ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായി ടൊയോട്ട; മലർത്തിയടിച്ചത് ഫോക്‌സ്‌വാഗനെ
ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളെന്ന കിരീടം സ്വന്തമാക്കി ടൊയോട്ട. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഈ വമ്പൻ നേട്ടം ഫോക്‌സ്‌വാഗണിൽ നിന്നും ജാപ്പനീസ് ബ്രാൻഡ് തിരികെ പിടിക്കുന്നത്.

2020-ൽ 9.538 ദശലക്ഷം ആഗോള വിൽപ്പന രേഖപ്പെടുത്താൻ കമ്പനിക്ക് കഴിഞ്ഞു. ഇത് 2019 നെ അപേക്ഷിച്ച് 11.3 ശതമാനത്തിന്റെ ഇടിവാണെങ്കിലും കിരീട നേട്ടത്തിൽ ഇക്കാര്യം മറക്കാം. അഞ്ച് വർഷം മുമ്പാണ് ജർമൻ കാർ കമ്പനിയായ ഫോക്‌സ്‌വാഗനോട് ടൊയോട്ടക്ക് ഈ കിരീടം നഷ്‌ടമാകുന്നത്.

2020 ലെ ഫോക്‌സ്‌വാഗന്റെ ആഗോള വിൽപ്പന കണക്ക് 9.302 ദശലക്ഷം യൂണിറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് 2019-നെ അപേക്ഷിച്ച് 15.2 ശതമാനം കുറവാണ്. കഴിഞ്ഞ വർഷം വാഹന വ്യവസായത്തിന് മാത്രമല്ല മറ്റെല്ലാ വ്യാവസായിക മേഖലകൾക്കും ദുർഘടമായ സമയമായിരുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്.
MOST READ: ബലേനോയ്ക്ക് പുത്തൻ അപ്ഡേറ്റുകൾ നൽകാനൊരുങ്ങി മാരുതി; അവതരണം താമസിയാതെ

കൊവിഡ്-19 എന്ന മഹാമാരിയുടെ ഫലമായി ലോകമെമ്പാടുമുള്ള ഒട്ടുമിക്ക രാജ്യങ്ങളും ലോക്ക്ഡൗണിലൂടെ കടന്നുപോയത് വിൽപ്പനയെ പ്രധാനമായും ബാധിച്ചു. എന്നിരുന്നാലും 2020 അവസാനത്തോടെ മിക്ക അന്താരാഷ്ട്ര വിപണികളിലും കാർ വിൽപ്പനയുടെ കാര്യത്തിൽ വലിയ വീണ്ടെടുക്കലാണ് ഉണ്ടായത്.

ടൊയോട്ടയുടെ അനുബന്ധ സ്ഥാപനങ്ങളായ ലെക്സസ്, ഹിനോ, റാൻസ്, ഡൈഹത്‌സു എന്നിവയും ജാപ്പനീസ് ബ്രാൻഡിന്റെ ആഗോള വിൽപ്പന കണക്കുകളിൽ ഒന്നാം സ്ഥാനത്തെത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
MOST READ: ഹൈലാൻഡർ എസ്‌യുവിയുടെ ഹൈബ്രിഡ് പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട

അതോടൊപ്പം ലോകത്തിലെ ഏറ്റവും മൂല്യവത്തായ കാർ കമ്പനിയായി ടെസ്‌ല ഇപ്പോഴും തുടരുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്.ഈ നേട്ടം കഴിഞ്ഞ വർഷമാണ് ടെസ്‌ല ടൊയോട്ടയിൽ നിന്നും തട്ടിയെടുത്തത്.

അമേരിക്കൻ പ്രീമിയം ഇലക്‌ട്രിക് വാഹന നിർമാതാക്കൾക്ക് നിലവിൽ യുഎസ്, യൂറോപ്പ് തുടങ്ങിയ വിപണികളിൽ ശക്തമായ ഡിമാൻഡാണുള്ളത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ടൊയോട്ട ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നുമുണ്ട്.
MOST READ: 70-ാം വാർഷികം കളറാക്കാൻ ടൊയോട്ട; ലാൻഡ് ക്രൂയിസർ 300 ഓഗസ്റ്റിൽ എത്തിയേക്കും

ഇത് പ്രധാനമായും യൂറോപ്യൻ വിപണികളിൽ നഷ്ടപ്പെട്ട നില വീണ്ടെടുക്കാൻ കമ്പനിയെ സഹായിക്കും. ആഗോള വിൽപ്പനയുടെ 23 ശതമാനവും ഇലക്‌ട്രിക് വാഹനങ്ങളാണ് എന്ന കാര്യവും ഭാവിയിലേക്കുള്ള വിരൽ ചൂണ്ടലാണ്. അതിൽ ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് കാറുകൾ ഉൾപ്പെടുന്നുമുണ്ട്.

ലോകമെമ്പാടുമുള്ള പ്രധാന വിപണികളിൽ മലിനീകരണ മാനദണ്ഡങ്ങൾ കൂടുതൽ കർശനമായിക്കൊണ്ടിരിക്കുന്നതിനാൽ സമീപഭാവിയിൽ ഈ എണ്ണം ഗണ്യമായി വളരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.


Click it and Unblock the Notifications








