2023 ഓട്ടോ എക്‌സ്‌പോയുടെ മനം കവര്‍ന്ന ടോപ് 10 കാറുകള്‍

മൂന്ന് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഓട്ടോ എക്‌സ്‌പോക്ക് രാജ്യം വീണ്ടും സാക്ഷിയായി. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഏറ്റവും വലിയ മോട്ടോര്‍ ഷോ റദ്ദാക്കിയിരുന്നു.

മാധ്യമങ്ങള്‍ക്കായി മാറ്റിവെച്ച ഓട്ടോ എക്സ്പോയുടെ ആദ്യ രണ്ട് ദിവസങ്ങളില്‍ (ജനുവരി 11, 12) നിരവധി ലോഞ്ചുകള്‍ക്കും അവതരണങ്ങളും അരങ്ങേറി. ജനുവരി 18 വരെ ഒാട്ടോ എക്‌സ്‌പോ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുകയാണ്. ഇക്കുറി ഓട്ടോ എക്‌സ്‌പോയുടെ മനംകവര്‍ന്ന 10 കാറുകളെ കുറിച്ചാണ് ഈ ലേഖനം.

2023 ഓട്ടോ എക്‌സ്‌പോയുടെ മനം കവര്‍ന്ന ടോപ് 10 കാറുകള്‍

മാരുതി സുസുക്കി ജിംനി 5 ഡോര്‍

മാരുതി സുസുക്കി ജിപ്സിയുടെ പിന്‍ഗാമിയായ ജിംനി 5 ഡോര്‍ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇപ്പോള്‍ മാരുതിയുടെ നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി ബുക്ക് ചെയ്യാം. രാജ്യത്തെ ഉപഭോക്താക്കള്‍ എസ്‌യുവികളോട് പ്രിയം കാണിച്ച് തുടങ്ങിയതോടെ മാരുതിയും കളംമാറ്റി ചവിട്ടുകയാണ്. എന്നാല്‍ കാറിന്റെ വില കൂടി പ്രഖ്യാപിച്ചാല്‍ മാത്രമേ കളി മുറുകൂ. ജിംനിയുടെ നേരിട്ടുള്ള എതിരാളിയായ മഹീന്ദ്ര ഥാര്‍ RWD ഡ്രൈവ് പതിപ്പില്‍ വെറും 9.99 ലക്ഷം രൂപയ്ക്കാണ് (എക്‌സ്‌ഷോറൂം) എത്തുന്നത്. അതിനാല്‍ തന്നെ ജിംനിയുടെ വില വളരെ നിര്‍ണായകമാണ്.

മാരുതി സുസുക്കി ഫ്രോങ്ക്‌സ്

2023 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ക്രോസ്ഓവര്‍ എസ്യുവിയാണ് ഫ്രോങ്ക്‌സ്. ബലേനോ ക്രോസ് എന്ന് നേരത്തെ വിളിക്കപ്പെട്ടിരുന്ന കാര്‍ പലതവണ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണം നടത്തിയിരുന്നു. ബലേനോയെ അടിസ്ഥാനമാക്കിയുള്ള ഈ മോഡല്‍ യുവാക്കളെ ലക്ഷ്യമിട്ട് ഫീച്ചര്‍ റിച്ച് ആയാണ് മാരുതി ഇറക്കുന്നത്. നെക്‌സയിലൂടെ ഫ്രോങ്ക്‌സും ഇപ്പോള്‍ ബുക്ക് ചെയ്യാം.

ടാറ്റ ഹാരിയര്‍ ഇവി കണ്‍സപ്റ്റ്

നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ നിര്‍മ്മാതാക്കളാണ് ടാറ്റ മോട്ടോര്‍സ്. കഴിഞ്ഞ മാസം ഹ്യുണ്ടായിലെ മറികടന്ന് വില്‍പ്പന ചാര്‍ട്ടുകളില്‍ അവര്‍ രണ്ടാമതെത്തി. രാജ്യത്തെ വിപണിയിലെ നില മെച്ചപ്പെടുത്തുന്നതിനുള്ള കഴിവ് തീര്‍ച്ചയായും ടാറ്റയ്ക്കുണ്ട്. ഓട്ടോ എക്‌സ്‌പോയില്‍ ഹാരിയര്‍ എസ്‌യുവിയുടെ ഇവി കണ്‍സെപ്റ്റ് ടാറ്റ അവതരിപ്പിച്ചു. ഇത് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ടാറ്റ സിയറ ഇവി കണ്‍സെപ്റ്റ്

പഴയ കാറുകള്‍ തിരിച്ചു കൊണ്ടുവരുന്ന ആഗോള ട്രെന്‍ഡ് ടാറ്റയും പിന്തുടരുകയാണെന്ന് തോന്നുന്നു. തൊണ്ണൂറുകളില്‍ പ്രകമ്പനം സൃഷ്ടിച്ച സിയറ എസ്‌യുവിയെ ഇലക്ട്രിക് ഉടുപ്പണിയിച്ച് ടാറ്റ തിരികെ കൊണ്ടു വരും. ഗ്ലാസ് റിയര്‍ ക്യാബിന്‍, ഇവി പവര്‍ട്രെയിന്‍, റെട്രോ ലുക്ക് എന്നിവയുമായെത്തിയ സിയറ ഇവി കണ്‍സപ്റ്റ് ഈ വര്‍ഷത്തെ ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച മികച്ച കാറുകളില്‍ ഒന്നാണ്. ഇത് ഒരു കണ്‍സപ്റ്റാണ്. എങ്കിലും ടാറ്റ മോട്ടോര്‍സിന്റെ പ്രൊഡക്ഷന്‍ മോഡലുകള്‍ അവരുടെ കണ്‍സപ്റ്റിനോട് വളരെ അടുത്ത് നില്‍ക്കാറുണ്ട്. അതിനാല്‍ ഉല്‍പ്പാദനത്തിലേക്ക് എത്തുമ്പോള്‍ കണ്‍സപ്റ്റിന് സമാനമായ ഒന്ന് നമുക്ക് പ്രതീക്ഷിക്കാം.

ടാറ്റ കര്‍വ് കണ്‍സെപ്റ്റ്

ടാറ്റ മോട്ടോര്‍സ് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ആദ്യമായി കര്‍വ് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചത്. ഇപ്പോള്‍ ഓട്ടോ എക്‌സ്‌പോയില്‍ ഉല്‍പാദനത്തിനോട് അടുത്ത കര്‍വിന്റെ ഐസിഇ പതിപ്പ് ടാറ്റ പ്രദര്‍ശിപ്പിച്ചു. അത് ടാറ്റ മുമ്പ് പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റിന് സമാനമാണ്. അതിനാലാണ് ടാറ്റയുടെ കണ്‍സെപ്റ്റ് കാറും പ്രൊഡക്ഷന്‍ വാഹനവും തമ്മില്‍ സാമ്യമുണ്ടാകുമെന്ന് നേരത്തെ പറയാന്‍ കാരണം. എന്നാല്‍ കമ്പനി കാറിന്റെ ഐസിഇ പതിപ്പാണ് പ്രദര്‍ശിപ്പിച്ചതെന്നതാണ് പ്രധാന മാറ്റം.

ഹ്യുണ്ടായി അയോണിക് 5

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹ്യുണ്ടായി അയോണിക് 5 ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. 2023 ഓട്ടോ എക്സ്പോയില്‍ വെച്ച് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനാണ് അയോണിക് 5 ലോഞ്ച് ചെയ്തത്. 44.95 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വിലക്കാണ് അയോണിക് 5 ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.

എംജി ഹെക്ടര്‍

എംജി മോട്ടോര്‍ ഇന്ത്യ 2022-ന്റെ അവസാന പകുതിയില്‍ പുതിയ ഹെക്ടറിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. 14.72 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയിലാണ് പുതിയ എംജി ഹെക്ടര്‍ 2023 ഓട്ടോ എക്‌സ്‌പോയില്‍ പുറത്തിറക്കിയത്. ഇതിനകം തന്നെ ഒരു ഫീച്ചര്‍ സമ്പന്നമായ കാറായ ഹെക്ടറില്‍ ലെവല്‍ 2 ADAS ഫീച്ചറുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ ഫീച്ചറുകളോടെ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു.

കിയ KA4

അന്താരാഷ്ട്ര മാര്‍ക്കറ്റിലെ പുതിയ തലമുറ കാര്‍ണിവല്‍ എംപിവി ഇന്ത്യയില്‍ KA4 എന്നാകും അറിയപ്പെടുക. 2023 ഓട്ടോ എക്സ്പോയിലൂടെ കൊറിയന്‍ കമ്പനി എംപിവി ഇന്ത്യയില്‍ അവതരിപ്പിച്ചു. കമ്പനി ഈ എംപിവി കാര്‍ണിവല്‍ എന്ന പേരില്‍ അവതരിപ്പിക്കാത്തതിന്റെ കാരണം എന്താണെന്ന് ഊഹിച്ചെടുക്കുകയാണ് പലരും. ഭാവിയില്‍ ഈ എംപിവി ഈ പേരില്‍ തന്നെ വന്നേക്കാമെന്നും ഒരുപക്ഷേ കാറിന്റെ രണ്ട് തലമുറകളും ഒരുമിച്ച് വില്‍ക്കാനായിരിക്കും പ്ലാന്‍.

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍

2023 ഇന്ത്യന്‍ ഓട്ടോ എക്സ്പോയിലൂടെ ഐക്കോണിക് എസ്‌യുവിയായ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ ഇന്ത്യയിലേക്ക് മടങ്ങി എത്തിയിരുന്നു. ഒരുപക്ഷേ ഇത് ലാന്‍ഡ് ക്രൂയിസര്‍ എസ്യുവിയുടെ അവസാന തലമുറയായിരിക്കും. ഭാവിയില്‍ ഇതേ പ്ലാറ്റ്ഫോം ലെക്സസ് ബ്രാന്‍ഡിലും അവരുടെ ഉല്‍പ്പന്നങ്ങളിലും മാത്രമേ കാണാന്‍ സാധിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. 2.17 കോടി രൂപക്കായിരിക്കും എസ്‌യുവി ഇന്ത്യയിലെത്തുക.

ടാറ്റ അവിന്യ കണ്‍സെപ്റ്റ്

ടാറ്റ മോട്ടോര്‍സ് ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഉല്‍പ്പന്നങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ശിച്ച ഒന്നാണ് അവിന്യ കണ്‍സെപ്റ്റ്. ടാറ്റ മോട്ടോര്‍സിന്റെ ജെന്‍ 3 ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള അവിന്യ കണ്‍സെപ്റ്റിന്റെ ആഗോള അരങ്ങേറ്റം കൂടിയായിരുന്നു ഇത്. ഇതിന് ഒരു അരോമ ഡിഫ്യൂസര്‍/ഹ്യുമിഡിഫയറും ഉണ്ട്. ഇത് 2024 അവസാനത്തോടെ ടാറ്റ മോട്ടോര്‍സ് അവതരിപ്പിക്കാനാണ് സാധ്യത.

Most Read Articles

Malayalam
English summary
Top 10 cars of auto expo 2023 maruti jimny to tata avinya concept in malayalam
Story first published: Monday, January 16, 2023, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X