Carens എംപിവിക്ക് ആനിവേഴ്‌സറി എഡിഷൻ സമ്മാനിക്കാൻ Kia; എന്തെല്ലാം പ്രതീക്ഷിക്കാം...

ഇന്ത്യൻ വിപണിയിൽ സ്വപ്ന തുടക്കം ലഭിച്ചവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയ്ക്ക്. സെൽറ്റോസുമായി എത്തിയതു മുതൽ ബ്രാൻഡ് രാജ്യത്ത് അതിവേഗ വളർച്ചയാണ് കൈവരിച്ചിരിക്കുന്നതും. നിലവിൽ വിൽപ്പനയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബ്രാൻഡാണ് കിയ. ഒരു ബ്രാൻഡ് എന്ന നിലയിൽ, നിച്ച് സെഗ്‌മെന്റുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് ബ്രാൻഡ് പിന്മാറിയിട്ടില്ല എന്നതാണ് ഈ വലിയ വിജയത്തിന് പിന്നിലുള്ള കാരണം.

കഴിഞ്ഞ വർഷം മാരുതി സുസുക്കി എർട്ടിഗയുടെയും XL6 എംപിവിയുടെയും കുത്തക തകർക്കാൻ കാരെൻസിനെ കിയ മോട്ടോർസ് പുറത്തിറക്കി. ന്യായമായ വിലയിൽ കിടിലൻ ഒരു മൾട്ടി പർപ്പസ് വാഹനമെന്ന ആശയമാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് ഇവിടെ യാഥാർഥ്യമാക്കിയത്. ബുക്കിംഗ് ആരംഭിച്ചതു മുതൽ കിടിലൻ ഡിമാന്റ് ലഭിച്ച കാരെൻസ് ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ഇന്ത്യൻ വിപണിയിൽ ഒരു വർഷം പൂർത്തിയാക്കും. സെൽറ്റോസിലും സോനെറ്റിലും ചെയ്‌തതു പോലെ കിയ എംപിവിക്ക് ഒരു ആനിവേഴ്‌സറി എഡിഷൻ കൊണ്ടുവരുമെന്നാണ് സൂചന.

ശരിക്കും പറഞ്ഞാൽ കിയയുടെ ആനിവേഴ്‌സറി എഡിഷനുകളെല്ലാം ഒരു വാല്യൂ ഫോർ മണി വേരിയന്റുകളാണെന്ന് നിസംശയം പറയാം. അതുകൊണ്ടാണ് സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവിയിലും സോനെറ്റ് സബ് കോംപാക്‌ട് എസ്‌യുവിയിലും അവതരിപ്പിച്ച ഈ പതിപ്പ് ഇത്രയും ഹിറ്റാവാൻ കാരണമായത്. അതിനാലാണ് ജനപ്രീതി നേടിയ കാരെൻസ് എംപിവിയിലേക്കും കമ്പനി ഇതേ വേരിയന്റിനെ കൊണ്ടുവരാൻ പദ്ധതിയിടുന്നത്. എന്തായാലും കാരെൻസ് എംപിവിയുടെ ആനിവേഴ്‌സറി എഡിഷന് സാധാരണ മോഡലുകളേക്കാൾ ചില അധിക മാറ്റങ്ങൾ ലഭിക്കാനും കാരണമാവും. അവ എന്തെല്ലാമെന്ന് ഒന്നു പരിശോധിച്ചാലോ?

പുതുക്കിയ എക്സ്റ്റീരിയർ

കിയ കാരൻസ് ആനിവേഴ്‌സറി എഡിഷന് ചില സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങൾ ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. അദ്വിതീയമായ ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, യുണീക് സൈഡ് സ്‌കർട്ടുകൾ, ഡിഫ്യൂസർ എന്നിവ പോലുള്ള ബാഹ്യ ഘടകങ്ങൾ എംപിവിയിൽ എത്തിച്ചേരും. സോനെറ്റ്, സെൽറ്റോസ് ആനിവേഴ്‌സറി പതിപ്പുകളിലും കിയ ഇതുതന്നെയാണ് അവതരിപ്പിച്ചത്. അത് കൂടാതെ, ഇതിൽ ഒരു പുതിയ കളർ ഓപ്ഷനും നമുക്ക് കാണാൻ കഴിയും. രൂപത്തെ കൂടുതൽ ആകർഷകമാക്കാൻ ഈ സ്പെഷ്യൽ എഡിഷൻ വേരിയന്റിൽ ഓറഞ്ച് നിറത്തിലുള്ള ആക്‌സന്റുകൾ വരെ ഇടംപിടിച്ചേക്കാം. കാറിന്റെ എക്സ്റ്റീരിയറിൽ ആനിവേഴ്സറി ബാഡ്ജിംഗും കാണാം.

പുതുക്കിയ ഇന്റീരിയർ

അകത്തളങ്ങളിൽ ചില സൂക്ഷ്മമായ മാറ്റങ്ങൾ കൊണ്ടുവരാനാവും കിയ ഇന്ത്യ ശ്രമിക്കുക. കറുപ്പു നിറഞ്ഞ ഇന്റീരിയറും പുതിയ നിറങ്ങളിലുള്ള ഘടകങ്ങളും എസി വെന്റുകളിൽ നമുക്ക് സെൽറ്റോസ്, സോനെറ്റ് എസ്‌യുവികളിൽ അവതരിപ്പിച്ചിരുന്നു. അതിന് സമാനമായ പരിഷ്ക്കാരങ്ങളാവും കാരെൻസിലും കമ്പനി പരിചയപ്പെടുത്തുകയെന്നാണ് സൂചന. അതുകൂടാതെ ഹെഡ്‌റെസ്റ്റുകളിലും ഡോർ പാഡുകളിലും കിയയ്ക്ക് ആനിവേഴ്‌സറി ബാഡ്ജിംഗും ബ്രാൻഡ് സമ്മാനിച്ചേക്കും. മറ്റ് ഫീച്ചർ കൂട്ടിച്ചേർക്കലുകളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അതിനാൽ വെന്റിലേറ്റഡ് സീറ്റുകൾ, പാഡിൽ ഷിഫ്റ്ററുകൾ, ബോസ് സൗണ്ട് സിസ്റ്റം, ഒരു ഇലക്ട്രോണിക് സൺറൂഫ്, സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഡ്രൈവ് മോഡുകൾ തുടങ്ങിയ ഫീച്ചറുകൾക്കൊപ്പം എംപിവി വിപണിയിൽ എത്തുന്നത് തുടരും.

അവതരണം

കാരെൻസ് ആനിവേഴ്‌സറി പതിപ്പിനെക്കുറിച്ച് കിയ ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇത് സോനെറ്റിലും സെൽറ്റോസിലും ബ്രാൻഡ് പിന്തുടരുന്ന ഒന്നാണ്. അതിനാൽ 2022 ഡിസംബർ 16-ന് കാർ ഒരു വർഷം തികയുമ്പോൾ കിയ കാരെൻസ് ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കുമെന്ന് തന്നെയാണ് ഏവരുടേയും പ്രതീക്ഷ. കിയയുടെ എംപിവിയുടെ വിജയം കണക്കിലെടുത്ത് ബ്രാൻഡ് ഈ അവസരം ഉപയോഗപ്പെടുത്താനും അവസരം ലഭിക്കും. മാത്രമല്ല മോഡലിനെ ഇടയ്ക്ക് ഒന്നു പുതുമയുള്ളതായി നിലനിർത്താനും ദക്ഷിണ കൊറിയൻ കമ്പനിക്ക് ഈ നീക്കത്തിലൂടെ സാധിക്കും.

വില

വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ നിലവിൽ 9.99 ലക്ഷം രൂപ മുതൽ 18.00 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിൽ വിപണിയിൽ എത്തുന്ന കിയ കാരെൻസിന്റെ ആനിവേഴ്‌സറി എഡിഷന് അതിന്റെ അതത് വേരിയന്റുകളേക്കാൾ ഏകദേശം 50,000 രൂപ വരെ കൂടുതലുള്ളതായിരിക്കും. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിൽ വിപണിയിൽ എത്തുന്ന കാരെൻസ് ഏകദേശം 19 വേരിയന്റുകളോളമാണ് വിപണിയിൽ അണിനിരത്തിയിരിക്കുന്നത്.

എഞ്ചിൻ

കാരെൻസ് ആനിവേഴ്‌സറി എഡിഷനിലെ എഞ്ചിൻ ഓപ്ഷനുകളെല്ലാം സ്റ്റാൻഡേർഡ് വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് എംപിവിക്ക് ഇപ്പോഴും തുടിപ്പേകുന്നത്. അതേസമയം ഗിയർബോക്‌സ് നിരയിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, പാഡിൽ ഷിഫ്റ്റോടു കൂടിയ ഡിസിടി ഓട്ടോമാറ്റിക് എന്നിവയാണ് തെരഞ്ഞെടുക്കാനാവുന്നത്. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളില്‍ കാരെന്‍സ് ലഭ്യമാണ്. ലക്ഷ്വറി പ്ലസ് ട്രിമ്മില്‍ മാത്രമാണ് ആറ് സീറ്റര്‍ ഓപ്ഷന്‍ ലഭിക്കുന്നത്. മറ്റ് വേരിയന്റുകള്‍ ഏഴ് സീറ്റര്‍ മോഡലുകളായി മാത്രമേ ലഭ്യമാകൂ.

Most Read Articles

Malayalam
English summary
Kia carens mpv to get new anniversary edition variant soon details
Story first published: Saturday, December 3, 2022, 13:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X