ഓട്ടോ എക്സ്പോ 2020: ബിഎസ്-VI പെട്രോൾ കരുത്തിൽ മാരുതി എസ്-ക്രോസ്
2020 ഓട്ടോ എക്സ്പോയിൽ നിരവധി മോഡലുകളെ പ്രദർശിപ്പിച്ച് ശ്രദ്ധനേടാൻ ഇന്ത്യൻ വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്ക് സാധിച്ചു. എക്സ്പോയിൽ മാരുതി എസ്-ക്രോസിന്റെ ബിഎസ്-VI മോഡലിനെ കമ്പനി അവതരിപ്പിച്ചു.

2020 മാർച്ചോടെ മാരുതിയുടെ നെക്‌സ ഷോറൂമുകളിൽ എത്താൻ തയ്യാറായിരിക്കുന്ന എസ്-ക്രോസിന് ഇപ്പോൾ പരിചിതമായ K15B പെട്രോൾ എഞ്ചിനും ലഭിക്കുന്നു. ഇന്ന് മാരുതി വിറ്റാര ബ്രെസയുടെ പെട്രോൾ മോഡലിൽ അവതരിപ്പിച്ച അതേ യൂണിറ്റ് തന്നെയാണിത്.

105 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിൻ എസ്-ക്രോസ്, ബ്രെസ, സിയാസ്, എർട്ടിഗ, XL6 എന്നീ വാഹനങ്ങളിൽ ഇനി പ്രവർത്തിക്കും. ഒരേ അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുമാണിത് പങ്കിടുന്നത്.

എന്നിരുന്നാലും, സിയാസ്, എർട്ടിഗ, XL6 എന്നിവയിൽ നിന്ന് വ്യത്യസ്തമായി, എസ്-ക്രോസിന് സുസുക്കിയുടെ SHVS മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ പെട്രോൾ ഓട്ടോമാറ്റിക് രൂപത്തിൽ മാത്രമേ ലഭ്യമാകൂ.

പെട്രോൾ മാനുവൽ എസ്-ക്രോസിന് ഈ സാങ്കേതികവിദ്യ ലഭിക്കില്ല. മാരുതി ക്രോസ്ഓവറിന്റെ നിലവിലെ മോഡലിൽ 90 bhp കരുത്ത് സൃഷ്ടിച്ചിരുന്ന 1.3 ലിറ്റർ മൈൽഡ് ഹൈബ്രിഡ് ഡീസൽ എഞ്ചിനായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ഇത് 5 സ്പീഡ് മാനുവലുമായി ജോടിയാക്കിയിരുന്നു. ഈ എഞ്ചിൻ ഇപ്പോൾ മാരുതിയുടെ മുഴുവൻ കാറുകളിൽ നിന്നും ഘട്ടംഘട്ടമായി പിൻവലിച്ചിട്ടുണ്ട്.

എസ്-ക്രോസിന് എഞ്ചിൻ നവീകരണം ലഭിച്ചെങ്കിലും ഒരു കോസ്മെറ്റിക് പരിഷ്ക്കരണങ്ങളും ലഭിച്ചിട്ടില്ല. മൂന്ന് വർഷങ്ങൾക്ക് മുമ്പ് കൂടുതൽ ഉപകരണങ്ങളും പുതിയ രൂപകൽപ്പനയുമായി ക്രോസ്ഓവറിനെ മാരുതി പരിഷ്ക്കരിച്ചിരുന്നു.

ഈ വിഭാഗത്തിലെ ഏറ്റവും പഴയ ഓഫറാണ് മാരുതി എസ്-ക്രോസ്. നിലവിൽ കിയ സെൽറ്റോസ് ആധിപത്യം പുലർത്തുന്ന ശ്രേണിയിലേക്ക് പുത്തൻ ഹ്യുണ്ടായി ക്രെറ്റയുടെയും സ്കോഡ വിഷൻ ഇൻ ഉം കടന്നുവരുന്നതോടെ മാരുതിക്ക് എസ്-ക്രോസുമായി പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്ന് ഉറപ്പാണ്.

എന്നാൽ എസ്-ക്രോസിന്റെ ഉത്പാദനം കമ്പനി അവസാനിപ്പിക്കാൻ ഒരുങ്ങിയാൽ ഈ വിഭാഗത്തിലെ മാരുതിയുടെ പുതിയ എതിരാളിയെ പകരം വയ്ക്കും. അത് എക്‌സ്‌പോയിൽ ഏറെ ശ്രദ്ധയാകർഷിച്ച ഫ്യൂച്ചുറോ-ഇ ആകുമെന്നതിൽ സംശയമില്ല.

ഷാർപ്പ് ലുക്കിഗും എസ്‌യുവി രൂപകൽപ്പനയും കൂപ്പ് പോലുള്ള സ്റ്റൈലിംഗും ഇടത്തരം എസ്‌യുവി വിഭാഗത്തിൽ എസ്-ക്രോസിനേക്കാൾ മികച്ച മത്സരാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ എസ്-ക്രോസ് ബിഎസ്-VI പതിപ്പിന് നിലവിലെ ബിഎസ്-IV മോഡലിനേക്കാൾ വില കൂടുതലായിരിക്കും. ഇപ്പോൾ വിപണിയിലുള്ള ഡീസൽ വകഭേദങ്ങൾക്ക് 8.80 ലക്ഷം മുതൽ 11.43 ലക്ഷം വരെ എക്സ്ഷോറൂം വില. പുതിയ പെട്രോൾ മോഡലിന്റെ വിലകൾ ഏപ്രിൽ മാസത്തിൽ കമ്പനി വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








