മാരുതി പ്ലാന്‍റ് പരിസരത്ത് നിരോധനാജ്ഞ

Posted By:

മാരുതി സുസൂക്കി മനെസര്‍ പ്ലാന്റിന്റെ പരിസരത്ത് തൊഴിലാളികളും ഗ്രാമവാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ മജിസ്‌ത്രേറ്റ് ശേഖര്‍ വിദ്യാര്‍ഥിയാണ് സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മനെസര്‍ പ്ലാന്റ് നില്‍ക്കുന്നയിടം, നാഷണല്‍ ഹൈവേ 8, ഗുഡ്ഗാവ് മിനി സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ ബാധകമാക്കിയിരിക്കുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഘര്‍ഷങ്ങളുടെ ഭാഗമായി പിരിച്ചുവിടപ്പെട്ട ഇരുന്നൂറോളം തൊഴിലാളികള്‍ കമ്പനിക്ക് മുമ്പില്‍ നടത്തുന്ന സമരത്തിനെതിരെ പ്രദേശവാസികള്‍ സംഘടിക്കുകയായിരുന്നു. മനെസറിന് സമീപത്തെ കാസന്‍, ധാന, ബാസ്, പദംക, കുസ്ല എന്നീ ഗ്രാമങ്ങളിലെ പ്രമുഖര്‍ പഞ്ചായത്ത് കൂടിയാണ് സമരത്തിനെതിരെ നിലപാടെടുക്കാന്‍ തീരുമാനമെടുത്തത്. മനെസറില്‍ സമരം അനുവദിക്കില്ല എന്നായിരുന്നു തീരുമാനം.

ഇതെത്തുടര്‍ന്ന് കമ്പനിക്ക് പുറത്ത് സമരം ചെയ്യുന്നവരെ ഗ്രാമവാസികള്‍ ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്നാണ് ജില്ലാ മജിസ്‌ത്രേറ്റിന്റെ ഇടപെടലുണ്ടായത്.

മാരുതി സുസൂക്കി ഹരിയാനയിലെ പ്രവര്‍ത്തനങ്ങള്‍ പതുക്കെ അവസാനിപ്പിക്കാന്‍ ഒറുങ്ങുകയാണെന്ന ഊഹാപോഹങ്ങള്‍ പരന്നതോടെയാണ് പരിസരവാസികള്‍ സമരത്തിനെതിരെ നിലപാടെടുക്കാന്‍ തുടങ്ങിയത്. ഗുജറാത്തില്‍ മാരുതി പുതിയ പ്ലാന്‍റ് സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന വാര്‍ത്തകള്‍ ഗ്രാമവാസികളെ ആശങ്കയിലാക്കുന്നുണ്ട്.

മാരുതിയില്‍ പണിയെടുക്കുന്ന നിരവധി തൊഴിലാളികള്‍ പരിസരത്തെ വാടകവീടുകളിലാണ് കഴിയുന്നത്. പ്ലാന്‍റ് മാറ്റി സ്ഥാപിക്കുകയാണെങ്കില്‍ അത് പ്രദേശത്തെ ബില്‍ഡിംഗ് ഉടമകളെ കാര്യമായി ബാധിക്കും. കൂടാതെ മനെസര്‍ പ്ലാന്‍റിനെ മറ്റ് നിലയില്‍ പരോക്ഷമായി ആശ്രയിച്ചു കഴിയുന്നവരും നിരവധിയാണ്.

546 സ്ഥിരം തൊഴിലാളികളെയും 1800 കരാര്‍ തൊഴിലാളികളെയുമാണ് മാരുതി മാനേജ്മെന്‍ററ് പിരിച്ചുവിട്ടിരുന്നത്. 2012 ജൂണ്‍ പതിനെട്ടിന് മനെസര്‍ പ്ലാന്‍റിലെ എച്ച്ആര്‍ മാനേജര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ വന്‍ പിരിച്ചുവിടല്‍ നടന്നത്. തൊഴിലാളികളുടെ നീക്കങ്ങള്‍ തടയാന്‍ പൊലീസ് സേനയും സ്വകാര്യ സേനകളും രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരം. നിരവധി തൊഴിലാളികള്‍ ഇപ്പോഴും ജയിലുകളില്‍ കഴിയുകയാണ്. പലര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ജൂണ്‍ 18ലെ സംഭവത്തിനു ശേഷവും തൊഴിലാളികളുടെ അതൃപ്തി കുറയ്ക്കുവാനാവശ്യമായ ഗൗരവമായ നടപടികളൊന്നും കമ്പനി എടുത്തിട്ടില്ല എന്നാണ് തൊഴിലാളികളുടെ പുതിയ നീക്കം സൂചിപ്പിക്കുന്നത്. (മാരുതിയില്‍ സംഭവിക്കുന്നതെന്ത്)

അധികവും കരാര്‍ തൊഴിലാളികളെയാണ് മാരുതി പണിക്കെടുക്കുന്നത്. ഇത്തരക്കാരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുകയും തൊഴില്‍ സാഹചര്യങ്ങള്‍ അങ്ങേയറ്റം കടുത്തതാവുകയും ചെയ്തതോടെയാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്.

Maruti Violence
കൂടുതല്‍... #maruti #strike #മാരുതി #സമരം
English summary
Sec 144 has been imposed in the surrounding area of the Manesar plant due to a violence erupted.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark