ഡാറ്റ്സൻ ഗോ ഹാച്ച്ബാക്ക് റിവ്യൂ

ജോബോ കുരുവിള

തീര്‍ത്തും തന്ത്രപരമായ ഒരു നീക്കത്തിലൂടെ ഒരു പുതിയ ബ്രാന്‍ഡിന് രൂപം കൊടുക്കുകയായിരുന്നു നിസ്സാന്‍. 'പുതിയ ബ്രാന്‍ഡ്' എന്ന പ്രയോഗം ചിലരെയെങ്കിലും തെറ്റുധരിപ്പിച്ചേക്കാം. 'പുതുക്കിയ ബ്രാന്‍ഡ്' എന്ന പ്രയോഗമായിരിക്കും ഡാറ്റ്‌സന് കുറെക്കൂടി ചേരുക. പുതിയ ചില വിപണനതത്വങ്ങളുടെ അടിസ്ഥാനത്തില്‍ പുനരുജ്ജീവനം സിദ്ധിച്ച ഒരു പഴയ ബ്രാന്‍ഡാണ് ഡാറ്റ്‌സന്‍. നിരൂപണത്തിലേക്ക് കടക്കുന്നതിനു മുമ്പ് നമുക്ക് ഡാറ്റ്‌സന്റെ ചരിത്രത്തിലേക്ക് ഒന്നു പോയിവരാം.

ആദ്യത്തെ ഡാറ്റ്‌സന്‍ കാര്‍ മോഡല്‍ പുറത്തിറങ്ങുന്നത് 1931ലാണ്. ജപ്പാനില്‍ ചെറുകാറുകളുടെ വസന്തകാലം തുടങ്ങിയത് ഏതാണ്ട് ഇക്കാലത്താണ്. 1958 മുതല്‍ 86 വരെ ലോകത്തെമ്പാടുമുള്ള വിവിധ വിപണികളിലേക്ക് ഡാറ്റ്‌സന്‍ കാറുകള്‍ ജപ്പാനില്‍ നിന്ന് കയറ്റിവിട്ടിരുന്നു. ചെറുകാറുകള്‍ക്ക് തിരിച്ചടി നേരിട്ടുതുടങ്ങിയ ഘട്ടത്തില്‍, 1986ല്‍ ഡാറ്റ്‌സന്‍ ബ്രാന്‍ഡ് അവസാനിപ്പിക്കുന്നതായി പാരന്റ് കമ്പനിയായ നിസ്സാന്‍ പ്രഖ്യാപിച്ചു.

ഡാറ്റ്‌സന്റെ തിരിച്ചുവരവ് ലോകത്തൊരാളും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, ആഗോളീകരണം വിപണികളില്‍ വരുത്തിയ രാസമാറ്റങ്ങള്‍ ഡാറ്റ്‌സന്റെ തിരിച്ചുവരവിന് അരങ്ങൊരുക്കുകയായിരുന്നു. ചെറുകാറുകള്‍ക്ക് ഇന്ത്യയെപ്പോലുള്ള വികസിതമായിക്കൊണ്ടിരിക്കുന്ന വിപണികളില്‍ ഉയര്‍ന്ന ആവശ്യക്കാരുണ്ടെന്ന തിരിച്ചറിവാണ് ഡാറ്റ്‌സന്‍ ബ്രാന്‍ഡിനെ പുനരുജ്ജീവിപ്പിക്കാന്‍ നിസ്സാനെ പ്രേരിപ്പിച്ചത്.

ഡാറ്റ്‌സന്‍ ഗോ എന്ന ചെറു ഹാച്ച്ബാക്കാണ് ഈ ബ്രാന്‍ഡില്‍ നിന്ന് ആദ്യം പുറത്തുവരുന്നത്. ഇന്ത്യയിലെ മറ്റ് ചെറുകാര്‍ നിര്‍മാതാക്കളെ തരക്കേടില്ലാത്ത വിധത്തില്‍ ഒന്നു കിടിലം കൊള്ളിക്കാന്‍ ഗോ ഹാച്ച്ബാക്കിന് ശേഷിയുണ്ട്. വിലയിരുത്തലുകളിലും താരതമ്യങ്ങളിലും ഡാറ്റ്‌സന്‍ വലിയ അളവില്‍ മുന്നിട്ടു നില്‍ക്കുന്നു.

ഡാറ്റ്സൻ ഗോ ആക്സസറി പാക്കേജുകൾ

ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ മാനംമുട്ടെ നില്‍ക്കുന്ന സാഹചര്യത്തിലാണ് ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് ടെസ്റ്റ് ചെയ്യാനുള്ള അവസരം ഡ്രൈവ്‌സ്പാര്‍ക്കിന് ലഭിക്കുന്നത്. ഒരു പുതിയ ബ്രാന്‍ഡില്‍ നിന്ന് പുറത്തുവരുന്ന ആദ്യവാഹനമെന്ന നിലയില്‍ ഗോ ഹാച്ച്ബാക്കിന്റെ നല്ലതും നല്ലതല്ലാത്തതുമായ നിരവധി ഘടകങ്ങളെ നേരിട്ട് പരിചയപ്പെടുകയായിരുന്നു ടെസ്റ്റ് ഡ്രൈവിലൂടെ. എന്നാല്‍, ഒരിക്കല്‍ പോലും 'പുതിയ ബ്രാന്‍ഡ്' എന്ന ആനുകൂല്യം നല്‍കാതിരിക്കാന്‍ ഞങ്ങളുടെ ടെസ്റ്റ് കണിശത പുലര്‍ത്തിയിട്ടുണ്ട്. ആകാംക്ഷയുള്ളവര്‍ക്ക് കൂടെ വരാം; പുറത്തു വരുന്നത് പാലാണോ ചോരയാണോ എന്നറിയാം!

അവതരണ വില: 3.12 ലക്ഷം മുതല്‍ 3.69 ലക്ഷം വരെ.
മൈലേജ്: എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം ലിറ്ററിന് 10.6 കിമി.

ഡാറ്റ്സൻ ഗോ ഹാച്ച്ബാക്ക് നിരൂപണം

2014 മാര്‍ച്ച് 19നാണ് ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നത്. വാഹനത്തിന്റെ എല്ലാ ഘടകങ്ങളെയും പ്രത്യേകം പരിശോധിക്കുന്ന സമഗ്രമായ ഒരു റിവ്യൂ ആണിവിടെ നല്‍കുന്നത്.

ഡാറ്റ്സൻ ഗോ ഹാച്ച്ബാക്ക് നിരൂപണം
  • ടെസ്റ്റ് മോഡല്‍: പെട്രോള്‍, ടോപ് എന്‍ഡ് വേരിയന്റ് (ടി)
  • ടെസ്റ്റ് ഡ്രൈവ്: ജോബോ കുരുവിള (ഡ്രൈവ്‌സ്പാര്‍ക് ചീഫ് എഡിറ്റര്‍)
  • കിലോമീറ്റര്‍: 150 കിലോമീറ്റര്‍ (ഹൈദരബാദ്)
  • വേരിയന്റുകളും വിലകളും

    • ഡി - 312,270
    • എ - 346,482
    • ടി - 369,999
      • എക്‌സ്റ്റീരിയര്‍

        എക്‌സ്റ്റീരിയര്‍

        എന്‍ജിനും മറ്റ് ഘടകഭാഗങ്ങളും മൂടിവെക്കാനുള്ള ഒരു സംവിധാനമായി കാറിന്റെ എക്‌സ്റ്റീരിയര്‍ ഡിസൈനിനെ കണ്ടിരുന്നു ഇന്ത്യയുടെ ചെറുകാര്‍ നിര്‍മാതാക്കള്‍ ഒരു കാലത്ത്. ഇന്ന് കാര്യങ്ങള്‍ക്ക് വലിയ മാറ്റം വന്നിരിക്കുന്നു. പ്രീമിയം കാറുകളുടെ ഡിസൈനില്‍ കാണിക്കുന്ന അതേ ശ്രദ്ധ ചെറുകാറുകളുടെ ഡിസൈനിന്റെ കാര്യത്തിലും കാര്‍നിര്‍മാതാക്കള്‍ കാണിക്കുന്നുണ്ട്. ഇയോണ്‍ പോലുള്ള മനോഹരമായ ശില്‍പങ്ങള്‍ നമ്മുടെ റോഡുകളിലെത്തുന്നത് അങ്ങനെയാണ്. ശില്‍പഭംഗിയുടെ കാര്യത്തില്‍ ഇയോണിനോട് ഏറ്റുനില്‍ക്കാന്‍ എന്തുകൊണ്ടും ശേഷിയുണ്ട് ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിന്റെ ഡിസൈനിന്.

        ഡാറ്റ്‌സന്‍ ലോഗോ പേറുന്ന സാമാന്യം വലിപ്പമേറിയ 'ഡി കട്ട് ഗ്രില്ലി'ല്‍ തികച്ചും ആധുനികമായ ശില്‍പഭംഗി കണ്ടെത്തിയിട്ടുണ്ട്. ഗ്രില്ലിന് താഴെയായി മൂന്ന് എയര്‍ ഇന്‍ടേക്കുകള്‍ ഇടംപിടിച്ചിരിക്കുന്നു.

        എക്സ്റ്റീരിയര്‍

        എക്സ്റ്റീരിയര്‍

        പുതിയ ഡിസൈന്‍ ശൈലികളെ അന്ധമായി പിന്തുടരാന്‍ ഡാറ്റ്‌സന്‍ ഗോ തയ്യാറാവുന്നില്ല എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഈ വാഹനത്തിലുണ്ട്. കാറിന്റെ പൊതുവായ ശൈലിക്ക് നിരക്കാത്ത ഒന്നും തന്നെ ഗോ-യില്‍ കാണില്ല. ഹെഡ്‌ലാമ്പിന്റെ സ്ഥിതിയും ഇതുതന്നെ. പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഹെഡ്‌ലൈമ്പ് ഡിസൈനുകള്‍ ട്രെന്‍ഡായിട്ടുള്ള സന്ദര്‍ഭത്തിലും ഡാറ്റ്‌സന്‍ അതിന്റെ ശരീരഭാഷയ്ക്കിണങ്ങുന്ന ഒതുങ്ങിയ രൂപം സ്വീകരിക്കുന്നു. എന്നിട്ടും അഞ്ച് ഭുജങ്ങളുള്ള ഈ ഹെഡ്‌ലാമ്പ് തികച്ചും ട്രെന്‍ഡിയായി നിലകൊള്ളുകയും ചെയ്യുന്നു. വശങ്ങളില്‍ ആധുനികമായ ശൈലിയിലുള്ള വരകളും കുറികളും ഒട്ടും അമിതമാവാതിരിക്കാന്‍ ശ്രദ്ധ വെച്ചിട്ടുണ്ട്.

        എക്സ്റ്റീരിയര്‍

        എക്സ്റ്റീരിയര്‍

        പിന്‍വശത്ത് പുറത്തേക്ക് തള്ളിനില്‍ക്കുന്ന ശൈലിയില്‍ നിര്‍മിച്ച റിയര്‍ലാമ്പുകള്‍ ആകര്‍ഷകങ്ങളാണ്. നിരത്തില്‍ തികഞ്ഞ ഡൈനമിക് സ്വഭാവം പ്രകടിപ്പിക്കാന്‍ വാഹനത്തിന്റെ കാരക്ടര്‍ ലൈനുകള്‍ക്ക് സാധിക്കുന്നുണ്ട്. ഹ്യൂണ്ടായ് ഇയോണിന് ഡിസൈനിലുള്ള ആധിപത്യത്തോട് നേരെ നിന്ന് സംസാരിക്കാന്‍ ഗോ ഹാച്ച്ബാക്ക് ഡിസൈനിന് സാധിക്കുമെന്നതില്‍ സംശയത്തിനിടയില്ല.

        അളവുകളുടെ താരതമ്യം

        ഡാറ്റ്‌സന്‍ ഗോ

        ഗ്രൗണ്ട് ക്ലിയറന്‍സ് - 170 മില്ലിമീറ്റര്‍

        മാരുതി ആള്‍ട്ടോ കെ10

        ഗ്രൗണ്ട് ക്ലിയറന്‍സ് - 160 മില്ലിമീറ്റര്‍

        ഹ്യൂണ്ടായ് ഇയോണ്‍

        ഗ്രൗണ്ട് ക്ലിയറന്‍സ് - 170 മില്ലിമീറ്റര്‍

        കളറ്

        കളറ്

        ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് സ്‌കൈ ബ്ലൂ, സില്‍വര്‍, റൂബി റെഡ്, വൈറ്റ് എന്നീ നിറങ്ങളില്‍ ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് ലഭിക്കും.

        ഇന്റീരിയര്‍

        ഇന്റീരിയര്‍

        ഗിയര്‍ ലിവര്‍, പാര്‍ക്കിംഗ് ബ്രേക്ക് ഹാന്‍ഡില്‍ എന്നിവയുടെ സ്ഥാനങ്ങള്‍ സെഗ്മെന്റിലെന്നല്ല നിലവിലെ കാറുകളിലൊന്നും കാണാന്‍ കഴിയാത്ത ശൈലിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സെന്റര്‍ കണ്‌സോളില്‍ ഇവ രണ്ടും ചേര്‍ത്തു നിര്‍ത്താന്‍ സാധിച്ചിരിക്കുന്നു. തുടക്കത്തില്‍ ഈ സംവിധാനത്തോട് ഒരല്‍പം അടുപ്പക്കുറവ് തോന്നിയിരുന്നു എനിക്ക്. എന്നാല്‍ പിന്നീട് ഇത് നല്‍കുന്ന സൗകര്യങ്ങളോട് ഞാന്‍ അറിയാതെ അടുത്തു. ഡാറ്റ്‌സന്‍ എന്‍ജിനീയര്‍മാര്‍ നല്‍കുന്ന വിശദീകരണം സ്ഥലസൗകര്യവുമായി ബന്ധപ്പെട്ടതാണ്. ഇപ്പോള്‍ മൂന്നുപേര്‍ക്ക് സുഖമായി ഇരിപ്പുറക്കാം ഗോയുടെ മുന്‍ കാബിനില്‍.

        ഇന്റീരിയര്‍

        ഇന്റീരിയര്‍

        ക്ലച്ച് പെഡലില്‍ നിന്ന് വിടുതി നേടിയതിനു ശേഷം ഒരല്‍പം സ്വതന്ത്രമായി പെരുമാറാന്‍ എന്റെ കാലുകള്‍ക്ക് അവസരം നിഷേധിക്കുകയായിരുന്നു പാര്‍ക്കിംഗ് ബ്രേക്ക് ലിവര്‍. ഉയരമുള്ള ഒരാള്‍ക്ക് ഈ അന്യായം ക്ഷമിക്കാന്‍ സാധിക്കുമോ?

        ഇന്റീരിയര്‍

        ഇന്റീരിയര്‍

        ചെലവുചുരുക്കലിന്റെ ഭാഗമായാണ് ഗിയര്‍ ലിവര്‍ ഹൗസിംഗ് നിലത്തുനിന്നെടുത്തു മാറ്റിയത് എന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ ഡാറ്റ്‌സന് പറയാനുള്ളത് മറ്റൊന്നാണ്. ഫ്രണ്ട് സീറ്റുകള്‍ പരസ്പരം ബന്ധിപ്പിക്കാനുള്ള അവസരം ഇവിടെ ലഭിക്കുന്നു. സാധാരണ കാപ്റ്റന്‍ സീറ്റുകളാണ് മുന്‍ കാബിനില്‍ ഉണ്ടാകാറുള്ളത്. ഗോയിലേത് ബഞ്ച് സീറ്റ് എന്നി വിളിക്കാവുന്ന സംവിധാനമാണ്. എന്നാല്‍, സാധാരണ ബഞ്ച് സീറ്റുകള്‍ക്കുണ്ടാകാറുള്ള ആ ബോറന്‍ ഡിസൈനല്ല ഡാറ്റസന്‍ ഗോയിലേത്.

        ഇന്റീരിയര്‍

        ഇന്റീരിയര്‍

        പാസഞ്ചര്‍, ഡ്രൈവര്‍ കാബിനുകളില്‍ ആവശ്യമായ സ്‌പേസുണ്ട്. പിന്‍ കാബിനിലെ സ്‌പേസ് ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. മികച്ച ഹെഡ്‌റൂം പ്രദാനം ചെയ്യുന്നു ഡാറ്റ്‌സന്‍.

        ഡാറ്റ്‌സന്‍ അളവുതൂക്കങ്ങള്‍

        • നീളം - 3785 എംഎം
        • വീതി - 1635 എംഎം
        • ഉയരം - 1485 എംഎം
        • മാരുതി ആള്‍ട്ടോ കെ10

          • നീളം - 3620 എംഎം
          • വീതി - 1475 എംഎം
          • ഉയരം - 1460
          • ഹ്യൂണ്ടായ് ഇയോണ്‍

            • നീളം - 3495 എംഎം
            • വീതി - 1550 എംഎം
            • ഉയരം - 1500 എംഎം
            • ഇന്റീരിയര്‍

              ഇന്റീരിയര്‍

              സെഗ്മെന്റില്‍ മികച്ച നിലയിലുള്ള ലഗ്ഗേജ് സ്‌പേസ് ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് നല്‍കുന്നു. എതിരാളികളുമായുള്ള താരതമ്യം താഴെ.

              • ഡാറ്റ്സന്‍ ഗോ - 265 ലിറ്റര്‍
              • മാരുതി ആള്‍ട്ടോ കെ10 - 160 ലിറ്റര്‍
              • ഹ്യൂണ്ടായ് ഇയോണ്‍ - 215 ലിറ്റര്‍
              • ഇന്റീരിയര്‍

                ഇന്റീരിയര്‍

                സ്‌പെയര്‍ ടയര്‍ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ജാക്ക് കണ്ടെത്തണമെങ്കില്‍ മുന്‍ സീറ്റിനടയില്‍ തിരയണം.

                ഫീച്ചറുകള്‍

                ഫീച്ചറുകള്‍

                വളരെ ലളിതമായ ഇന്‍സ്ട്രൂമെന്റ് പാനലില്‍ ചേര്‍ത്തിരിക്കുന്ന സന്നാഹങ്ങള്‍ താഴെ ലിസ്റ്റ് ചെയ്തിരിക്കുന്നു. വെള്ളയും നീലയും കലര്‍ന്ന തീമിലാണ് ഇന്‍സ്ട്രുമെന്റ് പാനല്‍ വരുന്നത്.

                • ഡിജിറ്റല്‍ ടെക്കോമീറ്റര്‍
                • ആവറേജ് ഫ്യുവല്‍ ഇക്കണോമി സ്മാര്‍ട് മീറ്റര്‍
                • ഇന്‍സ്റ്റന്റേനിയസ് ഫ്യുവല്‍ ഇക്കണോമി
                • ലോ ഫ്യുവല്‍ വാണിംഗ്
                • ട്രിപ് മീറ്റര്‍
                • ഇലക്ട്രോണിക് ഫ്യുവല്‍ ഗേജ്
                • ഗിയര്‍ ഷിഫ്റ്റ് ഗൈഡ്
                • (വാഹനത്തിന്റെ വേഗതയെ ആസ്പദമാക്കി ഗിയര്‍മാറ്റങ്ങള്‍ വരുത്തുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ് 'ഗിയര്‍ ഷിഫ്റ്റ് ഗൈഡ്'.)
                • ഫീച്ചറുകള്‍

                  ഫീച്ചറുകള്‍

                  മ്യൂസിക് സിസ്റ്റത്തിന്റെ കാര്യത്തില്‍ തന്ത്രപരമായ ഒരു ചെലവുകുറയ്ക്കല്‍ പരിപാടി ഡാറ്റ്‌സന്‍ നടത്തിയിട്ടുണ്ട്. ഒരു ഓക്‌സ്-ഇന്‍ പോട്ട്, ഒരു യുഎസ്ബി പോട്ട് എന്നിവ നല്‍കിയിരിക്കുന്നു വാഹനത്തില്‍. സ്മാര്‍ട്‌ഫോണ്‍ ഘടിപ്പിക്കാനുള്ള ഒരു 'മൊബൈല്‍ ഡോക്കിംഗ് സ്‌റ്റേഷ'നും വാഹനത്തിലുണ്ട്. സ്മാര്‍ട്‌ഫോണ്‍ ഇവിടെ തിരുകിവെച്ച് സുഖമായി പാട്ടുംകേട്ട് പോകാം. ഇതാണ് ഡാറ്റ്‌സനിലെ ഓഡിയോ സിസ്റ്റം. സ്മാര്‍ട്‌ഫോണില്‍ ചാര്‍ജ് തീര്‍ന്നാല്‍ പാട്ട് കേള്‍ക്കാനെന്തു ചെയ്യും എന്ന ചോദ്യത്തിനുള്ള ഉത്തരവും അടുത്തുതന്നെയുണ്ട്. യുഎസ്ബി കേബിള്‍ കുത്തി ചാര്‍ജ് കേറ്റി പാട്ടു കേള്‍ക്കല്‍ തുടരാം.

                  ഫീച്ചറുകള്‍

                  ഫീച്ചറുകള്‍

                  ഇന്ത്യയിലെ 70 ശതമാനം ഫോണുകളും സ്മാര്‍ട്‌ഫോണുകളാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഡാറ്റസന്റെ ഈ പുതിയ സംവിധാനം തികച്ചും കിടിലനാണ് എന്നതിന് ഈ കണക്കുകള്‍ ജാമ്യം നില്‍ക്കും.

                  ഡാറ്റ്‌സനിലെ മറ്റ് ഫീച്ചറുകള്‍ ഇവിടെ വിശദീകരിക്കുന്നു

                  • പവര്‍ സ്റ്റീയറിംഗ്
                  • പവര്‍ വിന്‍ഡോസ്
                  • കണക്ടഡ് ഫ്രണ്ട് സീറ്റുകള്‍
                  • മൊബൈല്‍ ഡോക്കിംഗ് സ്‌റ്റേഷന്‍
                  • സെന്‍ട്രല്‍ ലോക്കിംഗ് (മാന്വല്‍)
                  • ആക്‌സസറി സോക്കറ്റ്
                  • ഫ്രണ്ട് സ്പീക്കറുകള്‍ (ഇരുവശങ്ങളിലും ഓരൊന്നു വീതം)
                  • 1.5 ലിറ്റര്‍ ബോട്ടിലുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഡോര്‍ പോക്കറ്റുകള്‍
                  • ഇന്റലിജന്റ് വൈപ്പിംഗ് സിസ്റ്റം - വാഹനത്തിന്റെ വേഗതയെ ആശ്രയിച്ച് വൈപ്പര്‍ ബ്ലേഡുകളുടെ മൂവ്‌മെന്റിലും മാറ്റം വരുന്നു ഈ സിസ്റ്റത്തില്‍)
                  • എയര്‍ബാഗുകളും എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമൊന്നും ഈ വാഹനത്തിലില്ല. ഒരു എന്‍ട്രിലെവല്‍ വാഹനമെന്ന നിലയ്ക്ക ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. എങ്കിലും ഡ്രൈവര്‍ സൈഡ് എയര്‍ബാഗെങ്കിലും സ്റ്റാന്‍ഡേഡായി നല്‍കേണ്ടത് പുതിയ കാലത്തിന്റെ ഒരാവശ്യമാണ്.
                  • എന്‍ജിന്‍

                    എന്‍ജിന്‍

                    1,2 ലിറ്ററിന്റെ (1,198 സിസി) 3 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 3 സിലിണ്ടര്‍ എന്‍ജിന്‍ തീര്‍ച്ചയായും അതിന്റെ സ്വഭാവം പുറത്തെടുക്കാതിരിക്കുമോ എന്നായിരുന്നു എന്റെ സന്ദേഹം. ഭാരക്കുറവ്, അതുവഴിയുണ്ടാകുന്ന പ്രകടനക്ഷമത, മൈലേജ് എന്നിവയെല്ലാം 3 സിലിണ്ടര്‍ എന്‍ജിന്റെ ഗുണങ്ങളായിരിക്കാം. എന്നാല്‍, മൂന്ന് സിലിണ്ടറുകള്‍ മാത്രമുള്ള അവസ്ഥ സൃഷ്ടിക്കുന്ന വൈബ്രേഷന്‍ തടയാന്‍ കഴിയില്ല.

                    ഓടിച്ചുനോക്കിയപ്പോള്‍ എന്റെ സംശയം സ്ഥീരീകരിക്കപ്പെട്ടു. വാഹനം ട്രാഫിക്കിലും മറ്റും ഐഡിലില്‍ കിടക്കുമ്പോള്‍ ഉയര്‍ന്ന വൈബ്രേഷന്‍ അനുഭവപ്പെടുന്നുണ്ട്. എന്നാല്‍, ആക്‌സിലറേഷന്‍ സംഭവിക്കുന്നതോടെ ഇത് ഇല്ലാതാവുന്നു! ഡാറ്റ്‌സന്‍ എന്‍ജിനീയര്‍മാരെ നമിച്ചു. വൈബ്രേഷന്‍ നിയന്ത്രിക്കാന്‍ ഒരു ബാലന്‍സിംഗ് സംവിധാനം അവര്‍ എന്‍ജിനില്‍ ഘടിപ്പിച്ചിട്ടുണ്ട്. നാലാമതൊരു സിലിണ്ടറില്ലാത്തതിന്റെ സന്തുലനക്കുറവ് അവര്‍ അങ്ങനെ പരിഹരിച്ചു.

                    പ്രകടനം

                    പ്രകടനം

                    ഫോര്‍ സിലിണ്ടര്‍ എന്‍ജിനുകളെ അപേക്ഷിച്ച് ഡാറ്റ്‌സന്റെ 3 സിലിണ്ടര്‍ എന്‍ജിന്‍ ഒരല്‍പം ബഹളക്കാരനാവുന്നതും സ്വാഭാവികം. മൂന്ന് സിലിണ്ടറുകള്‍ മാത്രമുള്ളതിനാല്‍ കുറഞ്ഞ ഫയറിംഗ് സര്‍ക്കിളാണ് എന്‍ജിനിലുള്ളത്. ഫോര്‍ സിലിണ്ടര്‍ എന്‍ജിനില്‍ അനുഭവപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ ശബ്ദം ഈ എന്‍ജിനില്‍ തോന്നുന്നത് ഇതിനാലാണ്.

                    എന്നാല്‍, ഇതൊന്നും ഒരു പുതിയ ഉപഭോക്താവിനെ സംബന്ധിച്ച് പ്രശ്‌നമല്ല എന്നു പറയേണ്ടിയിരിക്കുന്നു. ഡാറ്റ്‌സന്‍ ഗോയുടെ എന്‍ജിന്‍ പകരുന്ന പവറാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. 67 കുതിരകളുടെ കരുത്താണ് ഈ എന്‍ജിന്‍ പകരുന്നത്. ഞങ്ങളുടെ ടെസ്റ്റ് പ്രകാരം 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ എന്‍ജിന് 13.5 സെക്കന്‍ഡ് സമയമാണെടുക്കുന്നത്. മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയില്‍ വരെ ഞാന്‍ ഡ്രൈവ് ചെയ്തു.

                    ഒരു താരതമ്യം

                    • ഡാറ്റ്സന്‍ ഗോ (1200സിസി)
                    • കുതിരശക്തി - 67
                    • ചക്രവീര്യം - 104 എന്‍എം
                    • മാരുതി സുസൂക്കി ആള്‍ട്ടോ കെ10 (1000സിസി)

                      • കുതിരശക്തി - 67 കുതിരശക്തി
                      • ചക്രവീര്യം - 90 എന്‍എം
                      • മൈലേജ്

                        മൈലേജ്

                        എന്‍ജിന്റെ വലിപ്പവും പ്രകടനവുമെല്ലാം പറഞ്ഞുതീര്‍ന്നാലും വാഹനം വാങ്ങാനുദ്ദേശിക്കുന്നയാള്‍ അതൃപ്തിയില്‍ തുടരും. അയാളാഗ്രഹിക്കുന്നത് മൈലേജ് എത്രയെന്നറിയാനാണ്. എആര്‍എഐ സാക്,്‌യപ്പെടുത്തുന്നതു പ്രകാരം ലിറ്ററിന് 20.6 കിലോമീറ്റര്‍ മൈലേജ് പകരാന്‍ എന്‍ജിന് സാധിക്കുന്നുണ്ട്. ഞങ്ങളുടെ ടെസ്റ്റില്‍ ലിറ്ററിന് 17 കിലോമീറ്റര്‍ മൈലേജാണ് ലഭിച്ചത്.

                        മേലേജ് താരതമ്യം

                        • ഡാറ്റ്‌സന്‍ ഗോ - 20.6
                        • മാരുതി ആള്‍ട്ടോ - 20.2
                        • ഹ്യൂണ്ടായ് ഇയോണ്‍ - 21.1
                        • ഡ്രൈവര്‍ട്രെയ്ന്‍

                          ഡ്രൈവര്‍ട്രെയ്ന്‍

                          5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ഡാറ്റ്‌സന്‍ ഗോയിലുള്ളത്. കൃത്യത കണ്ടെത്താന്‍ ഒരല്‍പം വിഷമിക്കുമെന്നാണ് അനുഭവം. ഹൈവേകളില്‍ ഉയര്‍ന്ന ആര്‍പിഎമ്മില്‍ നിന്ന് ഡൗണ്‍ഷിഫ്റ്റ് ചെയ്യുമ്പോള്‍ ഈ കൃത്യതയുടെ പ്രശ്‌നം ഞാനനുഭവിച്ചു. പക്ഷേ, സിറ്റി ഡ്രൈവില്‍ ഇത് കുറെയധികം സഹായകരമാണെന്നുവേണം പറയാന്‍.

                          ഹാന്‍ഡ്‌ലിംഗ്

                          ഹാന്‍ഡ്‌ലിംഗ്

                          എന്‍ജിന്‍ ഭാരത്തെയും വാഹനത്തിന്റെ വലിപ്പത്തെയുമെല്ലാം അപേക്ഷിച്ച് ഭാരം കുറവാണ് ഡാറ്റ്‌സന്. മൊത്തം 769 കിലോഗ്രാമാണ് ഭാരം. ഇത് ഇന്ധനക്ഷമത ഉയര്‍ത്തുമെങ്കിലും ഉയര്‍ന്ന വേഗതയില്‍ റോഡില്‍ ഉറച്ച നിലപാടെടുക്കാന്‍ വാഹനത്തിന് സാധിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നു. എന്നാല്‍, ഇത് ഡാറ്റ്‌സന്‍ ഗോ കാറാണെന്നും ഒരു റേസിംഗ് കാറല്ലെന്നും ഓര്‍ത്തിരുന്നാല്‍ ഒരാശങ്കയും ഉപഭോക്താവിനുണ്ടാവില്ല.

                          സ്റ്റീയറിംഗ്

                          സ്റ്റീയറിംഗ്

                          • ടേണിംഗ് റേഡിയസ് താരതമ്യം
                          • ഡാറ്റ്‌സന്‍ ഗോ - 4.6 മീറ്റര്‍
                          • മാരുതി ആള്‍ട്ടോ കെ10 - 4.6 മീറ്റര്‍
                          • ഹ്യൂണ്ടായ് ഇയോണ്‍ - 5 മീറ്റര്‍
                          • സസ്‌പെന്‍ഷന്‍, ബ്രേക്കിംഗ്, ടയറുകള്‍

                            സസ്‌പെന്‍ഷന്‍, ബ്രേക്കിംഗ്, ടയറുകള്‍

                            കാറിനകത്ത് പൊതുയോഗം വരെ വിളിക്കുന്ന ഇന്ത്യന്‍ അവസ്ഥയെ പരിഗണിച്ചാവണം ഒരു ലോംഗ് ട്രാവല്‍ സസ്‌പെന്‍ഷനാണ് ഗോ ഹാച്ച്ബാക്കില്‍ ചേര്‍ത്തിരിക്കുന്നത്. കൂടാതെ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും നല്‍കിയിരിക്കുന്നു. മുന്നില്‍ ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ ഡ്രം ബ്രേക്കുകളുമാണ് ഗോ ഹാച്ച്ബാക്കിനുള്ളത്. സസ്‌പെന്‍ഷന്‍, ബ്രേക്കുകള്‍, ടയറുകള്‍ എന്നിവ മികച്ച പിന്തുണ നല്‍കുന്നുണ്ട് ഡ്രൈവര്‍ക്ക്.

                            ടയര്‍ സൈസുകളുടെ താരതമ്യം

                            • ഡാറ്റ്‌സന്‍ ഗോ - 155/70ആര്‍13
                            • മാരുതി ആള്‍ട്ടോ കെ10 - 155/65/ആര്‍13
                            • ഹ്യൂണ്ടായ് ഇയോണ്‍ - 145/80/ആര്‍12
                            • ചില കുറവുകള്‍ കൂടി...

                              ചില കുറവുകള്‍ കൂടി...

                              ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിന്റെ വിലനിലവാരം പരിഗണിച്ചാല്‍ എല്ലാ ലൊട്ടുലൊടുക്കിന്റെയും ഗുണനിലവാരം പരിശോധിക്കുന്നതില്‍ അന്യായമുണ്ട്. എങ്കിലും വായനക്കാര്‍ക്കായി ഞങ്ങള്‍ ആ അന്യായം കൂടി ചെയ്തു. ചിത്രത്തില്‍ കാണുന്നത് ഡോര്‍ പാനലിലെ കൃത്യമായി ഘടിക്കാത്ത പ്ലാസ്റ്റിക് ആണ്.

                              ചില കുറവുകള്‍ കൂടി...

                              ചില കുറവുകള്‍ കൂടി...

                              മറ്റൊന്നുകൂടി ശ്രദ്ധയില്‍ പെട്ടു. ടോപ് എന്‍ഡ് വേരിയന്റാണ് ഞങ്ങള്‍ ഓടിച്ചിരുന്നത്. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന റിയര്‍വ്യൂ മിറര്‍ പിന്നിലെ വാഹനങ്ങളില്‍ നിന്നുള്ള ഹെഡ്‌ലാമ്പ് പ്രതിഫലനങ്ങളെ തടയാന്‍ ശേഷിയുള്ളതല്ല. ഇതൊരു ചെലവുചുരുക്കല്‍ പരിപാടിയാണെന്നു പറയാമെങ്കിലും സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ ഒഴിവാക്കാമായിരുന്ന ഒന്നാണ്.

                              ചില കുറവുകള്‍ കൂടി...

                              ചില കുറവുകള്‍ കൂടി...

                              എക്‌സോസ്റ്റ് പൈപ്പിന്റെ സ്ഥിതി ഒരല്‍പം ദയനീയമാണെന്ന് തോന്നി. കുറെക്കൂടി ശ്രദ്ധ ഇവിടേക്ക് നല്‍കാമായിരുന്നു.

                              ചില കുറവുകള്‍ കൂടി...

                              ചില കുറവുകള്‍ കൂടി...

                              കാര്‍ ബൂട്ട് പുറത്തു നിന്ന് തുറക്കാന്‍ പറ്റില്ല എന്നത് അല്‍പം ഗൗരവപ്പെട്ട പ്രശ്‌നമാണ്. ഡ്രൈവര്‍ സീറ്റിനടുത്ത് നല്‍കിയ ബൂട്ട് റിലീസ് വഴി മാത്രമേ തുറക്കാന്‍ സാധിക്കൂ.

                              ആകെക്കൂടി

                              ആകെക്കൂടി

                              മികവുകള്‍

                              • മികച്ച എക്സ്റ്റീരിയര്‍
                              • സൗകര്യമേറിയ ഫ്രണ്ട് സീറ്റുകള്‍
                              • മികച്ച റൈഡ് കംഫര്‍ട്ട്
                              • ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്
                              • മൊബൈല്‍ ഡോക്കിംഗ് സ്‌റ്റേഷന്‍
                              • സെഗ്മെന്റില്‍ മികച്ച സ്ഥലസൗകര്യം
                              • മികച്ച ബൂട്ട് സ്‌പേസ്
                              • മികച്ച കരുത്തും ചക്രവീര്യവും
                              • മികച്ച മൈലേജ്
                              • എത്ര കിലോമീറ്റര്‍ ഓടി എന്നത് പരിഗണിക്കാതെ 2 വര്‍ഷത്തെ വാറന്റി
                              • കുറവുകള്‍

                                • ബൂട്ട് ലോക്കില്ല
                                • സുരക്ഷാ സന്നാഹങ്ങളില്ല
                                • പ്ലാസ്റ്റിക് ഗുണനിലവാരം കുറവ്
                                • എന്‍ജിന്‍ ശബ്ദം
                                • പുറത്തെയും അകത്തെയും മിററുകള്‍ അഡ്ജസ്റ്റ് ചെയ്യാനാവില്ല
                                • ഡ്രൈവര്‍സൈഡില്‍ മാസ്റ്റര്‍ പവര്‍ വിന്‍ഡോ കണ്‍ട്രോളില്ല.
                                • മേന്മ

                                  • ആദ്യമായി കാര്‍ വാങ്ങുന്നയാള്‍ക്ക് കാശ് മൊതലാകും.
                                  • റേറ്റിംഗ്

                                    • 3.5/5

Most Read Articles

Malayalam
English summary
Engineered in India, for India, do you think the Datsun GO will rise up to meet the mounting expectations. From best-in-class torque to contrasting flimsy plasticware, we review the highs and lows of the Datsun GO.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X