വിപണി പിടിക്കാൻ മാരുതിയുടെ 'ഗുലാൻ' ഫ്രോങ്ക്‌സിന്റെ ഫസ്റ്റ് ലുക്ക് റിവ്യൂ ഇതാ...

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന മേളയായ ഓട്ടോ എക്സ്പോയിൽ മിനിത്തിളങ്ങിയവരാണ് മാരുതി സുസുക്കി. ഇലക്‌ട്രിക് കൺസെപ്റ്റ് മോഡലുകൾ നിലവിലെ കാറുകളുടെ വ്യത്യസ്‌ത പതിപ്പുകൾ വരെ പരിചയപ്പെടുത്തിയ കമ്പനി ഫ്രോങ്ക്‌സ്, ജിംനി എസ്‌യുവികളും പുറത്തിറക്കി ഏവരേയും ഞെട്ടിക്കുകയുണ്ടായി. ബലോനോ ക്രോസ്ഓവറിനെ പ്രതീക്ഷിച്ചിരുന്നവർക്ക് കിട്ടിയ സമ്മാനമായിരുന്നു ഫ്രോങ്ക്‌സ് കൂപ്പെ.

ബലേനോയെ അടിസ്ഥാനമാക്കിയാണ് ഫ്രോങ്ക്സ് നിർമിച്ചിരിക്കുന്നത് എങ്കിലും പ്രീമിയം ഹാച്ച്‌ബാക്ക് മോഡലിനെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ ഡിസൈനും ഉയർത്തിയ സസ്പെൻഷൻ സജ്ജീകരണവുമാണ് എസ്‌യുവി കൂപ്പെ അവതരിപ്പിച്ചിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഒരു കുഞ്ഞൻ ഗ്രാൻഡ് വിറ്റാരയാണ് ഫ്രോങ്ക്‌സ്. ആയതിനാൽ വണ്ടി എങ്ങനെയുണ്ടെന്ന് അറിയാൻ ആളുകൾക്ക് ആഗ്രഹമുണ്ടാവും. കാറിന്റെ ഫസ്റ്റ് ലുക്ക് റിവ്യൂവിലൂടെ ഇക്കാര്യങ്ങൾ നമുക്ക് ഒന്ന് പരിചയപ്പെട്ടാലോ? വിപണിയിൽ വിപ്ലവം തീർക്കാൻ ഫ്രോങ്ക്‌സിനാവുമോ എന്നുള്ള കാര്യങ്ങളും പരിശോധിക്കാം.

ഡിസൈനും കളർ ഓപ്ഷനുകളും

മാരുതി സുസുക്കി എസ്‌യുവി നിരയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ഫ്രോങ്ക്സ്. മുകളിൽ പറഞ്ഞതു പോലെ ഗ്രാൻഡ് വിറ്റാരയുടെ കുഞ്ഞൻ പതിപ്പെന്നു തന്നെ ആദ്യ കാഴ്ച്ചയിൽ തോന്നിയേക്കാം. അതോടൊപ്പം പുതിയ ബലേനോയേയും ഓർമിപ്പിക്കുന്ന ഭംഗി പലയിടത്തായി വ്യാപിച്ചു കിടക്കുന്നുമുണ്ട്.
മാരുതിയുടെ ഏറ്റവും പുതിയ എസ്‌യുവികളിൽ കണ്ട ഡിസൈൻ ഹൈലൈറ്റുകൾ എല്ലാം ഈ കൂപ്പെയിലും ഇടംപിടിച്ചിട്ടുണ്ടെന്ന് വളരെ ലളിതമായി പറയാം.

പുതിയ മാരുതി സുസുക്കി ഫ്രോങ്ക്സിന് വലിയ ഗ്രില്ലോടുകൂടിയ നേരായ മുൻഭാഗം ഉണ്ട്. ഗ്രില്ലിന്റെ മുകൾ ഭാഗത്തുള്ള സുസുക്കി ബാഡ്ജ്, മിനുസമാർന്ന എൽഇഡി ഡിആർഎല്ലു-ളുമായി ബന്ധിപ്പിച്ചിരിക്കുന്നു. മുൻ ബമ്പറിലെ സ്വന്തം എൻക്ലോസറുകളിൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ ഒരുക്കിയിരിക്കുന്നതും ഒരു പ്രത്യേക അഴകാണ്. ഫ്രണ്ട് ബമ്പറിന് താഴെ ഒരു ചെറിയ എയർ ഡാമും കാണാം. അതിന് ഗ്രേ നിറത്തിലുള്ള ഫോക്സ് സ്കിഡ് പ്ലേറ്റുകൾ നൽകിയിരിക്കുന്നത് ഫ്രോങ്ക്സിനെ എസ്‌യുവി രൂപത്തിലേക്ക് ചേർക്കുന്നു.

ഡിസൈൻ ടീമിന്റെ മികച്ച ശ്രമങ്ങൾക്കിടയിലും എസ്‌യുവിയുടെ വശക്കാഴ്ച്ചയിൽ ബലേനോയുടെ രൂപം കലർന്നിട്ടുണ്ട്. എന്നിരുന്നാലും കൂടുതൽ മസ്‌ക്കുലർ ബിറ്റുകളും കർവി എലമെന്റുകളുടേയും സംയോജനം മൊത്തത്തിൽ പ്രാവർത്തികമായിട്ടുണ്ട്. അങ്ങനെ എസ്‌യുവി കൂപ്പെയ്ക്ക് ഒരു എയറോഡൈനാമിക് രൂപം നൽകുകയും ചെയ്യുന്നു. ഫ്രോങ്ക്സിന്റെ സി-പില്ലറിൽ കറുത്ത നിറത്തിലുള്ള ഇൻസേർട്ടുകളാണ് നൽകിയിരിക്കുന്നത്. അത് ഫ്ലോട്ടിംഗ് റൂഫിനെയാണ് ഓർമപ്പെടുത്തുന്നത്. ജോമെട്രിക് പ്രിസിഷൻ കട്ട് ഡ്യുവൽ ടോൺ അലോയ് വീലുകളും ഡിസൈനിനോട് ഇണങ്ങും വിധമാണ് ഒരുക്കിയിരിക്കുന്നത്.

പുതിയ എസ്‌യുവിക്ക് കൂടുതൽ പരുക്കൻ ലുക്ക് നൽകുന്ന കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗാണ് വശങ്ങളിലെ മറ്റൊരു ആകർഷണം. പിൻഭാഗത്തേക്ക് നീങ്ങിയാൽ ഇതുവരെ ഒരു മാരുതി കാറിലും കാണാത്ത വ്യത്യസ്‌തമായ ഡിസൈനാണ് ഫ്രോങ്ക്‌സ് പിന്തുടർന്നിരിക്കുന്നത്. എസ്‌യുവി കൂപ്പെയുടെ റൂഫിൽ ഒരു ഇൻ്ററഗ്രേറ്റഡ് സ്‌പോയിലർ എലമെന്റ് സ്‌പോർട് ചെയ്യുന്നത് സ്പോർട്ടി ആകർഷണമാണ്. കണക്റ്റഡ് ശൈലിയിൽ തീർത്തിരിക്കുന്ന എൽഇഡി ടെയിൽലൈറ്റുകളും കിടിലമാണ്. നെക്‌സ ബ്ലൂ, ആർട്ടിക് വൈറ്റ്, ഗ്രാൻഡിയർ ഗ്രേ, എർത്ത് ബ്രൗൺ, ഒപ്പുലന്റ് റെഡ്, സ്‌പ്ലെൻഡിഡ് സിൽവർ എന്നിങ്ങനെ ആറ് സിംഗിൾ ഓപ്ഷനുകളിലാണ് മാരുതി സുസുക്കി ഫ്രോങ്ക്‌സ് വാഗ്ദാനം ചെയ്യുന്നത്. ബ്ലൂഷ് ബ്ലാക്ക് റൂഫുള്ള ഡ്യുവൽ ടോൺ നിറങ്ങളും ഉപഭോക്താക്കൾക്ക് യഥേഷ്‍‌ടം തെരഞ്ഞെടുക്കാം.

ഇൻ്റീരിയറും ഫീച്ചറുകളും

പുതിയ ഫ്രോങ്ക്സിന്റെ അകത്തളത്തിലേക്ക് കടക്കുമ്പോൾ അവിടെയും ബലേനോയുടെ ഓർമകളാവും ആദ്യം നമ്മെ തേടിയെത്തുക. മാരുതി സുസുക്കിയുടെ പുത്തൻ പ്രീമിയം കാറുകളിൽ കാണുന്ന അതേ രൂപകൽപ്പന തന്നെയാണ് എസ്‌യുവി കൂപ്പെയിലേക്കും പകർത്തിയിരിക്കുന്നത്. മൾട്ടി-ലേയേർഡ് ഡാഷ്‌ബോർഡിലും ഡോർ പാനലുകളിലും അതിന്റെ എല്ലാ മഹത്വങ്ങളും കാണപ്പെടുന്ന ഒരു ഡ്യുവൽ-ടോൺ സെറ്റപ്പാണ് ഫ്രോങ്ക്സിന്റെ ഹൈലൈറ്റ്. നിലവിൽ വാഗ്ദാനം ചെയ്യുന്ന എല്ലാ സാങ്കേതിക വിദ്യകളാലും സമ്പന്നമാണെന്ന് ലളിതമായി പറയാം.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ പിന്തുണയ്ക്കുന്ന 9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയാണ് ഫ്രോങ്ക്സിലും വാഗ്ദാനം ചെയ്യുന്നത്. കൂടാതെ സുസുക്കിയുടെ 40-ൽ അധികം കണക്റ്റഡ് കാർ ഫീച്ചറുകളുടെ സ്‌മാർട്ട് കണക്‌റ്റ് സംവിധാനവും പുതിയ കൂപ്പെ കാറിലുണ്ട്. ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ഫാസ്റ്റ് ചാർജർ, പിന്നിൽ അതിവേഗ ചാർജിംഗ് യുഎസ്ബി പോർട്ടുകൾ എന്നിവയാണ് പുതിയ എസ്‌യുവിയിലെ മറ്റ് ഫീച്ചറുകൾ.

സേഫ്റ്റിയുടെ കാര്യത്തിലും വാഹനം വേറെ ലെവൽ ആണെന്നാണ് മാരുതിയുടെ വശം. സുരക്ഷ ഉറപ്പാക്കാനായി 6 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESP), ഹിൽ ഹോൾഡ് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ, റിയർ വ്യൂ ക്യാമറ, റിയർ ഡീഫോഗർ, പിൻ പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഡേ-നൈറ്റ് റിയർ വ്യൂ മിറർ എന്നീ സജ്ജീകരണങ്ങളും ഫ്രോങ്ക്സിന്റെ പ്രധാന സേഫ്റ്റി ഫീച്ചറുകളാണ്.

എഞ്ചിനും വലിപ്പവും

ബിഎസ്-VI മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതിനോട് അനുബന്ധിച്ച് മാരുതി നിർത്തലാക്കിയ ബലേനോ RS-ൽ പ്രവർത്തിച്ചിരുന്ന 1.0 ലിറ്റർ, ത്രീ സിലിണ്ടർ ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് എഞ്ചിൻ ഫ്രോങ്ക്സിലൂടെ തിരിച്ചെത്തുന്നുവെന്നതാണ് ശ്രദ്ധേയം. ഇതോടൊപ്പം ബലേനോയിലെ 1.2 ലിറ്റർ K12C ഡ്യുവൽ ജെറ്റ്, ഡ്യുവൽ VVT എഞ്ചിനും എസ്‌യുവി കൂപ്പെയ്ക്ക് തുടിപ്പേകാൻ എത്തുന്നുണ്ട്. ഡെൽറ്റ പ്ലസ്, സീറ്റ, ആൽഫ വേരിയന്റുകൾക്കൊപ്പമാവും ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് എഞ്ചിൻ ലഭ്യമാവുക.

ഈ ത്രീ സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ ഫ്രോങ്ക്സിലേക്ക് എത്തുമ്പോൾ 5,500 rpm-ൽ 98.7 bhp കരുത്തും 2,000-5,000 rpm വരെ 147.6 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഉപയോഗിച്ച് തെരഞ്ഞെടുക്കാനുമാവും. രണ്ടാമത്തെ എഞ്ചിൻ ഓപ്ഷൻ ബലേനോയിലെ അതേ 1.2 ലിറ്റർ കപ്പാസിറ്റിയുള്ള യൂണിറ്റാണ്.

ഇത് 88 bhp പവറിൽ 113 Nm torque വരെ നൽകാൻ പ്രാപ്‌തമാണെന്ന് ബലോനോയിലൂടെ തെളിഞ്ഞിട്ടുണ്ട്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് സ്വന്തമാക്കാം. മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ വലിപ്പത്തിലേക്ക് നോക്കിയാൽ 3,995 mm നീളവും 1,765 mm വീതിയും 1,550 mm ഉയരവും 2,520 mm നീളമുള്ള വീൽബേസുമാണ് എസ്‌യുവി കൂപ്പെയ്ക്കുള്ളത്. 308 ലിറ്റർ ബൂട്ട് സ്പേസിനൊപ്പം 37 ലിറ്റർ പെട്രോൾ ടാങ്കും ഫ്രോങ്ക്സിലുണ്ട്.

Most Read Articles

Malayalam
English summary
New maruti suzuki fronx suv coupe first look review design spec and more
Story first published: Thursday, January 19, 2023, 16:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X