോള വില്‍പ്പനയുടെ 30 ശതമാനത്തിലധികം ചൈനയില്‍ നിന്നായിരുന്നു സ്‌കോഡ നേടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഈ സംഖ്യ 2021-ല്‍ 13 ശതമാനം ആയി കുറഞ്ഞു. ഈ വര്‍ഷം ഇത് ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ സ്‌കോഡ വില്‍പ്പന ആഗോളതലത്തില്‍ 22 ശതമാനവും ചൈനയില്‍ 31 ശതമാനവും കുറഞ്ഞു. സ്‌കോഡ നിലവില്‍ ചൈനീസ് വിപണിക്ക് വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത നിരവധി വാഹനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കോഡിയാക്, കാമിക് എന്നിവയുടെ 'GT' ബ്രാന്‍ഡഡ് പതിപ്പുകളും ഒക്ടാവിയ പ്രോ എന്നറിയപ്പെടുന്ന നീളമേറിയ വീല്‍ബേസുള്ള ഒക്ടാവിയയും അതില്‍ ഉള്‍പ്പെടുന്നു.

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് നടത്തുന്ന ചൈനയിലെ സംയുക്ത സംരംഭ ഫാക്ടറികളിലാണ് അവയെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ ചൈനീസ് വിപണി വിട്ട ശേഷം സ്‌കോഡ മാര്‍ക്കറ്റില്‍ നിന്ന് പിന്മാറാനോ അതിന്റെ സാന്നിധ്യം കുറയ്ക്കാനോ തീരുമാനിച്ചാല്‍ ഫണ്ട് ആഗോള തലത്തിലെ മറ്റ് മാര്‍ക്കറ്റുകളിലേക്ക് വഴിതിരിച്ചു വിട്ടേക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്ത്യയിലെ വളര്‍ന്നുവരുന്ന വിപണിയില്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ചുമതല സ്‌കോഡക്കാണ്. കൂടാതെ വിയറ്റ്‌നാമിനായി വിപുലമായ പദ്ധതികളും അവര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

2023-ല്‍ സ്‌കോഡ തങ്ങളുടെ എന്‍യാക് iV ഇലക്ട്രിക് ക്രോസ്ഓവര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വാഹനം ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത് പലതവണ ശ്രദ്ധയില്‍ പെട്ടിരുന്നു. ഔഡി Q4 e-ട്രോണ്‍, ഫോക്സ്വാഗണ്‍ ID4 എന്നിവയിലെ ബോണ്‍ ഇലക്ട്രിക് പ്ലാറ്റ്ഫോമിലാണ് എന്‍യാക് iV നിര്‍മ്മിച്ചിരിക്കുന്നത്. സ്‌കോഡ ഓട്ടോയുടെ പ്രീമിയം മിഡ്-സൈസ് സെഡാന്‍ ഒക്ടാവിയയുടെ ഇവി പതിപ്പും ഉടന്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

2035-ല്‍ യൂറോപ്പില്‍ ഐസിഇ കാര്‍ വില്‍പ്പന നിരോധിക്കാന്‍ പോകുന്നതിനാല്‍ ഒക്ടാവിയയുടെ ഇലക്ട്രിക് പതിപ്പ് ഉടന്‍ തന്നെ കമ്പനി പുറത്തിറക്കിയേക്കും. 2030-ഓടെ, വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ വരുമാനത്തിന്റെ 70 ശതമാനം ഇവി വില്‍പ്പനയില്‍ നിന്ന് സൃഷ്ടിക്കാനാണ് പ്രതീക്ഷിക്കുന്നത്. സ്‌കോഡയുടെ കുഷാഖ് എസ്യുവിയും സ്ലാവിയ സെഡാനും ഇന്ത്യന്‍ വിപണിയില്‍ വലിയ സ്വീകാര്യത നേടിയെടുത്തിരുന്നു. ഇന്ത്യന്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സ്‌കോഡക്ക് ലഭിച്ച പിടിവള്ളികളായിരുന്നു ഈ രണ്ട് മോഡലുകള്‍.

ഇരുമോഡലുകളും ആഗോള വിപണിയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി സ്ലാവിയ സെഡാന്‍ ഇതിനോടകം രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യാന്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ സ്ലാവിയക്കൊപ്പം കുഷാഖ് എസ്‌യുവിയും കയറ്റുമതി ചെയ്യാന്‍ ഒരുങ്ങുകയാണ് സ്‌കോഡ. കയറ്റുമതിക്കായി കുഷാഖ് എസ്‌യുവി ഇപ്പോള്‍ ലെഫ്റ്റ് ഹാന്‍ഡ് കോണ്‍ഫിഗറേഷനിലാണ് നിര്‍മ്മിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഇതിനകം ആരംഭിച്ചിട്ടുണ്ട്. 2024 മുതല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച കുഷാഖ് എസ്‌യുവി സ്ലാവിയയ്‌ക്കൊപ്പം വിയറ്റ്‌നാമിലേക്കും കയറ്റുമതി ചെയ്യും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കോഡ ഉല്‍പ്പന്നം കൂടിയാണ് കുഷാഖ് എസ്‌യുവി.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda is considering to leave china to concentrate on more lucrative markets like india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X