ഡീസൽ പതിപ്പിനേക്കാൾ വില കുറവ്, മാരുതി എസ്-ക്രോസ് പെട്രോൾ ജൂലൈ 29-ന് വിൽപ്പനയ്ക്ക് എത്തും
എസ്-ക്രോസിന്റെ പെട്രോൾ പതിപ്പ് ജൂലൈ 29 ന് വിൽപനയ്‌ക്കെത്തുംമെന്ന് സ്വിരീകരിച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി.

ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് നിലവിൽ വന്നതോടെ വിറ്റാര ബ്രെസയെ പിന്തുടർന്ന് ഡീസൽ എഞ്ചിൻ ഉപേക്ഷിച്ച് പെട്രോൾ യൂണിറ്റിലേക്ക് എത്തുന്ന മോഡലാണ് ഈ ക്രോസ്ഓവർ.

വാഹനത്തിനെ മാരുതി സുസുക്കി 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു. മാർച്ച് അവസാനത്തോടെ വിപണിയിൽ എത്തിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും ലോകവ്യാപകമായി ബാധിച്ച കൊവിഡ്-19 കാരണം അവതരണം വൈകുകയായിരുന്നു.

എസ്-ക്രോസ് പെട്രോൾ വിപണിയിൽ ഇടംപിടിക്കുന്നതിന്റെ ഭാഗമായി വാഹനത്തിന്റെ വില്‍പ്പനയ്ക്കായുള്ള പരിശീലനം നെക്‌സയുടെ പ്രീമിയം ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചിരുന്നു. സുസുക്കിയുടെ സർവ്വവ്യാപിയായ K15B പെട്രോൾ എഞ്ചിനാണ് ക്രോസ്ഓവർ വാഹനം ഉപയോഗിക്കുക.

ഈ യൂണിറ്റ് ആദ്യം സിയാസ് പ്രീമിയം സെഡാനിലാണ് ഇടംപിടിച്ചത്. പിന്നീട് ഇപ്പോൾ മാരുതി സുസുക്കിയുടെ മുൻനിര മോഡലുകളെല്ലാം ഈ ഗ്യാസോലിൻ എഞ്ചിനാണ് വാഗ്‌ദാനം ചെയ്യുന്നത്. 105 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിലേക്കാണ് ജോടിയാക്കിയിരിക്കുന്നത്.

കൂടാതെ ഒരു നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും ആദ്യമായി എസ്-ക്രോസിൽ ഇടംപിടിക്കും എന്നത് ശ്രദ്ധേയമാണ്. അതോടൊപ്പം മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എസ്-ക്രോസിലുണ്ടാകും.

സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെ ആകെ നാല് വേരിയന്റുകളിലാകും വാഹനം തെരഞ്ഞെടുക്കാൻ സാധഇക്കുക. പുതിയ എഞ്ചിൻ കൂടാതെ എസ്-ക്രോസിന് ഒരു കോസ്മെറ്റിക് മാറ്റങ്ങളും കമ്പനി അവതരിപ്പിക്കുന്നില്ല. അകത്തും പുറത്തും നിലവിലെ മോഡലിന് സമാനമായിരിക്കും.

മാരുതിയുടെ ക്രോസ്ഓവർ അവസാനമായി പുതുക്കിയത് 2017 ലാണ്. അതിനാൽ വാഹനത്തിന് ചില മാറ്റങ്ങൾ ലഭിക്കേണ്ടത് അനിവാര്യമായിരുന്നെങ്കിലും ബ്രാൻഡ് അത് ഉൾപ്പെടുത്താൻ തയാറാവാത്തത് ഏറെ ആശ്ച്വര്യപ്പെടുത്തിയിട്ടുണ്ട്.എങ്കിലും ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഫ്യൂച്ചുറോ-ഇ കൺസെപ്റ്റ് എസ്‌യുവിയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു മിഡ് സൈസ് എസ്‌യുവി ഇതിനെ മാറ്റിസ്ഥാപിക്കാൻ സാധ്യതയുണ്ട്.

ഡീസൽ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ എസ്-ക്രോസ് പെട്രോളിന്റെ വില അല്പം കുറയാനാണ് സാധ്യത. അതായത് വരാനിരിക്കുന്ന പുതിയ പതിപ്പിന് ഏകദേശം 8.5-11.5 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി എസ്-ക്രോസ് പെട്രോൾ ഇപ്പോൾ പെട്രോൾ മാത്രമുള്ള റെനോ ഡസ്റ്ററുമായി വിപണിയിൽ ഏറ്റുമുട്ടും.


Click it and Unblock the Notifications








